ആരാധനാവര്‍ഷത്തിലെ ആദ്യ വലിയ പെരുന്നാളിലേക്കു സഭ പ്രവേശിക്കുകയാണല്ലോ. ആരാധനാവര്‍ഷാടിസ്ഥാനത്തില്‍ തന്നെ ക്രമീകരിക്കപ്പെട്ടിരുക്കുന്ന ആണ്ടുതക്സാപ്രകാരവും ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന പളളിക്രമം യല്‍ദോയുടേതാണ്. രാത്രി നമസ്കാരത്തിന്‍റെ അവസാനം നടക്കുന്ന പ്രദക്ഷിണവും അതിനെത്തുടര്‍ന്ന് നടത്തുന്ന സ്ളീബാ ആഘോഷവും യല്‍ദോ പെരുന്നാളിന്‍റെ പ്രത്യേക ശുശ്രൂഷകളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നൂറ്റമ്പതു വര്‍ഷത്തിനിടയില്‍ ഈ പെരുന്നാളാചരണത്തില്‍ വന്ന മാറ്റങ്ങള്‍ എഴുതപ്പെട്ട ചില നടപടിക്രമങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ.
ഇവിടെ പഠനവിധേയമാകുന്ന നടപടിക്രമങ്ങള്‍ കോനാട്ട് മാര്‍ യൂലിയോസിന്‍റെ രചന, ശെമവൂന്‍ മാര്‍ ദീവന്നാസിയോസിന്‍റെ നാളാഗമം, കോനാട്ട് മല്‍പ്പാന്‍റെ നടപടിക്രമം (2 പതിപ്പുകള്‍), തകടിയേല്‍ യാക്കോബ് കശ്ശീശായുടെ നടപടിക്രമം, ബസേലിയോസ് മാത്യൂസ് പ്രഥമന്‍ ബാവായുടെ നടപടിക്രമം, യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ ശുശ്രൂഷാസംവിധാനം എന്നിവയാണ്.
ഉദയംപേരൂര്‍ സുന്നഹദോസിലൂടെ നസ്രാണികള്‍ റോമായ്ക്കു വിധേയപ്പെടുകയും തന്‍മൂലം തങ്ങളുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യം നിര്‍ബന്ധപൂര്‍വ്വം കുറേയധികം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. പൂര്‍ണ്ണമായ റോമാനുകം വഹിക്കേണ്ടിവന്നത് ഏതാണ്ട് അന്‍പതില്‍പരം വര്‍ഷങ്ങള്‍ മാത്രമാണെങ്കിലും നസ്രാണിയുടെ ആരാധനാ പൈതൃകത്തില്‍ അത് സാരമായ മുറിവുകള്‍ സൃഷ്ടിച്ചു. 1653-ലെ ഐതിഹാസികമായ കൂനന്‍ കുരിശ് സത്യത്തിലൂടെ റോമാനുകം ഉപേക്ഷിച്ച നസ്രാണികള്‍ തങ്ങളുടെ നഷ്ടപ്പെട്ട പാരമ്പര്യങ്ങള്‍ വീണ്ടെടുക്കാന്‍ താമസംവിനാ പൗരസ്ത്യ സഭകളുടെ സഹായം തേടി. തുടര്‍ന്ന് വന്ന അന്ത്യോഖ്യന്‍ സഭാമെത്രാപ്പോലീതത്താമാരുടെ പിന്തുണയോടെ സുറിയാനി പാരമ്പര്യം സാവധാനമെങ്കിലും പുന:സ്ഥാപിക്കുവാന്‍ തുടങ്ങി. 1686-ലെ ചെങ്ങന്നുര്‍ സുന്നഹദോസും 1788-ലെ പുതിയകാവ് പടിയോലയും 1809-ലെ കണ്ടനാട് പടിയോലയുമൊക്കെ ആ ശ്രമങ്ങള്‍ക്കിടയിലെ നാഴികകല്ലുകളാണ്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്തില്‍ സഭയില്‍ നവീകരണശ്രമങ്ങള്‍ ഉണ്ടാവുകയും പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ക്കു ചിലയിടങ്ങളില്‍ എങ്കിലും പ്രാമുഖ്യം ഉണ്ടാവുകയും ചെയ്തു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ നേരിട്ടിടപെടാനും ഈ സാഹചര്യം ഇടയാക്കി. മലങ്കരയുടെ അഭ്യര്‍ഥനപ്രകാരം 1875 ജൂണില്‍ അന്ത്യോഖ്യായുടെ പത്രോസ് തൃതിയന്‍ മലങ്കരയിലെത്തി. രണ്ട് വര്‍ഷക്കാലം മലങ്കരയില്‍ കഴിഞ്ഞ അദ്ദേഹം ധാരാളം പരിഷ്കാരങ്ങളും ക്രമീകരണങ്ങളും മലങ്കരയുടെ ആരാധനാരീതികളില്‍ വരുത്തുകയുണ്ടായി. അദ്ദേഹം നടത്തിയ വിവിധങ്ങളായ പളളിക്രമങ്ങളുടെ വിവരങ്ങളാണ് മാര്‍ യൂലിയോസിന്‍റെയും മാര്‍ ദീവന്നാസിയോസിന്‍റെയും നടപടിക്രമങ്ങളില്‍ കാണുന്നത്.
