Sunday, 23 August 2026

20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു

മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാര്‍ ഗ്രീഗോറിയോസ് നഗറില്‍ നടക്കുന്ന വോട്ടെടുപ്പും തിരഞ്ഞെടുപ്പും മുളന്തുരുത്തി സുന്നഹദോസിനു ശേഷം സഭയുടെ വടക്കന്‍ പ്രദേശത്ത് നടക്കുന്ന നാലാമത് അസോസിയേഷനാണ്. 1889-ലെ റോയല്‍ കോടതി വിധി മലങ്കരയിലെ മെത്രാപ്പോലീത്തായുടെ തെരഞ്ഞെടുപ്പിനു ജനങ്ങളുടെ അംഗീകാരം നിര്‍ബന്ധമാക്കി. ഇതോടെ അസോസിയേഷന്‍ എന്ന ആധുനിക മലങ്കര പളളിയോഗത്തിനും അതിന്റെ മാനേജിംഗ് കമ്മറ്റിക്കും അവയുടെ ശബ്ദം തിരിച്ചു കിട്ടി. മലങ്കരയില്‍ പാത്രിയര്‍ക്കീസിനു ലൗകികാധികാരം ഇല്ലായെന്നും റിശീസാ പാത്രിയര്‍ക്കീസിനാണോ ഭരിക്കുന്ന മെത്രാനാണോ അവകാശപ്പെട്ടതെന്ന് കൃത്യമായി പറയുവാന്‍ ആകില്ലായെന്നും ജനങ്ങളുടെ അംഗീകാരം ഇല്ലാതെ വാഴിക്കപ്പെടുന്ന മെത്രാന്‍മാര്‍ക്ക് മലങ്കരയില്‍ ഭരണാധികാരം ഇല്ലായെന്നുമുളള വിധിയിലെ കണ്ടെത്തലുകള്‍ പാത്രിയര്‍ക്കീസിനു തിരിച്ചടിയുമായി. ഇതിനെ തുടര്‍ന്നാണ് പാത്രിയര്‍ക്കീസ് മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് അഞ്ചാമനോട് ലൗകികാധികാരം ആവശ്യപ്പെട്ടതും അദ്ദേഹം അതിനു തയ്യാറാകാതിരുന്നതും. തുടര്‍ന്നുളള വര്‍ഷങ്ങള്‍ മാനേജിംഗ് കമ്മറ്റിയും അസോസിയേഷനും തങ്ങളുടെ അധികാരം കൃത്യമായി ഉറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. 1892-ലെ മാനേജിംഗ് കമ്മറ്റി അതിന്റെ പ്രധാന തെളിവാണ്. ദീര്‍ഘമായ ആ ചരിത്രം പ്രതിപാദിക്കാതെ കഴിഞ്ഞ നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും മെത്രാന്‍ തിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രം ഇവിടെ രേഖപ്പെടുത്തുകയാണ്.

1895 നവംബറില്‍ കൂടിയ മലങ്കര അസോസിയേഷന്‍ പരുമല മാര്‍ ഗ്രിഗോറിയോസിനെ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായി നിയമിച്ചു. എന്നാല്‍ തന്റെ 54-ാം വയസില്‍ 1902-ല്‍ ആകസ്മികമായി അദ്ദേഹം കാലം ചെയ്തതോടുകൂടി സഭയില്‍ ഒരു നേതൃത്വ പ്രതിസന്ധി ഭാവിയില്‍ സൃഷ്ടിക്കപ്പെടുമെന്ന തോന്നല്‍ ശക്തമായി. മലങ്കര മെത്രാപ്പോലീത്തായ്ക്ക് 70 വയസോളം പ്രായവും ആയിരുന്നു. മറ്റ് രണ്ട് മെത്രാപ്പോലീത്താമാരില്‍ കടവില്‍ മാര്‍ അത്താനാസിയോസിനെയും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അതിനാല്‍ തന്നെ എത്രയും വേഗം ഒരു പിന്‍ഗാമിയെയും മേല്‍പ്പട്ടസ്ഥാനികളെയും തെരഞ്ഞെടുക്കേണ്ടത് ആവശ്യമായി വന്നു. മാര്‍ ഗ്രീഗോറിയോസിന്റെ മരണവിവരം അറിയിച്ചുകൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മെത്രാപ്പോലീത്താ ഈ വിവരം വ്യക്തമാക്കുന്നുണ്ട്. ''...അതു കൂടാതെ നമ്മുടെ ഈ സഹോദരന്റെ മരണത്താല്‍ വന്നിട്ടുളളതും ശേഷമുളള മെത്രാപ്പോലീത്തന്മാര്‍ എല്ലാവരും വൃദ്ധന്‍മാരായിരിക്കകൊണ്ട് വരാവുന്നതുമായ ഒഴിവിലേക്ക് ഒന്നോ രണ്ടോ ആളുകളെ മെത്രാപ്പോലീത്തന്മാരായി വാഴിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നതിനാല്‍ അതിലേക്ക് ഈ മുപ്പതാം ദിവസം അടിയന്തിരത്തിന് പളളിക്കാര്‍ കൂടി തിരഞ്ഞെടുപ്പ് ചെയ്യണമെന്ന് നിശ്ചയിച്ചിരിക്കുന്നു.  നിശ്ചയിച്ചപ്രകാരം യോഗം മാര്‍ ഗ്രിഗോറിയോസിന്റെ മുപ്പതാം അടിയന്തിര ദിവസം കൂടി. മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉളള തിരഞ്ഞടുപ്പ് മാത്രമായിരുന്നു ആലോചനാവിഷയം. സെമിനാരി മാനേജര്‍ പൗലോസ് റമ്പാനെയും വട്ടശേരില്‍ ഗീവറുഗീസ് മല്പാനെയും മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാമെന്ന് കുമരകം പളളി വികാരി അഭിപ്രായപ്പെട്ടു. പലരും അതിനെ പിന്താങ്ങി. എന്നാല്‍ വടക്കു നിന്നുളള ചില പ്രതിനിധികള്‍ ഈ രണ്ട് പേര് പോരെന്നും വടക്കുനിന്നും ആളുകള്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതാരൊക്കെയാണെന്നു  അവിടെയുളളവര്‍ക്ക് നിശ്ചയമില്ലാത്തതിനാല്‍ വലിയ തിരുമേനിയും മറ്റുളള തിരുമേനിമാരും നിശ്ചയിച്ചാല്‍ മതിയെന്നും അവര്‍ അഭിപ്രായപ്പെടുകയും യോഗം അത് കൈയ്യടിച്ചു അംഗീകരിക്കുകയും ചെയ്തു. ഇതാണ് ഇരുപതാം നൂറ്റാണ്ടില്‍ മെത്രാന്‍ തിരഞ്ഞെടുപ്പിനായി കൂടിയ ആദ്യ യോഗം. ഈ യോഗനിശ്ചയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് താമസിയാതെ വട്ടശേരില്‍ മല്പാനെ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് റമ്പാനാക്കിയത്. മാര്‍ ദീവന്നാസിയോസ് കോനാട്ട് മാത്തന്‍ മല്പാനു അയയ്ക്കുന്ന കത്തില്‍ വടക്കുനിന്നുളള സ്ഥാനാര്‍ഥിയെ മല്പാന്‍ നിശ്ചയിച്ചാല്‍ മതിയെന്നു കാണുന്നുണ്ട്. എന്നാല്‍ പരുമലയിലെ ഈ തീരുമാനങ്ങള്‍ പൊടുന്നനെ എന്തുകൊണ്ടോ നടപ്പിലായില്ല. 1908 ആയപ്പോഴേക്കും മാര്‍ ദീവന്നാസിയോസ് എഴുപത്തിയഞ്ചാം വയസിലേക്ക് കടന്നിരുന്നു. കടവില്‍ മാര്‍ അത്താനാസിയോസ് കാലം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ എത്രയും വേഗം ഒരു പിന്‍ഗാമിയെയും മെത്രാപ്പോലീത്താമാരെയും തിരഞ്ഞെടുക്കേണ്ടത് ആവശ്യമായി വന്നു. രണ്ട് പേരെ തിരഞ്ഞെടുക്കുകയും ശേഷമുളളവരായി ഇഷ്ടമുളളവരെ തിരുമേനിമാര്‍ നിശ്ചയിച്ചുകൊളളാന്‍ പളളിയോഗം അനുമതി കൊടുത്തിട്ടും ആ അധികാരം മലങ്കര അസോസിയേഷനിലേക്കു തന്നെ തിരികെ കൊടുക്കുവാന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തയ്യാറായി. അദ്ദേഹം 1908 മകരം 2-നു അസോസിയേഷന്‍ കൂടാന്‍ നോട്ടീസ് കല്പന അയച്ചു. 1908 കുംഭമാസം 15-നു കോട്ടയത്ത് യോഗം ചേര്‍ന്നു. യോഗം രണ്ടാം നിശ്ചയമായി നേരത്തെ മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കൊച്ചുപറമ്പില്‍ പൗലോസ് റമ്പാനെയും വട്ടശേരില്‍ ഗീവറുഗീസ് റമ്പാനെയും യോഗം ഐക്യകണ്‌ഠ്യേന സ്ഥിരപ്പെടുത്തി.  തുടര്‍ന്ന് ഇരുവരെയും യേരുശലേമിലേക്ക് അയയ്ക്കുകയും ഇഗ്നാത്തിയോസ്  അബ്ദുളളാ ദ്വിതിയന്‍ ഇരുവരെയും യഥാക്രമം മാര്‍ കൂറീലോസ്, മാര്‍ ദീവന്നാസിയോസ് എന്നീ പേരുകളില്‍ മേല്‍പ്പട്ടക്കാരായി വാഴിക്കുകയും ചെയ്തു. 1909-ല്‍ അബ്ദുളളാ പാത്രിയര്‍ക്കീസ് മലങ്കരയിലെത്തി 1909 നവംബറില്‍ കൂടിയ അസോസിയേഷന്റെ മൂന്നാം ദിവസം പാത്രിയര്‍ക്കീസ് മലങ്കരയ്ക്ക് എത്ര മെത്രാന്‍മാരാണ് ആവശ്യമെന്ന് ആലോചിച്ചു പറയുവാന്‍ ആവശ്യപ്പെട്ടു. ശീമയിലെ സ്ഥിതി പരിഗണിച്ചാല്‍ ഇവിടെ അമ്പതു മെത്രാന്‍മാരാകാം എന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊതു അഭിപ്രായം രണ്ടോ നാലോ എന്നായിരുന്നത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല. എന്നാല്‍ രണ്ട് പേരെ മെത്രാന്‍മാരായി വാഴിക്കുന്നതിനു പൊതുയോഗം താല്‍പര്യം അറിയിക്കുന്നുണ്ട്. കൊച്ചി, അങ്കമാലി, കണ്ടനാട് എന്നീ ഇടവകളെ ആലുവാ സെമിനാരി ആസ്ഥാനമാക്കി ഒരു വടക്കന്‍ ഡിവിഷ്യനായും കൊല്ലം, തുമ്പമണ്‍, നിരണം എന്നിവയെ പരുമല സെമിനാരി ആസ്ഥാനമാക്കി ഒരു തെക്കന്‍ ഡിവിഷ്യനായും മദ്ധ്യ ഡിവിഷ്യനായി കോട്ടയം സെമിനാരി ആസ്ഥാനമാക്കി കോട്ടയം ഇടവകയെയും ക്രമീകരിക്കുവാനും ഇവ യഥാക്രമം മാര്‍ ഈവാനിയോസ്, മാര്‍ കൂറീലോസ്, മാര്‍ ദീവന്നാസിയോസ് എന്നിവരുടെ മേല്‍നോട്ടത്തിലാക്കുവാനും യോഗം ശുപാര്‍ശ ചെയ്യുന്നുണ്ട്. കൂടാതെ വടക്കന്‍ ഡിവിഷ്യന്റെ സഹായമെത്രാനായി കൊച്ചു പൗലോസ് റമ്പാനെയും തെക്കന്‍ ഡിവിഷ്യന്റെ സഹായമെത്രാനായി പുന്നൂസ് റമ്പാനെയും വാഴിക്കുവാനും യോഗം പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെടുന്നുണ്ട്. പാത്രിയര്‍ക്കീസ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിനെ 1911 ഇടവമാസം മുടക്കുന്നതിനു മുമ്പായി തന്നെ രണ്ട് പേര്‍ക്ക് റജിസ്റ്റര്‍ ഉടമ്പടി വാങ്ങി മേല്‍പ്പട്ടസ്ഥാനം നല്‍കി. കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസിനും ഇടവഴിക്കല്‍ മാര്‍ സേവേറിയോസിനും അദ്ദേഹം 1910 ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലായി പട്ടം നല്‍കി. പിളര്‍പ്പിനു ശേഷം കൂടിയ 1911 സെപ്റ്റംബര്‍ 7-നു മലങ്കരമെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ അസോസിയേഷന്‍ അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസിനെ മലങ്കരയിലേക്ക് ക്ഷണിക്കുവാനും അദ്ദേഹം വരുമ്പോള്‍ വാകത്താനത്തു ഗീവറുഗീസ് റമ്പാന്‍, പരുമല മാനേജര്‍ പുന്നൂസ് റമ്പാന്‍, പാമ്പാടി കുറിയാക്കോസ് റമ്പാന്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും മേല്‍പ്പട്ടസ്ഥാനം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ അതിനു അനുമതിയും നല്‍കി. അബദേദ് മശിഹാ പാത്രിയര്‍ക്കീസ് 1912 ഇടവത്തില്‍ മലങ്കരയിലെത്തി. മുന്‍ നിശ്ചയങ്ങളുടെ കൂടെ വെളിച്ചത്തില്‍ അദ്ദേഹം പരുമല മാനേജര്‍ പുന്നൂസ് റമ്പാനെ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. 1912 സെപ്തംബര്‍ 15-ലെ കാതോലിക്കേറ്റിന്റെ സ്ഥാപനത്തോടു കൂടി മലങ്കരയ്ക്ക് ആവശ്യമുളള മേല്‍പ്പട്ടക്കാരെ വാഴിക്കുക എന്ന അവകാശവും ചുമതലയും പൗരസ്ത്യ കാതോലിക്കേറ്റില്‍ നിക്ഷിപ്തമായി. ഒന്നാം കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ കാരുചിറ ഗീവറുഗീസ് റമ്പാനെ മാര്‍ പീലക്‌സിനോസ് എന്ന പേരിലും കരോട്ടുവീട്ടില്‍ യൂയാക്കീം റമ്പാനെ മാര്‍ ഈവാനിയോസ് എന്ന പേരിലും മെത്രാപ്പോലീത്തായായി വാഴിച്ചു. രണ്ടാം കാതോലിക്കാ 1925 ഏപ്രില്‍ 30-നു സ്ഥാനമേറ്റു. സ്ഥാനാരോഹണത്തിനു ശേഷം നടന്ന യോഗത്തില്‍ മേല്‍പ്പട്ടസ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് നടന്നു. പാമ്പാടി കുറിയാക്കോസ് റമ്പാന്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, സി.എം തോമസ് ശെമ്മാശന്‍, പുലിക്കോട്ടില്‍ ജോസഫ് ശെമ്മാശന്‍ എന്നിവരെ യോഗം മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. എന്നാല്‍ ഈ തിരഞ്ഞെടുപ്പുകളില്‍ ഒന്നും പെടാതിരുന്ന പി.റ്റി ഗീവറുഗീസ് റമ്പാനാണ് ഗീവറുഗീസ് മാര്‍ ഈവാനിയോസ് (01-05-1925) എന്ന പേരില്‍ രണ്ടാം കാതോലിക്കാ ബാവാ മേല്‍പ്പട്ട സ്ഥാനം നല്‍കിയത്. രണ്ടാം കാതോലിക്കാ ബാവാ അവിചാരിതമായി കാലം ചെയ്തതോടു കൂടി വീണ്ടും മേല്‍പ്പട്ടസ്ഥാനത്തേക്ക് ഒരു തിരഞ്ഞെടുപ്പ് ആവശ്യമായി വന്നു. മലങ്കര മെത്രാപ്പോലീത്താ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമായി മേല്‍പ്പട്ടക്കാരുടെ എണ്ണം ചുരുങ്ങി. നിരണം മുതലായ ഇടവകകളുടെ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് (പിന്നീട് ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍) 1928 ഡിസംബര്‍ 24-നു വളളിക്കാട്ട് ദയറായില്‍ നിന്ന് പളളിപ്രതിപുരുഷയോഗം കൂടാന്‍ കല്പന അയച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1929 ജനുവരി 15-നു യോഗം കൂടി. അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായായി വാഴിക്കാമെന്ന് യോഗം നിശ്ചയിച്ചു. നേരത്തെ തിരഞ്ഞെടുത്തവര്‍ക്ക് പുറമേ ബഥനി അംഗങ്ങളായ അലക്‌സിയോസ് കത്തനാര്‍ക്കും യാക്കോബ് കത്തനാര്‍ക്കും മേല്‍പ്പട്ടസ്ഥാനം നല്‍കുവാനും യോഗം തീരുമാനിച്ചു.

