Monday, 15 January 2024

ആരാധനാഗീതങ്ങളിലെ ചില വാക്കുകളുടെ അര്‍ത്ഥം

1. നാഥാ നിൻ മൃതിയോർത്തെങ്ങൾ ...

എന്ന ഗീതത്തിൽ മൂലഭാഷയിൽ അവസാന വരി ܥܠ ܟܠܢ ആണ്. on we all (on all of us) (ഞങ്ങൾ എല്ലാവരുടെമേലും) എന്നാണർഥം. അതുകൊണ്ടാകാം ഞങ്ങൾക്കെല്ലാം എന്ന് പാട്ടിൽ വന്നിരിക്കുന്നത്. എന്നും (ഞങ്ങൾക്കെന്നും) എന്നർഥം വരുന്ന വാക്ക് ആ പാട്ടിന്റെ സുറിയാനിയിൽ കണ്ടെത്താനാകുന്നില്ല. ഗദ്യത്തിൽ എഴുതിയിരിക്കുന്നത് ഞങ്ങൾ എല്ലാവരുടെ മേലും .. എന്ന് തന്നെയാണ്. 

2. മൊർയോ മ്റഹമോനോ എന്ന വാക്കിനു കാരുണ്യവാനായ കർത്താവ് (Merciful Lord) എന്നതാണ് ഉചിതമായ തർജമ. റഹമേ = കരുണ (Mercy)

3. Trisagion അവസാനിക്കുന്നത് ദെസ്ത്‌ലബ്ത്ത് ഹ്‌ലോഫയ്ൻ എസ്റഹാമ്മേലൈൻ എന്നാണല്ലോ. അതിന്റെ അർഥം  ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ! ഞങ്ങളോട് കരുണ ചെയ്യണമേ. എന്നാൽ നിറത്തിൽ പാടുമ്പോൾ മിക്കവാറും നിറങ്ങളിൽ ഇത് ശരിയാകാൻ പ്രയാസമുള്ളതു കൊണ്ട് സുറിയാനിയിൽ ദെസ്തലബ്ത്ത് വഫ്റൂക്ക് ലാൻ എന്നും അതിനോട് ചേർന്ന് മലയാളത്തിൽ ക്രൂശേറ്റ് വീണ്ടവനേ എന്നും പാടി വരുന്നു. വീണ്ടെടുത്തവനെ എന്നതിനെ വീണ്ടവനേ എന്ന് ചുരുക്കുന്നത് ഉദ്ദേശിച്ച അർഥം നൽകുമോ എന്നും വ്യക്തമല്ല.  യഥാർഥ കൗമ പാടാനുള്ള പ്രയാസം കൊണ്ടുള്ള ഒരു ക്രമീകരണമായി കണ്ടാൽ മതിയെന്ന് തോന്നുന്നു.

Friday, 29 December 2023

രാവുറങ്ങി ഉണരുന്നത് എപ്പോഴും പുലരിയിലേക്കാണല്ലോ

 ഒരു പലായനമദ്ധ്യത്തിൽ പിറന്നു വീണവന്റെ ജന്മദിനമാണ്.

ഇന്നും ലോകത്ത് പലായനമദ്ധ്യത്തിലും ചെക്ക് പോസ്റ്റുകളിലും പിറന്നു വീഴുന്നത് എത്രയോ കുരുന്നുകളാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇസ്രായേൽ - പാലസ്തീൻ സംഘർഷം രൂക്ഷമായിരുന്ന ഈ നൂറ്റാണ്ടിന്റെ ആദ്യ നാല് വർഷങ്ങളിൽ 61 കുട്ടികളാണ് ചെക്ക് പോസ്റ്റുകളിൽ പിറന്നു വീണത്. അതിൽ 39 - ഉം മരിച്ചു പോവുകയും ചെയ്തു. വീണ്ടും സംഘർഷഭൂമിയായിരിക്കുന്ന പശ്ചിമേഷ്യയിൽ കുരുന്നുകളുടെ നിലവിളികൾ ഉയരുകയാണ്. ലോകമെമ്പാടും, യുദ്ധക്കെടുതികൾ ഉണ്ടാകുന്ന എവിടെയും ഇതൊക്കെ തന്നെയാണ് സാഹചര്യം.
ബേതലഹേം ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുന്നില്ല എന്ന വാർത്തയാണ് ഒടുവിൽ കേട്ടത്. റാഹേൽ മക്കളെച്ചൊല്ലി കരയുന്നു എന്ന് യിരമ്യാവ് എഴുതിയത് 2600 വർഷങ്ങൾക്ക് മുമ്പാണ്. ഇന്നും അത് അവസാനിക്കുന്നില്ല. അഭിനവ ഹെറോദാക്കളുടെ വാളിനിരയാകുന്ന ഓരോ കുഞ്ഞും മനുഷ്യരാശി മുഴുവന്റെയും വേദനയാണ്. കണ്ണിനു പകരം കണ്ണെന്ന നിയമത്തിൽ പോലും കാണാത്തതാണ് ശിശുക്കളുടെയും കുട്ടികളുടെയും ഹത്യ. അത് ഒരു വംശഹത്യ തന്നെയാണ്.
പ്രത്യാശയാണല്ലോ മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഊർജം. ക്രിസ്തുമസ് കാലം പ്രതീഷയുടേതാകട്ടെ. ഈ ലോകത്തിൽ പിറന്ന് വീഴുന്ന ഓരോ കുഞ്ഞും മനുഷ്യനിൽ ദൈവത്തിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടില്ല എന്നതിന്റെ സൂചനയാണെന്ന് ടാഗോർ എഴുതിയിട്ടുണ്ട്. പ്രത്യാശയിൽ സന്തോഷിക്കാൻ പൗലോസും എഴുതിയിട്ടുണ്ടല്ലോ. രാവുറങ്ങി ഉണരുന്നത് എപ്പോഴും പുലരിയിലേക്കാണല്ലോ. ഒരു മഴയും തോരാതിരുന്നിട്ടുമില്ല.
പ്രതീക്ഷകളുടെ ക്രിസ്തുമസ് ആശംസകൾ.
ഡെറിൻ രാജു
25.12.2023

Thursday, 30 November 2023

ബേതലഹേമോളം ചെന്ന് അവനെ കാണുക!

ബേതലഹേമോളം ചെന്ന് അവനെ കാണുക!
ആട്ടിൻക്കൂട്ടത്തിനു കാവൽ കിടന്നവരുടെ ആത്മഗതമാണ്, അവർ അന്യോന്യം പറഞ്ഞതാണിത്.
ആടിന്റെ സുരക്ഷയെന്ന ന്യായം അവരുടെ മുമ്പിൽ നിന്നിരുന്നപ്പോഴും അവരുടെ അധരം മന്ത്രിച്ചത് ബേതലഹേമോളം പോകുക എന്നതാണ്. തങ്ങളുടെ പരാധീനകൾ തങ്ങൾക്കു കിട്ടിയ പ്രത്യാശയെക്കാൾ തൂക്കം കുറവാണെന്ന ഉറപ്പാണ് അവരെ അതിനു പ്രേരിപ്പിച്ചത്.
സുവിശേഷത്തിനുള്ള ഒരുക്കം കാലിനു ചെരുപ്പാക്കാൻ പൗലോസ് എഴുതിയിട്ടുണ്ട്. എന്നാൽ ഇവർ കേട്ട സുവിശേഷം തന്നെ ഇവർക്ക് വേഗം പകർന്ന ചെരുപ്പാകുകയായിരുന്നു. അതിട്ടവർ നടന്നു നീങ്ങിയ വഴി മുമ്പൊരാളും വെട്ടിയതുമായിരുന്നില്ല.
തങ്ങളോട് അറിയിച്ചത് കണ്ടെത്തേണ്ടത് തങ്ങളുടെ ബാധ്യത എന്ന് വിശ്വസിച്ചവരാണ് ദിവ്യസാന്നിധ്യം കണ്ടത്. അവരുടെ യോഗ്യത ഹൃദയത്തിന്റെ നിർമ്മലതയാണന്ന് അന്നവർ കണ്ടവൻ പിന്നീടൊരിക്കൽ ഒരു മലമുകളിൽ വച്ച് പറഞ്ഞിട്ടുമുണ്ടല്ലോ!
ഡെറിൻ രാജു.
യൽദോ നോമ്പാരംഭം. 2023

Wednesday, 29 November 2023

വീണ്ടുമൊരു മംഗളവാർത്താ ദിനം | ഡെറിൻ രാജു



നസറേത്തിലെ ഒരു സാധാരണ യഹൂദ ബാലികയുടെ ചെറുവീടിന്റെ ജനാലയ്ക്കരികിൽ നിന്ന് ഒരു സന്ദേശവാഹകൻ മൃദുലമായി, അയാൾക്ക് ഒട്ടുമേ പരിചയിച്ച് ശീലമില്ലാത്ത വിധേയത്വഭാവത്തിൽ - അനന്യസാധാരണമായ ബഹുമാനത്തോടെ ഒരു കാര്യമറിയിച്ചതിന്റെ; ഒരു സമ്മതമാരാഞ്ഞതിന്റെ, ഓർമ്മപ്പെടുത്തലാണ് മംഗളവാർത്ത ദിനം.