കോനാട്ട് മാര്‍ യൂലിയോസിന്‍റെ വിവരണം കാണുന്നത് ഡോ. എം. കുര്യന്‍ തോമസ് രചിച്ച പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്കാരങ്ങള്‍ എന്ന പുസ്തകത്തിലാണ്. മൂലകൃതി കോനാട്ട് ലൈബ്രറിയില്‍ ആണുളളത്. മേല്‍പ്പറഞ്ഞ പുസ്തകമാണ് ഇവിടെ വിശകലന വിധേയമായിരിക്കുന്നത്.
"... പിതാവും ശേഷം എല്ലാ പട്ടക്കാരും കൂടി അംശവസ്ത്രം ധരിച്ച് ഹ്ദോത്ളീസോ മെന്‍ബര്‍സ് ചൊല്ലി മെഴുകുതിരി, ദൂപം, കൊട, കൊടി മുതലായതും എടുത്ത വടക്കുവശത്തെ വാതില്‍ വഴി കടന്നു ചുറ്റി തെക്കുവശത്തു വിറകു അടുക്കിയിരുന്നതിന്‍റെ കിഴക്കുഭാഗത്തു നിന്ന ഏവന്‍ഗേലിയും വായിച്ച തെശുബുഹത്താ ചൊല്ലി-കിഴക്കുവശത്തു പിതാവു തന്നെ മെഴുകുതിതികൊണ്ട് വിറകിനു തീ കൊളുത്തി. ശെഷം പട്ടക്കാര്‍ ചുറ്റി തീ കൊളുത്തി. അതിന്‍റെശേഷം എല്ലാവരുംകൂടി ഒരു പ്രദക്ഷിണം വച്ചു. കുന്തിരിക്കവുമിട്ടു. പളളിയുടെ കിഴക്കുവശത്തുകൂടി വടക്കെ വാതിലകത്തു കടന്നു കുറുബാന തുടങ്ങി. പളളിയുടെ മൂന്നു പ്രദക്ഷിണം വയ്പാന്‍ ന്യായമുണ്ടെന്നു കല്‍പ്പിച്ചു. നമസ്കാരത്തിന്‍റെ അധികത്വം കൊണ്ടും, നേരം വെളുപ്പായി പൊയതിനാല്‍ അത്രെ തീ എരിക്കുന്ന ക്രമം ചുരുക്കത്തില്‍ ആയതു."
രണ്ട് കാര്യങ്ങള്‍ ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ടതാണ്. ഒന്ന്, പളളിയുടെ പടിഞ്ഞാറു വശത്തല്ല വിറക് അടുക്കിയിരുന്നത് എന്നതാണ്. അതിനു കാരണം പാത്രിയര്‍ക്കീസ് യല്‍ദോയുടെ ശുശ്രൂഷ നടത്തിയ കോട്ടയം ചെറിയ പളളിക്കു പടിഞ്ഞാറ് മുറ്റം ഇല്ലായെന്നത് തന്നെയാകാം. രണ്ട്, പാത്രിയര്‍ക്കീസ് സ്ളീബാ ആഘോഷവും നടത്തിയില്ല.
