Thursday, 22 April 2021

പ. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ തീയതി

 April 23. Feast of St George. എന്തുകൊണ്ട് നമ്മുടെ സഭയിൽ May 1 മുതൽ ഈ പെരുന്നാൾ ആചരിക്കാൻ പ്രാധാന്യം ലഭിച്ചിരിക്കുന്നു?

പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ മേടം 24 തന്നെ ഉപയോഗിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

Thursday, 1 April 2021

വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു

വൻ കാര്യങ്ങൾ സംഭവിച്ച ആ വലിയ രാത്രിയുടെ സ്മരണയിൽ ഇന്ന് പെസഹാ പെരുന്നാളാണ്.

ഈ രാത്രിക്കപ്പുറം തന്നെ കാത്തിരിക്കുന്നത് കൊടിയ പീഡനവും മർദ്ദനവും കുരിശുമരണവുമാണെന്ന ബോദ്ധ്യത്തോടെയാണ് യേശു പെസഹ ഭക്ഷിക്കുവാനായി ആ വീടിൻ്റെ മുകൾത്തട്ടിലേക്ക് എത്തിയത്. എത്തിയത് തന്നെ ഒരു വലിയ ബഹളത്തിൻ്റെ മദ്ധ്യത്തിലേക്കാണ്. ശിഷ്യർ ചേരിതിരിഞ്ഞും ഒറ്റയ്ക്കും വാഗ്വാദത്തിലാണ്! 'ആരാണ് തങ്ങളിൽ വലിയവൻ?' മൂന്നര വർഷക്കാലം താൻ കൂടെ കൊണ്ട് നടന്നു സകലവും കാണിച്ചും പഠിപ്പിച്ചും ബോദ്ധ്യപ്പെടുത്തിയവർക്ക് ഈ അന്ത്യനാഴികയായിട്ടും അതിൻ്റെ കാതൽ അവർക്ക് മനസിലായില്ലല്ലോ എന്നോർത്ത് അവൻ്റെ മനസ് എത്രയധികം മഥിച്ചിരിക്കാം. അപ്പോഴാണ് അവൻ തൻ്റെ പുറം കുപ്പായം ഊരിയിട്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അരയിൽ ഒരു തൂവാലയുമായി ആ ബഹളത്തിനിടയിലേക്ക് ഇറങ്ങി അവരുടെ കാൽ കഴുകി അവരെ ഒരു മാതൃക ഭരമേൽപ്പിച്ചത്.
പാരമ്പര്യപ്രകാരം ഭക്ഷണത്തിരിക്കുന്നവരുടെ കാൽ കഴുകേണ്ടത് വീട്ടിലെ ജോലിക്കാരാണ്; ആ ഭക്ഷണത്തിനു മുമ്പ് ശുചിയാവുക എന്നത് നിർബന്ധവുമാണ്. ഒരു പക്ഷേ, ദാസൻമാരാരുമില്ലാത്ത, ഗുരുവും ശിഷ്യൻമാരും മാത്രമുള്ള ആ മാളികമുറിയിൽ ആര് കാൽ കഴുകണമെന്ന ചിന്തയാകാം അവരെ ആ മൂപ്പ് തർക്കത്തിലേക്ക് വലിച്ചിഴച്ചത്. അതിന് പരിഹാരം ആ മഹാനായ ഗുരു തന്നെ കണ്ടെത്തുകയായിരുന്നു. ശുശ്രൂഷകനാകേണ്ടതിൻ്റെ ആവശ്യകത നൂറാവൃത്തി പറഞ്ഞിരുന്നവൻ അത് കാണിച്ചു കൊടുത്തു. വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു. സ്നേഹിക്കേണ്ടതിൻ്റെ ആവശ്യമവൻ ഊന്നി ഊന്നി പറഞ്ഞു. സകല പ്രമാണങ്ങളും അടങ്ങിയ പരസ്പരം സ്നേഹിക്കണമെന്ന വലിയ കൽപ്പന അവൻ നൽകിയതും ആ രാത്രിയിലാണ്. ആ വലിയ വിനയത്തിലൊടുങ്ങാത്ത ഗർവ്വെന്താണുള്ളത്?
ഡെറിൻ രാജു
പെസഹ, 2021

