Saturday, 16 April 2022

പരസ്പരം വിനയപ്പെടുക | ഡെറിൻ രാജു

 ഒരു ഭയങ്കര തർക്കമായിരുന്നു അന്ന് അവൻ കണ്ടത്.

വലിയ ആഗ്രഹത്തോടെയാണ് പെസഹയെ, ആ കടന്നു പോകലിൻ്റെ സ്മരണയെ ആചരിക്കുവാൻ ക്രിസ്തു തൻ്റെ ശിഷ്യന്മാരെ പറഞ്ഞു വിട്ടത്. ആ പെസഹ അവനത്രയും പ്രാധാന്യമുണ്ടായിരുന്നു. അവൻ തന്നെ ഈ പെസഹാ ആചരണത്തിനായി താൻ അദമ്യമായി ആഗ്രഹിച്ചു എന്നു പറയുന്നുണ്ടല്ലോ. അതുകൊണ്ടാണ് പതിവു സങ്കേതങ്ങളോ ഗൃഹങ്ങളോ വേണ്ടായെന്നും ഏറ്റവും മുന്തിയതു തന്നെ തയ്യാറാക്കണമെന്നുമുള്ള നിർദ്ദേശം നൽകി ശിഷ്യരിൽ രണ്ട് പേരെ അയച്ചത്. അവർ തയ്യാറാക്കി.
ആ സമയത്താണ് അവരിൽ ആ തർക്കമുടലെടുക്കുന്നത്; ആരാണ് വലിയവൻ?
മൂന്ന് - മൂന്നര വർഷം കൂടെ കഴിഞ്ഞിട്ടും താൻ പറഞ്ഞതിൻ്റെയും പ്രവർത്തിച്ചതിൻ്റെയും ഒന്നും സത്ത അവർക്ക് ബോദ്ധ്യപ്പെട്ടില്ലല്ലോ എന്നോർത്ത് അവൻ കലങ്ങുന്നുണ്ട്. 2000 കൊല്ലം കഴിഞ്ഞിട്ടും ക്രിസ്ത്യാനിക്ക് അത് ബോദ്ധ്യപ്പെട്ടിട്ടില്ലായെന്നത് വേറെ കാര്യം. ഇത് ആദ്യമായല്ല അവർ ഒന്നാം സ്ഥാനത്തിനായി അടിയുണ്ടാക്കിയത്. നേരത്തെ ഒരിക്കൽ ഇവരിൽ രണ്ട് പേർ, ഒരു ചേട്ടനും അനിയനും വന്നിട്ട് പ്രമുഖ സ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിൽ മറ്റുള്ളവർ തങ്ങളുടെ നീരസം അവരോട് പ്രകടിപ്പിക്കുന്നുമുണ്ട്. പിന്നീട് ഒരവസരത്തിൽ ഒരു ശിശുവിനെ ഉയർത്തി കാട്ടിയും വലിയവനാരാണെന്ന ഒരു ചിത്രം അവൻ കാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊന്നും ബോദ്ധ്യപ്പെടാതെ ഇവിടെ വീണ്ടും തർക്കമാണ്, ആരാണ് വലിയവൻ?
അവിടെയാണ് അവൻ പതിവ് ഉപമാരീതികളെ മാറ്റി വച്ചിട്ട് ഒരു പാത്രത്തിൽ വെള്ളവുമായി പന്തിരുവർക്കിടയിലേക്ക് ഇറങ്ങിയത്. ആ കാഴ്ച കണ്ട് മാലാഖമാർ പോലും പരിഭ്രമിച്ചു എന്നു കവിസങ്കല്പം. ക്രിസ്തു താൻ അന്നോളം പറഞ്ഞത് കാണിച്ചു കൊടുക്കുകയായിരുന്നു. വിനയപ്പെടുക, ശുശ്രൂഷിക്കുക എന്നത് തൻ്റെ ദൗത്യത്തിൻ്റെ മുഖമുദ്രകൂടിയായിരുന്നു. ആ മാതൃക താൻ കടന്നു പോകാറായി എന്ന് ബോദ്ധ്യപ്പെട്ട നിമിഷത്തിൽ തൻ്റെ സുഹൃത്തുക്കളും ശിഷ്യരുമായവരെ ഭരമേൽപ്പിക്കുവാൻ വേണ്ടി അവൻ അവരുടെ കാലുകളെ കഴുകി, തുടച്ചു.
പെസഹായുടെ ഏറ്റവും വലിയ സന്ദേശങ്ങളിൽ ഒന്നും ആ വിനയപ്പെടൽ തന്നെയാണ്. ക്രിസ്തു ക്രൂശോളം ആ മാതൃക കാണിച്ചു തന്നതാണ്. ബേതലഹേമിലെ കാലിത്തൊഴുത്ത് മുതൽ കാൽവരിയിലെ ക്രൂശ് വരെ ആ വിനയത്തെ ഘോഷിച്ച പ്രതീകങ്ങളാണ്. ആ ജീവിതം തന്നെ അതാണ് മുന്നോട്ട് വച്ചത്. പരസ്പരം സ്നേഹിക്കുക, പരസ്പരം വിനയപ്പെടുക. അതിലപ്പുറം എന്താണ് പ്രമാണം?
സകല പ്രമാണങ്ങളും അതിൽ അടങ്ങിയിരിക്കുന്നവല്ലോ.
'Let humility be your crown' എന്ന് ടാഗോർ പിന്നീട് എഴുതിയതും അത് തന്നെ.

ഗർദ്ദഭമേറിയ ക്രിസ്തുവിന്റെ ചിത്രം | ഡെറിൻ രാജു

 മുപ്പത്തിമൂന്ന് വർഷത്തെ ജീവിതകാലത്തിൽ നിരവധി തവണ ക്രിസ്തു ജറുശലേം സന്ദർശിച്ചതാണ്. പന്ത്രണ്ടാം വയസിലെ ഒരു സന്ദർശനത്തിലാണ് അദ്ദേഹത്തിനു അവിടമങ്ങ് പിടിച്ചു പോയിട്ട് ആളെ കാണാതെ അപ്പനും അമ്മയും വിഷമിച്ചത്.

അപ്പോൾ ജറുശലേമിലേക്കുള്ള യാത്ര ആദ്യത്തേതല്ല, എന്നാൽ മറ്റ് യാത്രകളിൽ നിന്നൊക്കെയും ഭിന്നമായി എന്താണ് ഈ ദിവസത്തെ വ്യത്യസ്തമാക്കുന്നത്. കാരണവും വ്യക്തമാണ്. ഇന്നത്തെ യാത്ര ഒരു ഉത്സവാന്തരീക്ഷത്തിലായിരുന്നു. പ്രകടനപരതയോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച ഒരു വിപ്ലവകാരിയാണ് ഇന്ന് ആഘോഷസമേതം സെഹിയോൻ്റെ തെരുവിലൂടെ ആനയിക്കപ്പെട്ടത്. ആർപ്പുവിളി നിർത്താൻ പറയണമെന്ന് ആവശ്യപ്പെട്ടവരോട് കല്ലുകളും ആർത്തുവിളിക്കുമെന്ന് പറഞ്ഞ് ആവേശം കൊണ്ടയാൾ എത്ര തവണ എത്ര ആളുകളോട് പറഞ്ഞിട്ടുണ്ട്, ഈ സംഭവിച്ചത് ആരും അറിയരുതെന്ന്. അപ്രകാരം താൻ പ്രവർത്തിച്ച നൻമകൾ പോലും പരസ്യമാക്കരുതെന്ന് ആഗ്രഹിച്ചവൻ തന്റെ ജീവിതത്തിന്റെ ഏതാണ്ട് അവസാന സമയത്ത് ഇങ്ങനെയൊരു ആവേശ സ്വീകരണത്തിലേക്ക് ഒരു കഴുതയെയും കൂട്ടി ഇറങ്ങുകയായിരുന്നു.
പാരമ്പര്യരീതി വച്ച് നോക്കിയാൽ കഴുത അശുദ്ധമൃഗമാണ്. അതും രണ്ട് മടങ്ങ് അശുദ്ധമെന്നാണ് പ്രമാണത്തിലെ അളവ് കോൽ വച്ച് അളന്നാൽ കിട്ടുക. സുറിയാനിക്കാരുടെ ആരാധനയിൽ പോലും അയോഗ്യമായ കഴുത (ܥܝܠܐ ܫܝܛܐ) എന്നാണ് ഒരു വിശേഷണം. മലയാള തർജമയിൽ നിന്ദ്യമൃഗവും. ഭാരം ചുമക്കുക എന്നതിനപ്പുറമായി യാതൊരു പരിഗണനയും അന്നോളം അതിനു കിട്ടിയിരുന്നില്ല. അതിനെയും കൂട്ടിയാണ് അവൻ ആരവമദ്ധ്യത്തിലേക്ക് ഇറങ്ങിയത്. ഒരു ഗ്രന്ഥകാരന്റെ ഭാഷയിൽ യെരുശലേമിനെ ഇളക്കിയത്.
മാറ്റി നിർത്തപ്പെടുന്ന ഒരു കൂട്ടത്തെ അവൻ എന്നും ചേർത്തു പിടിച്ചിരുന്നു. ചുങ്കക്കാരും കള്ളനും വ്യഭിചാരിണിയും ആ കരുതലിന്റെ അറ്റത്ത് ഉണ്ടായിരുന്നു. ആ ഭാഗ്യാവസ്ഥയുടെ അതേ നിലയാണ് കഴുതയ്ക്കും അവൻ കരുതി വച്ചിരുന്നത്. കുതിരയോ ഒട്ടകമോ ആയിരുന്നു സാഹചര്യത്തിലെ വർണശബളിമയ്ക്ക് യോജിച്ചതെന്ന സാമാന്യയുക്തിയെ നിഷ്ക്കരുണം തള്ളുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. പ്രവചനനിവർത്തിക്കപ്പുറം അതൊരു നിലപാടിന്റെ ഉറപ്പാണ്. ഓരം പറ്റിപ്പോയവരെ ചേർക്കുമ്പോൾ, കരുതുമ്പോൾ അതിൽ ഏറ്റവും താഴെയുള്ളവരെയും കാണേണ്ടതാണെന്ന ചിന്തയാണ് ഗർദ്ദഭമേറിയ ക്രിസ്തുവിന്റെ ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
ഓശാനയുടെ ആശംസകൾ..!