പാത്രിയര്‍ക്കീസ് മലങ്കരയില്‍ നിര്‍വഹിച്ച രണ്ടാമത്തെ യല്‍ദോ പെരുന്നാളിന്‍റെ വിവരണങ്ങളാണ് ശെമവൂന്‍ മാര്‍ ദീവന്നാസിയോസ് നല്‍കുന്നത്. ഇത് നടന്നത് അങ്കമാലിയില്‍ വച്ചാണ്.
"25-ാം തീയതി പിറവിയുടെ പെരുന്നാള്‍ അവിടെ കഴിച്ചു. വി. പിതാവ് കുര്‍ബാന ചൊല്ലി. നമസ്കാരം തുടങ്ങി തെശ്ബുഹത്താലാലൂഹായ്ക്ക് മുന്നം വിശുദ്ധ പിതാവും ശേഷം എല്ലാവരും സ്ളിബാ, ഏവന്‍ഗേലിയോന്‍ മുതലായതും എടുത്ത് ആഘോഷത്തോടുകൂടി പളളിയുടെ പളളിയുടെ വടക്കെ വാതില്‍ കടന്ന് പടിഞ്ഞാറുവശത്തു തീ എരിക്കുന്നതിനുളള സ്ഥലത്ത് ചെന്ന് നിന്ന് ഏവന്‍ഗേലിയോന്‍ വായിച് തെശ്ബുഹത്താലാലൂഹാ ചൊല്ലി തീ കത്തിച്ച് മൂന്ന് ചൊല്ലി കാദീശാത്താലുഹാ ചൊല്ലി തികച്ച് പളളിയുടെ തെക്കേ വാതില്‍ക്കല്‍ കൂടി പളളിയകത്ത് ചെന്നശേഷം ഒരു കൗമായും ചൊല്ലിയശേഷം സപ്രായുടെ നമസ്കാരം തുടങ്ങി. മുറപോലെ കുര്‍ബാനയും ചൊല്ലിത്തികച്ചു."
പത്രോസ് തൃതിയന്‍ പാത്രിയര്‍ക്കീസ് രണ്ടാമത് നടത്തിയ യല്‍ദോ ശുശ്രൂഷ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമാകുന്നത് തീജ്വാലക്കുഴിയുടെ സ്ഥാനം കൊണ്ടാണ്. ആദ്യത്തേതില്‍ തെക്കുവശത്തും രണ്ടാമത്തേതില്‍ പടിഞ്ഞാറ് വശത്തുമാണ് തീ കൊളുത്തുന്നത്. കോട്ടയം ചെറിയപളളിയില്‍ പടിഞ്ഞാറ് വശത്ത് തീജ്വാലക്കുഴി ക്രമീകരിക്കുവാനുളള പ്രയാസം കൊണ്ടു തന്നെയാണ് തെക്കുവശത്തേക്കു മാറിയതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കപ്പെടുന്നത്. രണ്ട് ശുശ്രൂഷകളിലും സ്ളീബാ ആഘോഷം ഉണ്ടായില്ല എന്നതും പ്രത്യേകം പരിഗണിക്കേണ്ടതാണ്.
അടുത്തതായി കോനാട്ട് മാത്തന്‍ മല്‍പ്പാന്‍റെ നടപടിക്രമം പരിഗണിക്കാം. 1909-ല്‍ ഇറങ്ങിയ ആദ്യപതിപ്പില്‍ കാണുന്നത് പത്രോസ് പാത്രിയര്‍ക്കീസ് നടത്തിയ ക്രമത്തോട് യോജിച്ചതു തന്നെയാണ്. അധികമായി തീജ്വാലക്കുഴിയില്‍ നിക്ഷേപിക്കുവാനുളള കുന്തുരുക്കം വാഴ്ത്തുന്നതിനായി ഒരു പ്രാര്‍ഥന സുറിയാനിയില്‍ ചേര്‍ത്തിരിക്കുന്നു. "ല്തെശുബഹത്തോ വ്ലീക്കോറോ ദത്ലീസോയൂസോ കാദീശ്ത്തോ.." എന്നു തുടങ്ങുന്ന ആ പ്രാര്‍ഥന ചൊല്ലി കുന്തുരുക്കം വാഴ്ത്തേണ്ടതും എല്ലാവരും ആമ്മീന്‍ പറയേണ്ടതും ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലും സ്ളീബാ ആഘോഷം ഇല്ല. മാത്രമല്ല, തീജ്വാലയില്‍ കുന്തുരുക്കം പട്ടക്കാര്‍ മാത്രം ഇട്ടാല്‍ മതിയെന്നു പാത്രിയര്‍ക്കീസ് ബാവാ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഏവന്‍ഗേലിയോന്‍റെ മദ്ധ്യേയല്ല മറിച്ച് ഏവന്‍ഗേലിയോന്‍ കഴിഞ്ഞ് തീ കൊളുത്താനാണ് നിര്‍ദ്ദേശം.