പാശ്ചാത്യ സുറിയാനി ആരാധനാവർഷത്തിൽ ആ ദിനത്തെ വീണ്ടുമോർക്കുന്നൊരു ദിവസമാണ് ക്രിസ്തുമസിനു മുമ്പുള്ള അഞ്ചാമത്തെ ഞായർ.
പേനയോ മഷിയോ കൂടാതെ എഴുതി അയച്ച സമാധാനം നിറയുന്ന ഒരു കത്തെന്ന് ഒരു കവി ആ സന്ദേശത്തെപ്പറ്റി കുറിച്ചു
എന്തിനു മറുപടി പറയേണ്ടി വരുമ്പോഴും വീണ്ടും കേട്ട് മനനം ചെയ്യാനുള്ളതാണ് അവളുടെ മറുപടി. ആ മറുപടി കാലാതിവർത്തിയാകുന്നത് അതിലെ നിഷ്കളങ്കതകൊണ്ടാണ്; അതിലെ നൈസർഗികത കൊണ്ടാണ്. തന്റെ മറുപടി എന്തായാലും അത് ചരിത്രത്തെ നിർണയിക്കുന്ന ഒന്നാണെന്ന ബോധ്യത്തോടെ ആകില്ല അവൾ ആ അറിയിപ്പുകാരനോട് തന്റെ ഒരു സംശയം ഉന്നയിക്കുന്നത്. എന്നാൽ അവന്റെ ധൈര്യപ്പെടുത്തലിലും അവൻ കാട്ടിയ ഉദാഹരണത്തിലും ബോധ്യപ്പെട്ട അവൾ നടന്നടുത്തത് താരതമ്യങ്ങൾക്കപ്പുറമുള്ള ഔന്നത്യത്തിലേക്കാണ്. അതാണ് അവളുടെ മറുപടിയെ വ്യത്യസ്തമാക്കുന്നത്.
അവളുടെ മറുപടി അത്രമേൽ പവർഫുള്ളാകുന്നത്, സവിശേഷമാകുന്നത് അതിലായിരുന്നു മാനവരാശിയുടെ ആകെ പ്രത്യാശയും അടങ്ങിയിരുന്നതു എന്നത് കൊണ്ടുമാണ്.

Friday, 13 October 2023

സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്

John Steinbeck ന്റെ ഒരു പ്രസ്താവനയുണ്ട്: ''All war is a symptom of man's failure as a thinking animal."

കൃത്യമാണത്.
ചിന്തിക്കാനും പരിഹാരം കാണുവാനും സാധിക്കുന്ന മനുഷ്യന് എങ്ങനെയാണ് യുദ്ധം ചെയ്യുവാൻ സാധിക്കുന്നത്? എന്താണതിന്റെ ആവശ്യം? അനാഥരെയും അംഗഹീനരെയും സൃഷ്ടിക്കുന്ന ഒരു യുദ്ധത്തിൽ എന്ത് അളവുകോലാണ് വിജയം നിർണയികുന്നത്?
ഒരു ഭാഗത്ത് മാത്രം ആൾനാശം വരുത്തിയ ഒരു യുദ്ധവും ചരിത്രത്തിലില്ല. ഓരോ യുദ്ധത്തിന്റെയും അവസാനം ബാക്കിയാവുന്നത് വേദനയും ദുരിതവും തീരാത്ത കണ്ണുനീരും മാത്രമാണ്. പ്രതീക്ഷയാകണം നമ്മുടെ മുമ്പിൽ നിൽക്കേണ്ടത്. പ്രതീക്ഷാനിർഭരമായ ഒരു ലോകത്തെയാകണം നമ്മുടെ കുട്ടികൾ കണ്ട് ഉണരേണ്ടത്. യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികളാകരുത് നമ്മുടെ കുട്ടികൾ കണ്ട് വളരേണ്ടത്. കബന്ധങ്ങളുടെ നടുവിൽ അലമുറയിടുന്ന ഗാന്ധാരിയെ കാട്ടിത്തന്ന വ്യാസൻ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആ കെടുതികൾ നമ്മെ ബോദ്ധ്യപ്പെടുത്തിയതാണ്.
യുദ്ധം ഒരിക്കലും ഒരു പരിഹാരമാർഗമല്ല. കുഞ്ഞുങ്ങളോളം യുദ്ധം മുറിവേല്പ്പിക്കുന്നവർ ഇല്ല. തങ്ങൾ എന്തിനു കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന ഓരോ കുഞ്ഞും മനുഷ്യകുലത്തിന്റെ തന്നെ ശാപമാണ്. അനാഥരാക്കപ്പെടുന്ന ഓരോ ബാല്യങ്ങളും മനുഷ്യരാശിയുടെ തന്നെ ബാധ്യതയും വേദനയുമാണ്.
സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്. അസ്തമയത്തിനപ്പുറം ഉദയവും ഇരുട്ടിനപ്പുറം വെളിച്ചവുമുണ്ടെന്ന സനാതന സത്യവും പ്രതീക്ഷയുമല്ലെ നമ്മെ ഭരിക്കേണ്ടത്. പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും സൃഷ്ടിക്കാൻ മനുഷ്യനാകില്ല എന്നും അത് പരിഹരിക്കുന്നത് ആളുകളെ ഇല്ലാതാക്കിയല്ലായെന്നും ഏതു മനുഷ്യനും പഠിക്കേണ്ട പ്രാഥമിക പാഠമാണ്.
- ഡെറിൻ രാജു.