Monday, 15 March 2021

വട്ടശ്ശേരില്‍ തിരുമേനിയുടെ സ്ഥാനാരോഹണം / ഡെറിന്‍ രാജു

 


സ്ഥാനം ലഭിച്ച സമയത്ത് കാപ്പയ്ക്കുള്ളില്‍ ആയതുകൊണ്ട് ആരാണ് സ്ഥാനം നല്‍കിയതെന്ന് താന്‍ കണ്ടില്ലെന്നു വട്ടശ്ശേരില്‍ തിരുമേനി കോടതിയില്‍ മൊഴി നല്‍കിയെന്നതാണ് വട്ടശ്ശേരില്‍ തിരുമേനിക്കെതിരെ ഉന്നയിക്കുന്ന ഒരു ആരോപണം. ഏതു കോടതിയിലാണ് പറഞ്ഞതെന്ന് തിരിച്ചു ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല.

കുന്നംകുളം കേസില്‍ 1916 മെയ് 26-നു വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് നല്‍കിയ മൊഴിയില്‍ ഈ ഭാഗം കടന്നു വരുന്നുണ്ട്.

ചോദ്യം: ശുശ്രൂഷാ സമയത്ത് അവിടുത്തെ തലയില്‍ ആരെങ്കിലും കൈവച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആരാണ്?

ഉത്തരം: എല്ലാവരുംകൂടി കൈവയ്ക്കുന്നു എന്നുള്ള സ്ഥിതിയില്‍ ഏവന്‍ഗേലിയോന്‍ പിടിക്കുകയും അംശവടിയിന്മേല്‍ എല്ലാവരും പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ തലയിന്‍മേല്‍ ഓരോരുത്തര്‍ മാറി മാറി കൈവച്ചിട്ടില്ല. അങ്ങനെ മാറി മാറി കൈവയ്ക്ക പതിവില്ല. ഒരാള്‍ നേരെ കൈവയ്ക്കുകയും മറ്റുള്ളവര്‍ അതിനോടുകൂടെ സംബന്ധിക്കുകയാണ് പതിവ്. അങ്ങനെ ചെയ്തിരിക്കും.

ചോദ്യം: ഒരാള്‍ നേരെ കൈവയ്ക്കും എന്ന് പറഞ്ഞത് ആരാണ്?

ഉത്തരം: എന്‍റെ സംഗതിയില്‍ അങ്ങനെ ചെയ്തത് അബ്ദള്ളാ പാത്രിയര്‍ക്കീസ് ആയിരിക്കണം.

ചോദ്യം: അബ്ദള്ളാ പാത്രിയര്‍ക്കീസ് ആയിരിക്കണം എന്നെയുള്ളോ അതോ ഓര്‍മ്മയുണ്ടോ?

ഉത്തരം: കുര്‍ബ്ബാന ചൊല്ലുന്ന ആളാണ് അങ്ങനെ ചെയ്ക പതിവ്. അബ്ദള്ളാ പാത്രിയര്‍ക്കീസാണ് കുര്‍ബാന ചൊല്ലിയത്. അതിനാല്‍ അദ്ദേഹമായിരിക്കണം. മേല്‍പ്പട്ടസ്ഥാനമേല്‍ക്കുന്ന ആളിന്‍റെ തലയും മുഖവും മിക്ക സമയങ്ങളിലും മൂടപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്ക് സ്ഥാനം തന്ന സമയത്ത് നടന്ന സംഗതികളെക്കുറിച്ച് ഒക്കെയും കണ്ടറിവായി പറവാന്‍ പാടില്ല. 

(മലങ്കര നസ്രാണികള്‍ 4-ാം വാല്യം, ഇസ്സഡ്. എം. പാറേട്ട്, പേജ് 46, 47). 

Saturday, 26 December 2020

റാമായിലെ കരച്ചിലുകൾ അവസാനിക്കുന്നില്ല.!