ഇതേ നടപടിക്രമത്തിന്‍റെ ഒരു പരിഷ്കരിച്ച രണ്ടാം പതിപ്പ് കോനാട്ട് മാത്തന്‍ മല്‍പ്പാന്‍റെ പുത്രന്‍ മലങ്കര മല്‍പ്പാന്‍ കോനാട്ട് അബ്രഹാം കത്തനാര്‍ പ്രസദ്ധീകരിക്കുകയുണ്ടായി. രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. "ആണ്ടു തക്സാ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പില്‍ ചേര്‍ത്തിരിക്കുന്ന ജനനപെരുന്നാള്‍ ദിവസത്തേക്കുളള സ്ളീബാ ആഘോഷത്തിന്‍റെ ക്രമം ഇഷ്ടവും സൗകര്യവും പോലെ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം. നടത്തുന്ന പക്ഷം പ്രദക്ഷിണം കഴിഞ്ഞയുടനെ ബീമായിലോ മദ്ബഹായിലോ നിന്നുകൊണ്ട് നടത്തേണ്ടതാകുന്നു." മറ്റ് കാര്യങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ ഏവന്‍ഗേലിയോന്‍ കഴിഞ്ഞശേഷം തീ കത്തിക്കണമെന്ന നിര്‍ദ്ദേശം ഇതില്‍ ഇപ്പോള്‍ ഭൂരിഭാഗം ഇടങ്ങളിലും നിലവിലിരിക്കുന്ന വിധം മദ്ധ്യത്തിലേക്കു മാറ്റിയിരിക്കുന്നു. പ്രദക്ഷിണവും തുടര്‍ന്ന് പളളിയുടെ പടിഞ്ഞാറ് വശത്തു നിന്നുകൊണ്ടുളള ശ്ലീഹാ - ഏവന്‍ഗേലി വായനകളും വായനയുടെ മദ്ധ്യത്തില്‍ തെശ്ബുഹത്തോ ലാലോഹോ..(ഉളവാക..) ചൊല്ലിക്കൊണ്ട് തീ കൊളുത്തുന്നതും തുടര്‍ന്ന് മാലാഖമാരുടെ സ്തുതിപ്പ്, മോറാന്‍ യേശുമശിഹാ, ഒരു കൗമ എന്നിവ ചൊല്ലിത്തികച്ച ശേഷം ഏവന്‍ഗേലിയോന്‍ വായിച്ച് പൂര്‍ത്തീകരിക്കണമെന്നതും അതിനു ശേഷം പ്രദക്ഷിണം തുടരുന്നലുമെല്ലാം മലങ്കരയില്‍ ഇന്ന് നടപ്പുളള രീതിയില്‍ തന്നെ ഇതില്‍ കാണുന്നുണ്ട്. എന്നാല്‍ വി.കുര്‍ബാനയ്ക്കു മുമ്പ് ജനങ്ങള്‍ കുരിശ് മുത്തണമെന്ന നിര്‍ദ്ദേശം അധികം ഇടങ്ങളില്‍ പാലിക്കപ്പെടുന്നില്ല.
അടുത്തതായി പരിഗണിക്കുന്നത് തകടിയേല്‍ യാക്കോബ് കശ്ശീശായുടെ (1948) നടപടിക്രമമാണ്. കോനാട്ട് മല്‍പ്പാന്‍റെ പരിഷ്കരിച്ച നടപടിക്രമത്തില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇതില്‍ കാണുന്നില്ല. ഇതിലും സ്ളീബാ ആഘോഷത്തിന്‍റെ ക്രമം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം എന്ന് കാണുന്നു. കൂടാതെ പട്ടക്കാര്‍ മാത്രം തീജ്വാലയില്‍ കുന്തുരുക്കം നിക്ഷേപിച്ചാല്‍ മതിയെന്നും വി. കുര്‍ബാനയ്ക്കു മുമ്പ് കുരിശ് മുത്തിക്കണമെന്നുമുളള നിര്‍ദ്ദേശങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നു.