Friday, 29 September 2023

മര്‍ദ്ദീന്‍ യാത്രയുടെ നൂറ് വര്‍ഷങ്ങള്‍ | ഡെറിന്‍ രാജു


ചരിത്രത്തിനു ഒരു ആവര്‍ത്തന സ്വഭാവമുണ്ടെന്നു പറയാറുണ്ട്. മലങ്കരസഭാ തര്‍ക്കത്തിന്‍റെ കാര്യത്തിലെങ്കിലും അത് ഒരു വലിയ പരിധി വരെ ശരിയാണ്. തര്‍ക്കവും ഭിന്നതയും കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കാലത്തെ മലങ്കരസഭാചരിത്രത്തിന്‍റെ സിംഹഭാഗവും അപഹരിച്ചതാണ്. എന്നാല്‍ എപ്പോഴെല്ലാം തര്‍ക്കവും ഭിന്നതയും ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ അത് പരിഹരിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. 

അന്ത്യോഖ്യന്‍ സഭയുടെ അധീശത്വ മനോഭാവവും അതിനോട് വിധേയത്വം പുലര്‍ത്തിയ മലങ്കരയിലെ ഒരു വിഭാഗത്തിന്‍റെ താല്‍പര്യങ്ങളും ഇരുപതാം നൂറ്റാണ്ടിലെ ഭിന്നതയുടെ പ്രധാന കാരണമായിരുന്നു. 1911-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അബ്ദുള്ളാ രണ്ടാമന്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിനെ അകാരണമായും അകാനോനികമായും മുടക്കിയത് ഭിന്നത രൂക്ഷമാക്കി. അതിനു മുമ്പ് ഭിന്നത ഏറെയും ആശയപരമായിരുന്നെങ്കില്‍ മുടക്ക് ഭിന്നതയെ വ്യവസ്ഥാപിതമാക്കി. പാത്രിയര്‍ക്കീസ് അനുകൂലവിഭാഗവും (ബാവാ കക്ഷി) മെത്രാപ്പോലീത്താ അനുകൂലവിഭാഗവും (മെത്രാന്‍ കക്ഷി) അസോസിയേഷനുകള്‍ വിളിച്ചുകൂട്ടുകയും സമുദായത്തിനായി ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. കേസുകളും ആരംഭിച്ചു. ഇതില്‍ പ്രധാനമായത് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ വട്ടിപ്പണത്തിന്‍റെ പലിശ വാങ്ങുന്നതിനെതിരെ പാത്രിയര്‍ക്കീസ് പക്ഷം നല്‍കിയ കേസാണ്. തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് വീരരാഘവയ്യങ്കാര്‍ പുറപ്പെടുവിച്ച വിധി പൂര്‍ണമായും മാര്‍ ദീവന്നാസിയോസിനു എതിരായിരുന്നു. പാത്രിയര്‍ക്കീസ് പക്ഷത്തിനു പൂര്‍ണവിജയം നല്‍കിക്കൊണ്ട് മുടക്കിനെ അനുകൂലിച്ച് പുറപ്പെടുവിച്ച വിധി അംഗീകരിക്കാനോ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി പാത്രിയര്‍ക്കീസിനു വിധേയപ്പെടാനോ മെത്രാപ്പോലീത്തായോ അദ്ദേഹത്തെ അനുകൂലിച്ച ഭൂരിപക്ഷമോ തയ്യാറായില്ല. പിളര്‍പ്പായിരുന്നു മുന്നില്‍ ശേഷിച്ച മാര്‍ഗം. എന്നാല്‍ ഭിന്നത ഒഴിവാക്കാന്‍ ഒരു അവസാനശ്രമമെന്ന നിലയിലാണ് തന്‍റെ വൃദ്ധതയില്‍, കാഴ്ച തീരെ മങ്ങിയ ഘട്ടത്തില്‍ അതിസാഹസികമായ ഒരു യത്നത്തിനു വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തയ്യാറായത്. 