 

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഡിസംബർ 27 ഒരു കൂട്ടക്കൊലയെ സ്മരിക്കുന്ന ദിവസമാണ്. ശിശുവധമെന്ന് പറയുന്നു. (Massacre of the innocents). റോമൻ രീതിയിൽ അത് ഡിസംബർ 28-നും കിഴക്കൻ രീതിയിൽ അത് ഡിസംബർ 29 നും ആണ്. യേശുവിനെ കാണുവാൻ ബേതലഹേമിലേക്ക് പുറപ്പെട്ട ജ്ഞാനികൾ വഴി തെറ്റി ഹെറോദോസിൻ്റെ (King Herod, the Great BC 37 - 4) കൊട്ടാരത്തിൽ എത്തിചേരുന്നു. അവിടെ വച്ച് മ്ശിഹായുടെ ജനനം നടക്കേണ്ടത് ബേതലഹേമിലാണ് എന്ന് മനസിലാക്കിയ അവർ അവിടേക്ക് പോകുമ്പോൾ കുട്ടിയെ കണ്ടെത്തിയാൽ തന്നെയും അറിയിക്കണമെന്ന് ഹെറോദോസ് ഉപദേശിക്കുന്നു. എന്നാൽ കുട്ടിയെ വകവരുത്തുകയാണ് ഹെറോദോസിൻ്റെ പദ്ധതിയെന്നു മനസിലാക്കിയ ജ്ഞാനികൾ കുട്ടിയെ കണ്ടതിനു ശേഷം വേറെ ഒരു വഴിയിലൂടെ അവരുടെ ദേശത്തിലേക്ക് മടങ്ങി പോയി. ഇതിൽ കുപിതനായ ഹേറോദോസ് ബേതലഹേമിലും അതിൻ്റെ നാലതിരുകളിലും ആളയച്ചു രണ്ട് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു. ഇതാണ് ശിശുവധത്തെപ്പറ്റി ബൈബിൾ നൽകുന്ന വിവരണം.
എന്നാൽ ജോസീഫസ് ഉൾപ്പെടെയുള്ള ചരിത്രകാരൻമാരും ഹെറോദോസിൻ്റെ ചരിത്രകാരൻമാരും ഈ സംഭവത്തെപ്പറ്റി മൗനമാണ് പുലർത്തുന്നത്. അതിനാൽ തന്നെ ഈ വധം ചരിത്രമല്ല ബൈബിളിൽ മാത്രമുള്ള ഒരു ചിത്രീകരണമാണെന്ന വാദം ശക്തമായി നിലവിലുണ്ട്. എന്നാൽ അധികാരം നഷ്ടമാകുമെന്ന ഭീതിയിൽ തൻ്റെ തന്നെ മൂന്ന് മക്കളെ ഹെറോദോസ് കൊന്നു കളഞ്ഞത് ജോസീഫസ് തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ തന്നെ ഇത്തരം ഒരു പ്രവൃത്തിക്ക്‌ ഹെറോദോസിന് മടിയുണ്ടാകും എന്നു കരുതാനാകില്ല. മാത്രമല്ല അക്കാത്തെ ജനസംഖ്യയുടെ തോത് വച്ച് പരിശോധിച്ചാൽ രണ്ട് വയസിൽ താഴെയുള്ള പരമാവധി 10-12 കുട്ടികളെ മാത്രമാണ് ഹെറോദോസ് കൊന്നു കളഞ്ഞിരിക്കാൻ സാധ്യത. അത് പ്രാധാന്യമുള്ളതായി ജോസിഫസ് കണ്ടിരിക്കാൻ വഴിയില്ല എന്ന വാദവും മുഖവിലയ്ക്കെടുക്കാവുന്നത്. ജോസീഫസ് അങ്ങനെ അപ്രധാനമായി കരുതിയ മറ്റ് പല പ്രധാന സംഭവങ്ങളും ഉണ്ട് എന്ന വസ്തുതയും ഇതുമായി കൂട്ടിവായിക്കാം