മൂന്നാം കാതോലിക്കായായി ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1929 ഫെബ്രുവരി 15-നു സ്ഥാനമേറ്റു. തന്റെ സ്ഥാനാരോഹരണത്തിന്റെ പിറ്റേ ദിവസം അദ്ദേഹം കുറിയാക്കോസ് റമ്പാനെ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരിലും യാക്കോബ് റമ്പാനെ യാക്കോബ് മാര്‍ തെയോഫിലോസ് എന്ന പേരിലും മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. കൂടുതല്‍ മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുക എന്നതും മറ്റ് ചില പ്രധാന ആലോചനകള്‍ക്കുമായി 1930 സെപ്റ്റംബര്‍ 4-നു കോട്ടയം പഴയസെമിനാരിയില്‍ ഒരു യോഗം കൂടി. യോഗത്തില്‍ ആറ് പേരെ മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇവരില്‍ ചിലരെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നതുമായിരുന്നു. പുത്തന്‍കാവില്‍ ഗീവറുഗീസ് റമ്പാന്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, ചെറിയമഠത്തില്‍ സ്‌കറിയാ മല്പാന്‍, വാളക്കുഴിയില്‍ ജോസഫ് കത്തനാര്‍, ബഥനിയുടെ അലക്‌സിയോസ് കത്തനാര്‍, കെ.സി. ചാക്കോ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ കെ.സി ചാക്കോ അയ്‌മേനിയായിരുന്നു. അദ്ദേഹവും ചെറിയമഠത്തില്‍ സ്‌കറിയാ മല്പാനും സ്ഥാനം സ്വീകരിച്ചില്ല. ഇവരില്‍ മൂന്നു പേരെ ഗീവറുഗീസ് ദ്വിതിയന്‍ ബാവാ ഗീവറുഗീസ് റമ്പാനെ മാര്‍ പീലക്‌സിനോസ് എന്ന പേരില്‍ 1930 നവംബര്‍ 3-നും വാളക്കുഴിയില്‍ ജോസഫ് റമ്പാനെ മാര്‍ സേവേറിയോസ് എന്ന പേരില്‍ 1933 മേയ് 25-നും മേല്‍പ്പട്ടക്കാരായി വാഴിച്ചു. 1877-ല്‍ പത്രോസ് തൃതിയന്‍ പാത്രിയര്‍ക്കീസ് മലങ്കരയെ ഏഴ് ഇടവകകളായി തിരിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. പിന്നീട് ആ ഇടവകകളില്‍ തന്നെ മലങ്കര സഭയിലെ മെത്രാസനങ്ങള്‍ നിലനിന്നു. ഇടയ്ക്ക് അല്‍വാറീസ് മാര്‍ യൂലിയോസിനെ ബോംബേ, സിലോണ്‍, ഗോവാ തുടങ്ങിയ ഇടങ്ങള്‍ ഏല്പിച്ചുവെങ്കിലും അവയില്‍ മലങ്കരസഭാംഗങ്ങള്‍ സ്ഥാപിച്ച ഇടവകകള്‍ ഉള്‍പ്പെട്ടിരുന്നില്ല. 1938-ല്‍ കേരളത്തിനു പുറത്തുളള ഇടവകകളെ ഉള്‍പ്പെടുത്തി ബാഹ്യകേരള മെത്രാസനം രൂപീകരിച്ചു. അതിലേക്കായി ഫാ. അലക്‌സിയോസിനെ മാര്‍ തേവോദോസിയോസ് എന്ന പേരില്‍ 1938 ഏപ്രില്‍ 7-നും മേല്‍പ്പട്ടക്കാരനായും വാഴിച്ചു. ഫാ. അലക്‌സിയോസിനെ 1934 ഡിസംബര്‍ 26-ലെ എം.ഡി സെമിനാരി യോഗവും വീണ്ടും തിരഞ്ഞെടുക്കുന്നുണ്ട്. 1925-ല്‍ തന്നെ മേല്‍പ്പട്ടസ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്ന സി.എം. തോമസ് റമ്പാനെ ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1940 മെയ് 6-നു തോമാ മാര്‍ ദീവന്നാസിയോസ് എന്ന പേരില്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. 1934-ല്‍ മലങ്കരസഭാ ഭരണഘടന നിലവില്‍ വന്നതോടെ തിരഞ്ഞെടുപ്പിന്റെ രീതി കുറച്ച് കൂടി കൃത്യമായി. നിലവില്‍ വന്ന ഭരണഘടനയിലെ 108-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പിന് ഹാജരുളള പട്ടക്കാരുടെയും അത്മായക്കാരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം തിരഞ്ഞെടുപ്പിനു നിര്‍ബന്ധമായി. 1951 മേയ് 17-നു കോട്ടയം എം.ഡി സെമിനാരിയില്‍ കൂടിയ അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് വട്ടക്കുന്നേല്‍ മാത്യൂസ് കത്തനാര്‍, പി. ഇ. ദാനിയേല്‍ കത്തനാര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഗീവറുഗീസ് ദ്വിതിയന്‍ ബാവാ ഇരുവര്‍ക്കും യഥാക്രമം മാര്‍ അത്താനാസിയോസ്, മാര്‍ പീലക്‌സീനോസ് എന്നീ പേരുകളിലും നേരത്തെ പല തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്ന പാറേട്ട് മാത്യൂസ് കത്തനാര്‍ക്ക് മാര്‍ ഈവാനിയോസ് എന്ന പേരിലും ഓതറ ദയറായിലെ മാത്യൂസ് കത്തനാരെ മാത്യൂസ് മാര്‍ കൂറീലോസ് എന്ന പേരിലും സ്ലീബാദാസ സമൂഹ സ്ഥാപകന്‍ പത്രോസ് റമ്പാനെ മാര്‍ ഒസ്താത്തിയോസ് എന്ന പേരിലും എപ്പിസ്‌കോപ്പാമാരായി 1953 മേയ് 15-നു വാഴിച്ചു. ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1964-ല്‍ കാലം ചെയ്തതിനെത്തുടര്‍ന്ന് ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ 1964 മേയ് 22-നു സ്ഥാനാരോഹണം ചെയ്യപ്പെട്ടു.

മേല്‍പ്പട്ടസ്ഥാനത്തേക്ക് അഞ്ചു പേരെ തിരഞ്ഞെടുക്കുവാനായി 1965 ഡിസംബര്‍ 28-ാം തീയതി കോട്ടയം എം.ഡി. സെമിനാരിയില്‍ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഒരു വികേന്ദ്രീകൃത സ്വഭാവം ആ വര്‍ഷം കൈവന്നു. ഓരോ മെത്രാസനത്തില്‍ നിന്നും മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യുവാനും അപ്രകാരം നാമനിര്‍ദേശം ചെയ്യുന്നവരില്‍ നിന്ന് അഞ്ചുപേരെ മാനേജിംഗ് കമ്മറ്റി നിശ്ചയിച്ച് അസോസിയേഷനിലേക്ക് ശുപാര്‍ശ ചെയ്യുവാനും ആ തവണ തീരുമാനിച്ചു. അങ്ങനെ മാനേജിംഗ് കമ്മറ്റി മുന്നോട്ട് വച്ച അഞ്ചു പേരുകളെയും അസോസിയേഷന്‍ അംഗീകരിച്ചു. എന്നാല്‍ എപ്പിസ്‌കോപ്പല്‍ സിനഡ് ഇതില്‍ രണ്ട് പേരുടെ തിരഞ്ഞെടുപ്പിനു അംഗീകാരം നല്‍കിയില്ല. അംഗീകാരം ലഭിച്ച മൂന്ന് പേരെ ഔഗേന്‍ പ്രഥമന്‍ ബാവാ ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ്, തോമസ് മാര്‍ തീമോത്തിയോസ് എന്നീ പേരുകളില്‍ 1966 ഓഗസ്റ്റ് 24-നു മെത്രാപ്പോലീത്താമാരായി വാഴിച്ചു. അസോസിയേഷന്‍ നടപടിചട്ടങ്ങള്‍ 1970 സെപ്റ്റംബറില്‍ നിലവില്‍ വന്നു. 1974 ഒക്‌ടോബറില്‍ അഞ്ചു മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുവാനായി വീണ്ടും നിരണം പളളിയില്‍ അസോസിയേഷന്‍ യോഗം കൂടി. 1965-ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും സ്ഥാനം ലഭിക്കാതിരുന്ന രണ്ട് പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ക്കു പുറമേ മൂന്നു പേരു കൂടി ഐക്യകണേ്ഠ്യന തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പേര്‍ക്കും 1975 ഫെബ്രുവരി 16-നു ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ്, തോമസ് മാര്‍ മക്കാറിയോസ്, ജോസഫ് മാര്‍ പക്കോമിയോസ് എന്നീ പേരുകളില്‍ മെത്രാന്‍ സ്ഥാനം നല്‍കി.