ഭിന്നത രൂക്ഷമാക്കേണ്ടതില്ല എന്ന് കരുതി 1913-ല്‍ ഒന്നാം കാതോലിക്കാ കാലം ചെയ്തിട്ട് പത്തു വര്‍ഷമായിരുന്നെങ്കിലും ഒരു പുതിയ കാതോലിക്കായെ തിരഞ്ഞെടുത്തിരുന്നുമില്ല. അതുകൊണ്ട് തന്നെ വിധി വന്നപ്പോള്‍ പരാജയപ്പെട്ടതുകൊണ്ടാണോ മാര്‍ ദീവന്നാസിയോസ് മര്‍ദ്ദീന്‍ യാത്രയ്ക്ക് ഒരുങ്ങിയത് എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല യാത്ര തുടങ്ങുന്ന സമയത്ത് കുണ്ടറ വച്ച് സംശയത്തിനിടയുണ്ടാകാത്തവണ്ണം വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. "... യാത്രോദ്ദേശ്യത്തെപ്പറ്റി പലരും പല വിധത്തില്‍ ഊഹിക്കുന്നു. വ്യവഹാരത്തില്‍ തോറ്റതു മൂലമുണ്ടായ ദുഃഖം തീര്‍ക്കാന്‍ വിദേശസഞ്ചാരത്തിനു പുറപ്പെട്ടിരിക്കുകയാണ്. വല്ല കാരണവും പറഞ്ഞ് യെരുശലേമില്‍ എത്തി ശിഷ്ടായുസ്സ് അവിടെ കഴിക്കാന്‍ പുറപ്പെടുകയാണ്. പാത്രിയര്‍ക്കീസിനെ കണ്ട് യഥാര്‍ഥങ്ങളെല്ലാം ധരിപ്പിച്ചിട്ടും നിഷ്പക്ഷനിലയില്‍ ഒന്നും ചെയ്യാത്തപക്ഷം ഏതെങ്കിലും കിഴക്കന്‍ സഭയില്‍ ചേരണമെന്നാണുദ്ദേശ്യം, എന്നീ വിധത്തില്‍ പോകുന്നു ഊഹാപോഹങ്ങള്‍. പാത്രിയര്‍ക്കീസിനെ കണ്ട് ഇപ്പോഴത്തെ കുഴപ്പങ്ങളും അവയുടെ യഥാര്‍ഥ കാരണങ്ങളും നേരിട്ട് ധരിപ്പിക്കണമെന്ന് മാത്രമാണ് നമ്മുടെ യാത്രയുടെ ഉദ്ദേശ്യം എന്ന് തെളിവായിത്തന്നെ പറഞ്ഞുകൊള്ളട്ടെ..." (മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസിന്‍റെ നിത്യാക്ഷരങ്ങള്‍, മൂന്നാം വാള്യം). 

1923 ജൂണ്‍ 23-നു കുണ്ടറയില്‍ നിന്ന് ആരംഭിച്ച മര്‍ദ്ദീന്‍ യാത്ര അഞ്ച് മാസങ്ങള്‍ക്കു ശേഷം നവംബര്‍ 30-ന് ഷൊര്‍ണ്ണൂരില്‍ അവസാനിച്ചു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഹയാത്രികരായി പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍, ചെറിയമഠത്തില്‍ സ്ക്കറിയ മല്പാന്‍, മാര്‍ ദീവന്നാസിയോസിന്‍റെ പരിചാരകരായ അയ്പ്പ്, കുന്നംകുളം സ്വദേശി വാറു എന്നിവരായിരുന്നു മര്‍ദ്ദീന്‍ യാത്രയില്‍ ഉണ്ടായിരുന്നത്. അത്യന്തം ക്ലേശകരവും സാഹസികവുമായ ആ ദൗത്യത്തിനു നൂറ് വര്‍ഷങ്ങള്‍ ആവുകയാണ്. പില്‍ക്കാലത്ത് പലരും ആ ദൗത്യം പല രീതിയില്‍ തുടര്‍ന്നു. മര്‍ദ്ദീനു പകരം ഹോംസോ ലെബനോനോ ഒക്കെ ആയി എന്നു മാത്രം. അതാണ് ആദ്യമേ ചരിത്രത്തിന്‍റെ ആവര്‍ത്തന സ്വഭാവത്തെപ്പറ്റി എഴുതാനുള്ള കാരണവും. 