'റാമായിൽ വലിയ കരച്ചിൽ കേട്ടു' എന്ന ജെറമിയായുടെ പ്രവചനമാണ് നിറവേറിയത് എന്ന് ബൈബളിൽ കാണുന്നു. കുരുന്നുകളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രലാപം ബേതലഹേമിനെ പ്രകമ്പനം കൊള്ളിച്ചുവത്രെ. എന്നാൽ ആ വിലാപം ഇന്നും തുടരുകയല്ലെ വാസ്തവത്തിൽ.?
ഏതു കെടുതിയും; അത് യുദ്ധമായിക്കൊള്ളട്ടെ, ക്ഷാമമായിക്കൊള്ളട്ടെ ആദ്യം ബാധിക്കുന്ന ഒരു കൂട്ടർ കുഞ്ഞുങ്ങളാണ്. യുനീസെഫിൻ്റെ കണക്കുകൾ പ്രകാരം 2017 വരെ 1000 - ലധികം കുഞ്ഞുങ്ങളാണ് അമേരിക്ക - ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റവർ 1500 ഓളവും. ഇന്നും പശ്ചിമേഷ്യ സംഘർഷത്തിലാണ്. യു. എന്നിൻ്റെ തന്നെ 2018 - ലെ ഒരു കണക്കു പ്രകാരം ആ വർഷം മാത്രം അറുപതോളം കുട്ടികളാണ് ഇസ്രായേൽ - പാലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം കുട്ടികൾക്കു പരിക്കുപറ്റി. 2013 നും 2017 നുമിടയ്ക്ക് 10 രാജ്യങ്ങളിൽ മാത്രം ആറ് ലക്ഷത്തോളം കുട്ടികളാണ് മരിച്ചത്. 'Save the Children' റിപ്പോർട്ടുകൾ പ്രകാരം 2017 മുതൽ ലോകത്തിൽ 420 മില്യണ് കുട്ടികൾ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്ക റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, ഇറാഖ്, മാലി,നൈജീരിയ, സൗത്ത് സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ഏറ്റവും സുന്ദരകാലമായ ബാല്യം ശപിക്കപ്പെട്ടതായി തോന്നുന്നവരാണ് സിറിയ ഉൾപ്പെടെയുള്ള നാടുകളിലെ കുട്ടികൾ.
യുദ്ധം അവസാനമാർഗമാകട്ടെ എന്നു പറയുന്നതിൻ്റെ ഒരു പ്രധാനകാരണവും ഇതൊക്കെ തന്നെയാണ്. തങ്ങൾ എന്തിന് കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന കുട്ടികൾ മാനവരാശിയുടെ തന്നെ ശാപവും വേദനയുമാണ്. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ നോക്കിക്കണ്ട് നമ്മുടെ കുട്ടികൾ വളരട്ട്. സ്നേഹവും സഹവർത്തിത്വവും സാഹോദര്യവും നമ്മെ ഭരിക്കട്ട്. റാമായിലെ വിലാപങ്ങൾ എന്നേക്കുമായി ഒടുങ്ങട്ട്.
ഡെറിൻ രാജു
27.12.2020