ഔഗേന്‍ ബാവാ 1975-ല്‍ സ്ഥാനത്യാഗം ചെയ്തതോടെ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ ബാവാ സ്ഥാനമേറ്റു.  ബാഹ്യകേരള ഇടവകയെ ബോംബേ, മദ്രാസ്, ഡെല്‍ഹി എന്നീ മൂന്നു മെത്രാസനങ്ങളായി തല്‍ക്കാലത്തേക്ക് 1976-ല്‍ വിഭജിച്ചു. 1977-ല്‍ മാവേലിക്കര പുതിയകാവില്‍ കൂടിയ അസോസിയേഷനിലാണ് ആദ്യമായി മെത്രാന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്. അഞ്ചു പേരെ തിരഞ്ഞെടുക്കാന്‍ കൂടിയ യോഗത്തില്‍ എട്ടു പേര്‍ സ്ഥാനാര്‍ഥികളായി ഉണ്ടായിരുന്നു. ഫാ. കെ. കെ. മാത്യൂസ് റമ്പാന്‍ ഏറ്റവും അധികം വോട്ടു നേടി. അദ്ദേഹത്തെ കൂടാതെ സി. സഖറിയാ റമ്പാന്‍, യൂഹാനോന്‍ റമ്പാന്‍, ഫാ. റ്റി. ഇ ജോര്‍ജ്, ഫാ. എം.എം. ജേക്കബ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ അഞ്ചു പേര്‍ക്കും ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവാ 1978 മെയ് 15-നു മാര്‍ ബര്‍ന്നബാസ്, മാര്‍ ദീവന്നാസിയോസ്, മാര്‍ അത്താനാസിയോസ്, മാര്‍ ദീയസ്‌കോറോസ്, മാര്‍ പോളിക്കാര്‍പ്പോസ് എന്നീ പേരുകളില്‍ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. താല്‍ക്കാലികമായി മൂന്ന് മെത്രാസനങ്ങളായി 1976-ല്‍ തിരിച്ച ബാഹ്യകേരള മെത്രാസനത്തെ ബോംബേ, മദ്രാസ്, ഡെല്‍ഹി, കല്‍ക്കട്ട, അമേരിക്ക എന്നീ അഞ്ചു മെത്രാസനങ്ങളായി തിരിച്ചു. കൂടാതെ കൊല്ലം മെത്രാസനത്തെ വിഭജിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ രണ്ട് മെത്രാസനങ്ങളായി. ഇത് 1-1-1979-ല്‍ നിലവില്‍ വന്നു. കോട്ടയം മെത്രാസനത്തെ കോട്ടയം, കോട്ടയം സെന്‍ട്രല്‍, ഇടുക്കി എന്നീ മെത്രാസനങ്ങളായി 1982-ല്‍ വിഭജിച്ചു. ഇവയെല്ലാം വീണ്ടും മേല്‍പ്പട്ടസ്ഥാനികളുടെ തിരഞ്ഞെടുപ്പിലേക്ക് നയിച്ചു. മേല്‍പ്പട്ടസ്ഥാനികളെ തിരഞ്ഞെടുക്കുവാന്‍ 1982 ഡിസംബര്‍ 28-നു തിരുവല്ലായില്‍ കൂടിയ മലങ്കര അസോസിയേഷനില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. വീണ്ടും ഐക്യകണ്‌ഠ്യേന തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട കെ.ജി ഗീവറുഗീസ് റമ്പാന്‍, ഫാ ഫിലിപ്പോസ് തോമസ്, ഫാ. കെ.റ്റി തോമസ്, ഫാ. കെ.ഐ. പോള്‍, ഫാ. കെ മത്തായി എന്നിവര്‍ക്ക് 1985 മെയ് 15-നു മാര്‍ ഈവാനിയോസ്, മാര്‍ യൗസേബിയോസ്, മാര്‍ അത്താനാസിയോസ്, മാര്‍ മിലിത്തിയോസ്, മാര്‍ എപ്പിഫാനിയോസ് എന്നീ പേരുകളില്‍ മാത്യൂസ് പ്രഥമന്‍ ബാവാ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. മേല്‍പ്പട്ടസ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുവാനായി 1987 ഡിസംബര്‍ 29-നു കോട്ടയം എം.ഡി സെമിനാരിയില്‍ അസോസിയേഷന്‍ യോഗം കൂടി. മേല്‍പ്പട്ടസ്ഥാനത്തേക്ക് മാനേജിംഗ് കമ്മറ്റി ഒരാളെ നാമനിര്‍ദേശം ചെയ്തു. ഫാ. ഡബ്ല്യു. എ. ചെറിയാനായിരുന്നു നാമനിര്‍ദേശം ചെയ്യപ്പെട്ടത്. പന്ത്രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പത്രികകള്‍ തളളി. ശേഷിച്ച 10 പേരില്‍ റമ്പാന്‍ തെയോഫോറസ് കോര്‍-എപ്പിസ്‌കോപ്പാ, സിറിള്‍ റമ്പാന്‍, ഫാ. കെ.സി മാത്യു എന്നിവര്‍ പത്രിക പിന്‍വലിച്ചു. ഏഴ് പേര്‍ മത്സരരംഗത്തു തുടര്‍ന്നു. എന്നാല്‍ ഇവരില്‍ ആര്‍ക്കും വിജയിക്കുവാന്‍ വേണ്ട മിനിമം വോട്ട് ലഭിച്ചില്ല. അങ്ങനെ ആരും വിജയിക്കാത്ത ഒരു തിരഞ്ഞെടുപ്പും ചരിത്രത്തിലേക്ക്. 1989 ജൂണില്‍ പുതുക്കിയ നടപടിച്ചട്ടങ്ങള്‍ നിലവില്‍ വന്നു. അതിന്‍പ്രകാരമായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്. 1989 ഡിസംബര്‍ 28-നു അഞ്ചു മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുവാന്‍ പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നു. മാനേജിംഗ് കമ്മറ്റി അഞ്ചു പേരുടെ പാനല്‍ അസോസിയേഷനു സമര്‍പ്പിച്ചു. പാനലിനു പുറത്ത് മൂന്ന് പേര്‍ മത്സരിച്ചു. പാനലിലെ അഞ്ചു പേരും വിജയിച്ചു. ഫാ. പി.എം. കുറിയാക്കോസ്, ഫാ. ജോബ് തോമസ്, ഫാ. ഡബ്ല്യൂ. എ. ചെറിയാന്‍, ഫാ. എം.എ മത്തായി, ഫാ. ജോര്‍ജ് കുര്യന്‍ എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.

ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവാ 1991-ല്‍ സ്ഥാനത്യാഗം ചെയ്യുകയും ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ ബാവാ സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. തന്റെ സ്ഥാനാരോഹണത്തിന്റെ പിറ്റേന്ന്, 1991 ഏപ്രില്‍ 30-നു അദ്ദേഹം 1989-ല്‍ തിരഞ്ഞെടുക്കപ്പെട്ട നേരത്തെ രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും മാര്‍ ക്ലിമ്മീസ്, മാര്‍ പീലക്‌സീനോസ്, മാര്‍ അന്തോണിയോസ്, മാര്‍ സേവേറിയോസ്, മാര്‍ കൂറീലോസ് എന്നീ പേരുകളില്‍ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. മേല്‍പ്പട്ടസ്ഥാനത്തേക്ക് മൂന്ന് പേരെ തിരഞ്ഞെടുക്കുവാനായി 1992 സെപ്റ്റംബര്‍ 10-നു പരുമല സെമിനാരിയില്‍ അടുത്ത അസോസിയേഷന്‍ കൂടി. ഫാ. ജേക്കബ് ചെറിയാന്‍, ഫാ. വി. വറുഗീസ്, വി.പി. പൗലോസ് റമ്പാന്‍ എന്നിവരെ മാനേജിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്തു. ആകെ ഒമ്പതു പേര്‍ മത്സരിച്ചു. മൂന്നു പേര്‍ പിന്മാറിയിരുന്നു എങ്കിലും പത്രിക പിന്‍വലിക്കാനുളള സമയം കഴിഞ്ഞതിനാല്‍ അവരുടെ പേരുകളും ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കു മാത്രമേ വിജയിക്കുവാനാവശ്യമായ വോട്ട് ലഭിച്ചുളളു. പാനലില്‍ നിന്നു മത്സരിച്ച ഫാ. ജേക്കബ് ചെറിയാനും പാനലിന്റെ പുറത്ത് നിന്ന് മത്സരിച്ച ഫാ. പൗലോസ് ഒ.ഐ.സിയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും 1993 ഓഗസ്റ്റ് 16-നു മാര്‍ ഐറേനിയോസ്, മാര്‍ പക്കോമിയോസ് എന്നീ പേരുകളില്‍ മാത്യൂസ് ദ്വിതിയന്‍ ബാവാ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. 1995-ല്‍ ബഹു. സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സഭാസമാധാന ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ വിഘടിത വിഭാഗം 2002 -ലെ പരുമല അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചതോടെ വീണ്ടും മേല്‍പ്പട്ടസ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പിലേക്ക് സഭ കടന്നു. ഏഴ് പേരെ തിരഞ്ഞെടുക്കുവാനായി 2004 ജൂണ്‍ 10-നു പരുമല സെമിനാരിയില്‍ യോഗം കൂടി. ഏഴ് പേരുടെ പാനല്‍ മാനേജിംഗ് കമ്മറ്റി മുന്നോട്ട് വച്ചിരുന്നു. അവരുള്‍പ്പെടെ 21 പേര്‍ മത്സരിച്ചു. ഫാ. കെ.ജെ. ഗബ്രിയേല്‍, യൂഹാനോന്‍ റമ്പാന്‍, ഫാ. എം.സി ചെറിയാന്‍, ഔഗേന്‍ റമ്പാന്‍ എന്നീ നാലു പേര്‍ക്ക് മാത്രമേ മിനിമം വോട്ട് നേടാന്‍ സാധിച്ചുളളു. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്യൂസ് ദ്വിതിയന്‍ ബാവാ 2005 മാര്‍ച്ച് 5-നു  മാര്‍ ഗ്രിഗോറിയോസ്, മാര്‍ ക്രിസോസ്റ്റമോസ്,  മാര്‍ തെയോഫിലോസ്,  മാര്‍ ദീവന്നാസിയോസ് എന്നീ പേരുകളില്‍ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. മുന്‍ തിരഞ്ഞെടുപ്പിലെ അനാരോഗ്യകരമായ പ്രചാരണങ്ങളെ ഒഴിവാക്കാന്‍ മേല്‍പ്പട്ടസ്ഥാനികളുടെ തിരഞ്ഞെടുപ്പിന്റെ നടപടിച്ചട്ടം 2007-ല്‍ പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഏഴ് പേരെ തിരഞ്ഞെടുക്കാന്‍ 2008 സെപ്റ്റംബര്‍ 11-നു പാമ്പാക്കുടയില്‍ യോഗം ചേര്‍ന്നു. മുളന്തുരുത്തി സുന്നഹദോസിനു ശേഷം ആദ്യമായി വടക്കന്‍ പ്രദേശത്ത് ചേര്‍ന്ന യോഗമായിരുന്നു പാമ്പാക്കുട അസോസിയേഷന്‍. ആദ്യമായി ഒരു സ്ത്രി തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായി ചുമതല വഹിച്ചു. തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഓഫീസറായിരുന്ന ഒ.പി. ശോശാമ്മ ആയിരുന്നു വരണാധികാരി. ചരിത്രത്തിലാദ്യമായി ഏഴ് പേര്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോസഫ് മാര്‍ ദീവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് എന്നീ പേരുകളില്‍ ദിദിമോസ് പ്രഥമന്‍ ബാവാ 2009 ഫെബ്രുവരി 19-നു മേല്‍പ്പട്ടസ്ഥാനം നല്‍കി. കൊട്ടാരക്കര-പുനലൂര്‍, നിലയ്ക്കല്‍, അടൂര്‍-കടമ്പനാട്, ബാംഗ്ലൂര്‍, അഹമ്മദാബാദ് തുടങ്ങിയ മെത്രാസനങ്ങളുടെ രൂപീകരണം  അടുത്ത വര്‍ഷം തന്നെ വീണ്ടും മേല്‍പ്പട്ടസ്ഥാനികളുടെ തിരഞ്ഞെടുപ്പ് ആവശ്യമാക്കി. വീണ്ടും ഏഴ് പേരെ തിരഞ്ഞെടുക്കുവാന്‍ 2010 ഫെബ്രുവരി 17-നു ശാസ്താംകോട്ടയില്‍ യോഗം കൂടി. ഈ അസോസിയേഷനു മുമ്പായും നടപടിച്ചട്ടങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഏഴ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. മേല്‍പ്പട്ടസ്ഥാനത്തേക്ക് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഫാ. ജോണ്‍ മാത്യൂസും പ്രായം കുറഞ്ഞ വ്യക്തിയായി ഫാ വി.എം എബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും മറ്റ് അഞ്ച് പേര്‍ക്കും യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ജോഷ്വാ മാര്‍ നീക്കോദീമോസ്, സഖറിയാ മാര്‍ അപ്രേം, ഗീവറുഗീസ് മാര്‍ യൂലിയോസ്, ഏബ്രഹാം മാര്‍ സെറാഫിം എന്നി പേരുകളില്‍ ദിദിമോസ് പ്രഥമന്‍ ബാവാ 2010 മേയ് 12 -നു മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. അടുത്ത മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവിച്ചത്. 2021-ല്‍ നടപടിച്ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ ബാവാ സ്ഥാനമേറ്റപ്പോള്‍ കോട്ടയം, കുന്നംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ഇടുക്കി, മലബാര്‍, സൗത്ത്-വെസ്റ്റ് അമേരിക്കാ തുടങ്ങിയ മെത്രാസങ്ങള്‍ക്ക് പൂര്‍ണസമയ മെത്രാപ്പോലീത്താമാര്‍ ഇല്ലാതിരുന്നു. അതിനാല്‍ ഏഴ് പേരെ തിരഞ്ഞെടുക്കുവാന്‍ കോലഞ്ചേരിയില്‍ 2022 ഫെബ്രുവരിയില്‍ അസോസിയേഷന്‍ യോഗം കൂടി. മാനേജിംഗ് കമ്മറ്റി നിര്‍ദേശിച്ചവരില്‍ നിന്ന് ഏഴ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. മലങ്കരസഭയുടെ മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം വോട്ട് നേടിയ സ്ഥാനാര്‍ഥിയായി ഫാ. ഏബ്രഹാം തോമസ് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേര്‍ക്കും മാത്യൂസ് തൃതിയന്‍ ബാവാ ഏബ്രഹാം മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ ഈവാനിയോസ്, ഗീവറുഗീസ് മാര്‍ തെയോഫിലോസ്, ഗീവറുഗീസ് മാര്‍ പക്കോമിയോസ്, ഗീവറുഗീസ് മാര്‍ പീലക്‌സിനോസ്, ഗീവറുഗീസ് മാര്‍ ബര്‍ന്നബാസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ പേരുകളില്‍ 2022 ജൂലൈ 28-നു മേല്‍പ്പട്ടസ്ഥാനം നല്‍കി.

