Thursday, 28 March 2024

അന്തിമ പെസഹായോട് ചെയ്ത‌ത്... | ഡെറിൻ രാജു

പെസഹാ വ്യാഴാഴ്‌ച രാത്രി നമസ്‌കാരത്തിൻ്റെ ഒന്നാം കൗമായുടെ അവസാന ഗീതമാണ് തുബൈക്ക് ഒ‌ലോക്... എന്ന് സുറിയാനിയിൽ ആരംഭി ക്കുന്ന അന്തിമ പെസഹാ സന്ധ ഭാഗ്യം എന്ന ഗീതം. എം.ഓ.സി പബ്ലിക്കേഷൻസ് 2006-ലും 2011-ലും പ്രസിദ്ധീകരിച്ച ഈ ഗീതത്തിന്റെ അവസാന വരിയിൽ വന്ന വ്യത്യാസം ശ്രദ്ധിക്കുക.

സോദരമകുടം-പുഷ്പകചക്രം

സു-തനൊടു ചേർത്തോ-രി-ടമേ! ഭാഗ്യം സൗരഭ്യത്താ-തിലൊരു കുസുമം സ-വിശേഷമതാം-നി-ശ്ചല കുസുമം കുസുമങ്ങൾ സർവം ശ്രേ-ഷ്ഠം പാവനമാം കുസുമം വീ-ണു സൗരഭ്യം പൊയ്പ്‌പോയ് 

(2006 പതിപ്പ്- അതിനു മുമ്പുള്ള പതിപ്പുകളിലും)

സോദരമകുടം-പുഷ്പകചക്രം സു-തനൊടു ചേർത്തോ-രി-ടമേ! ഭാഗ്യം സൗരഭ്യത്താ-തിലൊരു കുസുമം സ-വിശേഷമതാം-നി-ശ്ചല കുസുമം കുസുമങ്ങൾ സർവം ശ്രേ-ഷ്ഠം പാവനമാം കുസുമം വീ-ണു പങ്കിലമായൊരു കുസുമം വീണു സൗ-രഭ്യം പൊയ്‌പോയ് 

(2011 പതിപ്പ്- അതിനു ശേഷമുള്ള പതിപ്പുകളിലും)

2006 പതിപ്പിൽ അവസാന വരിയിൽ പരിശുദ്ധമായ ഒരു പൂവ് വീണു. അതിന്റെ സുഗന്ധം നഷ്ടപ്പെടുത്തി എന്നാണ്. എന്നാൽ 2011 -ലെ പതിപ്പിലേക്ക് വരുമ്പോൾ പരിശുദ്ധ മായ ഒരു പൂവ് വീണു, അശുദ്ധമായ ഒരു പൂവ് വീണു. അതിന്റെ സുഗന്ധം നഷ്ടപ്പെടുത്തി എന്നാകുന്നു. ഇവിടെ രണ്ട് പൂവുകളെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ ഒരു പൂവിന് പാവന വും പങ്കിലവുമാകാൻ കഴിയില്ലല്ലോ. എന്താണ് മൂലഭാഷയിൽ കാണുന്നത് എന്നു നോക്കാം.

ܟܰܕ ܟܽܠܗܽܘܢ ܦܰܩ̈ܚܶܐ ܗܰܘܘ ܡܫܰܒ̈ܚܶܐ

ܗܰܒܳܒܳܐ ܩܰܕܺܝܫܳܐ ܪܓܺܝܓ ܗܘܐ

ܢܦܰܩ ܡܶܢ ܬܰܡܳܢ. ܙܺܝܙܳܢܳܐ ܡܙܰܗܡܳܐ

ܘܥܰܡܶܗ ܢܦܰܩ ܪܺܝܚܶܗ܀

(തർജമ: എല്ലാ പുഷ്‌പങ്ങളും മഹത്തരങ്ങളായിരുന്നെങ്കിലും ഒരു പരിശുദ്ധവും ആഗ്രഹിക്കത്തക്ക തു (സുന്ദരവുമായ പുഷ്പം വീണു കളയോട് ചേരുകയും അതിന്റെ സൗരഭ്യം നഷ്ടപ്പെടുത്തു കയും ചെയ്തു.)