Friday, 20 August 2021

കഴുകനെയൊരു മാടപ്രാവ് പോറ്റി വളർത്തി / ഡെറിൻ രാജു


കഴുകനെയൊരു മാടപ്രാവ് പോറ്റി വളർത്തിയെന്ന ഒരു കവികൽപ്പനയുണ്ട്. നസറേത്തിലെ ആ വലിയ തച്ചനെ, വ്യവസ്ഥിതികളോട് നിരന്തരമായി കലഹിച്ച ആ വിപ്ലവകാരിയെ, സ്നേഹമെന്ന മതത്തെ മുന്നോട്ട് വച്ച ആ ദാർശനികനെ പ്രസവിച്ച് വളർത്തിയ ആ മാതാവിനെ സൂചിപ്പിക്കുന്ന ഒരു കൽപ്പനയാണത്.

സകല പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മദ്ധ്യേ അവൾ അക്ഷോഭ്യയായി നിലകൊണ്ടു. മംഗളവാർത്ത മുതൽ കാൽവറിയിലെ കുരിശ് വരെ അവൾ നേരിട്ട വിഷമതകളെയും വീർപ്പുമുട്ടലുകളെയും കൃത്യമായി ചിത്രീകരിക്കുവാൻ ഒരു ചിത്രകാരൻമാർക്കും ശിൽപ്പികൾക്കും സാധിച്ചിട്ടില്ല. പുൽക്കൂട് മുതൽ അന്ത്യത്തോളം അവൾ അക്ഷോഭ്യയായി. തൻ്റെ അവസാനസമയത്ത് മകൻ, അവളെ സംരക്ഷിക്കുവാൻ ഏൽപ്പിച്ചവൻ പിന്നീട് എഴുതി; ദൈവം സ്നേഹമാകുന്നു! അത് ആ മകൻ പറഞ്ഞതായിരുന്നു. ആ അമ്മയും അത് പഠിപ്പിച്ചിരിക്കാം.
പറഞ്ഞു തീർക്കാവുന്ന പ്രതിസന്ധികളല്ല മറിയം നേരിട്ടത്. ആരുടെയോ പശുക്കൾക്ക് തീറ്റ കൊടുക്കുവാനുള്ള പുൽത്തൊട്ടിയിൽ ഒരഭയാർഥിയെപ്പോലെ തൻ്റെ മകനെ പ്രസവിക്കുക; കാതങ്ങൾ അപ്പുറത്തേക്ക് പാലായനം ചെയ്യപ്പെടുക, എന്നു തുടങ്ങി കവർച്ചയും കൊലയും ചെയ്ത രണ്ട് പേരുടെ മദ്ധ്യേ അപഹാസവചനങ്ങളേറ്റ് കുരിശിൽ കിടക്കുന്ന തൻ്റെ മകനെ കാണുക വരെ എത്രയധികമായ പ്രതിസന്ധികൾ ! എന്നാൽ ഏത് പ്രയാസത്തിലും തൻ്റെ നിയോഗത്തെ മറിയം അവിശ്വസിച്ചില്ല. ആ ധൈര്യത്തിൻ്റെ കൂടെ പിൻബലത്തിലാണ് ഒരിക്കൽ അവൾ ' അവൻ വല്ലതും പറഞ്ഞാൽ അത് ചെയ്യണ'മെന്നാ കലവറക്കാരോട് പറഞ്ഞേൽപ്പിച്ചത്. ആ നിയോഗത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും ബലത്തിൽ നിശബ്ദയായി അവൾ തൻ്റെ മകനോടൊപ്പം ചരിത്രത്തിലേക്ക് നടന്നു കയറി.
ആ സുന്ദരജീവിതത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന ഒരു ദിവസമാണ് നാളെ. കാലങ്ങൾക്കും ബോധ്യങ്ങൾക്കും മായിക്കാനാകാത്ത സുഗന്ധപൂർണ്ണമായ ഒരോർമ്മയായി ആ ചരിതവും മാധുര്യമേറിയ ആ ജീവിതവും നമ്മെ എന്നാളും പ്രചോദിപ്പിക്കും.

Wednesday, 28 July 2021

മാതൃമടിത്തട്ടിൽ 15 ദിവസങ്ങൾ / ഡെറിൻ രാജു


ഒരു ആരാധനാവർഷത്തിലെ അവസാന നോമ്പിലേക്ക് നാം പ്രവേശിക്കുകയാണ്. ഓഗസ്റ്റ് ഒന്നു മുതൽ പതിനഞ്ച് വരെ ശൂനോയോ നോമ്പ് നാം ആചരിക്കുകയാണ്. കാലങ്ങൾക്കും വംശങ്ങൾക്കും മുമ്പായി പിതാക്കൻമാരിലൂടെയും പ്രവാചകൻമാരിലൂടെയും ഭാഗമായി മാത്രം അറിയപ്പെട്ട ദൈവസാന്നിദ്ധ്യം ആരിൽ നിന്നാണോ ശരീരം ധരിച്ചു മനുഷ്യനായിത്തീർന്നത് ആ ദൈവജനനിയുടെ ഓർമ്മയെ സഭ പ്രത്യേകമായി അനുസ്മരിക്കുന്ന ഒരു കാലമാണിത്. ഹുദായ കാനോൻ അഞ്ചാം അദ്ധ്യായത്തിൽ പറയുന്നത് ദൈവമാതാവിന്റെ നോമ്പ് ഓബ് മാസം ഒന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ ആചരിക്കുകയും, പെരുന്നാൾ കൊണ്ടാടിയശേഷം വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. അതിൻപ്രകാരം നമ്മൾ ഓഗസ്റ്റ് 15-ലെ ശൂനോയോ പെരുന്നാളോടുകൂടി നോമ്പ് അവസാനിപ്പിക്കുന്നു.

ശൂനോയോ എന്ന വാക്കിനു വാങ്ങിപ്പ് എന്നാണ് നാം സാധാരണഗതിയിൽ അർഥം പറയാറുള്ളത്. Change, Migration, Departure എന്നൊക്കെയും സാമാന്യമായി ഈ വാക്കിനു അർഥം കൊടുക്കാം. വിശ്വാസിയായ ഏതു വ്യക്തിയുടെ മരണത്തിനും വാങ്ങിപ്പ് എന്നു പറയുകയാണ് നമ്മുടെ പാരമ്പര്യം ( വാങ്ങിപ്പോയ പിതൃക്കൾക്കും ഭ്രാതാക്കൾക്കും നൽകാശ്വാസം... സ്ളീബാ - പ്രഭാത നമസ്കാരം). എങ്കിലും ശൂനോയോ എന്ന വാക്ക് ദൈവമാതാവിന്റെ ദേഹവിയോഗത്തോടു ചേർത്താണ് നമ്മൾ പറയാറുള്ളത്.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാൾ യേരുശലേമിലാണ് ആരംഭിച്ചത്. എ.ഡി 434 -ൽ യേരുശലേമിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കി ക്രോഡീകരിച്ച അർമീനിയൻ വേദവായനക്രമത്തിൽ ആഗസ്റ്റ് 15 ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളായി രേഖപ്പെടുത്തിയിരിക്കുന്നു. നിരവധി അപ്പോക്രിഫൽ ഗ്രന്ഥങ്ങളിൽ അഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ  ദൈവമാതാവിന്റെ മരണത്തെപ്പറ്റിയുള്ള വിവരണങ്ങൾ പ്രചരിച്ചിരുന്നു. എ.ഡി 600 നോടടുത്ത് മൗറീസ് ചക്രവർത്തി ഒരു വിളംബരത്തിലൂടെ ബൈസാന്റിയൻ സാമ്രാജ്യത്തിലുടനീളം ഈ പെരുനാൾ ആചരിക്കണമെന്നു കൽപന ഇറക്കിയതിനെത്തുടർന്നു ഇതിനു പരക്കെ അംഗീകാരം ലഭിച്ചു. 650-നു ശേഷം റോമിൽ ഈ പെരുനാൾ ആചരിച്ചു തുടങ്ങി. (സഭാ വിജ്ഞാനകോശം)