കുണ്ടറയില്‍ ആരംഭിച്ച യാത്ര ബോംബെയില്‍ നിന്ന് ബസ്രായിലേക്കു കപ്പല്‍ വഴിയും ബസ്രായില്‍ നിന്ന് ബാഗ്ദാദിലേക്കു തീവണ്ടി വഴിയും ആയിരുന്നു. മൊസൂളില്‍ എത്തിയത് കാറിനായിരുന്നു. നന്നേ അപരിഷ്കൃതവും അവികസിതവുമായ മര്‍ദ്ദീനില്‍ നിരവധി വെല്ലുവിളികളാണ് മാര്‍ ദീവന്നാസിയോസും കൂടെയുള്ളവരും നേരിട്ടത്. കള്ളന്മാര്‍ ഉള്‍പ്പെടെയുള്ളവരെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. എങ്കിലും പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയനെ കാണുവാനും മലങ്കരയിലെ വിഷയങ്ങള്‍ അവതരിപ്പിക്കുവാനും സന്ധിവ്യവസ്ഥകള്‍ സംസാരിച്ചു ഉറപ്പിക്കുവാനും സാധിച്ചു. പാത്രിയര്‍ക്കീസ് തന്നെ നേരിട്ട് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ മുടക്ക് തീര്‍ത്തിരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മുടക്ക് യഥാര്‍ത്ഥത്തില്‍ തന്നെ ബാധിച്ചു എന്ന് അശേഷവും മാര്‍ ദീവന്നാസിയോസ് ചിന്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് മുടക്കിനുശേഷവും അദ്ദേഹം പട്ടം കൊടുക്കുക വരെ ചെയ്തിരുന്നത്. എന്നാല്‍ മുടക്ക് സഭാ യോജിപ്പിന് ഒരു പ്രതിസന്ധിയായി സഭാതലത്തില്‍ നിലനിന്ന ഘട്ടത്തില്‍ ആ മുടക്ക് ഒഴിവായാല്‍ ഭിന്നതയും ഒഴിവാകും എന്നദ്ദേഹം ചിന്തിച്ചതില്‍ തെറ്റ് പറയാനാകില്ലല്ലോ. പാത്രിയര്‍ക്കീസിന്‍റെ മുടക്ക് തീര്‍ത്തതായ പ്രസ്താവന നടന്നതിന്‍റെ പിറ്റേ ദിവസം നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില്‍ മാര്‍ ദീവന്നാസിയോസ് കാപ്പാ ധരിച്ച് പാത്രിയര്‍ക്കീസിനോടൊപ്പം സംബന്ധിക്കുകയും ചെയ്തു. തന്‍റെ പ്രായാധിക്യവും മരുഭൂമിയിലെ ഉഷ്ണവും മാര്‍ ദീവന്നാസിയോസിനെ നന്നേ ക്ഷീണിപ്പിച്ചുവെങ്കിലും സമുദായത്തിലെ ഭിന്നത തീരാന്‍ പോകുന്നു എന്ന ചിന്ത അദ്ദേഹത്തെ ഉത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. മലങ്കരയില്‍ നിന്ന് ആളുകള്‍ എത്തിയ ഉടനെ മുടക്ക് തീര്‍ത്തു കല്പന പാത്രിയര്‍ക്കീസ് കൊടുത്തു എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. 1924 മകര മാസം 9-നു മാര്‍ ദീവന്നാസിയോസ് പരുമല സെമിനാരിയില്‍ നിന്ന് അയച്ച കല്പനയില്‍ കാണുന്നത് ശീമയില്‍ എത്തിയശേഷം 47 ദിവസങ്ങള്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍ നിന്നുള്ള സംഘത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയോ അവയ്ക്കു ചെവികൊടുക്കുകയോ ചെയ്തില്ലായെന്നാണ്. മാര്‍ ദീവന്നാസിയോസിന്‍റെ കൂടെ സഹകാര്‍മികത്വത്തില്‍ നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില്‍ സ്ഥാനം പ്രാപിച്ച ഒരാള്‍ നേരത്തെ മലങ്കരയില്‍ ഉണ്ടായിരുന്ന ഏലിയാസ് റമ്പാനായിരുന്നു. ഇദ്ദേഹം മാര്‍ യൂലിയോസ് എന്ന പേരിലാണ് മെത്രാന്‍ സ്ഥാനം പ്രാപിച്ചത്. മുടക്ക് തീര്‍ത്ത കല്പന പാത്രിയര്‍ക്കീസ് ഇദ്ദേഹത്തെയാണ് ഏല്പിച്ചത്. മൊസൂളില്‍ നിന്ന് ഒക്ടോബര്‍ 31-നു അയച്ച ടെലഗ്രാം സന്ദേശത്തില്‍ ഇത് പറയുന്നുണ്ട്. തുടര്‍ന്ന് സംഘം മലങ്കരയിലേക്ക് തിരിച്ചുപോന്നു. മാര്‍ യൂലിയോസും കൂടെ ഉണ്ടായിരുന്നു. മാര്‍ യൂലിയോസും മലങ്കരയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ കോട്ടയം ചെറിയപള്ളി, നിരണം പള്ളി തുടങ്ങിയ പല ദൈവാലയങ്ങളും അദ്ദേഹത്തെ മലങ്കരയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടെലഗ്രാം സന്ദേശങ്ങള്‍ അയയ്ക്കുകയുണ്ടായി. നവംബര്‍ 30-നു സംഘം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ആര്‍ക്കോണത്തു വച്ച്  കല്‍പ്പന കാണണമെന്ന് മാര്‍ ദീവന്നാസിയോസ് ആവശ്യപ്പെട്ടതനുസരിച്ച് മാര്‍ യൂലിയോസ് കല്‍പന ചെറിയമഠത്തില്‍ മല്‍പ്പാനെ ഏല്‍പ്പിക്കുകയും മല്‍പ്പാന്‍ അത് വായിക്കുകയും ചെയ്തുവെന്നും തങ്ങള്‍ അത് കേട്ടു എന്ന് ഗിരിദീപത്തില്‍ മാര്‍ ഈവാനിയോസ് എഴുതിയിട്ടുണ്ട്. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് മുടക്കു തീര്‍ത്ത കല്‍പ്പനയുടെ കാര്യം ആളുകള്‍ മാര്‍ യൂലിയോസിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം കല്പന കാണിക്കുവാനോ വായിച്ചു കേള്‍പ്പിക്കുവാനോ തയ്യാറാകാതെ മുടക്ക് തീര്‍ത്ത കല്പന തന്‍റെ കൈവശമുണ്ടെന്നും മുടക്ക് തീര്‍ത്തു എന്ന വാര്‍ത്ത കേട്ട് വന്ന നിങ്ങള്‍ക്ക് അങ്ങനെ വിശ്വസിച്ച് തന്നെ മടങ്ങിപ്പോകാം എന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ആ കല്പന പുറത്തു വന്നില്ല. അത് മാത്രമല്ല, മുടക്ക് തീര്‍ത്തില്ലായെന്നും അബ്ദേദ് മശിഹായുടെ സ്ഥാനത്തെ നിഷേധിക്കണം, ഉടമ്പടി കൊടുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കല്പനയില്‍ ഉണ്ടെന്നുമൊക്കെയുളള പ്രചാരണങ്ങള്‍ യൂലിയോസും മറ്റും ആരംഭിക്കുകയും ചെയ്തു. സമാധാനം വീണ്ടും മരീചികയായി തീര്‍ന്നു. ഏതൊരാളും അസ്തപ്രജ്ഞനായി പോകാവുന്ന ഈ സാഹചര്യത്തിലാണ് മാര്‍ ദീവന്നാസിയോസിലെ യഥാര്‍ഥ നേതാവ് ഉണര്‍ന്നത്. 12 വര്‍ഷമായി നീട്ടിവച്ചിരുന്ന കാതോലിക്കാ സ്ഥാനാരോഹണം സഭയുടെ ഭാവിയെ കരുതി നിര്‍വഹിക്കുവാന്‍ അദ്ദേഹം തയ്യാറായി. കോട്ടയം, അങ്കമാലി ഇടവകകളുടെ ഗീവറുഗീസ് മാര്‍ പീലക്സിനോസിനെ ബസേലിയോസ് ഗീവറുഗീസ് പ്രഥമന്‍ എന്ന പേരില്‍ മലങ്കരയുടെ സുന്നഹദോസ് പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. വട്ടിപ്പണക്കേസ് വിധിക്കെതിരെ മാര്‍ ദീവന്നാസിയോസ് റിവ്യൂ ഹര്‍ജി കൊടുക്കുകയും ചീഫ് ജസ്റ്റിസ് ചാറ്റ്ഫീല്‍ഡ് അധ്യക്ഷനായ ബഞ്ച് മാര്‍ ദീവന്നാസിയോസിനു അനുകൂലമായി തീര്‍പ്പ് കല്പിക്കുകയും ചെയ്തു. 