Friday, 25 December 2020

ഈ കെട്ടകാലത്തിനപ്പുറത്തേക്ക് പ്രതീക്ഷയോടെ...

 കാലാതിവർത്തിയായ ബോദ്ധ്യങ്ങളെ നിർമ്മിച്ച വലിയ തച്ചൻ്റെ ജൻമദിനമാണ്.

എന്താണ് ഈ ദിവസം ചിന്തിക്കേണ്ടത്? ഒരുപാടുണ്ട്; എങ്കിലും ആ ജീവിതത്തെ ആകെ ഒന്ന് ഓർക്കാതെ പോകുന്നത് എങ്ങനെ? തൻ്റെ ജീവിതത്തിലുടെനീളം ദരിദ്രരോടും ഓരം ചേർക്കപ്പെട്ടവരോടും അവനോളം താദാത്മ്യം പ്രാപിച്ച മറ്റാരുണ്ട്? ഒരു സത്രം പോലും ലഭ്യമാകാതെ പലായനമദ്ധ്യേ ആരുടെയോ കാലിത്തൊഴുത്തിൽ പിറന്നു വീണ ഒരു അഭയാർഥി. വീണ്ടും കാലമധികമാവാതെ തന്നെ ഈജിപ്തിലേക്കുള്ള ഓടിപ്പോകൽ. ദരിദ്രരോട് സുവാർത്തകൾ അറിയിക്കുക എന്നത് തൻ്റെ നിയോഗമായി കരുതിയ വിപ്ലവകാരി. അവസാനം മറ്റാരോ മറ്റാർക്കോ വേണ്ടി നിർമ്മിച്ച കല്ലറയിൽ ഉറങ്ങേണ്ടി വന്ന അഗതി. ബേതലഹേം മുതൽ കാൽവറിയോളം അവൻ അഗതിയായി; അഭയാർഥിയായി.
അവൻ പറഞ്ഞ ഗഹനകാര്യങ്ങളോളം ഒരുപക്ഷേ മറ്റാരും പറഞ്ഞു കാണില്ല. എന്നാൽ അതിൻ്റെ കാതലറിഞ്ഞത് വേശ്യയും കള്ളനും ചുങ്കക്കാരനുമൊക്കെയായിരുന്നു. കാരണം അവൻ പറഞ്ഞ സകലതും തൻ്റെ സ്നേഹമതത്തിൽ അധിഷ്ഠിതമായിരുന്നു. അന്യോന്യം സ്നേഹിപ്പിൻ! സ്നേഹിപ്പിൻ എന്നവൻ എത്ര തവണ പറഞ്ഞിരിക്കുന്നു. ആ സ്നേഹത്തിൻ്റെ കരുത്തറിഞ്ഞ ഒരുവൻ പിന്നീട് എഴുതി 'ദൈവം തന്നെ സ്നേഹമാകുന്നു.'
സകല പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മദ്ധ്യേ അക്ഷോഭ്യയായി നിന്ന അവൻ്റെ അമ്മയെക്കൂടി ഓർക്കാതെ ഈ ദിവസം എങ്ങനെ കടന്നു പോകാനാണ്? ബേതലഹേമിലെ കല്ലടാവിൽ അവൾ അണിഞ്ഞ അതേ ഭാവമല്ലെ കാൽവറിയിലും നമ്മൾ കണ്ടത്. എങ്കിലും 'ആ തലതെറിച്ചവൻ്റെ അമ്മ'യെന്ന പരിഹാസം എത്ര തവണ അവൾ കേട്ടിരിക്കാം. എന്നാൽ പുൽക്കൂട് മുതൽ കല്ലറ വരെ അവൾ അക്ഷോഭ്യയായി. മകൻ മുന്നോട്ട് വച്ച സ്നേഹമതം തന്നെ ആ അമ്മയും പുലർത്തി പോന്നിരിക്കാം.ഒരു പക്ഷേ അത് അമ്മയിൽ നിന്ന് പഠിച്ചതുമാകാം.
ആ സ്നേഹചിന്ത തന്നെയാകട്ടെ ഈ ക്രിസ്തുമസിൻ്റെ സന്ദേശവും. സ്പർദ്ധയും വെറുപ്പും വിദ്വേഷവും കുടഞ്ഞെറിഞ്ഞ് ഈ കെട്ടകാലത്തിനപ്പുറത്തേക്ക് പ്രതീക്ഷയോടെ നമുക്ക് കടന്നു ചെല്ലാം.
ക്രിസ്തുമസ് ആശംസകൾ..
ഡെറിൻ രാജു
ക്രിസ്മസ്, 2020