കാല സമ്പൂർണതയിൽ വചനം ജഡം ധരിച്ചു. ആ വചനം ശരീരം സ്വീകരിച്ചത് കന്യകമറിയാമിൽ നിന്നാണ്. ആ പരിശുദ്ധ അമ്മയുടെ ഓർമ്മ എന്നും സഭയ്ക്കും നമ്മൾ ഓരോരുത്തർക്കും ആനന്ദദായകവും ആ മദ്ധ്യസ്ഥത ഫലദായകവുമാണ്. സാത്താന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നു മനുഷ്യരാശിയെ ഉദ്ധരിച്ച തമ്പുരാൻ, ക്രൂബേൻമാരുടെ തേരിന്റെ പ്രഭയെ ഉപേക്ഷിച്ചു സ്വീകരിച്ചത് ആ കന്യകയുടെ നിർമ്മല ഗർഭപാത്രത്തിന്റെ ശാന്തതയാണ്.

തെർത്തുല്യൻ, ജസ്റ്റിൻ മാർട്ടിയർ, ഐറേനിയോസ് തുടങ്ങി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പിതാക്കൻമാർ തന്നെ പരിശുദ്ധ മാതാവിനെ രണ്ടാം ഹവ്വായായി ചിത്രീകരിച്ച് ആ ഔന്നത്യത്തെ കൃത്യമായി വിശകലനം ചെയ്തവരാണ്. തെർത്തുല്യൻ പറഞ്ഞത് ഹവ്വാ സർപ്പത്തെ വിശ്വസിച്ചു, മറിയാം ഗബ്രിയേലിനെ വിശ്വസിച്ചു. ഒരുവൾ തന്റെ വിശ്വാസം മൂലം ഉളവാക്കിയ അബദ്ധത്തെ മറ്റവൾ തന്റെ വിശ്വാസം മൂലം ദുരീകരിച്ചു എന്നാണ്. ഐറേനിയോസ് പറയുന്നത് ഒരു കന്യകയുടെ അനുസരണക്കേടിനു പ്രതിവിധിയായി മറ്റൊരു കന്യകയുടെ അനുസരണം ഉണ്ടായി എന്നാണ്. ഈ പിതാക്കൻമാരൊക്കെയും പരിശുദ്ധ മാതാവിന്റെ ഔന്നത്യത്തെ കൃത്യമായി വരച്ചുകാട്ടിയവരാണ് എങ്കിലും ഇവിടെയൊക്കെയും അനുസരണം, വിധേയത്വം, വിശ്വസ്തത തുടങ്ങിയ ചിന്തകളാണ് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത്. സഹരക്ഷകയെന്നതോ പാപമില്ലാത്തവളായി ജനിച്ചുവെന്നതോ തുടങ്ങിയ പിൽക്കാല റോമൻ കത്തോലിക്കാ പഠിപ്പിക്കലുകളുടെ ലാഞ്ചനപോലും ഇവരുടെ പ്രബോധനങ്ങളിൽ ഇല്ലായെന്നത് പ്രത്യേകം പരിഗണനാർഹങ്ങളാണ്.

1854 -ൽ പീയൂസ് ഒമ്പതാമൻ മാർപാപ്പാ പ്രഖ്യാപിച്ച അമലോത്ഭവ സിദ്ധാന്തം ഇന്നു കത്തോലിക്കാ സഭയുടെ രക്ഷയ്ക്കാവശ്യമുള്ള ഒരു വസ്തുതയായി പരിഗണിക്കപ്പെടുന്നു. 

പരിശുദ്ധ മാതാവ് പാപമില്ലാത്തവളും സർവ്വ കൃപകളുടെ ഉറവയുമായി ഈ സിദ്ധാന്തം പ്രഖ്യാപിക്കുന്നു. എന്നാൽ ഒരു ഓർത്തഡോക്സ് സഭയും ഈ സിദ്ധാന്തം അംഗീകരിക്കുന്നില്ല. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലായെന്ന കർത്താവിന്റെ പ്രഖ്യാപനം തന്നെ അമലോത്ഭവ സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ്. മാതാവ് സഹരക്ഷകയും പാപമില്ലാത്തവളും സർവകൃപകളുടെയും ഉറവയുമാണെങ്കിൽ മനഷ്യവർഗത്തിന്റെ ഉദ്ധാരണവും മാതാവിനു സാദ്ധ്യമാകുമായിരുന്നുവല്ലോ? മനുഷ്യാവതരാത്തിന്റെ ആവശ്യം തന്നെ എന്തായിരുന്നു? (പ. കന്യകമറിയാം - പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി)

ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് സഭ നോക്കുന്ന പുരാതന നോമ്പാണ് ശൂനോയോ നോമ്പ്. എങ്കിലും അതിന്റെ പ്രാധാന്യം ഓരോ വർഷം മുന്നോട്ട് പോകുംതോറും കുറഞ്ഞു വരുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്. എട്ടുനോമ്പെന്ന അകാനോനിക നോമ്പിനെ പതിനഞ്ചുനോമ്പിന്റെ മുകളിൽ പ്രതിഷ്ഠിക്കുവാനുള്ള ബോധപൂർവമോ അല്ലാത്തതോ ആയ ശ്രമങ്ങൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകുന്നു. ദൈവമാതാവിന്റെ ജനന പെരുന്നാളിനെപ്പറ്റി (കന്നി 8 പെരുന്നാൾ) ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകളിലും പതിനെട്ടാം നൂറ്റാണ്ടിലെ പഞ്ചാംഗങ്ങളിലും ഒക്കെ പരാമർശങ്ങൾ ഉണ്ടെന്ന വാദത്തെ പൂർണമായും അംഗീകരിക്കുന്നു. (ഡോ. എം. കുര്യൻ തോമസ് മലങ്കരസഭാ മാസിക സെപ്തംബർ 2013). എങ്കിലും പതിനഞ്ച് നോമ്പിനെ മറികടന്നുള്ള എട്ടു നോമ്പാചരണത്തിനു സാധുത ഇല്ല. അത് നമ്മുടെ അടിസ്ഥാന വിശ്വാസത്തിനു നിരക്കുന്നതുമല്ല. പതിനഞ്ച് നോമ്പിനെപ്പറ്റി ഒന്നുമേ പറയാത്ത അച്ചൻമാർ എട്ടുനോമ്പിൽ എട്ടുദിവസവും കുർബാനയുള്ളതിനെപ്പറ്റി പ്രഘോഷിക്കുന്നത് നമ്മുടെ പാരമ്പര്യത്തിനു ചേർന്നതല്ല. പല പാരമ്പര്യങ്ങളിൽ നിന്നും ഇതര മതങ്ങളിൽ നിന്നും കൊള്ളാവുന്ന അംശങ്ങൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും അതൊന്നും നമ്മുടെ അടിസ്ഥാന വിശ്വാസത്തെ ബാധിക്കുന്നതായിരുന്നില്ല. ദൈവമാതാവിനെ ഓർക്കുവാൻ പിതാക്കൻമാർ നൽകിയ പതിനഞ്ച് ദിവസത്തെ നോമ്പ് നമുക്കുണ്ട്. അന്നു കിട്ടാത്ത അനുഗ്രഹം എട്ടുദിവസത്തെ നോമ്പിൽ കിട്ടുമെന്നു ചിന്തിക്കുന്നതിലെ അപാകത പറഞ്ഞു കൊടുക്കേണ്ട തിരുമേനിമാർ വരെ എട്ടുദിവസവും എട്ടുനോമ്പിൽ കുർബാന ചൊല്ലുവാൻ പള്ളികളിൽ നിന്നു പള്ളികളിലേക്ക് ഓടുന്നതാണ് കാണുന്നത്. പാശ്ചാത്യ വേദശാസ്ത്രത്തെയും ആരാധനയേയും അതിന്റെ തനിമയിൽ ഉൾക്കൊള്ളുകയും പരിപാലിക്കുകയും ചെയ്യുന്ന നമ്മൾ വാങ്ങിപ്പിനു പ്രാധാന്യം നൽകാതെ ജനന പെരുനാളിനു പിന്നാലെ ഓടുന്നത് ഖേദകരമാണ്. എട്ടുനോമ്പ് നോക്കുന്നതു തെറ്റാണെന്ന ചിന്തയല്ല ഇവിടെ പങ്കുവെക്കുന്നതു. എത്രയും കൂടുതൽ നോമ്പ് ഉപവാസങ്ങൾ നോക്കുന്നത് നല്ലതു തന്നെയാണ്. എന്നാൽ പതിനഞ്ച് നോമ്പിനെ മറികടന്നു എട്ടുനോമ്പിലേക്ക് പോകുന്നതാണ് ഒഴിവാക്കേണ്ടത്. ആൾക്കൂട്ടാരവങ്ങൾക്ക് അനുസരിച്ച് വിശ്വാസം വ്യാഖ്യാനിക്കുന്നതും ഭേദപ്പെടുത്തുന്നതും അംഗീകരിക്കാവുന്നതല്ല. ദൗർഭാഗ്യവശാൽ ഇപ്പോൾ പലയിടത്തും കാണുന്നതും അതാണ്.

