ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും?
വനത്തിൻ്റെ പകുതി വരെ എന്നാണ് ഏതൊരാൾക്കും പറയാവുന്ന ഉത്തരം.
കാരണം പകുതി പിന്നിട്ടാൽ പിന്നെ നമ്മുടെ യാത്ര വനത്തിനകത്തേക്കല്ല; പുറത്തേക്കാണ്.
നോമ്പും പകുതി പിന്നിടുകയാണ്. ഇനിയുള്ള യാത്ര നോമ്പിനു പുറത്തേക്കാണ്. പാതിനോമ്പ് പിന്നിട്ടാൽ നോമ്പ് പെട്ടെന്ന് തീരുമെന്നു പഴയ ആൾക്കാർ പറയാറുണ്ട്. കാരണം പതിനഞ്ച് ദിവസങ്ങൾക്കപ്പുറം നാല്പതാം വെള്ളിയും പിന്നീട് ഓശാനയിലൂടെ വലിയ ആഴ്ചയും അതിൻ്റെ അവസാനം ഉയിർപ്പുമാണ്. മശിഹായുടെ ഹാശാ അത്യാസന്നം എന്നാണ് പാതിനോമ്പിലെ ഒരു പാട്ടിൽ കാണുന്നത്.
ഇനിയങ്ങോട്ട് എന്നത് പോലെ കുരിശാണ് ഈ ദിവസവും അനുസ്മരിക്കുന്നത്. പണ്ടൊരു കൂട്ടമാളുകൾ തങ്ങളുടെ ഒരു ദീർഘ പ്രയാണത്തിൽ പാളയമദ്ധ്യത്തിൽ ഉയർത്തിയ ഒരു മുൻകുറിയെയും ഈ ദിവസം അനുസ്മരിക്കുന്നു. ആ ഉയർത്തൽ തൻ്റെ തന്നെ മുൻസൂചനയാണെന്ന് നസറായൻ ഒരു സംഭാഷണമദ്ധ്യേ പറഞ്ഞിരുന്നല്ലോ.
നസറായൻ്റെ ഫിലോസഫിയുടെ പ്രത്യക്ഷ രൂപമാണ് കുരിശ്. ഐഹികമായ ഒരു രാജ്യമില്ലാത്ത, ശത്രുക്കളുടെ ഇടയിലേക്ക് ചെറുത്തു നിൽപ്പില്ലാതെ ഇറങ്ങിവന്ന രാജാവിൻ്റെ ചെങ്കോലാണത്. ജെറുശലേമിലെ വഴിയോരത്തിൽ, ഒരു ചെറു കുന്നിൻ മുകളിൽ സ്ഥാപിക്കപ്പെട്ട കുരിശ് നമ്മോട് ഇടതടവില്ലാതെ സംസാരിക്കുന്നത് അവൻ്റെ ജീവിതസന്ദേശം തന്നെയാണ്. കുരിശിൻ്റെ ഓരത്തിലെ തണുപ്പിലേക്ക് അവൻ വിളിക്കുകയാണ്. കാളുന്ന വെയിലിൽ കുരിശ് നൽകുന്ന തണുപ്പ് അതിൽ കിടക്കുന്നവൻ്റെ നിഴലാണ്. അതിലേക്കാണ് അവൻ കൂട്ടിച്ചേർക്കുന്നത്.
കുരിശ് ഒരു പ്രതീക്ഷയാണ്; ഒരു ഉറപ്പാണ്. അവനെ പിൻപറ്റുന്നവരുടെ കുറഞ്ഞ യോഗ്യതയായി ഒരിക്കൽ അവൻ പറയുന്നത് കുരിശ് വഹിക്കാനുള്ള സന്നദ്ധതയാണ്. ലോകത്തെ താൻ ജയിച്ചിരിക്കുന്നു എന്നൊരു മുപ്പത്തിമൂന്നു വയസുകാരൻ പറഞ്ഞത് ക്രൂശിലേക്കു നടന്നുകൊണ്ടാണ്. എന്നിട്ടും നമ്മുടെ ഭിന്നതയ്ക്കോ തർക്കത്തിനോ വ്യവഹാരങ്ങൾക്കോ ഒരു കുറവുമില്ല. അവൻ കൃത്യമായി പറഞ്ഞതാണ് താൻ പോയിക്കഴിഞ്ഞ് ആട്ടിൻക്കൂട്ടത്തെ ചിതറിക്കുന്ന ചെന്നായക്കൾ വരുമെന്ന്. പക്ഷേ നമുക്ക് ഇന്ന് ചെന്നായക്കളോടൊപ്പമുള്ള സഹവാസമാണ് താൽപര്യം. അവസാന തുള്ളി രക്തം വാർന്ന് ഇല്ലാതാകുന്ന വരെ നമ്മൾ കൂട്ടിയിടിച്ചു കൊണ്ടേയിരിക്കും. ഓരോ മത്സരത്തിലും ക്രിസ്തു നമുക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്; കുരിശിൻ്റെ സന്ദേശം കൈമോശം വരികയാണ്.
കുരിശിൽ അവനെ ഉറപ്പിച്ച് നിർത്തിയത് മൂന്ന് ആണികളുടെ കരുത്തല്ല; മറിച്ച് അവൻ്റെ സ്നേഹമാണ്. അത് മനസിലാക്കുകയാണ് അവനോട്, അവൻ്റെ സഹനത്തോട് കാണിക്കാവുന്ന മിനിമം പരിഗണന!
ഡെറിൻ രാജു
പാതിബുധനാഴ്ച, 2025
No comments:
Post a Comment