വീണ്ടും ഒരു തിരഞ്ഞടുപ്പിലേക്ക് പ.സഭ പ്രാര്‍ഥനാപൂര്‍വ്വം കടക്കുമ്പോള്‍ മുന്‍കാലചരിത്രം രേഖപ്പെടുത്തുക എന്നതു മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. പൗലോസ് ശ്ലീഹാ കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനം 12-ാം അദ്ധ്യായത്തില്‍ ചോദിക്കുന്നുണ്ടല്ലോ എല്ലാവരും അപ്പോസ്‌തോലന്‍മാരോ? എല്ലാവരും പ്രവാചകന്‍മാരോ? എല്ലാവരും ഉപദേഷ്ടാക്കന്‍മാരോ?  സഭ ഓരോ ദൗത്യം ഓരോരുത്തരെ ഏല്പിക്കുന്നു. വ്യക്തികള്‍ക്കപ്പുറം സഭ ഏല്പിക്കുന്ന ദൗത്യത്തിനാണ് പ്രാധാന്യം. ആത്യന്തികമായി ഉയരേണ്ടത് സഭയുടെ കൊമ്പാണ്. അതില്‍ നമ്മുടെ താല്പര്യങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ വിഷയമല്ല, പ്രസക്തവുമല്ല. പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയെന്ന് യാക്കോബ് ശ്ലീഹാ പറഞ്ഞത് കേള്‍ക്കാന്‍ നമുക്കും ഇടയാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

Thursday, 6 August 2026

മറിയാമിന്‍റെ സമ്മതം

 

ദൈവസാന്നിധ്യം പൊരുൾ തിരിഞ്ഞ് മനുഷ്യൻ്റെ ബലഹീനതകളോട് താദാത്മ്യം പ്രാപിക്കുവാൻ ഇടയായതിൻ്റെ കാരണം തൻ്റെ പ്രതിരൂപത്തോടുള്ള സവിശേഷമായ പ്രതിപത്തി കൊണ്ടാണ്; സ്നേഹം കൊണ്ടാണ്.
ആ ഒരു ഇറങ്ങി വരവിനിടയാക്കിയത് മറിയാമിൻ്റെ അത്രമേൽ നിഷ്‌കളങ്കമായ ഒരു സമ്മതമത്രെ! അങ്ങേയറ്റം ധൈര്യത്തോടെ ഉന്നതത്തിൽ നിന്നുളള ആ ഒരു താല്പര്യത്തിനു, ഒരു വിമോചകനായുള്ള സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനു തന്നിലൂടെ ഒരു പൂർണതയ്ക്കായി മറിയാം സമ്മതമറിയിക്കുക ആയിരുന്നു.
വിമോചകനെ ഉദരത്തിൽ വഹിച്ചു കൊണ്ട് മറിയാം ഒരു സോഷ്യലിസ്റ്റ് പ്രഖ്യാപനം നടത്തുന്നുണ്ട്! ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ച് വിനീതരെ ഉദ്ധരിക്കുന്ന ദൈവാനുഭവം. ആ പ്രഖ്യാപനത്തിനു വിമലകന്യകയോളം അവകാശമുള്ളയാരുണ്ട്? ആ പ്രഖ്യാപനം കേട്ട് ഉറങ്ങിയവനെ പിന്നീട് ബദ്ധൻമാർക്കു വിമോചനവും പീഡിതർക്കു വിടുതലും പ്രഘോഷിപ്പാൻ പഠിപ്പിച്ചതും ആ അമ്മ തന്നെയല്ലെ?
ഡെറിൻ രാജു
ശൂനോയോ നോമ്പ് - രണ്ടാം ദിവസം


വിമലകന്യക



വിമലകന്യക സവിശേഷമായി അനുസ്മരിക്കപ്പെടുന്ന ഒരു അർദ്ധമാസ കാലയളവിലേക്ക് കൂടി കടക്കുകയാണ്.

നസറേത്തിലെ സാധു ബാലിക തനിക്കാകെ കൈമുതലായുണ്ടായിരുന്ന ദൈവാശ്രയത്വം മുറുകെ പിടിച്ചു കൊണ്ട് അസാധ്യമായ ഉയരങ്ങളിലേക്ക് നടന്നു കയറിയത് ഒരത്ഭുതമാണ്.
നസറേത്തിൽ നിന്ന് വല്ല നന്മയും ഉണ്ടാകുമോ എന്ന് നഥനയേൽ ഫിലിപ്പോസിനോട് ചോദിക്കുന്നുണ്ടല്ലോ! സ്ഥല-കാല പരിമിതികളിലേക്ക്, ആ ചെറുഗ്രാമത്തിലേക്ക് ഇറങ്ങിവന്ന ദൈവസാന്നിധ്യത്തെ ഒഴിച്ചു നിർത്തിയാൽ നസറേത്തിൽ നിന്ന് നമുക്കുണ്ടായ ഏറ്റവും വലിയ നന്മ തമ്പുരാനെപ്പെറ്റ അമ്മയാണ്. നമ്മുടെ ആകുലതകൾ ഇറക്കിവയ്ക്കാനൊരിടമായി, നമ്മുടെ പ്രയാസങ്ങളിൽ തലചായ്ക്കാനൊരിടമായി നമ്മുടെയും എല്ലാവരുടെയും അമ്മയായി കാലാതീതമായി വിമലകന്യക നിലകൊളളുകയാണ്.
എല്ലാവിധ പുകഴ്ത്തുപാട്ടുകളുടെയും സ്തുതിപ്പുകളുടെയും തൊങ്ങലുകൾക്കപ്പുറം, അലങ്കാരങ്ങൾക്കപ്പുറം ശ്രദ്ധിക്കേണ്ടതും മനനം ചെയ്യപ്പെടേണ്ടതും ആ വിനയമാണ്; ദൈവപദ്ധതിക്കു വിധേയപ്പെടാനുള്ള ഒരുക്കമാണ്. ആ മനസാണ് അസാധ്യമായ ഔന്നത്യത്തിലേക്ക് മറ്റാർക്കും ലഭ്യമാകാത്തൊരു മഹിമാവസ്ഥയിലേക്ക് നടന്നു കയറാൻ ആ ബാലികയെ സന്നദ്ധമാക്കിയതും.
ഡെറിൻ രാജു
ശൂനോയോ നോമ്പാരംഭം, 2026

Friday, 3 July 2026

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന.

മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ്ങൾക്കപ്പുറമുള്ള ഒരു പ്രദേശത്തു നിന്നു കടന്നു വന്ന്, ഇവിടെ ജീവിച്ച് ഈ മണ്ണിൽ അടങ്ങിയ ഒരു മനുഷ്യൻ, നസറേത്തിലെ വലിയ തച്ചൻ്റെ ജീവിതം പോലെ അനേകർക്കു പ്രത്യാശ പകർന്നു ആ ഓർമ്മ ഇന്നും നിലനിൽക്കുകയാണ്. ആ മാർത്തോമാ ആണ്ടാണ്, ചാത്തമാണ് പഴയ കണക്കിലെ കർക്കിടകം മൂന്നായ ഇന്നത്തെ ജൂലൈ 3. മാർത്തോമായുടെ തോറാന.
ക്രൈസ്തവ സംസ്‌കൃതിയിൽ നിന്ന് മലയാൺമയിലേക്ക് തോറാന പോലെ അയത്നലളിതമായ ഇഴകി ചേർന്ന പദങ്ങൾ വേറെ അധികം ഉണ്ടാകില്ല. സുറിയാനി ഭാഷയിൽ ഓർമ്മയെ കുറിക്കുന്ന ദുക്റാന (ܕܘܟܪܢܐ) എന്ന വാക്കിൻ്റെ തദ്ഭവമാണ് തോറാന. തോറാനയ്ക്ക് തോരില്ല എന്നും തോറാനയ്ക്ക് ആറാന (ഒഴുകിപ്പോകും) എന്നും ഒക്കെയുള്ള ശൈലികൾ ആ വാക്കിനെയും വാക്കിൻ്റെ പിന്നിലെ ഓർമ്മയെയും മലയാളഭാഷയോട് ചേർത്ത് നിർത്തി. ജൂലൈയിലെ തോമാവിൻ്റെ ഉത്സവം പ്രധാനമെന്ന് 1500-ലെ ഒരു സംഭവം അനുസ്‌മരിച്ച് കേരളപ്പഴമയിൽ ഹെർമ്മൻ ഗുണ്ടെർട്ട് എഴുതി.
ഈ പരമ്പരാഗത ഓർമ്മ ദിനത്തെ പിന്നീട് ചിലർ ഒരു അസ്ഥിമാറ്റ കഥയിൽ ഒതുക്കി. ആരോ പാടിയത് പിന്നാലെ വന്നവർ ഏറ്റുപാടി. അതിന്നും ഈ കാലത്തും അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങും. ജൂലൈ 3 അസ്ഥി മാറ്റിയ ദിവസമാണത്രെ!!
ജൂലൈ 3 നസ്രാണിക്ക് അവൻ്റെ അപ്പൻ്റെ ആണ്ടാണ്. പ്രളയ വരൾച്ചകൾക്കോ ക്ഷമ പഞ്ഞങ്ങൾക്കോ അധിനിവേശ ശ്രമങ്ങൾക്കോ തകർക്കാൻ പറ്റാത്ത ഒന്നാണ് നസ്രാണികളുടെ തോമാവബോധം. അത് ഒരു കടപ്പാടിൻ്റെ പ്രശ്‌നം കൂടിയാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത, ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രദേശത്തേക്ക്, ഒരു പഴയ കൃതിയിൽ കാണുന്നതു പോലെ അന്ധകാരമയമായ ഒരു സ്ഥലത്തേക്ക് കടന്നു വരാൻ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ജീവഭയത്താൽ തങ്ങളുടെ ഗുരുവിനൊപ്പം ബഥാന്യയിലേക്ക് പോകുവാൻ മടിച്ചു നിന്ന തൻ്റെ സഖാക്കളോട് അവനോട് കൂടെ മരിപ്പാൻ നമുക്ക് പോകാം എന്ന് പറഞ്ഞു ഉറപ്പിച്ചതും ആ ധൈര്യശാലിയാണ്.
കാലചക്രത്തിൻ്റെ ഗതിയിൽ മഴ തോറാനയ്ക്കും മാറി നിൽക്കുകയാണ്. എങ്കിലും മഴയില്ലാതെയും നനവാർന്ന, കുളിരേകുന്ന ഓരോർമ്മയായി മാർത്തോമായും തോറാനയും മലയാളമുള്ള കാലത്തോളം നിലനിൽക്കും.
ഡെറിൻ രാജു
തോറാന, 2026

Tuesday, 24 March 2026

പുത്രാഗ്നിയിൽ' എരിയാതിരുന്ന അമ്മ

 

ന്യായപ്രമാണ പുസ്തകങ്ങളിൽ ശബ്ദമായി മാത്രം നിറയുന്ന ഒരു ദൈവസാന്നിധ്യമുണ്ട്. വെളിച്ചമുണ്ടാകട്ടെ!, ഉളവാകട്ടെ! എന്നൊക്കെ പറയുന്ന ഒരു ശബ്ദം. ആദിമുതലേ ഉണ്ടായിരുന്ന ആ ശബ്ദമാണ് ജഡരൂപം സ്വീകരിച്ചു പൈദാഹങ്ങളുള്ള മനുഷ്യർക്കൊപ്പം കഴിഞ്ഞത് എന്നെഴുതിയത് യോഹന്നാനാണ്. മറ്റാർക്കും അത് അത്രയും കൃത്യമായി രേഖപ്പെടുത്താനായില്ല. തൻ്റെ ഗുരുവിൻ്റെ നെഞ്ചോട് ചാരിയിരുന്നപ്പോഴാണ് ഈ ഗഹനകാര്യം യോഹന്നാനു ബോധ്യപ്പെട്ടതെന്ന് സുറിയാനിക്കാരുടെ ആരാധനാ സാഹിത്യത്തിൽ കാണുന്നുണ്ട്.