Saturday, 24 July 2021

ഒരു നൂറ്റാണ്ട് പിന്നിടുന്ന മഗ്ദലനമറിയം / ഡെറിൻ രാജു

 


മഹാകവി വളളത്തോളിന്റെ വളരെയധികം വാഴ്ത്തപ്പെട്ട ഖണ്ഡകാവ്യമായ മഗ്ദലനമറിയത്തിനു നൂറു വയസ്സു പിന്നിടുകയാണ്. ലൂക്കോസിന്റെ സുവിശേഷത്തിലെ ഒരു തൈലാഭിഷേക വൃത്താന്തമാണ് കാവ്യത്തിന്റെ ഇതിവൃത്തം. ലൂക്കോസിന്റെ സുവിശേഷം ഏഴാം അദ്ധ്യായം 36 മുതല്‍ 40 വരെയുളള വാക്യങ്ങളിലാണ് ഈ സംഭവം പരാമര്‍ശിക്കുന്നത്. യഹൂദമതവിഭാഗത്തിലെ പരീശന്‍മാരില്‍ ഒരുത്തന്‍ യേശുവിനെ ക്ഷണിക്കുന്നു. അവന്‍  ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു പാപിയായ  (വേശ്യ) സ്ത്രീ  ഒരു വെണ്‍കല്‍ഭരണി പരിമളതൈലവുമായി വന്ന് യേശുവിന്റെ കാല്‍ അവളുടെ കണ്ണുനീര്‍കൊണ്ട് കഴുകി, പരിമളതൈലം പൂശി. അവള്‍ പാപിയായതിനാല്‍ അവനെ ക്ഷണിച്ച പരീശന്‍ അതുകണ്ട് നീരസപ്പെട്ടു. യേശു പതിവുപോലെ ഒരു ഉപമ പറയുകയും ഉപമയിലൂടെ അവളുടെ പ്രവൃത്തിയെ അംഗീകരിക്കുകയും അവളുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്തു. ഇതാണ് രത്‌നച്ചുരുക്കം. 

ഈ ചെറിയ കഥാബീജത്തില്‍ നിന്നാണ് മഗ്ദലനമറിയം രൂപം കൊണ്ടത്. എന്നാല്‍ ആ സ്ത്രീയുടെ പേര് ബൈബിളില്‍ പരാമര്‍ശിക്കുന്നില്ല. പടിഞ്ഞാറന്‍ സഭാവീക്ഷണത്തില്‍ ആ സ്ത്രീ മഗ്ദലനമറിയം ആയിരുന്നിരിക്കാം എന്നു പറയപ്പെടുന്നു. പില്‍ക്കാല കലാസൃഷ്ടികളില്‍ അങ്ങനെതന്നെ ചിത്രീകരിക്കപ്പെട്ടു. അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയിലും മറിയം മഗ്ദലൈത്താ എന്ന് അവളെ വിളിച്ചു.

മഹാകവി വളളത്തോളിന്റെ ഏറ്റവുമധികം പ്രചരിക്കപ്പെട്ട കാവ്യങ്ങളില്‍ ഒന്ന് മേല്‍പ്പറഞ്ഞ കഥാതന്തുവിനെ ആസ്പദമാക്കി രചിക്കപ്പെട്ട മഗ്ദലനമറിയമാണ്. നിലാവുകൊണ്ട് വാര്‍ത്തെടുത്ത ശില്‍പമെന്ന് അതിനെ പ്രൊഫ. കെ.പി. ശങ്കരന്‍ വിശേഷിപ്പിച്ചു. ഒരു സുന്ദരമുഹൂര്‍ത്തത്തിനായി വാഞ്ചിക്കുന്ന പ്രകൃതിയുടെ സൗന്ദര്യവര്‍ണ്ണനയോടെ ആരംഭിക്കുന്ന കാവ്യം, പശ്ചാത്താപമെന്ന യഥാര്‍ഥ പ്രായശ്ചിത്തത്തെ അനുസ്മരിച്ച് അവസാനിപ്പിക്കുന്നു. 1921 ജൂണിലാണ് മഗ്ദലനമറിയം ആദ്യമായി കുന്നംകുളത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്. ശതാബ്ദി നിറവില്‍ നില്‍ക്കുന്ന കാവ്യത്തെ, ദാരുശില്‍പത്തെ ഒന്നുകൂടി വായിക്കുകയാണിവിടെ.

രചനാപശ്ചാത്തലം

എന്താണ് മഗ്ദലനമറിയത്തിന്റെ രചനാപശ്ചാത്തലമെന്ന് ആദ്യപതിപ്പിന്റെ അവതാരികയില്‍ ചിത്രമെഴുത്ത് കെ.എം.വറുഗീസ് വ്യക്തമാക്കുന്നുണ്ട്. അതിപ്രകാരമാണ്

യേശുക്രിസ്തുവിന്റെ ജീവചരിത്രത്തെയോ അഥവാ ബൈബിളിലെ ഇതിവൃത്തങ്ങളെയോ വിഷയീകരിച്ച് ഏതാനും പദ്യകൃതികള്‍ ഉണ്ടായാല്‍കൊളളാമെന്നു ഞാന്‍ ആഗ്രഹിച്ചു തുടങ്ങീട്ടു കാലമേറെയായി. ഈ സംഗതി എന്റെ ഒരു മാന്യമിത്രവും ഒരു പ്രസിദ്ധഗദ്യകാരനും ആത്മപോഷിണി മാനേജരുമായ ദിവ്യശ്രീ പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാച്ചവനര്‍കളോടും സത്യനാദം പത്രാധിപര്‍ എറണാകുളം കെ.പി.പീറ്റര്‍ അവര്‍കളോടും മറ്റ് പല മാന്യസ്‌നേഹിതന്‍മാരോടും ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുളളതാണ്. സഹൃദയശിരോമണിയും ജാത്യാഭിമാനിയുമായ യൗസേഫ് ശെമ്മാച്ചനവര്‍ളെുടെയും മറ്റ് പല ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെയും നിര്‍ബന്ധപൂര്‍വ്വമായ അപേക്ഷ ഒന്നുകൊണ്ട് മാത്രമാണ് ശ്രീമാന്‍ നാരായണമേനവനവര്‍കളില്‍നിന്ന് ഈ വിശിഷ്ടകൃതി നസ്രാണിസമുദായത്തിനു ലഭിപ്പാന്‍ ഭാഗ്യമുണ്ടായതു. മഹാമനസ്‌കനും ഭക്തകവിയുമായ മേനവനവര്‍കള്‍ സ്വഭാഷാസാഹിത്യോല്‍ക്കര്‍ഷത്തോടൊപ്പം തന്നെ ക്രിസ്തുമതസാഹിത്യാഭ്യുദയത്തേയും ഉദ്ദേശിച്ച് ഈ ഉല്‍കൃഷ്ടകൃതിയെ നസ്രാണി സമുദായത്തിനു ദാനം ചെയ്യുവാന്‍ സന്നദ്ധനായതില്‍ കൃതജ്ഞതാധനന്‍മാരായ നസ്രാണികള്‍ മേനവനവര്‍കളോട് എല്ലാകാലത്തും കൃതജ്ഞന്മാരായിരിക്കും എന്നുളളതിനു യാതൊരു സംശയവുമില്ല. ഇതില്‍നിന്ന് കുന്നംകുളം സ്വദേശിയായ പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാശന്റെ പ്രേരണ മഗ്ദലനമറിയമെന്ന കാവ്യസൃഷ്ടിക്കു പിന്നിലുണ്ടെന്ന ചിത്രമെഴുത്തിന്റെ ആമുഖം വ്യക്തമാക്കുന്നു. എന്നാല്‍ അത് എപ്രകാരമെന്ന് ലേഖനം വ്യക്തമാക്കുന്നുമില്ല. എന്നാല്‍ അതിന്റെ ഉത്തരം ദീര്‍ഘകാലം മലയാള മനോരമയില്‍ പ്രവര്‍ത്തിക്കുകയും ധാരാളം ഗദ്യരചനകള്‍ നിര്‍വഹലക്കുകയും ചെയ്ത പി.സി.കോരുത് നല്‍കുന്നുണ്ട്. മഗ്ദലനമറിയം ഉത്ഭവചരിത്രമെന്ന അദ്ദേഹത്തിന്റെ ലേഖനത്തില്‍ അത് കാണാം. വളളത്തോള്‍ അന്നു തൃശൂര്‍നിന്നു പുറപ്പെട്ടിരുന്ന കേരളോദയം മാസികയുടെ പത്രാധിപരായിരുന്നു. മഹാകവി പളളത്തുരാമന്റെ അച്ഛനായിരുന്നു കേരസോദയത്തിന്റെ ഉടമസ്ഥര്‍ എന്നുണോര്‍മ്മ. മഹാകവി കുമാരനാശാന്റെ ലീലയെ നഖശിഖാന്തം വിമര്‍ശിച്ചുകൊണ്ട്, മഹാകവി വളളത്തോള്‍ ഒരു നിരൂപണം കേരളോദയത്തില്‍ പ്രസിദ്ധപ്പെടുത്തി. ഇത് മാസികയുടെ ഉടമസ്ഥനെ അതൃപ്തനാക്കി. അതേതുടര്‍ന്ന് വളളത്തോള്‍ കേരളോദയവുമായുളള ബന്ധം ഉപേക്ഷിച്ച് കുന്നംകുളത്തേക്ക് താമസം മാറ്റി. ആ സന്ദര്‍ഭം ശെമ്മാശന്‍ ശരിക്കും പ്രയോജനപ്പെടുത്തി.