ബഹു. ഡോ. ബേബി വറുഗീസച്ചൻ തർജമ ചെയ്‌തതും എം. ഓ. സി പ്രസിദ്ധീകരിച്ചതുമായ Prayers of the Holy week (2011)' എന്ന പുസ്‌തകത്തിൽ കാണുന്ന തർജമ: Though all were glorious flowers, one holy and beautiful flower left and (associated to) 'stinking tare' and lost its fragrance. ഇവിടെയെങ്ങും പൂവ് അശുദ്ധമായതാണെന്ന സൂചനയോ പ്രയോഗമോ ഇല്ല. മറിച്ച് പരിശുദ്ധമായ പൂവ് തന്നെയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.

ശ്ലീഹൻമാരുടെ വിശുദ്ധ പദവിയിൽ നിന്ന് യൂദാ താഴേക്ക് പതിക്കുകയും ക്രൂശക രോട് (കളകളോട്) ചേർന്ന് അവൻ്റെ സൗരഭ്യം നഷ്ടപ്പെടുത്തി എന്നുമാകാം ഈ ഭാഗം സൂചിപ്പിക്കുന്നത്. കള എന്നതിനു സുറിയാനിയിൽ ഉപയോഗിച്ചിരിക്കുന്ന പദം കർത്താവ് സ്വർഗരാജ്യത്തെക്കുറിച്ച് പറഞ്ഞ ഉപമയിൽ ദുഷ്ടൻ വിതച്ച കളയെ സൂചിപ്പിക്കുവാൻ സുറിയാനി ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന അതേ പദമാണ് (മത്തായി 13:25).

MGOCSM പ്രസിദ്ധീകരിച്ചിരുന്ന സമയത്തെ (1985 നു മുമ്പ്) ചില പതിപ്പുകളിലും പങ്കിലമായൊരു കുസുമം വീണു എന്നുണ്ട്. ഒരുപക്ഷേ അത് തെറ്റായതിനാൽ ഇടക്കാലത്ത് മാറ്റിയത് പിന്നീട് പഴയ പുസ്തകം വച്ച് പ്രൂഫ് നോക്കിയപ്പോൾ തിരികെ എത്തിയതാകും. ചുരുക്കത്തിൽ പങ്കിലമായൊരു കുസുമം വീണു എന്ന് 2011 മുതലെങ്കിലുമുളള പതിപ്പുകളിൽ ചേർത്തിരിക്കുന്ന വരി ആശയത്തോടോ മൂലഭാഷയോടോ ചേർന്നു പോകുന്ന ഒന്നല്ല. കൃത്യമായ അന്വേഷണമോ പഠനമോ നടത്താതെ ചേർത്ത ഒരു വരിയാണിത്. അങ്ങനെ ചേർത്ത വരി അതിനു മുമ്പു വരുന്ന വരിയോടു പോലും ചേർന്നു പോകുന്നതുമല്ല. പങ്കിലമായ അവസ്ഥയിലേക്ക് പരിശുദ്ധമായ പുഷ്പം എത്തിയെന്ന ആശയം നൽകുവാൻ സാധിച്ചിരുന്നെങ്കിലും നന്നാകുമായിരുന്നു. ആരാധനാക്രമങ്ങൾ പരിഷ്ക്കരിക്കുന്നത് കൂടുതൽ അവധാനതയോടെ ചെയ്യണമെന്നത് ഈ പരിഷ്ക്കാരം ഓർമ്മിപ്പിക്കുന്നു.

Monday, 26 February 2024

തോമാവബോധം

മലങ്കര നസ്രാണികളുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ തോമാവബോധമാണ്. അത് കാലാതിവർത്തിയും ചൈതന്യവത്തുമായ ഒരു സ്മരണയാണ്. സൗരഭ്യവാസനയാകുന്ന ഓർമ്മകളെപ്പറ്റി സുറിയാനിക്കാരുടെ ആരാധാനാസാഹിത്യത്തിൽ ധാരാളം പരാമർശങ്ങളുണ്ട്. അതുപോലെ  സുഗന്ധവാഹിനിയായ ഒരോർമ്മ. 

ഒരു ഓർമ്മയും പേരും എങ്ങനെയാണ് തലമുറകളെ സ്വാധീനിക്കുക? അധീശത്വ വാഴ്ചകൾക്കും പ്രളയങ്ങൾക്കും കൊടുങ്കാറ്റുകൾക്കും ക്ഷാമ-പഞ്ഞങ്ങൾക്കും തകർക്കാനാകാതെ നസറായനിലേക്കുള്ള ഒരു ദിശാസൂചിയായി, വഴി കാട്ടുന്ന ഒരു വിളക്കുമരമായി എങ്ങനെയാണ് അതിന് നിലനിൽക്കാനാകുക? അത്രയേറെ നസ്രാണികളുടെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഒരു പേരാണ് ഗലീലക്കാരനായ തോമയുടേത്;  നസ്രാണികളുടെ മാർത്തോമ.