ശാശ്വതവും അനാദിയുമായ വചനം കന്യകയിൽ വസിച്ചു ദേഹം പൂണ്ട ദിവസമാണ് മംഗളവാർത്താദിനം  അഥവാ വചനിപ്പ് ദിനം - മാർച്ച് 25. ദിനരാത്രങ്ങൾ തുല്യമാകുന്ന വസന്തവിഷുവമായി ജൂലിയസ് സീസർ നിർണയിച്ച മാർച്ച് 25. പേർഷ്യൻ കലണ്ടർ ആരംഭിക്കുന്ന തീയതിയും അത് തന്നെ. ചരിത്രത്തിലേക്ക്, കാലത്തിൻ്റെ പരിമിതിയിലേക്ക് അപരിമിതനായവൻ ഇറങ്ങിയ ദിവസമാണ് വചനിപ്പ്. അത് സവിശേഷമാകുന്നത് പരിമിതിയെ സ്വീകരിക്കുവാൻ ദൈവസ്വഭാവം തയ്യാറായി എന്നതുകൊണ്ട് മാത്രമല്ല; ദൈവസാന്നിധ്യത്തെ ഉൾക്കൊള്ളാൻ നിസാരയും നിരാലംബയുമായ ഒരു പെൺകുട്ടി സമ്മതം മൂളിയെന്നതു കൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് സന്ദേശവാഹകനോട് മറിയം പറഞ്ഞയത്രയും  ശക്തിമത്തായ ഒരു 'Yes'  മാനവചരിത്രത്തിൽ ഉടനീളം പരിശോധിച്ചാലും നമുക്ക് കണ്ടെത്താനാകാത്തത്.

വചനം ശരീരം സ്വീകരിച്ച്, കൃപനിറഞ്ഞ് നമ്മുടെ കൂടെ വസിച്ചു എന്നാണ് യോഹന്നാൻ എഴുതിയത്. സന്ദേശവാഹകൻ മറിയമിനെ അഭിസംബോധന ചെയ്യുന്നതും കൃപനിറഞ്ഞവളെ! എന്നാണ്. കൃപ അത്രയും പവർഫുളളായ ഒരു പദമാണ്. ദൈവത്തോളം മനുഷ്യനു ഉയരാൻ ആകാത്തതിനാൽ മനുഷ്യനോളം താഴ്ന്നു വരുന്ന ദൈവസ്വഭാവമാണത്; നമ്മുടെ പരിമിതികളിലും പ്രയാസങ്ങളിലും താങ്ങും തണലുമാകുന്നത് ആ കൃപയാണ്. വിമല കന്യക നിറഞ്ഞത് ആ കൃപയിലാണ്. അതിൻ്റെ നിറവിലാണ് ആ Yes! ആ പെൺകുട്ടിയിൽ നിന്ന് പുറപ്പെട്ടത് ! അവൾ 'പുത്രാഗ്നിയിൽ' എരിയാതിരുന്നതും ആ കൃപയിലാണ്.

ഡെറിൻ രാജു

വചനിപ്പ്, 2026

Saturday, 21 February 2026

ആർക്കു വേണ്ടിയാണ് നോമ്പ് നോൽക്കുന്നത്?


നോമ്പേറ്റാനീ - നമ്മൾക്കായ്

നമ്മുടെ രക്ഷനിന്നാൾ മരുഭൂവിൽ
നോമ്പിൽ വെള്ളിയാഴ്ചകളിൽ പാടുന്നതാണ്.
നമ്മൾ ആർക്കു വേണ്ടിയാണ് നോമ്പ് നോൽക്കുന്നത്? അത് നമുക്കു വേണ്ടി തന്നെയായിരിക്കും. ചിലപ്പോൾ ചിലർ തങ്ങളുടെ ചില ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി നോമ്പ് നോൽക്കാറുണ്ട്. ചിലർ ഒന്നിനും അല്ലാതെ നോമ്പ് കാലമായതിനാൽ നോമ്പ് നോൽക്കുന്നു. എന്നാൽ വേറൊരാൾക്ക് വേണ്ടി നമ്മൾ നോമ്പ് നോൽക്കാറുണ്ടോ? യാതൊരു ബന്ധവുമില്ലാത്ത ഒരാൾക്കു വേണ്ടി നമ്മൾ നോമ്പ് അനുഷ്ഠിക്കാറുണ്ടോ? അയാളുടെ നന്മയ്ക്കായി നാം ഉപവാസം സ്വീകരിക്കാറുണ്ടോ?
ക്രിസ്തു മുന്നോട്ട് വച്ച ആശയം തന്നെ ഈ അപര സ്നേഹമല്ലെ? അവൻ പറഞ്ഞ ആ കഥയിലെ ശമരിയാക്കാരൻ തൻ്റെ യാത്ര പകുതിയ്ക്ക് നിർത്തിയിട്ട് പരിക്ക് പറ്റിയ വ്യക്തിയേയും കൊണ്ട് സത്രത്തിലേക്ക് പോയത് എന്തെങ്കിലും പ്രയോജനം പ്രതീക്ഷിച്ചാണോ? അത് ആപത്തിൽ പെട്ട ഒരു ജീവിയോടുള്ള കരുതലായി കണ്ടാൽ പോലും സത്രം സൂക്ഷിപ്പുക്കാരനോട് അധികം ചെലവാകുന്നത് തൻ്റെ മടങ്ങിവരവിൽ തന്നുകൊളളാം എന്ന് സമ്മതിക്കുവാൻ തക്കവണ്ണം എന്ത് ബന്ധമോ പരിചയമോ ആണ് അയാൾക്ക് ഉണ്ടായിരുന്നു. അതും ഒരു നോമ്പ് അനുഭവമാണ്. ഏശായ പറഞ്ഞതു പോലെ നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും ഉപവാസമാണ്; സാധുക്കളെ ചേർത്ത് പിടിക്കുന്നതും ഉപവാസമാണ്.
ശമരിയാക്കാരനോളം എത്തിയില്ലെങ്കിലും ശ്രീനാരായണ ഗുരു എഴുതിയതിനൊപ്പമെങ്കിലും നമ്മൾ ഈ നോമ്പിൽ നടന്നടുക്കേണ്ടതല്ലെ?
''അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായി വരേണം!"
ഡെറിൻ രാജു
നോമ്പിലെ ഒന്നാം വെള്ളി, 2026

Friday, 20 February 2026

പകർന്നു കൊടുക്കുന്ന നോമ്പ്

 


"ആ സിംഹങ്ങൾ ധാർമ്മികനോ -

ടൊത്തുപവാസം പാലിച്ചു! "
നോമ്പിൽ വ്യാഴാഴ്ച സന്ധ്യയ്ക്ക് പാടുന്നതാണ്.
ദാര്യാവേശ് രാജാവിനാൽ സിംഹക്കുഴിയിലേക്ക് എറിയപ്പെട്ട എബ്രായനെ സിംഹങ്ങൾ ഉപദ്രവിക്കാതിരുന്നതിനെ കവി വർണ്ണിക്കുന്നത് അതീവ ഹൃദ്യമായിട്ടാണ്. ദാനിയേലിൻ്റെ നോമ്പിൻ്റെ തീവ്രത കണ്ട സിംഹങ്ങൾ പോലും അവനോടൊത്തു ഉപവസിച്ചുവത്രേ!
എങ്ങനെയാണ് ഒരാളുടെ നോമ്പ് ഉപവാസങ്ങൾ അയാളുടെ ചുറ്റുപാടുകളെ സ്വാധീനിക്കുന്നത്? നമ്മുടെ നോമ്പ് ഒരനുഭവം ആകുന്നത് ചുറ്റുപാടുകൾ നമ്മോടു കൂടെ നോമ്പിലേക്ക് വരുമ്പോഴാണ്. അങ്ങനെയാണ് നമ്മൾ നോമ്പിലാകുന്നത്; നോമ്പ് നമ്മുടെ കൂടെയാകുന്നത്. മത്സ്യ-മാംസ വിഭവങ്ങളുടെ പാത്രങ്ങൾ അമ്പതു ദിവസത്തേക്ക് കഴുകി ഉണക്കി വയ്ക്കുമായിരുന്ന ഒരു പഴയ തലമുറ തങ്ങളുടെ ചുറ്റുവട്ടങ്ങളെ കൂടി നോമ്പ് പഠിപ്പിച്ചവരാണ്. മാവിലെയും പ്ലാവിലെയും അവസാന പഴങ്ങൾ കിളികൾക്കും മൃഗങ്ങൾക്കുമായി മാറ്റി വച്ചവർ പഠിപ്പിച്ചതും ഒരു നോമ്പനുഭവമാണ്.
പകർന്നു കൊടുക്കുന്ന നോമ്പ് ഒരു അനുഭവമാണ്. ലഘുവായ അർഥത്തിൽ നോമ്പ് ഒരു നിയന്ത്രണമാണ്; വിശാലമായ അർഥത്തിൽ അതൊരു തുറന്നു കൊടുക്കലുമാണ്. നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കട്ടെയെന്ന് നസറായൻ സൂചിപ്പിച്ചതും അതൊക്കെ തന്നെയല്ലെ?
ഡെറിൻ രാജു
നോമ്പിലെ ഒന്നാം വ്യാഴം, 2026

Thursday, 19 February 2026

നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!


നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!

വലിയനോമ്പിൽ ബുധനാഴ്ചകളിൽ സന്ധ്യയ്ക്ക് പാടുന്നതാണ്.

ദാനിയേലിൻ്റെ പുസ്തകത്തിൽ കാണുന്ന ബാബിലോണിലെ ആ എബ്രായ ബാലകരുടെ കഥയാണ്. കൈ - കാലുകൾ ബന്ധിക്കപ്പെട്ട് ചൂളയ്ക്കുള്ളിലേക്ക് എറിയപ്പെട്ടവർ വെന്തുപോകാതിരുന്നു എന്ന കഥ! ചൂളയ്ക്കുള്ളിൽ വെന്തുപോകാത്ത അനുഭവത്തിനു കാരണം ചുളയ്ക്കുളളിൽ പനിനീർ വർഷിക്കപ്പെട്ടതുകൊണ്ടാണെന്നു കവികൾ എഴുതി. നമ്മുടെ ജീവിതവും ഈ നിലയിൽ നിലനിൽക്കുന്നത് ആരൊക്കെയോ പകർന്ന ഒരു തണുപ്പിൻ്റെ തണലിലല്ലെ?

നമ്മുടെ നോമ്പ് ചൂട് കൊടുത്തുന്നതാകട്ട്! ഘർഷണം ചൂടു ഉണ്ടാക്കുന്നതാണ്. ഘർഷണം ഒഴിവാക്കുമ്പോൾ, സ്പർദ്ധയും വിദ്വേഷവും ഇല്ലാതാകുമ്പോൾ, പരസ്പരം മനസിലാക്കുമ്പോൾ അവിടെ ചൂട് കുറയും. പനിമഞ്ഞ് പെയ്യുന്ന അനുഭവമുണ്ടാകും. ആത്യന്തികമായി നമ്മുടെ നോമ്പനുഭവങ്ങളുടെ ആകത്തുകയും അപരനെ കരുതുകയെന്നതാണ്. അതാണ് ഏറ്റവും യോഗ്യമായ ഉപവാസമെന്നു ഏശായ പാടി പറഞ്ഞിട്ടുണ്ടല്ലോ! അത് നമുക്കുള്ള ഒരു ഓർമ്മപ്പെടുത്തലുമാണ്. 

വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച ജീൻവാൽജീനോട് വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ ബിഷപ്പ് കാണിക്കുന്ന ഒരു കരുതലില്ലെ? അപരത്വം ഇല്ലാതെയാക്കുന്ന ഒരു അനുകമ്പ. അവൻ്റെ പരിദേവനങ്ങൾ എൻ്റെ പ്രയാസങ്ങൾ ആകുന്ന ഒരു ചിന്ത.  അതല്ലെ നോമ്പിൻ്റെ സൗന്ദര്യവും !

ഡെറിൻ രാജു

നോമ്പിലെ ഒന്നാം ബുധൻ, 2026

Tuesday, 17 February 2026

" ...ഞാൻ വഴിയിൽ നീയാം ജീവജലം പേറി...


 

" ...ഞാൻ വഴിയിൽ നീയാം

ജീവജലം പേറി - പാതയിലെൻ കൂട്ടാകാൻ "

( നോമ്പ് - തിങ്കൾ സൂത്താറ)

മദ്ധ്യാഹ്ന സമയത്ത് കിണറ്റിൻകരയിൽ നിന്ന് ക്രിസ്തു ജലമന്വേഷിക്കുന്ന ഒരു ചിത്രം യോഹന്നാൻ നൽകുന്നുണ്ട്. വെള്ളം കോരുവാൻ എത്തുന്ന ശമര്യാക്കാരിയോട് അവൻ ജീവജലം വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രിസ്തു നമ്മുടെ ദാഹം തീർക്കുന്ന ജലമുൾക്കൊണ്ട പാറയാണ്. പൗലോസ് അതിനെയാണ് ''ആ പാറ ക്രിസ്തു ആയിരുന്നു എന്ന് പറയുന്നത്. 