Tuesday, 22 December 2020

വൈകി വന്ന നീതി

 28 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടുമ്പോൾ സംഘടിത മതങ്ങൾ പൊതു സമൂഹത്തിൽ സൃഷ്ടിക്കുന്ന അദൃശ്യമായ secure bubble -ളുകൾ വളരെ അപൂർവ്വമായെങ്കിലും ഒന്നു പൊട്ടി പോവുകയാണ്. പൗരോഹിത്യ ദുഷ്പ്രഭുത്വത്തിൻ്റെ ഒരിരയ്ക്കെങ്കിലും നീതി കിട്ടുന്നു എന്നതും ആശ്വാസകരമാണ്. പൗരോഹിത്യത്തിന് സംഭവിക്കുന്ന അപചയങ്ങൾ അതത് സമൂഹങ്ങളോ മതങ്ങളോ മൂടിവച്ച് ഇല്ലാതാക്കുന്ന സംഭവങ്ങൾ ഈ 2020 ലും എത്രയധികമാണ്! മതമെന്ന ചട്ടക്കൂട് പൊളിച്ച് പുറത്ത് വരാൻ അനുവദിക്കാത്ത തരത്തിൽ സംഘടിത മതങ്ങൾ ദൈവത്തെ തന്നെ തളച്ചിട്ടിരിക്കുകയാണോ എന്ന് സംശയം തോന്നിപ്പോവുകയാണ്.

അലക്സാന്ത്രിയായിലെ ഹൈപേഷ്യ മുതൽ ഇങ്ങോട്ട് എണ്ണി തുടങ്ങിയാൽ എത്ര പേരാണ് മതത്തിൻ്റെയും പൗരോഹിത്യത്തിൻ്റെയും ധാർഷ്ട്യത്തിനു മുമ്പിൽ നിസഹായരായി ജീവിതം തന്നെ ഹോമിച്ച് കടന്നു പോയത്? സിസ്റ്റർ അഭയ ഒരവസാനമല്ല; പൗരോഹിത്യമെന്ന കോന്തലയിൽ മതം കെട്ടിയിടപ്പെട്ട കാലത്തോളം അഭയമാർ സൃഷ്ടിക്കപ്പെടും. ജോമോൻ പുത്തൻപുരയ്ക്കലും അടയ്ക്കാ രാജുവും പോലുള്ള പ്രവാചകൻമാർ എഴുന്നേൽക്കുമെന്നതു മാത്രമാണ് പ്രതീക്ഷയുടെ അവശേഷിക്കുന്ന ഏക കൈത്തിരി വെട്ടവും.
ഡെറിൻ രാജു
22.12. 2020

Sunday, 1 November 2020

ആ സ്മരണ ഇമ്പകരവും ആ ചിന്ത വരദായകവും


 

ക്രിസ്തുവിനെ പലർക്കും പല രീതിയിലായിരുന്നു പരിചയം!