അടുത്തതായി മാത്യൂസ് പ്രഥമന്‍ ബാവായുടെ നടപടിക്രമം. ഇത് ആദ്യമായി പ്രസദ്ധീകരിക്കപ്പെട്ടത് 'വട്ടക്കുന്നേല്‍ മാത്യൂസ് പ്രഥമന്‍ റാബോ കാതോലിക്കാ' എന്ന ഡോ. കുര്യന്‍ തോമസ് എഡിറ്റ് ചെയ്ത് എം.ഓ.സി പ്രസിദ്ധീകരിച്ച പുസ്തകസഞ്ചയത്തിന്‍റെ രണ്ടാം വാള്യത്തിലാണ്. ആരാധനാക്രമീകരണങ്ങളിലെ ഏറ്റവും ചെറിയതായ കാര്യങ്ങള്‍ പോലും ഇതില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. നമസ്കാരത്തിന്‍റെ നിറം, സമയദൈര്‍ഘ്യം എന്നിവയും ആദ്യമായി കാണുന്നത് ഇതിലാണ്. പന്തങ്ങളുപയോഗിച്ച് തീ കത്തിക്കണമെന്ന നിര്‍ദ്ദേശമാണ് ഇവിടെ കാണുന്നത്. പത്രോസ് തൃതിയന്‍ മെഴുകുതിരി ഉപയോഗിച്ചാണ് കത്തിച്ചത്. രാത്രിനമസ്കാത്തില്‍ പൊതുപ്രുമിയോന്‍ ചൊല്ലണമെന്നും ശുബ്ക്കോനോ ചോദിക്കണമെന്നുമുളള നിര്‍ദ്ദേശവും കാണാം. മറ്റ് നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണുന്ന മറ്റ് പ്രധാന കാര്യങ്ങള്‍
(a) കുക്കലിയോന്‍റെ സമയത്ത് (മദ്ബഹായില്‍ ചെന്ന്) "കല്ലടാവില്‍ ജാതം ചെയ്ത കര്‍ത്താവിനെ ദൈവമാതാവും (യൗസേഫും മാലാഖമാരും ആട്ടിടയന്‍മാരും) പരിശുദ്ധന്‍മാരും മരിച്ചുപോയവരും സ്തുതിക്കുന്നു. സുഗന്ധധൂപം അര്‍പ്പിച്ചുകൊണ്ട് നമുക്കും അവനെ സ്തുതിക്കാം" എന്നു പറഞ്ഞുകൊണ്ട് ഓരോ കുക്കലിയോന്‍റെ സമയത്തും ധൂപം വയ്ക്കുന്നത് യഥാഭാവം ഉണ്ടാക്കുന്നതിനു സഹായിക്കും എന്ന നിര്‍ദ്ദേശം കാണുന്നു. കൂടാതെ പ്രധാനകാര്‍മ്മികന്‍ തന്നെ മദ്ബഹായില്‍ കയറി ധൂപം വയ്ക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശവുമുണ്ട്.
(b) ഏവന്‍ഗേലിയോന്‍റെ മദ്ധ്യേ മാലാഖമാരുടെ സ്തുതിപ്പ് ചൊല്ലുമ്പോഴും തീജ്വാലയില്‍ കുന്തുരുക്കം നിക്ഷേപിക്കുമ്പോഴും കുക്കലിയോന്‍റെ സമയത്തെ എന്നതുപോലെ ചില ആമുഖവചനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശമുണ്ട്. കുന്തുരുക്കം ജനങ്ങളും നിക്ഷേപിക്കേണ്ടതാണന്ന് ആദ്യമായി രേഖപ്പെടുത്തുന്നു.
(c) സ്ളീബായ്ക്ക് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ അന്നേ ദിവസം സ്ളീബാ ആഘോഷം വേണമെന്നില്ല. സൗകര്യം പോലെ ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു.