ചങ്ങാടങ്ങളിലും വള്ളപ്പടികളിലും മലഞ്ചെരിവുകളിലും ഇരുന്ന് ഒരുവൻ പറഞ്ഞ കാലാതിവർത്തിയായ ദർശനങ്ങളെ ആയിരം കാതങ്ങൾക്കിപ്പുറം ഈ മണ്ണിൽ നട്ട് നനച്ച് ഇവിടുറങ്ങി, നസ്രായൻ്റെ സ്നേഹമതത്തിനു, അവൻ്റെ വിപ്ലവാശയങ്ങൾക്കു ഒരു ഇടമുണ്ടാക്കി കടന്നു പോയവൻ്റെ പൈതൃകമാണ് നസ്രാണികളുടെ സ്വത്വബോധത്തെ നിർവചിച്ചത്. 

ബഥാന്യയിലേക്കുള്ള യാത്ര ആപത്ക്കരമെന്ന് കണ്ട് പരിഭ്രമിച്ച തൻ്റെ സഖാക്കളോട് 'അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക' യെന്നു പറഞ്ഞു ധൈര്യപ്പെടുത്തുയവൻ്റെ ഉറപ്പാണ്, സ്ഥൈര്യമാണ്, ഏതു പോരാട്ടത്തെയും ശക്തീകരിക്കുന്ന ഉൾപ്രേരകം. അതിനോളം വലിയൊരു ആഹ്വാനമോ  പ്രത്യാശ നിറഞ്ഞ പ്രോത്സാഹനമോ ഇല്ല. 

കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അകലെ വിദൂരതയിൽ കാണുന്ന ഒരു ചെറു പൊട്ടു പോലെയോ ചക്രവാളത്തിൻ്റെ അങ്ങേ കോണിലേക്ക് പറന്നമരുന്ന ഒരു ചെറുപക്ഷിയെ പോലെയോ പോലും അറിയാത്ത ഒരു ഭൂപ്രദേശത്തേക്ക് കടന്നു വന്ന്, ഇവിടെയടങ്ങിയവനെ ഓർക്കുന്ന ഏത് സന്ദർഭവും ഒരു കൃതജ്ഞതയാണ്. ആ ഓർമ്മയെ മറന്നു കളയുന്നയത്ര കൃതഘ്നതയും വേറൊന്ന് നസ്രാണിക്കില്ല.


ഡെറിൻ രാജു

പൈതൃക മഹാസമ്മേളനത്തിൻ്റെ പിറ്റേന്ന്

26-02-2024

Monday, 15 January 2024

ആരാധനാഗീതങ്ങളിലെ ചില വാക്കുകളുടെ അര്‍ത്ഥം

1. നാഥാ നിൻ മൃതിയോർത്തെങ്ങൾ ...

എന്ന ഗീതത്തിൽ മൂലഭാഷയിൽ അവസാന വരി ܥܠ ܟܠܢ ആണ്. on we all (on all of us) (ഞങ്ങൾ എല്ലാവരുടെമേലും) എന്നാണർഥം. അതുകൊണ്ടാകാം ഞങ്ങൾക്കെല്ലാം എന്ന് പാട്ടിൽ വന്നിരിക്കുന്നത്. എന്നും (ഞങ്ങൾക്കെന്നും) എന്നർഥം വരുന്ന വാക്ക് ആ പാട്ടിന്റെ സുറിയാനിയിൽ കണ്ടെത്താനാകുന്നില്ല. ഗദ്യത്തിൽ എഴുതിയിരിക്കുന്നത് ഞങ്ങൾ എല്ലാവരുടെ മേലും .. എന്ന് തന്നെയാണ്. 

