Sunday, 1 December 2024

മല കയറിയവർക്കാണ് ക്രിസ്തു വെളിപ്പെട്ടത്

താഴ്‌വരയിൽ നിന്നവർക്കല്ല; മല കയറിയവർക്കാണ് ക്രിസ്തു വെളിപ്പെട്ടത് എന്ന് ഒറിഗൻ എഴുതിയിട്ടുണ്ട്.

അതേ ആശയത്തിൻ്റെ മറ്റൊരു തലമാണ് ആട്ടിൻകൂട്ടത്തിനു കാവൽ കിടന്നവർ നമുക്ക് ബേതലഹേമോളം ചെന്ന് അവനെ കാണാമെന്ന് പറഞ്ഞതിൽ കാണുന്നത്. തങ്ങളുടെ പരാധീനകൾക്ക്, എന്തിനു തങ്ങളുടെ ജീവനോപാധിക്കു പോലും തങ്ങൾക്കു കിട്ടിയ പ്രത്യാശയെക്കാൾ തൂക്കം കുറവാണെന്ന ഉറപ്പാണ് അവരെ അതിനു പ്രേരിപ്പിച്ചത്. എന്നാൽ ഇത്രയേറ തവണ ഇത് മനനം ചെയ്തിട്ടും നമ്മളെപ്പോഴും അവനെ ചുറ്റുവട്ടങ്ങളിൽ മാത്രം കണ്ടെത്താൻ ശ്രമിക്കുകയാണ്. നമ്മുടെ പരാധീനതകളുടെ അപ്പുറത്തേക്ക് നയിക്കുന്ന പ്രകാശമായി അവനെ കണ്ടെത്താൻ നമ്മൾക്ക് സാധിക്കുന്നില്ല. നമ്മുടെ ജീവിതത്തെ ഓരോ അണുവിലും സ്വാധീനിക്കുന്ന ഒരംശമായി അവനെ അറിയാനും സാധിക്കുന്നില്ല.
അവനെ കാണേണ്ടവരുടെ അടിസ്ഥാന യോഗ്യതകളിൽ ഒന്നായി അവൻ ചൂണ്ടി കാണിച്ചത് ഹൃദയത്തിൻ്റെ നിർമലതയാണ്. അതുമായിട്ടാണ് ആ കാവൽക്കൂട്ടം കുന്നിറങ്ങി, താഴ്‌വര പിന്നിട്ട് ബേതലഹേമോളം ചെന്നത്. ആരും നടന്നിട്ടില്ലാത്ത ഒരു പുതുവഴി വെട്ടിയ ആ ഒരു കൂട്ടത്തിനു തങ്ങൾക്കും പ്രത്യാശയ്ക്ക് അർഹതയുണ്ടെന്നും തങ്ങൾക്കും ഒരു വീണ്ടെടുപ്പുണ്ടെന്നും മറ്റുള്ളവരെ ഒന്നു ബോധ്യപ്പെടുത്തുകയും ഒരു ലക്ഷ്യമായിരുന്നിരിക്കണം !
അവരുടെ കൂടെയാകട്ടെ നമ്മുടെയും യാത്രയുടെ തുടക്കം!
ഡെറിൻ രാജു
യൽദോ നോമ്പരംഭം, 2024

No comments:

Post a Comment

കുരിശ് ഒരു പ്രതീക്ഷയാണ്

  ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും? വനത്തിൻ്റെ പകുതി വരെ എന്നാണ് ഏതൊരാൾക്കും പറയാവുന്ന ഉത്തരം. കാരണം പകുതി പിന്നിട്ടാ...