Thursday, 27 February 2025

പ. വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യ ദര്‍ശനം | ഡെറിന്‍ രാജു

 ആമുഖം

തിരുവെഴുത്തുകളും സഭാപാരമ്പര്യവും നല്‍കുന്ന അറിവിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ കര്‍ത്താവും മാര്‍ ഇഗ്നാത്തിയോസും തമ്മിലൊരു പരിചയമുണ്ട്. എന്നാല്‍ അത്രയെങ്കിലും നേര്‍ത്ത ഒരു പരിചയം പ. വട്ടശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുമായി ഉളളവരെ ഇന്ന് നമ്മുടെ ഇടയില്‍ കണ്ടെത്തുക എളുപ്പമല്ല. മലങ്കരയില്‍ ഉടനീളം പരിശോധിച്ചാലും കണ്ടെത്താവുന്ന ആളുകളുടെ സംഖ്യ പരമാവധി ഒരു കൈയിലെ വിരലുകളില്‍ നിന്നേക്കും. എന്നാല്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം പകര്‍ന്നു നല്‍കിയ സ്വാതന്ത്ര്യബോധമാണ് നമ്മെ ഭരിക്കുന്നതും നയിക്കുന്നതും. അതിനു വികാസ-പരിണാമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനയും സുപ്രീം കോടതി വിധികളുമൊക്കെ ആ ബോധ്യത്തിന്‍റെ പരിണാമത്തെ സ്വാധീനിച്ചിട്ടുമുണ്ട്. മലങ്കരസഭയുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോഴും സമാധാനത്തിനായി എല്ലാ വാതിലുകളും തുറന്നിടുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ എപ്പോഴും നയിച്ചിരുന്നത് ചില ബോദ്ധ്യങ്ങളാണ്. ആ ബോദ്ധ്യങ്ങള്‍ക്കായി അദ്ദേഹം അവസാനംവരെ നിലനിന്നു. അതിന്‍റെ വലിയ ഉദാഹരണങ്ങളിലൊന്ന് ഭരണഘടനാ നിര്‍മ്മാണ സമയത്തെ പ്രതിസന്ധിയാണ്. എപ്പിസ്കോപ്പസിക്കു മുന്‍തൂക്കമുള്ള ഭരണത്തിനു വാദിച്ച വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗവും ജനാധിപത്യഭരണത്തിനായി വാദിച്ച പത്രോസ് മത്തായി, ടി. ജോസഫ് തുടങ്ങിയ വേറൊരു വിഭാഗവും രണ്ട് വിഭാഗത്തെയും രമ്യപ്പെടുത്താന്‍ ശ്രമിച്ച കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ തുടങ്ങിയവരും സഭയിലും സമിതിയിലും ആ സമയത്ത് ഉണ്ടായിരുന്നു. ഏതു നിലപാടാണോ അദ്ദേഹം ഈ നിര്‍മ്മാണപ്രക്രിയ തുടങ്ങിയ സമയത്ത് പുലര്‍ത്തിയത് അതു തന്നെയായിരുന്നു കാലം ചെയ്യുന്നതിനു നാലു മാസം മുമ്പും. 

പാറേട്ട് മാത്യൂസ് കത്തനാരുടെ (പിന്നീട് മാര്‍ ഈവാനിയോസ്) ഡയറിക്കുറിപ്പുകള്‍ അത് അടിവരയിടുന്നുണ്ട്: "മെത്രാച്ചനു ക്ഷീണം കൂടുതലില്ല! ഒ. എം. ചെറിയാന്‍ വന്നിട്ടുണ്ടായിരുന്നു. ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറേസമയം സംസാരിച്ചു. യോജിക്കുന്ന മട്ട് കണ്ടില്ല." അദ്ദേഹത്തിന്‍റെ ആശയങ്ങളോട് വിയോജിപ്പുള്ളവര്‍ ഉണ്ടാകാമെങ്കിലും അദ്ദേഹത്തിന്‍റെ നിലപാടിലെ ഉറപ്പ് ഒരു സവിശേഷതയായിരുന്നു. മാറ്റങ്ങളെ പരിഗണിക്കാനും പ്രതിസന്ധികളില്‍ അതീവ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. എം. എ. ചാക്കോയെ ഉദ്ധരിച്ചുകൊണ്ട് പുത്തന്‍കാവില്‍ കൊച്ചുതിരുമേനി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ, "തലച്ചോറു പുഴുങ്ങി അരച്ചു അതുകൊണ്ടുണ്ടാക്കപ്പെട്ട മനുഷ്യന്‍" എന്ന്. അതൊരു അതിശയോക്തി അല്ലെന്നു അദ്ദേഹത്തിന്‍റെ ജീവിതവും കോടതിമൊഴികളും നമ്മെ ബോധ്യപ്പെടുത്തും. 