മാര്‍ ദീവന്നാസിയോസിന്‍റെ മര്‍ദ്ദീന്‍ യാത്ര ഈ നൂറാം വര്‍ഷം അനുസ്മരിക്കപ്പെടേണ്ടത് പരാജയപ്പെട്ട ഒരു ദൗത്യമെന്ന നിലയിലല്ല. തന്‍റെ ഉദ്യമത്തില്‍ മാര്‍ ദീവന്നാസിയോസ് ജയിക്കുക തന്നെയാണുണ്ടായത്. എന്നാല്‍ അതിലുപരി സഭ ഭിന്നിക്കപ്പെടരുതെന്നുള്ള മാര്‍ ദീവന്നാസിയോസിന്‍റെ താല്പര്യവും നിര്‍ബന്ധവും അതിനായി എത്ര വലിയ പ്രതിസന്ധിയെയും നേരിടാന്‍ അദ്ദേഹം തയ്യാറായി എന്നതുമാണ് ഓര്‍ക്കപ്പെടേണ്ടത്. എന്നാല്‍ മറുപക്ഷത്തു നിന്ന് അതിനനുകൂലമായ താല്പര്യം കാണാതിരുന്നപ്പോള്‍ ഒരു നിമിഷം വൈകാതെ സഭയുടെ മുന്നോട്ടുപോക്കിനു വേണ്ടത് ചെയ്യാന്‍ അദ്ദേഹം തയ്യാറായി എന്നതും സ്മരിക്കപ്പെടേണ്ടതാണ്. അത് ഇന്നും പ്രസക്തവുമാണ്.