2. മൊർയോ മ്റഹമോനോ എന്ന വാക്കിനു കാരുണ്യവാനായ കർത്താവ് (Merciful Lord) എന്നതാണ് ഉചിതമായ തർജമ. റഹമേ = കരുണ (Mercy)

3. Trisagion അവസാനിക്കുന്നത് ദെസ്ത്‌ലബ്ത്ത് ഹ്‌ലോഫയ്ൻ എസ്റഹാമ്മേലൈൻ എന്നാണല്ലോ. അതിന്റെ അർഥം  ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ! ഞങ്ങളോട് കരുണ ചെയ്യണമേ. എന്നാൽ നിറത്തിൽ പാടുമ്പോൾ മിക്കവാറും നിറങ്ങളിൽ ഇത് ശരിയാകാൻ പ്രയാസമുള്ളതു കൊണ്ട് സുറിയാനിയിൽ ദെസ്തലബ്ത്ത് വഫ്റൂക്ക് ലാൻ എന്നും അതിനോട് ചേർന്ന് മലയാളത്തിൽ ക്രൂശേറ്റ് വീണ്ടവനേ എന്നും പാടി വരുന്നു. വീണ്ടെടുത്തവനെ എന്നതിനെ വീണ്ടവനേ എന്ന് ചുരുക്കുന്നത് ഉദ്ദേശിച്ച അർഥം നൽകുമോ എന്നും വ്യക്തമല്ല.  യഥാർഥ കൗമ പാടാനുള്ള പ്രയാസം കൊണ്ടുള്ള ഒരു ക്രമീകരണമായി കണ്ടാൽ മതിയെന്ന് തോന്നുന്നു.

Friday, 29 December 2023

രാവുറങ്ങി ഉണരുന്നത് എപ്പോഴും പുലരിയിലേക്കാണല്ലോ

 ഒരു പലായനമദ്ധ്യത്തിൽ പിറന്നു വീണവന്റെ ജന്മദിനമാണ്.

ഇന്നും ലോകത്ത് പലായനമദ്ധ്യത്തിലും ചെക്ക് പോസ്റ്റുകളിലും പിറന്നു വീഴുന്നത് എത്രയോ കുരുന്നുകളാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇസ്രായേൽ - പാലസ്തീൻ സംഘർഷം രൂക്ഷമായിരുന്ന ഈ നൂറ്റാണ്ടിന്റെ ആദ്യ നാല് വർഷങ്ങളിൽ 61 കുട്ടികളാണ് ചെക്ക് പോസ്റ്റുകളിൽ പിറന്നു വീണത്. അതിൽ 39 - ഉം മരിച്ചു പോവുകയും ചെയ്തു. വീണ്ടും സംഘർഷഭൂമിയായിരിക്കുന്ന പശ്ചിമേഷ്യയിൽ കുരുന്നുകളുടെ നിലവിളികൾ ഉയരുകയാണ്. ലോകമെമ്പാടും, യുദ്ധക്കെടുതികൾ ഉണ്ടാകുന്ന എവിടെയും ഇതൊക്കെ തന്നെയാണ് സാഹചര്യം.
ബേതലഹേം ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുന്നില്ല എന്ന വാർത്തയാണ് ഒടുവിൽ കേട്ടത്. റാഹേൽ മക്കളെച്ചൊല്ലി കരയുന്നു എന്ന് യിരമ്യാവ് എഴുതിയത് 2600 വർഷങ്ങൾക്ക് മുമ്പാണ്. ഇന്നും അത് അവസാനിക്കുന്നില്ല. അഭിനവ ഹെറോദാക്കളുടെ വാളിനിരയാകുന്ന ഓരോ കുഞ്ഞും മനുഷ്യരാശി മുഴുവന്റെയും വേദനയാണ്. കണ്ണിനു പകരം കണ്ണെന്ന നിയമത്തിൽ പോലും കാണാത്തതാണ് ശിശുക്കളുടെയും കുട്ടികളുടെയും ഹത്യ. അത് ഒരു വംശഹത്യ തന്നെയാണ്.
പ്രത്യാശയാണല്ലോ മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഊർജം. ക്രിസ്തുമസ് കാലം പ്രതീഷയുടേതാകട്ടെ. ഈ ലോകത്തിൽ പിറന്ന് വീഴുന്ന ഓരോ കുഞ്ഞും മനുഷ്യനിൽ ദൈവത്തിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടില്ല എന്നതിന്റെ സൂചനയാണെന്ന് ടാഗോർ എഴുതിയിട്ടുണ്ട്. പ്രത്യാശയിൽ സന്തോഷിക്കാൻ പൗലോസും എഴുതിയിട്ടുണ്ടല്ലോ. രാവുറങ്ങി ഉണരുന്നത് എപ്പോഴും പുലരിയിലേക്കാണല്ലോ. ഒരു മഴയും തോരാതിരുന്നിട്ടുമില്ല.
പ്രതീക്ഷകളുടെ ക്രിസ്തുമസ് ആശംസകൾ.
ഡെറിൻ രാജു
25.12.2023

Thursday, 30 November 2023

ബേതലഹേമോളം ചെന്ന് അവനെ കാണുക!