പ്രുമിയോന്‍ പ്രാര്‍ഥന

സുറിയാനി ക്രിസ്ത്യാനികളുടെ എല്ലാ ശുശ്രൂഷകളിലും നമസ്കാരങ്ങളിലും ഉളള ഒരു പ്രാര്‍ഥനയാണ് പ്രുമിയോന്‍-സെദറ എന്നത്. പ്രുമിയോന്‍ എന്നാല്‍ മുഖവുരയെന്നാണ് അര്‍ത്ഥം. പ്രുമിയോന്‍ എന്ന ആമുഖവും അതിനെത്തുടര്‍ന്ന് സെദറാ (അര്‍ഥം-നിര, കൂട്ടം (പ്രാര്‍ഥനകളുടെ)) എന്ന പ്രബോധനപരമായ ഒരു വിശദീകരണവും ഉള്‍ക്കൊളളുന്നതാണ് പ്രാര്‍ഥനാരീതി. പ്രുമിയോന്‍-സെദറാകളെ ചുരുക്കി സാമാന്യമായി പ്രുമിയോന്‍ എന്നു മാത്രം പറയാറുണ്ട്. ആരാധന മാതൃഭാഷയിലാക്കണമെന്ന ഒരു താല്‍പര്യം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഓര്‍ത്തഡോക്‌സ് (മലങ്കരസഭ)സഭയില്‍ ഉണ്ടായി. കുന്നംകുളം യൗസേഫ് ശെമ്മാശന്‍ ആരാധന സ്വഭാഷയില്‍ പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖനുമായിരുന്നു. ആ ഒരു താല്‍പര്യത്തിന്റെ കൂടെ പിന്‍ബലത്തില്‍ ശെമ്മാശന്‍ തന്റെ സഹോദരീപുത്രനായ ചെറുവത്തൂര്‍ കുറിയാക്കോസ് കത്തനാരെകൊണ്ട് പീഡാനുഭവ ആഴ്ചയിലെ പ്രുമിയോന്‍ സെദറാകള്‍  തര്‍ജമ ചെയ്യിച്ചു. എന്നാല്‍ തര്‍ജമയില്‍ ശെമ്മാശന്‍ തൃപ്തനായില്ല. ശെമ്മാശന്‍ തര്‍ജമ വളളത്തോളിനെയും കാണിച്ചു.അദ്ദേഹവും ഭാഷാശുദ്ധിയില്‍ തൃപ്തനായില്ല. തുടര്‍ന്ന് ചെറുവത്തൂര്‍ കത്തനാരും യൗസേഫ് ശെമ്മാശനും കൂടി മൂലഗ്രന്ഥത്തിലെ (സുറിയാനിയിലെ) ആശയങ്ങള്‍ വളളത്തോളിനു പറഞ്ഞുകൊടുക്കുകയും വളളത്തോള്‍ അതിന്‍പ്രകാരം മറ്റൊരു പരിഭാഷയും തയ്യാറാക്കി. പീഡാനുഭവ ആഴ്ചയിലെ വ്യാഴാഴ്ച മുതലുളള ദിവസങ്ങളിലെ പ്രാര്‍ഥനകളാണ് അപ്രകാരം തയ്യാറാക്കിയത്. ആദ്യപതിപ്പ് 1093 (1918) മേടമാസത്തില്‍ പുറത്തിറങ്ങി. പരിഭാഷയില്‍ വളളത്തോളിന്റെ പങ്കെന്താണന്നു ആദ്യ പതിപ്പിന്റെ പ്രസ്താവനയില്‍ യൗസേഫ് ശെമ്മാശന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ''മൂലത്തിലെ അന്യാദൃശ്യങ്ങളായ ആശയങ്ങള്‍ ഏതുണ്ടെങ്കിലും തര്‍ജമയില്‍ വരുത്തേണമെങ്കില്‍ സുറിയാനിഭാഷയിലും സ്വഭാഷയിലും ഒരുപോലെ പാണ്ഡിത്യമുളളവര്‍ ശ്രമിച്ചാല്‍ മാത്രമേ സാധിക്കുകയുളളുവല്ലോ. അങ്ങിനെയുളളവര്‍ വാസ്തവത്തില്‍ നമ്മുടെ ഇടയില്‍ എത്ര പേരുണ്ട്? എന്നാല്‍ എന്റെ മാന്യസുഹൃത്തും മലയാളത്തിലെ മഹാകവികളില്‍ സര്‍വ്വഥാ പ്രഥമഗണനീയനുമായ ശ്രീമാന്‍ വളളത്തോള്‍ നാരായണമേനോന്‍ അവര്‍കളുടെ ഔദാര്യപൂര്‍ണ്ണമായ സാഹായ്യത്താല്‍ ഈ തര്‍ജമ മൂലത്തോട് കഴിയുന്നതും അടുപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നു ഞാന്‍ ചാരിതാര്‍ഥ്യപ്പെടുന്നു.'' തര്‍ജമ ചെയ്തപ്പോള്‍ മഹാകവിയുടെ ശ്രദ്ധയില്‍ പാപിനിയുടെ വൃത്താന്തം വന്നു പെട്ടു; കാരണം പീഡാനുഭവ ആഴ്ചയിലെ വ്യാഴാഴ്ച മദ്ധ്യാഹ്ന യാമത്തിലെ പ്രുമിയോന്റെ പ്രധാന ആശയം പാപിയായ സ്ത്രീ നടത്തിയ തൈലാഭിഷേകവും പാപവിമോചനവുമായിരുന്നു. അങ്ങനെ 1921 ജൂണില്‍ മഗ്ദലനമറിയം അച്ചടി മഷി പൂരണ്ടു.

പ്രുമിയോനും കാവ്യവും

പ്രുമിയോനും കാവ്യവും തമ്മില്‍ വളരെയധികമായ സാമ്യമാണ് പുലര്‍ത്തുന്നത്. പ്രുമിയോനിലെ ആശയങ്ങള്‍ അല്ല ചില പദങ്ങള്‍ പോലും കാവ്യത്തെയും അലങ്കരിക്കുന്നു. അവള്‍ മഹാര്‍ഹമായ തൈലത്തോടും എന്ന പ്രുമിയോനിലെ പരാമര്‍ശം മഗ്ദലനമറിയത്തിലും കാണാം.

പീന്നീടു താന്‍ കൊണ്ടുവന്ന പാത്രത്തിലെ

ദ്ധന്യമഹാര്‍ഹ സുഗന്ധതൈലം

ആശയത്തിലും വര്‍ണ്ണനയിലും അവതരണത്തിലും പ്രുമിയോനും കാവ്യവും പുലര്‍ത്തുന്ന ചില അഭൂതപൂര്‍വ്വമായ സാമ്യം പരിശോധിക്കാം.

സുഗന്ധലേപനം പ്രുമിയോനില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. അമൂല്യമായ-അധര്‍മ്യമായ ദുര്‍വ്യാപാരത്താല്‍ സമ്പാദിച്ചതായ മൂറോന്‍ തൈലം അവള്‍ നിന്തിരുവടിയുടെ ശിരസ്സില്‍ തിരുമെയ്യില്‍ ഒഴുക്കി. കാവ്യത്തിലായപ്പോള്‍,

പീന്നീടു താന്‍ കൊണ്ടുവന്ന പാത്രത്തിലെ

ദ്ധന്യമഹാര്‍ഹ സുഗന്ധതൈലം

തൂകിനാളെമ്പാടും പുക്കളില്‍ത്തൂമണം

പാകിയ കര്‍ത്താവിന്‍ മൂര്‍ദ്ധാവിങ്കല്‍.