ഇസ്സഡ്. എം. പാറേട്ട് പറയുന്നതില്‍ നിന്ന് വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്, ആങ്ങേയറ്റം കൃശഗാത്രനായ ഒരു മനുഷ്യന്‍, ഒരു വസ്തുവിന്‍മേല്‍ ദൃഷ്ടി ഉറപ്പിക്കുന്നതുപോലും പാടുപെട്ടാകുന്ന ഒരു മനുഷ്യന്‍! അദ്ദേഹം എങ്ങനെയാണ് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് ഈ സഭയെ നയിച്ചത്? അങ്ങേയറ്റം പ്രക്ഷുബ്ധമായ സാഹചര്യങ്ങളെ എങ്ങനെ അതിജീവിച്ചു എന്നത് തന്നെ ഒരു അദ്ഭുതമാണ്. ഈ പ്രതിസന്ധികളിലൂടെയാണ് സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു വന്നത്. അത് എക്കാലവും മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലനിന്നിരുന്നില്ല. താന്‍ നേരിട്ട പ്രതിസന്ധികളും അഭിമുഖീകരിച്ച പ്രയാസങ്ങളുമൊക്കെ സഭാസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ച ഘടകങ്ങളാണ്. അതോടൊപ്പം നമുക്ക് ചിന്തിക്കേണ്ട ഒന്നാണ് സമാധാനത്തിനായിട്ടുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും. രണ്ടും ഇക്കാലവും വളരെ പ്രസക്തവും അപഗ്രഥിക്കേണ്ടതുമാണ്. എന്നാല്‍ അത് എത്രകണ്ട് നമ്മുടെയിടയില്‍ ഉണ്ടാകുന്നുണ്ട് എന്നത് സംശയമാണ്. സഭാ സമാധാനത്തിനായി അക്ഷീണം യത്നിച്ച പിതാവായിരുന്നു അദ്ദേഹം. സഭയുടെ സ്വാതന്ത്ര്യമെന്നത് അക്കാലത്ത് ഏതാണ്ട് ഒരു നവീനാശയമായിരുന്നു. ആ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി അദ്ദേഹം പോരാടി. അദ്ദേഹം കാലം ചെയ്തതിനുശേഷം ഇറങ്ങിയ ബഥനി മാസികയുടെ ഒരു വിശേഷാല്‍പ്രതി അദ്ദേഹത്തെ മോശയോടു ഉപമിച്ചു. "മലങ്കരസഭയിലെ മോശയ്ക്കു ആ ഭാഗ്യം ലഭിക്കാത്തതില്‍ എന്തിനു പരിതപിക്കുന്നു? മോശ സ്വാതന്ത്ര്യദേശം നോക്കി കണ്ടതുപോലെ ആ വന്ദ്യ തിരുമേനിയും സ്വതന്ത്ര മലങ്കരസഭ സ്വദൃഷ്ടിപഥത്തില്‍ കണ്ടുംകൊണ്ടു തന്നെയത്രെ മൃതിയടഞ്ഞതു എന്നു സമാശ്വസിക്കാം." സഭാഭാസുരന്‍ എന്നാണല്ലോ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്! അത് അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് തന്നെ നല്‍കപ്പെട്ട ഒരു വിശേഷണവുമാണ്. അത് സഭ നല്‍കിയതല്ലായെന്നത് വേറൊരു കൗതുകം. മണലില്‍ അച്ചന്‍ രേഖപ്പെടുത്തുന്നപ്രകാരം മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ നല്‍കിയ പേരാണ് 'ഭാസുരന്‍' എന്നത്. കുന്നംകുളം യൗസേഫ് ശെമ്മാശന്‍റെ ഉടമസ്ഥതയിലുള്ള ആത്മപോഷിണി മാസികയോടു സഹകരിക്കുന്നതിലൂടെയാണ് മഹാകവി തിരുമേനിയെപ്പറ്റി അറിയുന്നതും ഈ അതിസുന്ദരവും അര്‍ത്ഥവത്തുമായ നാമധേയം അദ്ദേഹത്തിനായി നല്‍കിയതും. വെറുതെ ഒരു പേര് നല്‍കുന്ന രീതി അദ്ദേഹത്തിനില്ലായെന്ന് അദ്ദേഹത്തിന്‍റെ കാവ്യങ്ങളെപ്പറ്റി അപഗ്രഥിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നതുമാണ്. "എന്‍റെ ഗുരുനാഥന്‍" എന്ന് ഗാന്ധിജിയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തിന്‍റെ കേന്ദ്രമായി സൂര്യന്‍ വിരാജിക്കുന്നതുപോലെ, നിത്യമായ ഒരു ഊര്‍ജസ്രോതസായി നിലനില്‍ക്കുന്നതുപോലെ, നമുക്കെല്ലാം പ്രകാശം പരത്തുന്നതുപോലെ സഭാ ഭാസുരനും നിലനില്‍ക്കുകയാണ്. ഈ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മുടെ സ്വാതന്ത്ര്യബോധം തണുത്ത് പോകാതെ എപ്പോഴും ചൂടുപിടിപ്പിച്ചുകൊണ്ട് അതിങ്ങനെ നിലനില്‍ക്കുകയാണ്. ആദ്യം പറഞ്ഞതുപോലെ സ്വാതന്ത്ര്യം ഒരു ഏകരൂപത്തിലല്ല മലങ്കരയില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നമ്മള്‍ പരിശോധിച്ചാല്‍ അതിനു 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതലൊരു ചരിത്രം പറയുമ്പോഴും 1929-ല്‍ മാത്രമാണ് പൂര്‍ണ സ്വരാജ് എന്ന ആശയം കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സെഷന്‍ ആവശ്യപ്പെടുന്നത്. 1942-ലാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും അതിന്‍റെ അവസാനമാണ് സ്വാതന്ത്ര്യലബ്ധിയും. 1600-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആരംഭത്തോടെ തുടങ്ങിയ വിവിധ നിലകളിലുള്ള ബ്രിട്ടീഷ് ഭരണത്തിനാണ് സ്വാതന്ത്ര്യലബ്ധിയിലൂടെ അവസാനമായത്. 1665-ല്‍ ആരംഭിച്ച മലങ്കരയുടെ അന്ത്യോഖ്യന്‍ ബന്ധം വിശകലനം ചെയ്താല്‍ പ. വട്ടശേരില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഉണ്ടായ ഒരു സ്വാതന്ത്ര്യപോരാട്ടത്തിനും ഇപ്രകാരമൊരു വളര്‍ച്ചയും സ്വാതന്ത്ര്യം ഏത് തലത്തില്‍ എന്നതില്‍ ഒരു വികാസവും നമുക്ക് കണ്ടെത്താന്‍ സാധിക്കും. മൂന്നു തലങ്ങളിലൂടെയാണ് ആ സ്വാതന്ത്ര്യമെന്ന സങ്കല്പം വികസിച്ചത്. 

പാത്രിയര്‍ക്കീസിന്‍റെ മുടക്കു മുതല്‍ കാതോലിക്കേറ്റിന്‍റെ സ്ഥാപനം വരെ അതിന്‍റെ ഒന്നാം തലമായി നമുക്ക് കണക്കാക്കാം. കാതോലിക്കേറ്റ് സ്ഥാപനം മുതല്‍ മര്‍ദ്ദീന്‍ യാത്ര വരെ രണ്ടാംഘട്ടമായും മര്‍ദ്ദീന്‍ യാത്രയ്ക്ക് ശേഷമുള്ളത് മൂന്നാംഘട്ടമായും പരിഗണിക്കാം. ഈ മൂന്ന് തലങ്ങളിലൂടെ വികാസം പ്രാപിച്ച വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യ സങ്കല്പത്തെയാണ് വിശകലനം ചെയ്യുന്നത്. ഈ മൂന്ന് ആംഗിളുകളില്‍ മാത്രമല്ല, വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യത്തെ വ്യത്യസ്തമായ വീക്ഷണകോണുകളിലും വിവിധങ്ങളായ മാനങ്ങളിലും അപഗ്രഥിക്കാവുന്നതാണ്. അതില്‍ തന്നെ മൂന്നാമത്തെ തലം സവിശേഷ പ്രാധാന്യമുള്ളതുമാണ്. 