നോമ്പ് നമ്മുടെ ആന്തരിക ദാഹം തീർക്കുന്നവനിലേക്കുള്ള ഒരു വഴിയാണ്. ക്രിസ്തുവാണ് നമ്മുടെ ദാഹം തീർക്കുന്നതും. മേൽപ്പറഞ്ഞ തിങ്കളാഴ്ച സൂത്താറാ നമസ്കാരത്തിൽ ജീവജലമായി ക്രിസ്തുവിനെ കൂടെ കൂട്ടുന്ന അനുഭവമാണ് പറയുന്നത്. ഈ ഉലകിലെ പരിമിതമായ കാലത്തേക്കല്ല അത്. ലാസറിൻ്റെയും ധനവാൻ്റെയും ഉപമയാണ് അതിനു പിൻബലമേകുന്നത്. അബ്രഹാമിനോട് വെള്ളം യാചിച്ച ധനവാൻ്റെ അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള ഒരു മുൻകരുതൽ.  

ദീർഘയാത്രയ്ക്കായി ഇറങ്ങുന്ന പഥികൻ തൻ്റെ ദാഹം തീർക്കാൻ കരുതുന്ന വെള്ളം പോലെ ഒരു ദൈവാനുഭവമാണ് ക്രിസ്തു പകർന്നു നൽകിയത്. അത് ഒരു കുളിർമ്മയാണ്. തപ്തമാകുന്ന നമ്മുടെ ആത്മാവിൻ്റെ ദാഹം തീർത്തു നമ്മുടെ ഉള്ളം തണുപ്പിക്കുന്ന തെളിനീരു പോലൊരു അനുഭവം. നോമ്പിൻ്റെ അനുഭവം ഇതൊക്കെയും കൂടിയാണ്.

ഡെറിൻ രാജു

വലിയ നോമ്പിലെ ഒന്നാം ചൊവ്വ, 2026

Monday, 16 February 2026

ഭിന്നതയും വ്യാജവുമെല്ലാം സ്നേഹത്തീയിലൊടുങ്ങട്ടെ!!


നോമ്പിൻ്റെ പ്രാരംഭം ഒരു നിരപ്പിൻ്റെ അനുഭവത്തിലൂടെ ആണെല്ലോ. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലെ ആ നിരപ്പിൻ്റെ ശുശ്രൂഷയിലെ ഒരു ശകലമാണിത്. 

അഗ്നിശുദ്ധി വരുത്തുക എന്നത് ഭാരതീയ പാരമ്പര്യത്തിലെ ഒരു വിശേഷരീതിയാണല്ലോ. സകല ഭിന്നതയെയും കത്തിച്ചു കളയുവാൻ സാധിക്കുന്ന അഗ്നിയത്രേ സ്നേഹം! അതുകൊണ്ടാണ് ക്രിസ്തു പുതിയ കൽപ്പനയായി ഭരമേൽപ്പിച്ചത് അന്യോന്യം സ്നേഹിക്കുക എന്നതാകുന്നത്. എത്രത്തോളം സ്നേഹിക്കണമെന്നതിനും അവൻ ഒരു പോയിൻ്റ് കാണിച്ചു തരുന്നുണ്ട്. ഞാൻ എത്രത്തോളം നിങ്ങളേ സ്നേഹിച്ചോ അത്രത്തോളം! അത് പറയാൻ അവൻ പതിവ് ഉപമാരീതികളെ കൂട്ട് പിടിക്കുന്നില്ല. സ്പഷ്ടമായി പറയുകയാണ്.'' നിങ്ങൾ അന്യോന്യം സ്നേഹിപ്പിൻ!'' മൂന്നു വർഷക്കാലം തൻ്റെ ഒപ്പം നടന്നവർക്ക്, താൻ വിളിച്ചടുപ്പിച്ചവർക്ക്, താൻ ഗുരുവായിരുന്നവർക്ക് അത് ബോധ്യപ്പെടും എന്നവനും വിശ്വസിച്ചിരിക്കണം.

ഗുരുവിൻ്റെ വിശ്വാസത്തിൻ്റെ കാവലെന്നവണ്ണമാണ് അവരിൽ ഒരുവൻ പിന്നീട് എഴുതിയത് ദൈവം സ്നേഹമാകുന്നു എന്ന്! എന്നേക്കും നമുക്ക് വഴിവിളക്കാകുന്ന ഒരു സനാതന സത്യം! നമ്മുടെ പരീക്ഷണസമയങ്ങളിൽ മനനം ചെയ്യാനൊരു ആപ്തവാക്യവും.

ഡെറിൻ രാജു

നോമ്പിലെ ഒന്നാം തിങ്കൾ, 2026

Sunday, 15 February 2026

അനുസരണത്തിൻ്റെ സത്ത നമുക്ക് അന്യം


എത്ര നോമ്പനുഭവങ്ങളാണ് നമുക്ക് ഉള്ളത്? എത്ര ശുബ്ക്കോനോകളാണ് നമ്മൾ അനുഷ്ഠിച്ചിട്ടുള്ളത്? എന്നിട്ടും നമ്മുടെ അകമനുഷ്യൻ അതിൻ്റെ സ്വാഭാവികതയ്ക്ക് അനുസരിച്ച് വളർച്ച പ്രാപിച്ചിട്ടുണ്ടോ? ഇപ്പോഴും പഴം മോഹിച്ച് ഭക്ഷിച്ചതിൽ നിന്ന്, ആ അനുസരക്കേടിൽ നിന്ന് നമ്മുടെ നില എത്ര കണ്ട് ഉയർന്നിട്ടുണ്ട്?

അനുസരണമെന്നത് ബലിയെക്കാൾ നല്ലതാണെന്ന് ഒരു രാജാവിനെ പഠിപ്പിക്കാൻ വയോവൃദ്ധനായ ഒരുവൻ വേണ്ടി വന്നു. എന്നിട്ടും തലമുറകൾക്ക് അത് ബോദ്ധ്യപ്പെട്ടില്ല! അതിനു ശേഷം എന്നാലൊരുവൻ വരുമെന്നും അവൻ രോമം കത്രിക്കുന്നവൻ്റെ മുമ്പാകെ വായ് പൂട്ടി നിൽക്കുന്ന കുഞ്ഞാടോളം അനുസരണം കാണിക്കുമെന്നും ഒരുവൻ വിളിച്ചു പറഞ്ഞു. അങ്ങനെ ദൈവസാന്നിധ്യം ചരിത്രത്തിൽ ഇടപെട്ടിട്ടും പീലാത്തോസിൻ്റെ കൊട്ടാരമുറ്റത്തോളവും പിന്നീട് യേരുശലേമിലെ കുന്നിൻ മുകളിലേ കുരിശോളവും അവൻ അനുസരണം കാട്ടി തന്നിട്ടും ആ അനുസരണം നമ്മൾ ഒരാഘോഷമാക്കിയിട്ടും അതിൻ്റെ സത്ത നമുക്ക് അന്യമാണ്!
ഓരോ നോമ്പും പഴകി ക്ലാവ് പിടിച്ച ആ വിളക്കുകളെ തെളിയിച്ചെടുക്കുന്ന പ്രക്രിയയാണ്, അകമുറിവുകളിൽ എണ്ണയും വീഞ്ഞും പകരുന്ന കാലമാണത്. രോഗിയ്ക്കാണ് വൈദ്യനെ ആവശ്യമെന്ന നസറായൻ്റെ വാക്ക് മാത്രമാണ് വീണു പോകുമ്പോൾ പിടിക്കാനുള്ള ഊന്നുവടി; വീണ്ടും എഴുന്നേൽക്കാനുള്ള ഒരു ധൈര്യവും.
ഡെറിൻ രാജു
വലിയനോമ്പാരംഭം, 2026

Saturday, 7 February 2026

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്


" ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? "

ഭൗതിക ജീവിതത്തിൻ്റെ നിസാരതയെ കുമാരനാശാൻ ഒരു പൂവിൽ നിക്ഷേപിച്ചു പാടിയതാണ്; ഒരു ചോദ്യചിഹ്നമുണ്ടെങ്കിലും  'വീണപൂവി'ൽ ആകെ നിറഞ്ഞുനിൽക്കുന്ന ആശയം ഈയൊരു നിസാരതയാണ്;  കരുണയുമാണ്. എന്നാൽ ഐശ്വര്യം ഈ ഭൂമിയിൽ അങ്ങേയറ്റം അസ്ഥിരമെന്ന് പ്രലപിക്കുമ്പോഴും ചില  പ്രതീക്ഷകളും കവി പ്രകടമായി പുലർത്തുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ മായുന്ന പൂവ് വീണ്ടും സുമേരുവിൽ കല്പദ്രുമത്തിൻ്റെ കൊമ്പിൽ ഉദിക്കുമെന്ന് അദ്ദേഹം പ്രത്യാശ വയ്ക്കുന്നത്. അതൊരു സ്വാഭാവിക പ്രത്യാശയുമാണ്.

നൈമിഷികമായ മനുഷ്യ ജീവിതം എക്കാലവും തത്വചിന്തകരുടെ പ്രിയപ്പെട്ട വിഷയമാണ്. അതിനെ പൂവിനോടും പുല്ലിനോടും ദിവസത്തോടും ഒക്കെ പലരും ഉപമിച്ചിട്ടുണ്ട്. ഒരു എബ്രായ ഇടയൻ താൻ കണ്ടു ശീലിച്ച ഒരുദാഹരണം കൊണ്ട് അത് വിശദീകരിച്ചു. വയലിൽ പുല്ല് മുളച്ച് അത് ഇല്ലാതെയായി പോകുന്നതു പോലെ മനുഷ്യർ കടന്നു പോകുന്നു എന്നവൻ പാടി. അതിന്നും സുറിയാനി ക്രിസ്ത്യാനികൾ പാടിക്കൊണ്ടിരിക്കുന്നു. മാഞ്ഞു പോകുന്ന വെറും നിഴലിനോട് അതിനെ ഷേക്സ്പിയർ മാക്ബത്തിൽ ഉപമിച്ചു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!! 

പൗലോസ് വേറൊരു ആശയമാണ് ഹൃദ്യമായി അവതരിപ്പിക്കുന്നത്. " നിലത്തുവീണഴുകുന്ന വിത്ത് മുളയ്ക്കുന്നതു പോലെ പുതുക്കപ്പെടുന്ന ജീവിതങ്ങൾ.'' മഴയിൽ മാത്രം പുതുക്കപ്പെടുന്ന ചില വിത്തുകൾ ഉണ്ട്. എത്ര വെള്ളവും വളവും അതിനെ മണ്ണിൽ നിന്നുയിർപ്പിക്കാനാകില്ല; പുതുമഴ പെയ്യുന്നതുവരെ അതങ്ങനെ വിശ്രമിക്കും. നിർജീവാവസ്ഥയിലും മോഷലബ്ധിക്കായി പ്രതീക്ഷാനിർഭരമായ ഒരു സജീവത. 

സുറിയാനി പാരമ്പര്യത്തിൽ പിതൃക്കളെ അനുസ്മരിക്കുന്ന ദിവസങ്ങളാണിത്. പൗരസ്ത്യ സുറിയാനി കണക്കിൽ ദനഹാക്കാലം അവസാന വെള്ളിയും പാശ്ചാത്യ സുറിയാനി രീതിയിൽ  വലിയനോമ്പിനു മുമ്പുള്ള ഞായറാഴ്ച (ഫെബ്രുവരി 8) യും. 

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്; ഒരു ധൈര്യപ്പെടലാണ്. പഠിപ്പിച്ച പാഠങ്ങൾക്കും പകർന്നു നൽകിയ ബോധ്യങ്ങൾക്കും ചേർത്തുപിടിച്ച കരങ്ങൾക്കുമുള്ള ഒരു തർപ്പണം. നല്ലോർമ്മകളോടൊരു ഐക്യപ്പെടൽ. 

ഡെറിൻ രാജു.

Monday, 1 December 2025

ഇന്നു നിങ്ങൾക്കായി രക്ഷിതാവ് ജനിച്ചിരിക്കുന്നു


ബേതലഹേമോളം ചെന്ന് അവനെ കാണുക എന്നായിരുന്നല്ലോ ആ ഇടയൻമാർ പരസ്പരം പറഞ്ഞത്.

പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് ഈ ഇടയൻമാരുടെ ഒരു താൽപര്യം. തണുപ്പ് കാലത്ത് തങ്ങളുടെ ആടുകളെ സംരക്ഷിച്ച് പുറത്ത് ഉറങ്ങിയ ഒരു കൂട്ടമാളുകളാണ് ഒരു അറിയിപ്പ് കേട്ടമാത്രയിൽ തങ്ങളുടെ സമ്പാദ്യത്തെ അവിടെ നിർത്തി ബേതലഹേമോളം ചെല്ലുവാൻ തയ്യാറാകുന്നത്. അതിൻ്റെ പ്രധാനകാരണം ആ ദൂതൻമാരുടെ ആഹ്വാനം ആണ്. തങ്ങൾക്കു ഒരു രക്ഷകൻ, ഒരു വീണ്ടെടുപ്പുകാരൻ എത്തിയിരിക്കുന്നു എന്ന വാർത്തയിലെ പുതുമയാണ് ആ ഇടയൻമാരെ അതിനു തയ്യാറാക്കുന്നത്. ആടിനെ കാത്ത് ഈ വെളിമ്പ്രദേശത്ത് കിടക്കുന്ന തങ്ങൾക്കും ഒരു വീണ്ടെടുപ്പ് ഉണ്ടാകുമെന്ന ആഹ്വാനം അത്ര ചെറുതായിരുന്നില്ല.
നമ്മുടെ നസറായൻ്റെ ജനനം എന്തുകൊണ്ടാണ് അത്രമേൽ പ്രധാനമാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ദൂതൻ പറയുന്നത് ഇന്നു നിങ്ങൾക്കായി രക്ഷിതാവ് ജനിച്ചിരിക്കുന്നു എന്നതാണ്. ആ ജനനം പോലും മറ്റുള്ളവർക്കു വേണ്ടിയായിരുന്നു. ഗലീല മുതൽ കാൽവറി വരെ അവൻ വഹിച്ചത് മറ്റുള്ളവരുടെ നൊമ്പരങ്ങളെ ആയിരുന്നു; ചുമന്നത് മറ്റുളളവരുടെ ചുമടുകളെ ആയിരുന്നു.
നമ്മെ തേടി വന്നവനെ തേടി പോകുന്ന ഒരു യാത്രയാണ് ഓരോ നോമ്പനുഭവങ്ങളും. ബേതലഹേമോളം ചെല്ലാനുള്ള ദൂതൻമാരുടെ ആഹ്വാനം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. കുന്നിറങ്ങി, താഴ്‌വര പിന്നിട്ട് ആ ഇടയൻമാർക്കൊപ്പം നമുക്കും ഇന്നിറങ്ങാം..
ഡെറിൻ രാജു
യൽദോ നോമ്പാരംഭം, 2025

Sunday, 2 November 2025

ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്ത്



123 വർഷങ്ങൾക്കു മുമ്പ് കടന്നു പോയ ഒരു മനുഷ്യൻ ഇന്നും നമ്മുടെ ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്തായി മാറുന്ന കഥയാണ് പരുമലദ്വീപ് പറയുന്നത്. ചവിട്ടി നടക്കുന്ന മണ്ണുപോലും നമ്മോടു സംവേദിക്കുന്നത് ഒരു നിർമ്മലചരിതമാണ്. അരനൂറ്റാണ്ട് കാലം മാത്രം നീണ്ട ഒരു ജീവിതത്തിൻ്റെ തണലിലാണ്, ആ ചൈതന്യത്തിലാണ് ഈ ചെറിയ ആട്ടിൻക്കൂട്ടം ഈ കാലമെല്ലാം കഴിഞ്ഞു പോന്നത്. ആ മണ്ണേകുന്ന സാന്ത്വനമാണ് നമ്മുടെ മുറിവുണക്കുന്നത്; നമ്മെ ധൈര്യപ്പെടുത്തുന്നത്. യൗവനം പുതുക്കുന്ന കഴുകനേപ്പോലെ പരുമല കബറീലേക്കുള്ള ഓരോ തീർഥയാത്രകളും നമ്മുടെ അകമനുഷ്യനെ കഴുകി വെടിപ്പാക്കുന്നതാണ്!

നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മുടെ കാര്യം കേൾക്കാനൊരിടമാണാ മണ്ണ്. കാലാതിവർത്തിയാകുന്ന ചില മനുഷ്യരുണ്ട്; അവരേൽപിച്ച ചില പാഠങ്ങളുണ്ട്. അതോർത്തെടുക്കാനുള്ള അവസരമാണവരുടെ ഓർമ്മകൾ. പരിമളം പരത്തുന്ന ചില സ്മരണകൾ; ഓർമ്മപ്പെടുത്തലുകൾ! സുറിയാനിക്കാരുടെ ആരാധനാക്രമത്തിൽ ഉടനീളം കാണുന്ന ഒരു കാവ്യസങ്കല്പമാണ് 'സൗരഭ്യവാസനയാകുന്ന ഓർമ്മകൾ' എന്നത്. പരുമല പുണ്യവാനോളം അതിനോട് ചേർത്തു വയ്ക്കാൻ നമുക്കൊരു പേരില്ല. ഒരു പേരോർക്കുമ്പോൾ കുന്തുരുക്കത്തിൻ്റെ സുഗന്ധം അനുഭവവേദ്യമാകുന്ന അത്രയും പാവനമായ ഒരനുഭവം; അതാണ് നമുക്ക് പരുമല! കാളുന്ന വെയിലിൽ നടന്ന് കാൽ കുഴയുമ്പോഴും നമ്മെ കാത്തൊരാൾ അവിടുണ്ടെന്ന ബോധ്യമാണ് ഓരോ തീർഥാടകനെയും നിലനിർത്തുന്നതും നടത്തുന്നതും.
മലങ്കരയുടെ എക്കാലത്തേക്കുമുള്ള ഒരു നിക്ഷേപമാണ് പരുമല പള്ളിയുടെ വടക്കുഭാഗത്ത് കുടികൊള്ളുന്നത്; അതിനോളം വലിയൊരു നിധിയും നീക്കിയിരിപ്പും നമുക്കില്ല. ആ ആൽമരത്തിൻ്റെ നിഴലിലേക്ക്, ആ മേഘത്തിൻ്റെ തണലിലേക്കാണ് നമ്മുടെ ഓരോ തീർഥാടനവും! ഓരോ പരുമല പ്രയാണവും!
ഡെറിൻ രാജു
പരുമല പെരുന്നാൾ 2025

Monday, 18 August 2025

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

 


മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി കഴിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ യാത്ര! വിറകും തീയും കത്തിയും മാത്രം കരുതിപ്പോകുന്ന അപ്പനോട് ചുമലിൽ വിറക് ഇരിക്കുമ്പോഴും ഇസഹാക്ക് ഒരു സംശയം ചോദിക്കുന്നുണ്ട്. എവിടെയാണ് യാഗത്തിനുളള കുഞ്ഞാട്? അപ്പൻ നൽകുന്ന മറുപടി കർത്താവ് കരുതുമെന്നതാണ്. വാഗ്ദാന പൂർത്തീകരണത്തിനായി തൻ്റെ മകനെ വരെ നൽകുവാൻ തയ്യാറായ അബ്രഹാം ആ പരീക്ഷണത്തിൽ വിജയിക്കുകയാണ്. അങ്ങനെ അവസാനം ഒരു കോലാട്ടുകൊറ്റനെ മരച്ചില്ലകൾക്കിടയിൽ നിന്ന് ലഭിച്ചപ്പോൾ അതിനെ തൻ്റെ പുത്രനു പകരം അബ്രഹാം ബലി കഴിക്കുകയാണ്. 

മരച്ചില്ലകൾക്കിടയിൽ നിന്ന് ഉണ്ടായ കുഞ്ഞാട് വിമല കന്യകയിൽ നിന്നുള്ള വ്യാഖ്യാനാതീതമായ നിലയിലുള്ള വചനത്തിൻ്റെ മനുഷ്യാവതാരത്തിൻ്റെ സൂചനയായി സുറിയാനി പിതാക്കൻമാർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ അത് വളരെ പ്രകടമാണ്. എങ്ങനെയോ മരച്ചില്ലകളിൽ കുടങ്ങിയ ഒരു ആട് എന്ന ചിന്തയല്ല അവിടെയുള്ളത്. പ്രത്യുത ആടിനെ ജനിപ്പിച്ച വൃക്ഷം ( ܐܝܠܢܐ ܕܐܘܠܕ ܐܡܪܐ) എന്നതാണ്. കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരം ഉണ്ടായവിടെ ... എന്ന് യാക്കോബ് മൽപ്പാൻ്റെ ഒരു പാട്ടിൽ കാണുന്നു. ബുധനാഴ്ച മൂന്നാം മണി നമസ്കാരത്തിലും ഈ ആശയം കാണുന്നുണ്ട്.

ഈ നോമ്പ് കാലത്ത് നമ്മൾ ഉടനീളം കണ്ടത് ഒരു സാധരണ പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിൻ്റെ കഥയാണ്. അവളുടെ വിശ്വാസത്തിൻ്റെ ഉറപ്പിൻ്റെ ചരിത്രമാണ്. സന്ദേശവാഹകൻ ''നിനക്കു സമാധാനം'' എന്നു പറഞ്ഞ ശേഷം പറഞ്ഞത് സകലവും അവിവാഹിതയായ, നിരാലംബയായ, ലോകം കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ സമാധാനം കെടുത്തുന്നതായിരുന്നു; ഭാവിയെ കശക്കിയെറിയുന്നതായിരുന്നു;  എന്നാൽ തൻ്റെ നിയോഗത്തോട്, തന്നെ വിളിച്ചവൻ്റെ വിളിയോട് അവൾ അങ്ങേയറ്റം വിശ്വസ്തത പുലർത്തി. ദാവിദ് ഒന്നാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന കൃത്യസമയത്ത് ഫലം കായിക്കുന്ന വൃക്ഷമായിത്തീർന്നു. 

കടൽത്തീരത്തടിഞ്ഞു കിടക്കുന്ന ശംഖ് ചെവിൽ വച്ചാൽ കടലിരമ്പം നമുക്കു കേൾക്കാം. ശംഖ് കടലിനെ ഉള്ളിലൊതുക്കുന്നു എന്നത് ഒരു സങ്കല്പമാണ്.  അതുപോലെ രണ്ടായിരം വർഷത്തെ ക്ഷാമ-ക്ഷേമ കാലങ്ങൾക്കും പ്രളയ -വരൾച്ചകൾക്കും ഒരു പ്രതിസന്ധിക്കും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ നസറേത്തിലെ വിപ്ലവകാരിയായ ആ മഹാസമുദ്രമടങ്ങിയത് വിമലകന്യകയെന്ന ചെറിയ ശംഖിലാണ്. 

ആ ഓർമ്മ ഒരു ഔഷധമാണ്!

ആ ഓർമ്മ ഒരു ധൈര്യമാണ്.!

ആ ഓർമ്മ ഒരു ഊർജവവും ഒരു പ്രത്യാശയുമാണ്.

ഡെറിൻ രാജു,

ശൂനോയോ നോമ്പ്  വീടൽ

Wednesday, 13 August 2025

ജലമൊഴുക്കിയ പാറ!



യിസ്രായേൽ ജനം തങ്ങളുടെ പ്രയാണമദ്ധ്യത്തിൽ നേരിട്ട ഒരു വലിയ പ്രതിസന്ധിയായിരുന്നു ജലക്ഷാമം. ജനങ്ങളുടെ പിറുപിറുപ്പ് കണ്ട മോശ ഉയരത്തിലെ നിർദേശപ്രകാരം പാറമേൽ അടിച്ചു ജലം പുറപ്പെടുവിച്ചു. ജനത്തിൻ്റെ ദാഹം ശമിപ്പിച്ചു. ആ പാറ വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു.!
പാറയുടെ സ്വാഭാവികപ്രകൃതിക്ക് വിരുദ്ധമായാണ് അതിൽ നിന്ന് ജലം പുറപ്പെട്ടത്. അപ്രകാരം തൻ്റെ നിർമ്മലതയിൽ വിമലകന്യക നസറായനു ജൻമമേകി. ബുധനാഴ്ച മൂന്നാംമണി നമസ്കാരത്തിൽ തീക്കൽപ്പാറ ജലം നൽകിയത് വിമലകന്യകയിൽ നിന്നുള്ള നിർമ്മല ഉദയത്തെ സംശയിക്കുന്നവർക്കുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നു.
എന്താണ് ദൈവം മനുഷ്യാവതാരം ചെയ്യുവാനുള്ള കാരണം? അതിനു സ്വർണ്ണാവുകാരനായ ഈവാനിയോസ് നൽകുന്ന ഒരു കാരണം മനുഷ്യവർഗത്തോടുള്ള ദൈവത്തിൻ്റെ അടങ്ങാത്ത സ്നേഹമാണ്. അത് തന്നെയാണ് മനുഷ്യാവതാരത്തിൻ്റെ പ്രാഥമിക കാരണവും. അതിനായി തിരഞ്ഞെടുത്തതോ നസറേത്തിലെ ദേവാലയവാസിയായ ഒരു സാധു പെൺകുട്ടിയേയും. സുറിയാനി പാരമ്പര്യത്തിൽ പാറ വിശ്വാസത്തിൻ്റെ ഒരു പ്രതീകവുമാണ്. യാക്കോബിൻ്റെ അന്നഫോറയിൽ സഭ വിശ്വാസമാകുന്ന പാറമേൽ സ്ഥാപിക്കപ്പെട്ടതാണെന്ന് ഒരു വാചകമുണ്ട്. മറിയാമിൻ്റെ വിശ്വാസവും അത്രമേൽ ദൃഡമായിരുന്നു. അവിശ്വാസം കൂടാതെ അവൾ അവനെ വഹിച്ചു, ലോകത്തിനു സമ്മാനിച്ചു. നമുക്കവൻ പ്രത്യാശയും എന്നേക്കുമുള്ള വീണ്ടെടുപ്പുമായിത്തീർന്നു!
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പതിനാലാം ദിവസം.

Monday, 11 August 2025

പൂട്ടപ്പെട്ട വാതിൽ!