പിന്നിട് പ്രുമിയോന്‍ തുടരുന്നു, എല്ലാ ലോകത്തിന്റെയും പാപം വഹിപ്പാന്‍ ത്രാണിയുളള നിന്തിരുവടിയുടെ പരിശുദ്ധങ്ങളായ തൃപ്പാദങ്ങളെ അവള്‍ അശുദ്ധങ്ങളായ കൈകള്‍കൊണ്ട് പിടിച്ച് യാതൊരു മാലിന്യവുമില്ലാത്ത ഊഷ്മളസ്‌നേഹം നിമിത്തം കരഞ്ഞുകൊണ്ട് ചുംബിച്ചു. ദുഃഖം നിറഞ്ഞ കണ്ണുകള്‍കൊണ്ട് അവയെ അഭിഷേചിച്ചു. തൂവാലയ്ക്കു പകരം തലമുടികൊണ്ട് തോര്‍ത്തി. കാവ്യത്തില്‍ ഈ ഭാഗം അവതരിപ്പിക്കുന്നത്,

പങ്കമകന്ന കണ്ണീരാല്‍ക്കഴുകിയ

തങ്കത്തൃക്കാല്കളെത്താഴ്മയോടെ

നേര്‍ത്ത പട്ടിന്നു നേര്‍കണ്ട വാര്‍കൂന്തലാല്‍

തോര്‍ത്തിത്തുടച്ച, വരണ്ടിന്‍മേലും

ചെമ്പവിഴങ്ങള്‍ പതിക്കയായ് കാമിനി

തന്‍ പരിപേലവവായ്മലരാല്‍

ഇന്നു നതാംഗി, നന്‍ വക്ത്രം പവിത്രമായ്

അശുചിയായ വായെന്നു പ്രുമിയോനില്‍ രേഖപ്പെടുത്തിയതു വായ്മലരെന്നു മഹാകവി മാറ്റിയതൊഴിച്ചാല്‍ ആശയത്തില്‍ രണ്ടും ഒത്തു പോകുന്നു. വീണ്ടും പ്രുമിയോനില്‍, എന്റെ നാഥാ മരുഭൂമിയിലെ കൊളളരുതാത്ത കൊളളക്കാരന്റെ കൈയില്‍ പെട്ടിരിക്കുന്നവളും തൃകൈക്കൊണ്ട് സൃഷ്ടിക്കപ്പെട്ടവളുമായ ഈ ദാസിയെ നിന്തിരുവടി കടാക്ഷിക്കണമെ. സൂത്രക്കാരനായ പ്രാപ്പിടിയന്റെ അടുക്കൽനിന്നും ഈ ദാസിയെ വീണ്ടെുടുക്കണമെ. അതിനെ നിന്തിരുവടിയുടെ പഞ്ജരത്തില്‍ സാക്ഷാല്‍ വെണ്‍പിറാവും നിന്തിരുവടിയുടെ ഭവനത്തില്‍ പാതിവ്രത്യമുളള ചെങ്ങാലിപ്പിടയും നിന്തിരുവടിയുടെ ഭവനത്തിനടുക്കല്‍ പ്രിയപ്പെട്ട കുരുകില്‍പ്പിടയുമാക്കിത്തീര്‍ക്കണമെ. പാപസമുദ്രത്തിലും ദോഷക്കയത്തിലും മുങ്ങിക്കിടക്കുന്ന ഇവളെ ഉദ്ധരിക്കണമെ. എന്റെ നാഥാ, വിളിച്ചുകൊള്‍വിന്‍ ഞാന്‍ തുറക്കുമെന്നും യാചിച്ചുകൊള്‍വിന്‍ കിട്ടുമെന്നും നിന്തിരുവടി അരുളിചെയ്തിട്ടുണ്ടല്ലോ. ഇതാ ഞാന്‍ നിന്തിരുവടിയുടെ വാതില്‍ക്കല്‍ മുട്ടുന്നു. വിളി കേള്‍ക്കണമെ. ഞാന്‍ അടിമപ്പെട്ടതുകൊണ്ട് എന്റെ സര്‍വ്വാപരാധവും ക്ഷമിക്കണമെ. 

കാവ്യത്തില്‍ ഈ ആശയം വളരെ പ്രകടമാണ്,

തദ്ഗളത്തിങ്കല്‍നിന്നുദ്ഗതമായ് പിന്നെ

ഗ്ഗദ്ഗദം പൂണ്ടൊരു വീണാഗാനം

നാഥാ തവാജ്ഞകള്‍ കേട്ടു നടക്കാതെ

നാനാപരാധങ്ങള്‍ ചെയ്തുപോയ് ഞാന്‍

ശാസിതാവായോനേ, സര്‍വ്വം ക്ഷമിച്ചു, തന്‍

ദാസിയെത്തൃക്കാല്‍ക്കല്‍ നിര്‍ത്തേണമെ.

മുട്ടുവിന്‍ വാതില്‍ തുറക്കു മെന്നങ്ങുന്നു

പട്ടാങ്ങമായ്‌ചൊന്നതോര്‍ത്തുകൊണ്ടേ

താവകാനുഗ്രഹദ്വാരത്തില്‍ മുട്ടുമീ

പ്പാവത്തിനേകുകിങ്ങുള്‍പ്രവേശം

അല്ലല്‍പ്പെരുങ്കടല്‍ക്കല്ലോലമാലയില്‍-

ത്തെല്ലല്ലലഞ്ഞു കുഴങ്ങുന്നു ഞാന്‍

ഏഴയാമെന്നെക്കരേറ്റുവാന്‍ മറ്റാരു-

ണ്ടാ,ഴിക്കുമീതേ നടന്നവനേ

ലീലയാ കണ്ടു ചിരിപ്പാനായ് വഞ്ചകന്‍

മേലേ വിരിച്ചിട്ട പുല്പരപ്പില്‍

മേയാനായ്‌ച്ചെന്നൊരു പെണ്‍മാന്‍ നിരാലംബ-

യായിതാ, വീണുപോയ് മുള്‍ക്കുഴിയില്‍

-------------------------------

-------------------------------

ദുഷ്ടപ്പരുന്തിന്റെ വായില്‍നിന്നീ ഗതി-

കെട്ട കപോതിയെദ്ദീനബന്ധോ,

അഞ്ജസാ വീണ്ടെടുത്തെന്‍ തിരുമേനി തന്‍

പഞ്ജരം തന്നിലണയ്‌ക്കേണമെ. 

പ്രുമിയോനിലെ ആശയത്തെക്കാള്‍ ബൈബിളിനെതന്നെ കവി ആശ്രിയിക്കുന്ന ഒരു ഭാഗവും ഉണ്ട്.  

പ്രുമിയോനില്‍, സ്ത്രീയെ പൊയ്‌കൊള്‍ക, നിനക്ക് എങ്കല്‍ അതിയായ ഭക്തി തോന്നിയല്ലോ. അതിനാല്‍ നിന്റെ പാപങ്ങളെ ഞാന്‍ ക്ഷമിച്ചിരിക്കുന്നു. 

കാവ്യത്തില്‍,

പൊയ്‌ക്കൊള്‍ക പെണ്‍കുഞ്ഞേ, ദുഃഖം വെടിഞ്ഞു നീ-

യുള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ

അപ്പപ്പോള്‍പ്പാതകം ചെയ്തതിനൊക്കെയു-

മിപ്പശ്ചാത്താപമേ പ്രായശ്ചിത്തം.

നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന ബൈബിള്‍ വാക്യമാണ, നിനക്ക് എന്നില്‍ അതിയായ ഭക്തി തോന്നിയല്ലോ എന്ന പ്രുമിയോനിലെ പരാമര്‍ശത്തെക്കാള്‍ കവിക്ക് തൃപ്തികരമായത്.

പ്രുമിയോനില്‍ ഒരിടത്തും പാപിയായ സ്ത്രീയുടെ പേര് മറിയയാണെന്നു പറയുന്നില്ല. മഗ്ദലനമറിയം പാപിയായ സ്ത്രീയാണെന്നുളള ഒരു പരാമര്‍ശവും പൗരസ്ത്യ സഭാപിതാക്കന്‍മാരുടെ രചനകളില്‍ ഉണ്ടെന്നും തോന്നുന്നില്ല. എന്നാല്‍ കാവ്യത്തില്‍ ഒരിടത്തു മറിയ എന്ന പേര് കവി പരാമര്‍ശിക്കുന്നുണ്ട്. 