ബേതലഹേമോളം ചെന്ന് അവനെ കാണുക!
ആട്ടിൻക്കൂട്ടത്തിനു കാവൽ കിടന്നവരുടെ ആത്മഗതമാണ്, അവർ അന്യോന്യം പറഞ്ഞതാണിത്.
ആടിന്റെ സുരക്ഷയെന്ന ന്യായം അവരുടെ മുമ്പിൽ നിന്നിരുന്നപ്പോഴും അവരുടെ അധരം മന്ത്രിച്ചത് ബേതലഹേമോളം പോകുക എന്നതാണ്. തങ്ങളുടെ പരാധീനകൾ തങ്ങൾക്കു കിട്ടിയ പ്രത്യാശയെക്കാൾ തൂക്കം കുറവാണെന്ന ഉറപ്പാണ് അവരെ അതിനു പ്രേരിപ്പിച്ചത്.
സുവിശേഷത്തിനുള്ള ഒരുക്കം കാലിനു ചെരുപ്പാക്കാൻ പൗലോസ് എഴുതിയിട്ടുണ്ട്. എന്നാൽ ഇവർ കേട്ട സുവിശേഷം തന്നെ ഇവർക്ക് വേഗം പകർന്ന ചെരുപ്പാകുകയായിരുന്നു. അതിട്ടവർ നടന്നു നീങ്ങിയ വഴി മുമ്പൊരാളും വെട്ടിയതുമായിരുന്നില്ല.
തങ്ങളോട് അറിയിച്ചത് കണ്ടെത്തേണ്ടത് തങ്ങളുടെ ബാധ്യത എന്ന് വിശ്വസിച്ചവരാണ് ദിവ്യസാന്നിധ്യം കണ്ടത്. അവരുടെ യോഗ്യത ഹൃദയത്തിന്റെ നിർമ്മലതയാണന്ന് അന്നവർ കണ്ടവൻ പിന്നീടൊരിക്കൽ ഒരു മലമുകളിൽ വച്ച് പറഞ്ഞിട്ടുമുണ്ടല്ലോ!
ഡെറിൻ രാജു.
യൽദോ നോമ്പാരംഭം. 2023

Wednesday, 29 November 2023

വീണ്ടുമൊരു മംഗളവാർത്താ ദിനം | ഡെറിൻ രാജു



നസറേത്തിലെ ഒരു സാധാരണ യഹൂദ ബാലികയുടെ ചെറുവീടിന്റെ ജനാലയ്ക്കരികിൽ നിന്ന് ഒരു സന്ദേശവാഹകൻ മൃദുലമായി, അയാൾക്ക് ഒട്ടുമേ പരിചയിച്ച് ശീലമില്ലാത്ത വിധേയത്വഭാവത്തിൽ - അനന്യസാധാരണമായ ബഹുമാനത്തോടെ ഒരു കാര്യമറിയിച്ചതിന്റെ; ഒരു സമ്മതമാരാഞ്ഞതിന്റെ, ഓർമ്മപ്പെടുത്തലാണ് മംഗളവാർത്ത ദിനം.