(d) സ്ളീബാ ആഘോഷം കഴിഞ്ഞാലുടനെ കുരിശ് മുത്തിക്കണമെന്ന പഴയ നടപടിക്രമങ്ങളിലെ നിര്‍ദ്ദേശം ഇവിടെയും പറയുന്നുണ്ടെങ്കിലും സമയം ലാഭിക്കുവാന്‍ വി. കുര്‍ബാനയ്ക്കു ശേഷം കുരിശ് മുത്തി വഴിപാട് ഇട്ടു പിരിയാം എന്ന പ്രായോഗിക നിര്‍ദ്ദേശവും ചേര്‍ത്തിരിക്കുന്നു.
മലങ്കരയില്‍ ഏറ്റവുമധികം പ്രചരിക്കപ്പെട്ട നടപടിക്രമം യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനിയുടെ 'ശുശ്രൂഷാസംവിധാനമാണ്.' കോനാട്ട് മല്‍പാന്‍, തകടിയേല്‍ കശ്ശീശാ തുടങ്ങിയവരുടെ രീതികളോട് ഇതിലെ യല്‍ദോയുടെ ക്രമീകരണങ്ങള്‍ക്കും വളരെയധികം സാമ്യം കാണുന്നു. എന്നാല്‍ പട്ടക്കാര്‍ മാത്രം തീജ്വാലയില്‍ കുന്തുരുക്കമിടണമെന്ന നിര്‍ദ്ദേശം ഇതില്‍ ജനങ്ങള്‍ മുഴുവനും ഇടണമെന്ന് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ളീബാ ആഘോഷം നടത്തുന്ന പക്ഷം തീജ്വാലക്കുഴിയുടെ സമീപത്ത് വച്ച് മാലാഖമാരുടെ സ്തുതിപ്പും മോറാനേശു മശിഹായും മാത്രം ചൊല്ലിയാല്‍ മതിയെന്നും കൗമാ വേണ്ടെന്നുമുളള നിര്‍ദ്ദേശവും ഉണ്ട്. കുരിശ് മുത്തുന്നതു കുര്‍ബാന കഴിഞ്ഞ് മതിയാകും എന്ന ഇതിലെ നിര്‍ദ്ദേശം ആദ്യ നടപടിക്രമങ്ങളില്‍ നിന്ന് ഇതിനെ വ്യത്യാസപ്പെടുത്തുന്നു. കൂടാതെ ഏവന്‍ഗേലിയോന്‍ വായിച്ച് കഴിഞ്ഞാണ് തീ കൊളുത്തുന്നത് പരാമര്‍ശിക്കുന്നത്. ആണ്ടുതക്സായിലെ ക്രമീകരണങ്ങളില്‍ നിന്ന് വിഭിന്നമാണ് ഈ രീതി.
ആറ് നടപടിക്രമങ്ങളില്‍ യല്‍ദോ പെരുന്നാള്‍ ക്രമീകരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു കഴിഞ്ഞു. ഇതിന്‍റെ വെളിച്ചത്തില്‍ പ്രായോഗികതയെ മുന്‍നിര്‍ത്തി, ശുശ്രൂഷാക്രമീകരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം
(a) രാത്രി നമസ്കാരത്തില്‍ കുക്കലിയോനും ബോവൂസോയും കഴിഞ്ഞ് മാലാഖമാരുടെ സ്തുതിപ്പിനു മുമ്പായി പ്രധാന കാര്‍മ്മികന്‍ അംശവസ്ത്രം ധരിച്ചു തയ്യാറാകുന്നു. പ്രദക്ഷിണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ കുന്തുരുക്കം വാഴ്ത്തി ജനങ്ങള്‍ക്കു നല്‍കുന്നു. കുന്തുരുക്കം വാഴ്ത്തുന്നതിനുളള പ്രാര്‍ഥന പുതിയ ആണ്ടു തക്സായില്‍ (2019) ചേര്‍ത്തിട്ടുണ്ട്.
(b) തീജ്വാലക്കുഴി പള്ളിയുടെ പടിഞ്ഞാറുവശത്ത് ക്രമീകരിക്കാവുന്നതാകുന്നു. പടിഞ്ഞാറു വശത്തു സ്ഥലമില്ലാതെ വരുന്നപക്ഷം തെക്കുവശത്തു ക്രമീകരിക്കാം. കൊടി, കുട എന്നിവയുടെ അകമ്പടിയോടുകൂടി പ്രദക്ഷിണം ആരംഭിക്കുന്നു.