കേഴുക കേഴുക മാന്യേ മറിയമേ

കേഴുവോര്‍ക്കാശ്വാസമേകുമീശന്‍

എന്നാല്‍ ആദ്യം കവി എഴുതിയത്,

കേഴുക കേഴുക കേഴമാന്‍ കണ്ണാളെ

കേഴുവോര്‍ക്കാശ്വാസമേകുമീശന്‍ 

എന്നായിരുന്നുവെന്നും ഒന്ന് രണ്ട് പതിപ്പുകള്‍ക്കുശേഷം പുസ്തകത്തിന്റെ പേരിലല്ലാതെ കാവ്യത്തില്‍ നായികയുടെ പേരില്ല എന്ന വിമര്‍ശനത്തെതുടര്‍ന്നാണ് കവി അങ്ങനെ മാറ്റം വരുത്തിയതെന്നും കോരുത് രേഖപ്പെടുത്തുന്നു. 

വളളത്തോള്‍ കാവ്യങ്ങളില്‍ രണ്ട് പേരുകള്‍ പുതുമയല്ലായിരുന്നു. (ഉദാ: ചിത്രയോഗം അഥവാ താരാവലി ചന്ദ്രസേനം, ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം) അങ്ങനെ മഗ്ദലനമറിയം അഥവാ പശ്ചാത്താപമേ പ്രായശ്ചിത്തം രചിക്കപ്പെട്ടു. സുന്ദരകാവ്യം വ്യാപകമായി പ്രചരിക്കപ്പെട്ടു. വാഴ്ത്തപ്പെട്ടു. മലയാള ഖണ്ഡകാവ്യങ്ങള്‍ക്കിടയില്‍ ഒരു ശാശ്വതസ്ഥാനം മഗ്ദലനമറിയം ഉറപ്പിച്ചു.

ഒരു വിമര്‍ശനവും

കാവ്യം വാഴ്ത്തപ്പെട്ടപ്പോഴും അതിലെ ഒരു കല്‍പന വിമര്‍ശനവിധേയമായി. പശ്ചാത്താപവിവശയായി കണ്ണുനീര്‍ പൊഴിച്ചു നീങ്ങുന്ന സ്ത്രീയെ കവി ഒരു മാദകസുന്ദരിയായി അവതരിപ്പിക്കുന്നു.

നീളെയുത്തുംഗമാം മാര്‍ത്തട്ടുലയുന്നു

തോളണിത്തൂവെളളച്ചേലയ്ക്കുളളില്‍

കെട്ടഴിഞ്ഞോമനപൃഷ്ഠഭാഗത്തേയും

മൂടിക്കിടക്കുന്നു, മുഗ്ദ്ധമാം കാര്‍കുഴല്‍

നീടുറ്റ നീലത്തഴയ്ക്കു തുല്യം

വിമര്‍ശനവിധേയമായ ഒരു ഭാഗമാണിത്. പശ്ചാത്താപത്താല്‍ നീറിയ മനസുമായി രക്ഷാസൗധം തേടുന്ന മറിയയില്‍ ഇത്രയേറ മാദകത്വം ആരോപിക്കുന്നത് കവിതയെ അതിന്റെ പൂര്‍ണ്ണലക്ഷ്യം പ്രാപിക്കുന്നതില്‍ നിന്ന് വിലക്കുന്നു എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. 

പ്രൊഫ. ജോസഫ് മുണ്ടശേരി എഴുതിയത്,

പങ്കമകന്ന കണ്ണീരാല്‍ക്കഴുകിയ

തങ്കത്തൃക്കാല്കളെത്താഴ്മയോടെ

നേര്‍ത്ത പട്ടിന്നു നേര്‍കണ്ട വാര്‍കൂന്തലാല്‍

തോര്‍ത്തിത്തുടച്ച, വരണ്ടിന്‍മേലും

ചെമ്പവിഴങ്ങള്‍ പതിക്കയായ് കാമിനി

തന്‍ പരിപേലവവായ്മലരാല്‍

ഇന്നു നതാംഗി, നന്‍ വക്ത്രം പവിത്രമായ്

ഇന്നു നിന്‍ ചുംബനം സ്ഥാനത്തായി

ഇവിടെ കീഴ്വരയിട്ടവരികള്‍ എത്ര മനേഹാരങ്ങളായാലും എത്രയ്ക്കു ഭക്തിഭാവ പരിണാമസൂചകങ്ങളായി ഉദ്ദേശിക്കപ്പെട്ടാലും തല്‍ പൂര്‍വവര്‍ണിതമായ ശൃംഗാരത്തില്‍നിന്നു വായനക്കാരെ വൃപനയിക്കാവാന്‍ മതിയായിട്ടില്ല. മറിയത്തിന്റെ സൗന്ദര്യവും അതിനോടു കവിക്കുളള ആദരാതിശയവും വീണ്ടും തലപൊന്തിക്കും പോലെ തോന്നും...ഓമലാളുടെ ആ തൃക്കഴല്‍ ചുംബിക്കലുമൊക്കെ ആ സൗന്ദര്യാദരത്തെ ഊതിപ്പിടിപ്പിക്കുന്നില്ലെ....ശൃംഗാരത്തില്‍നിന്നൂളിയിട്ടു ഭക്തിഭാവത്തിലേക്കു കടക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ തന്നെയും പശ്ചാത്താപാദികളുടെ വര്‍ണ്ണനയില്‍ വളളത്തോള്‍ പിന്നിലാവാനേ വഴിയുളളു. 

ചുരുക്കത്തില്‍ പശ്ചാത്താപമെന്ന പ്രധാനാശയത്തെ ശൃംഗാരരസപ്രധാന വര്‍ണ്ണനകള്‍ ചെറിയ തോതിലെങ്കിലും പിന്നിലാക്കുന്നു. ആ വിമര്‍ശനം ഉള്‍ക്കൊണ്ട് പരിഗണിക്കുമ്പോഴും മഗ്ദലനമറിയം അതിന്റെ രചനാഭംഗികൊണ്ടും പ്രമേയസൗകുമാര്യംകൊണ്ടും അനശ്വരമായി നിലകൊളളുന്നു. 

വളരെ ചെറിയ ഒരു കഥാസന്ദര്‍ഭത്തെ മാത്രം കൈമുതലാക്കി മഹാകവി നിര്‍മ്മിച്ചെടുത്തത് ഒരു ദന്തഗോപുരമാണ്. മനോഹരമായ ചിത്രവേലകളാല്‍ അലങ്കരിച്ച ആ കമനീയഗോപുരം നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും കറപുരളാതെ, പൊടിപിടിക്കാതെ നിലനില്‍ക്കുന്നു. ഇനിയൊരു നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിനൊട്ടും ന്യൂനത സംഭവിക്കുകയില്ലായെന്നതും സ്പഷ്ടം

അവലംബം

മഗ്ദലനമറിയം. വളളത്തോള്‍ നാരായണമേനോന്‍-വിവിധ പതിപ്പുകള്‍

മഗ്ദലനമറിയം പ്രൊഫ. ജോസഫ് മുണ്ടശേരി

മഗ്ദലനമറിയം ഉത്ഭവചരിത്രം പി.സി. കോരുത്

പീഡാനുഭവാഴ്ചയിലെ പ്രുമിയോന്‍ വിവിധ പതിപ്പുകൾ

യെരുശലേം പാത്രിയർക്കീസ് / ഡെറിൻ രാജു

ക്രൈസ്തവമതത്തിലെ ഏറ്റവും പ്രധാനപെട്ട നഗരമാണ് യെറുശലേം. ക്രിസ്തു ജീവിച്ച്, മരിച്ച്, ഉയിർത്തെഴുന്നേറ്റത് ആ പട്ടണത്തിൽ വച്ചായതിനാലാണ് യെരുശലേമിനു വലിയ സ്ഥാനം ലഭിച്ചത്. യെരുശലേമിൻ്റെ ആദ്യത്തെ  പ്രധാനാചാര്യൻ കർത്താവിൻ്റെ സഹോദരനായിരുന്ന യാക്കോബ് ആയിരുന്നു. ഇദ്ദേഹത്തെയാണ് ഊർശ്ലേമിൻ്റെ ഒന്നാമത്തെ പ്രധാനാചാര്യനും പുണ്യവാനും ശ്ശീഹായും സഹദായുമെന്ന് അഞ്ചാം  തുബ്ദേനിൽ നമ്മൾ ഓർക്കുന്നത്. ആദിമസഭയെ സംബന്ധിച്ച സുപ്രധാനമായ ചില  നിശ്ചയങ്ങൾ കൈക്കൊണ്ടത് ഏ.ഡി 50-ൽ യെരുശലേമിൽ കൂടിയ സമ്മേളനത്തിൽ വച്ചാണ്. യെരുശലേം സുന്നഹദോസ് എന്ന് അത് അറിയപ്പെടുന്നു. മാർ യാക്കോബായിരുന്നു അതിൻ്റെ അദ്ധ്യക്ഷൻ. 

ഏ.ഡി 70-ൽ യെരുശലേം നഗരം നശിപ്പിക്കപ്പെട്ടു. പിന്നീടുള്ള രണ്ടര നൂറ്റാണ്ട് റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവസമൂഹം വളരെയധികം പീഡിപ്പിക്കപ്പെട്ടു. എന്നാൽ 313 ലെ മിലാൻ വിളംബരത്തിലൂടെ ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 

തുടർന്ന് സാമ്രാജ്യത്തിലെ ക്രിസ്തുമതത്തെയും നാലു ഭാഗങ്ങളിലായി വിഭജിച്ചു; നാലു പാത്രിയർക്കീസൻമാരുടെ കീഴിലാക്കി. റോം, അലക്സാന്ത്രിയ, എഫേസൂസ്, അന്ത്യോഖ്യാ. എന്നാൽ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം കുസ്തന്തീനോസ്പോലീസിലേക്ക് മാറ്റിയതിനെത്തുടർന്ന് ഏ.ഡി 381 - ൽ എഫേസോസിലെ സിംഹാസനം കുസ്തന്തീനോസ്പ്പോലീസിലേക്ക് മാറ്റി. 

ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനകേന്ദ്രമായിരുന്നു എങ്കിലും പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ യെരുശലേമിനു ലഭിച്ച സ്ഥാനം വളരെ പരിമിതമായിരുന്നു. കൈസറിയായുടെ മെത്രാപ്പോലീത്തായുടെ കീഴിലുള്ള ഒരു എപ്പിസ്കോപ്പ മാത്രമായിരുന്നു യെരുശലേമിൻ്റെ മേൽപ്പട്ടക്കാരൻ. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യെരുശലേമിന്നു ഒരു പ്രത്യേക പദവി (പാത്രിയർക്കീസ്) നൽകുവാൻ തീരുമാനിച്ചത്. ഹൂദായ കാനോൻ അത് ഇങ്ങനെ രേഖപ്പെടുത്തുന്നു; '' പീലിപ്പോസ് കേസറിയായിലെ മെത്രാപ്പോലീത്തായുടെ അധികാരത്തിനു വിധേയമായി എപ്പിസ്കോപ്പാ സ്ഥാനമുണ്ടായിരുന്ന ഊർശ്ലേമിന് ഇനിമേലിൽ അഞ്ചാമത്തെ പാത്രിയർക്കീസെന്ന ബഹുമതി ഉണ്ടായിരിക്കേണ്ടതും, അവിടുത്തെ മേലധികാരം കേസറിയയിലെ മെത്രാപ്പോലീത്തയ്ക്ക് തന്നെ ഇരിക്കേണ്ടതും  ആകുന്നു.'' (ഏഴാം അദ്ധ്യായം ഒന്നാം ഖണ്ഡിക) അതായത് കേസറിയായുടെ മെത്രാപ്പോലീത്തായുടെ കീഴ്സ്ഥാനി ആയിരിക്കുമ്പോഴും പാത്രിയർക്കീസ് എന്ന് യെരുശലേമിൻ്റെ മേൽപ്പട്ടക്കാരൻ സംബോധന ചെയ്യപ്പെട്ടു.

ഇങ്ങനെ റോമാസാമ്രാജ്യത്തിൽ അഞ്ച് പാത്രിയർക്കേറ്റുകൾ സ്ഥാപിക്കപ്പെട്ടു. എന്നാൽ 451-ലെ കൽക്കദോൻ  സുന്നഹദോസിനോടനുബന്ധിച്ച് സഭയിൽ വിഭജനം സംഭവിച്ചപ്പോൾ വിവിധ സഭകൾ യെരുശലേം പാത്രിയർക്കീസ് എന്ന സ്ഥാനം നിലനിർത്തുവാൻ താൽപ്പര്യം കാണിച്ചു. അന്ത്യോഖ്യ, റോം, ഗ്രീക്ക്, അർമീനിയൻ സഭകൾക്ക് വിവിധ കാലങ്ങളിൽ യെരുശലേമിൽ പാത്രിയർക്കേറ്റുകൾ സ്ഥാപിക്കപ്പെട്ടു.

ഇങ്ങനെ സ്ഥാപിക്കപ്പെട്ട പാത്രിയർക്കേറ്റുകളിൽ അന്ത്യോഖ്യൻ സഭയുടെ കീഴിലുള്ള പാത്രിയർക്കേറ്റിലെ പ്രധാന തലവൻ ഇടക്കാലത്ത് സ്വീകരിച്ചിരുന്ന സ്ഥാനനാമമാണ് ഗ്രീഗോറിയോസ് എന്നത്. സുറിയാനി സഭയിലെ മൂന്നാമത്തെ സ്ഥാനി എന്ന അർഥത്തിലാണ് ഗ്രീഗോറിയോസ് എന്ന നാമം നൽകിയതെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. (ആദ്യ സ്ഥാനമായ പാത്രിയർക്കീസിൻ്റെ സ്ഥാനനാമമായ ഇഗ്നാത്തിയോസിൻ്റെ ആദ്യക്ഷരം സുറിയാനിയിലെ ആദ്യാക്ഷരമായ ഓലാഫും, രണ്ടാമത്തെ സ്ഥാനിയായ മഫ്രിയാനയുടെ സ്ഥാനാമായ ബസേലിയോസിൻ്റെ ആദ്യാക്ഷരം സുറിയാനിയിലെ രണ്ടാമത്തെ അക്ഷരമായ ബേത്തും, യെരുശലേം പാത്രിയർക്കീസിൻ്റെ അദ്യാക്ഷരം സുറിയാനിയിലെ മൂന്നാമത്തെ അക്ഷരമായ ഗോമാലും ആണ്.) ഇടക്കാലത്ത് നിന്നു പോയെങ്കിലും നമ്മൾ ഒന്നാം തുബ്ദേനിൽ അനുസ്മരിക്കുന്നത് ഈ യെരുശലേം പാത്രിയർക്കീസായിരുന്ന മാർ ഗ്രീഗോറിയോസ് എന്ന സ്ഥാനനാമമാണ്.

1665-ൽ മലങ്കരയിൽ എത്തി വടക്കൻ പറവൂർ പള്ളിയിൽ കബറടങ്ങിയ മാർ ഗ്രിഗോറിയോസ് അബ്ദൽ ജലീൽ ഇപ്രകാരമുള്ള ഒരു യെരുശലേം പാത്രിയർക്കീസ് ആയിരുന്നു. ഇദ്ദേഹത്തിനു ആദ്യം നൽകിയ പേര് തീമോത്തിയോസ് എന്നാണു യാക്കോബ് തൃതിയൻ പാത്രിയർക്കീസ് ബാവാ 'ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രത്തിൽ' രേഖപ്പെടുത്തിയിട്ടുണ്ട്.  പാത്രിയർക്കീസ് പദവി നൽകുന്നത് പിന്നീട് നിന്നു പോയെങ്കിലും പിന്നീടും യെരുശലേമിലെ മെത്രാപ്പോലീത്താമാർ ഗ്രീഗോറിയോസ് എന്ന പേര് ഉപയോഗിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ മർക്കോസിൻ്റെ മാളികയുടെ നവീകരണത്തിനായി ധനശേഖരണാർഥം മലങ്കരയിൽ എത്തിയ മാർ ഗ്രീഗോറിയോസ് അബ്ദുൾ നുഹറോയും യെരുശലേമിൻ്റെ മെത്രാപ്പോലീത്താ ആയിരുന്നു. പ. പരുമല തിരുമേനിയോടുണ്ടായിരുന്ന വാത്സല്യത്തെ പ്രതിയാണ് പത്രോസ് തൃതിയൻ പാത്രിയർക്കീസ് അദ്ദേഹത്തിനു  യെരുശലേം പാത്രിയർക്കീസിൻ്റെ സ്ഥാനികനാമമായിരുന്ന ഗ്രീഗോറിയോസ് നൽകിയതെന്നും ഒരു പാരമ്പര്യമുണ്ട്. 

ഗ്രീക്ക്, അർമ്മീനിയൻ സഭകളുടെ പാത്രിയർക്കേറ്റുകൾ  യെരുശലേമിൽ ഇപ്പോൾ ഉണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ റോമൻ സഭയുടെ ലത്തീൻ പാത്രിയർക്കേറ്റ് സ്ഥാപിക്കപ്പെട്ടു. ഇടക്കാലത്ത് പ്രവർത്തനത്തിൽ മാറ്റങ്ങൾ സംഭവിച്ചു എങ്കിലും 19-ാം നൂറ്റാണ്ടിൽ ഇപ്പോഴത്തെ നിലയിൽ പുന:സ്ഥാപിച്ചു. അന്ത്യോഖ്യൻ സുറിയാനി സഭയിൽ പാത്രിയർക്കീസ് എന്ന സ്ഥാനം യെരുശലേമിൻ്റെ മെത്രാപ്പോലീത്തായ്ക്ക് നൽകുന്നുമില്ല എന്നു നേരത്തെ കണ്ടിരുന്നുവല്ലോ. ഇതാണ് യെരുശലേം പാത്രിയർക്കേറ്റിൻ്റെ പൊതുവായ ചരിത്രവും നിലവിലെസ്ഥിതിയും.

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...