(The Sunday School, January - June, 2023)

Monday, 21 August 2023

അണയുന്നത് ധാര്‍മ്മികതയുടെ വിളക്കുമരം

തന്റെ ജീവിതം എത്രമേൽ മൃദുലവും സൗമ്യവുമായിരുന്നോ അത്ര തന്നെ ശാന്തമായ ഒരു വിടവാങ്ങലിലൂടെ മാർ അന്തോണിയോസ് തന്റെ ജനത്തോട് ചേരുമ്പോൾ അണയുന്നത് ധാർമ്മികതയുടെ ഒരു വിളക്കുമരമാണ്, കാലത്തിനൊത്ത് പായാതെ നിലകൊണ്ട ഒരൊറ്റയടിപ്പാതയാണ്.

മതനിന്ദയാക്ഷേപിച്ച് നസറായനെ പിടിച്ചു കൊണ്ട് പോയവരെ പിൻപറ്റിയ പത്രോസ് ആ രാത്രിയിൽ പുരോഹിതന്റെ ഭവനത്തിനു സമീപം തീകാഞ്ഞിരുന്നവരുടെ ചോദ്യത്തിനോട് "ഞാൻ അവനെ അറിയില്ല" എന്ന് പ്രതികരിച്ചപ്പോൾ അവന്റെ ഗുരു അവനെ ഒന്നു നോക്കുന്നുണ്ട്. ഒരക്ഷരം ഉരിയാടാതെ നോക്കിയ ആ നോട്ടം മതിയായിരുന്നു അവനു തന്നെ തിരുത്താൻ. ആ തിരുത്തലാണ് ഇന്നില്ലാതായിരിക്കുന്നത്. ആ അനാഥത്വമാണ് സഭ ഇതി നേരിടുവാൻ പോകുന്നത്.
വിളിയും സാക്ഷ്യവും നഷ്ടപ്പെടുമ്പോൾ ദിശ തെറ്റാതെ നിലനിർത്താൻ ശ്രമിച്ച ഒരു നങ്കൂരമാണ് ഇല്ലാതാകുന്നത്. നസറായൻ പറഞ്ഞ അകക്കാമ്പ് എല്ലാ ആഡംബരങ്ങളെക്കാളും പുറംമോടികളെക്കാളും പ്രധാനമെന്ന് പഠിപ്പിച്ച ഗുരുവാണ് മറയുന്നത്.
ഡെറിൻ രാജു
20.08.2023

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...