(c) പ്രദക്ഷിണമദ്ധ്യത്തില്‍, തീജ്വാലയുടെ കുഴിയിങ്കല്‍, തെക്കു കിഴക്ക് നിന്ന് ശ്ലീഹാ വായന നടത്തുന്നു. തുടര്‍ന്ന് തീജ്വാലയുടെ നേരെ കിഴക്ക് നിന്ന് ഏവന്‍ഗേലിയോനും വായിക്കുന്നു. ഏവന്‍ഗേലിയോന്‍റെ മദ്ധ്യേ ഇപ്രകാരം ദൈവത്തെ സ്തുതിച്ചു എന്ന ഭാഗത്ത് വായന നിറുത്തിയിട്ട് "ഉളവാക..." എന്ന ഗീതം ചൊല്ലി തീ കൊളുത്തുന്നു. തുടര്‍ന്ന് തീജ്വാലയ്ക്ക് മൂന്നു തവണ വൈദികരും ശുശ്രൂഷകരും പ്രദക്ഷിണം വയ്ക്കുന്നു. അപ്പോള്‍ അവരും തുടര്‍ന്ന് ശേഷം ജനങ്ങളും കുന്തുരുക്കം തീയില്‍ നിക്ഷേപിക്കുന്നു. ഈ അവസരത്തില്‍ മാലാഖമാരുടെ സ്തുതിപ്പും തുടര്‍ന്ന് മോറാനേശു മശിഹായും ചൊല്ലി തികയ്ക്കുന്നു. തുടര്‍ന്ന് ഏവന്‍ഗേലിയോന്‍റെ ബാക്കിഭാഗം പൂര്‍ത്തീകരിക്കുന്നു. അതിനെത്തുടര്‍ന്ന് പ്രദക്ഷിണം തുടരുകയും പളളിയകത്ത് പ്രവേശിക്കുകയും ചെയ്യുന്നു.
(d) സ്ളീബാ ആഘോഷം നടത്തുന്നപക്ഷം പള്ളിയില്‍ പ്രദക്ഷിണം പളളിയില്‍ പ്രവേശിച്ചയുടനെ സ്ളീബാ ആഘോഷം നടത്തുന്നു.
(e) സ്ളീബാ ആഘോഷത്തിനു ശേഷം പട്ടക്കാരന്‍ അംശവസ്ത്രങ്ങള്‍ മാറി, നമസ്കാരമേശയിങ്കല്‍ വന്ന് പ്രഭാതനമസ്കാരം ആരംഭിക്കുന്നു. മുറപ്രകാരം തൂയോബോയ്ക്കു ശേഷം വി. കുര്‍ബാന ആരംഭിക്കുന്നു.
(f) കുര്‍ബാനയുടെ അവസാനം ജനങ്ങള്‍ കുരിശ് മുത്തി അനുഗ്രഹം പ്രാപിക്കുന്നു. തീജ്വാലക്കുഴിയിലെ ചാരം ജനങ്ങള്‍ കൃഷിയിടങ്ങളില്‍ ഇടാനായി കൊണ്ടുപോകുന്നു.
ഈ ആറ് നടപടിക്രമങ്ങളിലുടെ കടന്നുപോകുമ്പോള്‍ യല്‍ദോ പെരുന്നാളിലെ ശുശ്രൂഷയ്ക്കു കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തിനടയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ നമുക്കു ബോധ്യപ്പെടുന്നതാണ്. പ്രാദേശികമായ ഭേദങ്ങള്‍ ഇവയ്ക്ക് ഇനിയും കണ്ടേക്കാം. ആ ഭേദങ്ങളെ ഉള്‍ക്കൊണ്ടു തന്നെ പ്രകാശത്തില്‍ നിന്നുളള പ്രകാശത്തിന്‍റെ ജനനപെരുന്നാളിനെ അര്‍ഥപൂര്‍ണ്ണമായി ആചരിക്കുവാന്‍ ഈ പഠനം സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു. ദൈവനാമം മഹത്വപ്പെടട്ടെ..
(ബഥേല്‍ പത്രിക, ഡിസംബര്‍ 2019)
No comments:
Post a Comment