പാശ്ചാത്യ സുറിയാനി ആരാധനാവർഷത്തിൽ ആ ദിനത്തെ വീണ്ടുമോർക്കുന്നൊരു ദിവസമാണ് ക്രിസ്തുമസിനു മുമ്പുള്ള അഞ്ചാമത്തെ ഞായർ.
പേനയോ മഷിയോ കൂടാതെ എഴുതി അയച്ച സമാധാനം നിറയുന്ന ഒരു കത്തെന്ന് ഒരു കവി ആ സന്ദേശത്തെപ്പറ്റി കുറിച്ചു
എന്തിനു മറുപടി പറയേണ്ടി വരുമ്പോഴും വീണ്ടും കേട്ട് മനനം ചെയ്യാനുള്ളതാണ് അവളുടെ മറുപടി. ആ മറുപടി കാലാതിവർത്തിയാകുന്നത് അതിലെ നിഷ്കളങ്കതകൊണ്ടാണ്; അതിലെ നൈസർഗികത കൊണ്ടാണ്. തന്റെ മറുപടി എന്തായാലും അത് ചരിത്രത്തെ നിർണയിക്കുന്ന ഒന്നാണെന്ന ബോധ്യത്തോടെ ആകില്ല അവൾ ആ അറിയിപ്പുകാരനോട് തന്റെ ഒരു സംശയം ഉന്നയിക്കുന്നത്. എന്നാൽ അവന്റെ ധൈര്യപ്പെടുത്തലിലും അവൻ കാട്ടിയ ഉദാഹരണത്തിലും ബോധ്യപ്പെട്ട അവൾ നടന്നടുത്തത് താരതമ്യങ്ങൾക്കപ്പുറമുള്ള ഔന്നത്യത്തിലേക്കാണ്. അതാണ് അവളുടെ മറുപടിയെ വ്യത്യസ്തമാക്കുന്നത്.
അവളുടെ മറുപടി അത്രമേൽ പവർഫുള്ളാകുന്നത്, സവിശേഷമാകുന്നത് അതിലായിരുന്നു മാനവരാശിയുടെ ആകെ പ്രത്യാശയും അടങ്ങിയിരുന്നതു എന്നത് കൊണ്ടുമാണ്.

Friday, 13 October 2023

സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്

John Steinbeck ന്റെ ഒരു പ്രസ്താവനയുണ്ട്: ''All war is a symptom of man's failure as a thinking animal."

കൃത്യമാണത്.
ചിന്തിക്കാനും പരിഹാരം കാണുവാനും സാധിക്കുന്ന മനുഷ്യന് എങ്ങനെയാണ് യുദ്ധം ചെയ്യുവാൻ സാധിക്കുന്നത്? എന്താണതിന്റെ ആവശ്യം? അനാഥരെയും അംഗഹീനരെയും സൃഷ്ടിക്കുന്ന ഒരു യുദ്ധത്തിൽ എന്ത് അളവുകോലാണ് വിജയം നിർണയികുന്നത്?
ഒരു ഭാഗത്ത് മാത്രം ആൾനാശം വരുത്തിയ ഒരു യുദ്ധവും ചരിത്രത്തിലില്ല. ഓരോ യുദ്ധത്തിന്റെയും അവസാനം ബാക്കിയാവുന്നത് വേദനയും ദുരിതവും തീരാത്ത കണ്ണുനീരും മാത്രമാണ്. പ്രതീക്ഷയാകണം നമ്മുടെ മുമ്പിൽ നിൽക്കേണ്ടത്. പ്രതീക്ഷാനിർഭരമായ ഒരു ലോകത്തെയാകണം നമ്മുടെ കുട്ടികൾ കണ്ട് ഉണരേണ്ടത്. യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികളാകരുത് നമ്മുടെ കുട്ടികൾ കണ്ട് വളരേണ്ടത്. കബന്ധങ്ങളുടെ നടുവിൽ അലമുറയിടുന്ന ഗാന്ധാരിയെ കാട്ടിത്തന്ന വ്യാസൻ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആ കെടുതികൾ നമ്മെ ബോദ്ധ്യപ്പെടുത്തിയതാണ്.
യുദ്ധം ഒരിക്കലും ഒരു പരിഹാരമാർഗമല്ല. കുഞ്ഞുങ്ങളോളം യുദ്ധം മുറിവേല്പ്പിക്കുന്നവർ ഇല്ല. തങ്ങൾ എന്തിനു കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന ഓരോ കുഞ്ഞും മനുഷ്യകുലത്തിന്റെ തന്നെ ശാപമാണ്. അനാഥരാക്കപ്പെടുന്ന ഓരോ ബാല്യങ്ങളും മനുഷ്യരാശിയുടെ തന്നെ ബാധ്യതയും വേദനയുമാണ്.
സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്. അസ്തമയത്തിനപ്പുറം ഉദയവും ഇരുട്ടിനപ്പുറം വെളിച്ചവുമുണ്ടെന്ന സനാതന സത്യവും പ്രതീക്ഷയുമല്ലെ നമ്മെ ഭരിക്കേണ്ടത്. പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും സൃഷ്ടിക്കാൻ മനുഷ്യനാകില്ല എന്നും അത് പരിഹരിക്കുന്നത് ആളുകളെ ഇല്ലാതാക്കിയല്ലായെന്നും ഏതു മനുഷ്യനും പഠിക്കേണ്ട പ്രാഥമിക പാഠമാണ്.
- ഡെറിൻ രാജു.

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...