പത്രോസും സഖാക്കളും അവനെ നേരിട്ടറിഞ്ഞു; എന്നാൽ മർക്കോസിനു അവനെ അത്ര പരിചയമില്ലായിരുന്നു; എങ്കിലും അറിയാമായിരുന്നു. എപ്പോഴോ ഒരിക്കൽ തന്നെ എടുത്ത് മടിയിൽ വച്ചു എന്നതിനപ്പുറമായി വലിയ പരിചയം ഇഗ്നാത്തിയോസിനു ഉണ്ടായിരുന്നോ എന്നു സംശയമാണ്. പൗലോസാകട്ടെ ഏതാണ്ട് സമകാലികരായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ ജീവിതകാലത്ത് അദ്ദേഹത്തെ കണ്ടതായും സൂചനയില്ല. തന്നെ നേരിട്ട് കണ്ടതും അറിഞ്ഞതുമായ തലമുറകൾ കടന്നു പോയപ്പോൾ എന്നാൽ ക്രിസ്തു മാഞ്ഞു പോയില്ല. അവൻ അവൻ്റെ ആശയങ്ങളിൽ ജീവിച്ചു. നേരിട്ട് കണ്ട ജനതതിക്കപ്പുറമായി സഹസ്രങ്ങൾ ആ ആശയവും ആ ജീവിതവും ദർശനവും ഏറ്റുവാങ്ങി; പ്രതിസന്ധി പ്രയാസഘട്ടങ്ങളിൽ ആ വലിയ തച്ചൻ്റ വിപ്ലവാശയങ്ങൾ അണയാത്ത പ്രകാശമായി ഇന്നും നിലകൊള്ളുന്നു.
ഒന്നേമുക്കാലോളം നൂറ്റാണ്ടിനപ്പുറം ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്; ഒരു ചെറിയ ശിഷ്യ സമ്പത്താർജിച്ച്, ഒരു മെത്രാപ്പോലീത്തയായി, 52 വർഷങ്ങൾ മാത്രം ജീവിച്ച്, അതിൽ ഏറിയ പങ്കും പമ്പാനദിയുടെ തീരത്തെ പരുമല ദ്വീപിൽ കഴിഞ്ഞുകൂടിയ ഒരു മനുഷ്യൻ തൻ്റെ മരണത്തിൻ്റെ 118 വർഷങ്ങൾക്കിപ്പുറവും പ്രസക്തമായ ഒരു പ്രകാശരശ്മിയായി നിലകൊള്ളുന്നു. പരുമല തിരുമേനി എന്ന അഭിധാനം തന്നെ അന്ധകാരമയമായ ജീവിതത്തെ പ്രകാശിപ്പിക്കുവാൻ പര്യാപ്തമായതാണ്. തന്നെ കണ്ടറിഞ്ഞ ശിഷ്യരും അവരുടെ ശിഷ്യരും കടന്നു പോയെങ്കിലും ക്രിസ്തു കാലാതീതമായും അതിർത്തികളില്ലാതെയും പ്രഘോഷിക്കപ്പെട്ടതു പോലെ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയും സ്മരിക്കപ്പെടുന്നു. പരുമല ദ്വീപിലെ പർണ്ണശാലയും മണ്ണും അനേകായിരങ്ങൾക്ക് അവരുടെ വിഷമതകൾ ഇറക്കി വച്ച് ആശ്വാസം കണ്ടെത്താവുന്ന ഇടമായിരിക്കുന്നു.
വിശുദ്ധിയെന്നത് ഒരു കൊക്കൂണിലേക്ക് ഒതുങ്ങി പ്രാപിക്കേണ്ടതാണെന്ന ബോദ്ധ്യം അശേഷം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിനാൽ തന്നെ അന്തർമുഖനായ വിശുദ്ധനായിരുന്നില്ല അദ്ദേഹം. സാമൂഹിക ജീവിതത്തിൽ സജീവമായി ഇടപെട്ടു. സുന്ദരമായ ഒരു സാഹിത്യകൃതി ചമച്ചു. വിദ്യാലയങ്ങൾ സമൂഹത്തിനാവശ്യമെന്ന ഉത്തമ ബോദ്ധ്യത്തോടെ സ്കൂളുകൾ സ്ഥാപിച്ചു. വിശാലമായ ഭൂപ്രദേശത്തിന് അജപാലനം നിർവഹിച്ചു.
പൂഴി വീണാൽ നിലം തൊടാനാവത്ത വിധം ഇന്ന് ജനനിബിഡമാകേണ്ട ഇടമായിരുന്നു പരുമല. കാരണം മലങ്കരയുടെ മന:സാക്ഷിയും ശക്തിസ്രാേതസും ആ മണ്ണാണ്. ഗുരു കടന്നു പോയിക്കഴിഞ്ഞു ഗുരുവിൻ്റെ ശിഷ്യർ ആ കബറിങ്കൽ ആശ്വാസം കണ്ടെത്തിയവരാണ്. അവരുടെ ശിഷ്യരോട് ആ മണ്ണിൻ്റെ പവിത്രത പറഞ്ഞേൽപ്പിച്ചാണ് അവരും കടന്നു പോയത്. അവർ അവരുടെ അനുഗാമികളോടും..
ഈ കെട്ടകാലത്തെ അതിജീവിക്കുവാൻ നമുക്ക് ഉൾക്കരുത്താകാവുന്ന ഒന്നാണ് മാർ ഗ്രീഗോറിയോസിൻ്റെ ദർശനവും ജീവിതവും; ആ സ്മരണ ഇമ്പകരവും ആ ചിന്ത വരദായകവും.
ഡെറിൻ രാജു
പരുമല പെരുന്നാൾ, 2020

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...