 


ഹസ്ക്കിയേൽ പ്രവചനം 44:2 ൽ കാണുന്ന ഒരു വാചകമുണ്ട്. ''ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം. ആരും അതിൽക്കൂടി കടക്കരുത്: യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അതിൽ കൂടി അകത്ത് കടന്നതുകൊണ്ട് അത് അടച്ചിരിക്കണം.
വിമലകന്യകയുടെ പ്രതീകമായി ഈ അടക്കപ്പെട്ട വാതിൽ പലപ്പോഴും സൂചിപ്പിക്കാറുണ്ട്. ബുധനാഴ്ച രാത്രി നമസ്കാരത്തിൽ പൂട്ടിയ വാതിലതിന്നേവം ഹസ്ക്കിയേലോതി... എന്ന് കാണുന്നുണ്ട്. ഉടയവൻ പ്രവേശിച്ച ആ ഗോപുരം എന്നും അടഞ്ഞതായിരിക്കും എന്നതിലൂടെ ക്രിസ്തു മറിയാമിൻ്റെ ഏകപുത്രൻ എന്ന ചിന്തയ്ക്ക് അടിവരയിടുകയാണ് ചെയ്യുന്നത്. നസറായൻ തൻ്റെ ക്രൂശിലെ അവസാന സമയത്ത് ഓർത്തതും ആ ഒറ്റപ്പെട്ടു പോകുന്ന അമ്മയെയാണ്. ഏൽപ്പിച്ചിട്ടു പോകുവാൻ തനിക്ക് രക്തബന്ധമുള്ളവർ ഇല്ലാതിരിക്കെ തൻ്റെ നെഞ്ചോട് ചാഞ്ഞിരുന്ന ആ ചെറുപ്പക്കാരനെയാണ് അവൻ തൻ്റെ അമ്മയെ ഏൽപ്പിച്ചത്. ആ സുഹൃത്ത് തൻ്റെ പ്രയാണത്തിൽ അവളെ ഒപ്പം കൂട്ടി, ഗുരുവിൻ്റെ വാക്ക് കാത്തു!
ഹവ്വാ സകല സൃഷ്ടിക്കും മാതാവാണെന്നു പറയാറുണ്ട്. എന്നാൽ സകലവും പുതുതാക്കപ്പെടുന്ന പുതിയ ലോകത്തിൻ്റെ പ്രതിച്ഛായയാണ് മറിയാം. അവളിലൂടെയാണ് ഹൃദയങ്ങളെ പുതുതാക്കിയവൻ ലോകത്തിലേക്ക് വന്നത്. അവളാണ് അവൻ്റെ ബോധ്യങ്ങളെ നിർമ്മിച്ചത്. അവസാന നാഴിക വരെയും അവൻ്റെ ഉള്ളുലയലുകളിൽ കൂടെ നിന്നത് ആ അമ്മയാണ്. നമ്മുടെ കണ്ണീരിൻ്റെയും വിഷമതകളുടെയും കടലാഴങ്ങളിൽ നമ്മോടു കൂടെ നിൽക്കുന്നതും ആ അമ്മ തന്നെയാണ്.
ഡെറിൻ രാജു
ശൂനോയോ നോമ്പ് - പതിമൂന്നാം ദിവസം.

ശലോമോൻ്റെ തിരശീല!



ശലോമോൻ്റെ ഉത്തമഗീതത്തിൽ ഒരു വരിയുണ്ട്. അവൾ ശലോമോൻ്റെ തിരശീലയെപ്പോലെ അഴകുള്ളവൾ ആകുന്നു!
യിസ്രായേലും ദൈവവുമായുള്ള ഒരു ബന്ധത്തിൽ ഉത്തമഗീതം വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ താർഗൂമിൽ ഉത്തമഗീതത്തെ കാണുന്നത് യിസ്രായേലിൻ്റെ ചരിത്രത്തിൽ ഉടനീളം കാണുന്ന ദൈവകൃപയുടെ ദൃഷ്ടാന്തമായിട്ടാണ്. എന്നാൽ ക്രിസ്തുമത പശ്ചാത്തലത്തിൽ രണ്ട് തരം വ്യാഖ്യാനങ്ങളാണ് ഉത്തമഗീതത്തിലെ ചിന്തകൾക്ക് ഉള്ളത്. ഒന്നാമത്തേത് ക്രിസ്തുവും സഭയുമായിട്ടുള്ള ബന്ധമാണ്. പൗരസ്ത്യ സഭയിൽ ഒറിഗൻ ആരംഭിച്ച ഈ വ്യാഖ്യാനം പിന്നീട് വ്യാപിക്കുകയായിരുന്നു. എന്നാൽ കപ്പദോക്യൻ പിതാക്കൻമാരും സുറിയാനി സഭയിൽ അഫ്രഹാത്തും അപ്രേമും ഉത്തമഗീതത്തിലെ സ്ത്രീ കഥാപാത്രത്തെ വിമലകന്യകയായി ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് അവൾ ശലോമോൻ്റെ തിരശീലയെക്കാൾ അഴകുള്ളവൾ ആകുന്നത്.
ശലോമോൻ താൻ തൻ്റെ ദൈവത്തിനു ഒരു ദേവാലയം പണിതപ്പോൾ അതിൽ വിശേഷപ്പെട്ട തിരശീല നിർമ്മിച്ചതായും അത് അതിവിശുദ്ധസ്ഥലത്തെ മറച്ചിരുന്നതായും യിസ്രായേൽ രാജാക്കൻമാരുടെ വൃത്താന്തപുസ്തകത്തിൽ കാണുന്നുണ്ട്. ദൈവസാന്നിധ്യമുൾക്കൊണ്ട അതിവിശുദ്ധസ്ഥലത്തെ തിരശീല കൊണ്ട് മറച്ചു. അതുപോലെ മറിയാം എന്ന തിരശീലയ്ക്കുള്ളിൽ ദൈവസാന്നിധ്യം കുടികൊണ്ടു. സുന്ദരമായ ഒരു കൽപ്പന!
വിമലകന്യക ഒരു തിരശീലയാണ്. ചരിത്രത്തെ പകുത്ത് കടന്നുവന്നവൻ ലോകത്തിനു വെളിപ്പെട്ടത് ഈ തിരശീല കടന്നാണ്. പാശ്ചാത്യ സുറിയാനി ആരാധനയിൽ ഒരു പാട്ടിൽ കാണുന്നത്, ലോകർക്ക് അവനെ കാണിച്ചവളെ നിനക്ക് ഭാഗ്യമെന്നാണ്! മറിയാമിൽ നിന്നു സ്വീകരിച്ച ശരീരത്തോടെയാണ് അനാദിയായ വചനം നസറായൻ്റെ രൂപത്തിൽ ലോകത്തിനു വെളിപ്പെട്ടത്. ആ ശരീരത്തോടു കൂടിയാണ് അവൻ നമ്മുടെ ഇടയിൽ നടന്നത്; കഥകൾ പറഞ്ഞത്; അവസാനം, ആ ശരീരത്തോടു കൂടിയാണ് അവൻ കാൽവറി കയറിയത്.
ഭാരപ്പെടുന്ന സകലരെയും കരുതുവാൻ വന്നവൻ മറിയാമെന്ന തിരശീലയ്ക്കകത്തു വസിച്ചു. അവൾ വ്യത്യാസമോ കലർപ്പോ കൂടാതെ അവനെ സ്വീകരിച്ചു നമുക്ക് നൽകി. നസറായൻ പ്രഘോഷിക്കപ്പെടുന്ന എല്ലായിടത്തും, അവൻ്റെ ജീവിതം ചർച്ച ചെയ്യപ്പെടുന്ന എല്ലായിടത്തും ഓർക്കപ്പെടേണ്ടതാണ് അവൻ ശരീരം സ്വീകരിച്ച അവൻ്റെ അമ്മയെയും എന്ന് ആ നിർമല ചരിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പന്ത്രണ്ടാം ദിവസം.

Sunday, 10 August 2025

നാണയം ഉൾക്കൊണ്ട മത്സ്യം!



ശീമോനോട് ഒരിക്കൽ കുറച്ചാളുകൾ വന്ന് ചോദിക്കുന്നുണ്ട് നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നുണ്ടോ? ഉണ്ടെന്നാണ് മറുപടിയെങ്കിലും അവൻ ഗുരുവിനോട് ചോദിച്ചത് ഉറപ്പിക്കുന്നുണ്ട്. ഗുരു തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഉപമാരൂപത്തിലൊരു ചോദ്യം ചോദിച്ച ശേഷം അവനോട് ഒരു വിചിത്രമായ കാര്യമാണ് പറയുന്നത്. കടലിൽ പോയി ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മത്സ്യത്തിൻ്റെ വായിൽ ഒരു എസ്തീറ കാണുമെന്നും അത് നികുതിയായി കൊടുക്കാനും!

വിമല കന്യകയിൽ നിന്നുള്ള വചനത്തിൻ്റെ ഗ്രഹണാതീതമായ രൂപം ധരിക്കലിനെ സൂചിപ്പിക്കാൻ സുറിയാനി പിതാക്കൻമാർ ഉപയോഗിച്ച പ്രബലമായ ഒരു ദൃഷ്ടാന്തമാണ് എസ്തീറ നൽകിയ മത്സ്യത്തിൻ്റേത്. ബുധനാഴ്ച മൂന്നാംമണിയിൽ അത് കൃത്യമായി കാണുന്നു.  മത്സ്യത്തിൻ്റെ ഉള്ളിൽ എസ്തീറാ നിക്ഷേപിക്കപ്പെട്ടത് പോലെ മനുഷ്യബുദ്ധിക്ക് അതീതമായി കന്യകയിൽ നിന്ന് ഉടയവൻ ശരീരം സ്വീകരിച്ചു. 

ലോകത്തിൻ്റെ ആന്തരിക ദാഹം തീർത്തവൻ വിമലകന്യകയുടെ മടിയിൽ ക്ഷീണിതനെപ്പോലെ വിശ്രമിച്ചു. കാനാവിലെ കല്യാണവീട്ടിൽ അവൻ്റെ അമ്മ കലവറയിൽ നിന്നവരോട് പറയുന്ന ഒരു കാര്യമുണ്ട്; ''അവൻ പറയുന്നത് ചെയ്തേക്കുക." കുറച്ച് മുമ്പ് നമുക്ക് ഇതിൽ ഇടപെടണോ? എന്ന് ചോദിച്ചവൻ തൻ്റെ വാക്ക് തട്ടാതെ ഈ പ്രതിസന്ധിയിൽ ഇടപെടും എന്ന ആ അമ്മയുടെ ഉറപ്പാണ് അതിനു കാരണം. അമ്മ പറഞ്ഞാൽ അവൻ ഇന്നും കേൾക്കുമെന്ന നമ്മുടെ ഉറപ്പിൻ്റെ ഒരു രൂപമാണ്, ഒരു തെളിവാണ് ഈ ഒരു നോമ്പുകാലവും !

ഡെറിൻ രാജു

ശൂനോയോ നോമ്പ് - പതിനൊന്നാം ദിവസം.

Saturday, 9 August 2025

ഹസ്ക്കിയേൽ കണ്ട രഥം!



ദീർഘദർശിയായ ഹസ്ക്കീയേൽ ഒരു ദർശനം കാണുന്നു. വിശേഷപ്പെട്ട നാല് ജീവികളാൽ പൂട്ടപ്പെട്ട ഒരു രഥത്തിൽ ഒരുവൻ ഇരിക്കുന്നു. അവൻ്റെ തേജസ് അത്യന്തം ഭ്രമിക്കത്തക്കതായിരുന്നു. കർത്താവിൻ്റെ ആ രഥം വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു. 

കന്യകയെ രഥത്തോട് ഉപമിച്ച നിരവധി സൂചനകൾ പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ കാണുന്നുണ്ട്. മംഗളവാർത്തയുടെ അനുസ്മരണദിവസത്തിൽ അവൾ രഥമാകുന്നു എന്ന് പാടുന്നുണ്ട്. യൽദോ പെരുന്നാളിൽ ഉന്നതങ്ങളിൽ തേരിൽ വസിക്കുന്നവൻ കന്യകയുടെ കൈകളാൽ താലോലിക്കപ്പെട്ടു എന്നു യാക്കോബ് മൽപ്പാൻ്റെ ഒരു ഗീതമുണ്ട്. ഇഹത്തിലൊരു രാജ്യമില്ലാത്ത  രാജാവിനെ വഹിച്ച രഥമാണ് വിമലകന്യക. 

വിമലകന്യകയുടെ ഏറ്റവും വലിയ വിശേഷണം ദൈവത്തെ വഹിച്ചവൾ ( തെയോട്ടോക്കോസ്) എന്നാണ്. ദൈവസാന്നിധ്യത്തെ അതിൻ്റെ പൂർണതയിൽ, കലർപ്പോ വ്യത്യാസമോ കൂടാതെ സാധു പെൺകുട്ടി വഹിച്ചു. അവൻ തൻ്റെ സത്തയെ നിലനിർത്തി അവളിൽ ഇറങ്ങി, അവളിൽ നിന്ന് ശരീരം സ്വീകരിച്ചു. സകലർക്കും പോഷണം ഏകുന്നവൻ അവളിൽ നിന്ന് പാൽ കുടിച്ചുറങ്ങി. സകലരുടെയും ആകുലതകൾ കേൾക്കുന്നവൻ നിർമ്മല കന്യകയുടെ താരാട്ട് കേട്ട് മയങ്ങി; അതിലും വിസ്മയമെന്താണുള്ളത്?

ഡെറിൻ രാജു

ശൂനോയോ നോമ്പ് - പത്താം ദിവസം.

20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു

മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...