കാതോലിക്കേറ്റിന്‍റെ സ്ഥാപനത്തിന്‍റെ ആസന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്കാണ്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസിന്‍റെ പൗരോഹിത്യ കനകജൂബിലി ആഘോഷങ്ങളുടെ സമയത്ത് മലങ്കരസഭ മഫ്രിയാന സ്ഥാനം ആഗ്രഹിക്കുകയും ആ സ്ഥാനം ആവശ്യപ്പെട്ട് കോനാട്ട് മാത്തന്‍ മല്പാന്‍ ശീമയ്ക്ക് എഴുത്ത് അയയ്ക്കുകയും ചെയ്തതാണെന്നതും നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ പാത്രിയര്‍ക്കീസില്‍ നിന്ന് അനുകൂല മറുപടി ലഭിക്കുന്നില്ല. പിന്നീട് ഇതേപ്പറ്റി കാര്യമായ ആവശ്യപ്പെടലും ഇല്ല. എന്നാല്‍ 1911 ഇടവ മാസം 26-ാം തീയതി അബ്ദുളളാ പാത്രിയര്‍ക്കീസ് വട്ടശേരില്‍ തിരുമേനിയെ മുടക്കിയ സാഹചര്യത്തില്‍ മറ്റൊരിക്കലും നാം അഭിമുഖീകരിക്കാത്ത പ്രതിസന്ധിയെ നേരിട്ടപ്പോള്‍ അതില്‍ നിന്നു രക്ഷ നേടുവാന്‍, ആ കുടുക്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം കാതോലിക്കേറ്റ് സ്ഥാപിക്കുക എന്നതായിരുന്നു. അന്ത്യോഖ്യന്‍ സഭാ വിജ്ഞാനീയത്തില്‍, ആ ബന്ധത്തില്‍ നിലനിന്നുകൊണ്ട് തന്നെയുള്ള ഒരു ക്രമീകരണം. അല്ലാതെ ആ ബന്ധം അവിടെ ഉപേക്ഷിക്കുവാനുള്ള ശ്രമം അപ്പോള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെയാണ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവായെ ഇവിടെ കൊണ്ടുവരാനുള്ള തീരുമാനവും ഉണ്ടാകുന്നത്. ഇതാണ് വട്ടശേരില്‍ തിരുമേനിയുടെ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ നില. മേല്‍പ്പട്ടക്കാരുടെ വാഴ്ചയാണ് മുടക്കിന്‍റെ സമയത്ത് മലങ്കരയിലെ മെത്രാപ്പോലീത്താ അനുകൂല കക്ഷി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ശ്ലീഹന്മാരുടെ കാനോന്‍പ്രകാരം ഒരു എപ്പിസ്കോപ്പായെ വാഴിക്കുന്നത് രണ്ടോ മൂന്നോ മെത്രാപ്പോലീത്താമാര്‍ ചേര്‍ന്നാകണം എന്നുണ്ടല്ലോ. ഹൂദായ കാനോന്‍ അത് കുറച്ചുകൂടി കൃത്യമായി മൂന്ന് എന്ന് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായത് പാത്രിയര്‍ക്കീസന്മാര്‍ തന്നെ ചെയ്തിട്ടുമുണ്ട്. പത്രോസ് പാത്രിയര്‍ക്കീസ് മലങ്കരയില്‍ ആറ് മേല്‍പ്പട്ടക്കാരെ വാഴിച്ചപ്പോള്‍ മലങ്കര മെത്രാപ്പോലീത്തായെ പോലും ഉള്‍പ്പെടുത്താതെ ഒറ്റയ്ക്കാണ് വാഴിച്ചത്. എന്നാല്‍ കാനോന്‍പ്രകാരം നോക്കിയാല്‍ മലങ്കരയിലെ മെത്രാപ്പോലീത്താ അനുകൂലകക്ഷിക്ക് മെത്രാപ്പോലീത്താമാരുണ്ടാകുന്നത് പ്രയാസമായി. എന്നാല്‍ അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ വരികയും കാതോലിക്കേറ്റ് സ്ഥാപിക്കുകയും മൂന്ന് മെത്രാപ്പോലീത്താമാരെ (യൂയാക്കീം മാര്‍ ഈവാനിയോസ്, ഗീവറുഗീസ് മാര്‍ പീലക്സീനോസ്, ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്) വാഴിക്കുകയും ചെയ്തതോടെ ആ പ്രതിസന്ധി അവസാനിച്ചു. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യ ദര്‍ശനത്തിന്‍റെ ഈ ഒന്നാം തലത്തില്‍ ഉള്‍ഭരണ ക്രമീകരണങ്ങളാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അത് മുടക്കിനു മുമ്പുള്ള കാലത്തും പ്രസക്തമാണ്. ആ ഉള്‍ഭരണസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ തിരുമേനി ഒരിക്കലും സമ്മതിച്ചിരുന്നില്ല. അത് വട്ടിപ്പണക്കേസിന്‍റെ വിചാരണവേളയിലും മറ്റും അദ്ദേഹം കൊടുത്ത മൊഴികളില്‍ നിന്നു വ്യക്തമാണ്. മലങ്കരയിലെ ഭരണം മലങ്കരയിലാണ് നടന്നതെന്ന് നമുക്ക് ആ മൊഴികളില്‍ നിന്ന് കൃത്യമാകുന്നുണ്ട്. ഈ ഉള്‍ഭരണസ്വാതന്ത്ര്യത്തിന്‍റെ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം മര്‍ദ്ദീന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഒന്നാം കാതോലിക്കാ 1913 മെയ് മാസം കാലം ചെയ്തെങ്കിലും കാതോലിക്കാ വാഴ്ചയുടെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റപ്പെട്ടതിനാലും സമാധാനശ്രമങ്ങള്‍ നടന്നിരുന്നതിനാലും ഉടനെ ഒരു കാതോലിക്കാ വാഴ്ചയിലേക്ക് സഭ കടന്നില്ല. വട്ടിപ്പണക്കേസ് തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് വീരരാഘവവയ്യങ്കാര്‍ മാര്‍ ദീവന്നാസിയോസിനു എതിരായി വിധിച്ച കാലഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമാധാനശ്രമവും നടന്നത്. അവിടെയും അദ്ദേഹം തന്‍റെ നിലപാടില്‍ മാറ്റം വരുത്തുന്നില്ല. മര്‍ദ്ദീന്‍ യാത്ര ആരംഭിച്ചത് കുണ്ടറയില്‍ നിന്നാണല്ലോ. യാത്ര ആരംഭിക്കുന്നതിനു മുമ്പ് നടത്തുന്ന പ്രസംഗത്തില്‍ എന്തിനാണ് താന്‍ മര്‍ദ്ദീനിലേക്ക് പോകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്താണ് തന്‍റെ യാത്രയുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു: "ഇവിടെ നടക്കുന്നത് ഇതൊക്കെയാണെന്ന് അറിയിക്കണം, സഭയില്‍ സമാധാനം ഉണ്ടാകണം.' അത് പാത്രിയര്‍ക്കീസിനോട് അദ്ദേഹം നേരിട്ടു പറയുന്നുമുണ്ട്. പാത്രിയര്‍ക്കീസ് നേരിട്ടു കാണുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ചോദിക്കുന്നത്. അതിന്‍റെ മറുപടി "സഭ ഭിന്നിച്ചു പോകാതെ മേലാല്‍ ന്യായമായി എല്ലാം നടന്നു പോകണം" എന്നാണ്. കൃത്യമായ ഒരു മറുപടി. 'ന്യായമായി എല്ലാം നടന്നു പോകണം!' ന്യായമായി നടന്നാല്‍ ഭിന്നത ഉണ്ടാകില്ല എന്നദ്ദേഹം വ്യക്തമാക്കി. ന്യായമില്ലാത്ത അധികാരപ്രയോഗത്തിനുള്ള ശ്രമമാണ് മലങ്കരയിലെ ഭിന്നതയുടെ ഒരു വലിയ കാരണവും. ന്യായമായി അധികാരം പ്രയോഗിച്ചാല്‍ മുടക്ക് വരില്ല!, കാനോനികമല്ലാത്ത മേല്‍പ്പട്ടവാഴ്ചകള്‍ വരില്ല!, തത്വാധിഷ്ഠിതമല്ലാത്ത അധികാരസ്ഥാനങ്ങള്‍ വരില്ല. കൃത്യമായ ഒരു അനുമാനം. ഇതാണ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യത്തിന്‍റെ രണ്ടാം തലം. തന്‍റെ മുടക്ക് ഒരു വലിയ കാര്യമായി അദ്ദേഹം പരിഗണിക്കുന്നേയില്ല. അതുകൊണ്ടാണ് മുടക്കിനു ശേഷവും അദ്ദേഹം മേല്‍പ്പട്ടത്വത്തിനടുത്തതായ പ്രവൃത്തികള്‍ ചെയ്തത്. അപ്പോള്‍ മുടക്ക് പ്രശ്നമല്ല. എന്നാല്‍ സമാധാനത്തിനുള്ള മാര്‍ഗം അന്വേഷിക്കണം. നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് സമാധാനത്തിനായി ശ്രമിക്കുക. അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് നല്‍കിയ മേല്‍പ്പട്ടസ്ഥാനങ്ങളും ആ പിതാക്കന്മാര്‍ നടത്തിയ പട്ടത്വദാനങ്ങളും സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും അദ്ദേഹം തയ്യാറാകുന്നില്ല. അതെല്ലാം സാധുവായതിനാല്‍ അതിനെ പുനഃക്രമീകരിക്കേണ്ട ആവശ്യമില്ല. ഒരു കല്പനയിലൂടെ അംഗീകരിക്കുക മാത്രം ചെയ്യുക. ഈ ശ്രമത്തില്‍ അദ്ദേഹം വിജയിച്ചതുമാണ്. അപ്രകാരമുള്ള കല്പനകളുമായിട്ടാണ് പാത്രിയര്‍ക്കീസും മാര്‍ ദീവന്നാസിയോസും ചേര്‍ന്ന് വാഴിച്ച മാര്‍ യൂലിയോസ് സ്ഥാനമേറ്റ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ ഒപ്പം വന്നത്. ആര്‍ക്കോണത്തു വച്ച് റയില്‍വേ റൂമില്‍ ആ കല്പനകള്‍ മാര്‍ യൂലിയോസ് സഹയാത്രികരെ കാണിച്ചതുമാണ്. മാത്രമല്ല, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം അവിടെ കൂടിയിരുന്നവരോടായി മാര്‍ യൂലിയോസ് കല്പന ഉണ്ടെന്നും പത്തു ദിവസത്തിനകം അത് പുറത്തുവിടുമെന്നും പറഞ്ഞതുമാണ്. എന്നാല്‍ പത്തു ദിവസമെന്നത് പത്തു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. രണ്ടാം തലം നമുക്കിവിടെ നിര്‍ത്താം. 

വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യത്തിന്‍റെ മൂന്നാമത്തെ തലമാണ് അടുത്തത്. അത് വളരെ പ്രധാനപ്പെട്ടതുമാണ്. മര്‍ദ്ദീന്‍ യാത്ര ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു വന്നതോടെ സ്വാതന്ത്ര്യചിന്ത പൂര്‍ണ അര്‍ത്ഥത്തിലേക്ക് വളര്‍ന്നു. ആദ്യ പടിയായി രണ്ടാം കാതോലിക്കായെ വാഴിച്ചു. വട്ടിപ്പണക്കേസിന്‍റെ റിവ്യൂ ഹര്‍ജി പരിഗണിച്ച കോടതി അത് മാര്‍ ദീവന്നാസിയോസിനു അനുകൂലമായി വിധിച്ചു. സഭാ ഭരണഘടനയുടെ രൂപീകരണത്തിനായുള്ള ഔദ്യോഗികശ്രമങ്ങളും ആരംഭിച്ചത് ഈ സമയത്തായിരുന്നു. അതിന്‍റെ ദീര്‍ഘമായ ചരിത്രം ഞാന്‍ എഴുതിയ 'മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍' എന്ന പുസ്തകത്തില്‍ ലഭ്യമാണ്. നമുക്ക് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, മലങ്കരസഭയ്ക്കു ഒരു ഭരണഘടന ആവശ്യമാണെന്ന് ആദ്യമായി ആവശ്യപ്പെടുന്നത് തിരുവനന്തപുരം സിറ്റി പ്രസില്‍ നിന്ന് എന്‍. ജെ. ഫെര്‍ണാണ്ടസ് പബ്ലീഷറും ജേക്കബ് കുര്യന്‍ പത്രാധിപരുമായ 'സുറിയാനി സഭ' എന്ന മാസികയാണ്. എന്നാല്‍ മാസികയുടെ ആവശ്യത്തോട് ആദ്യഘട്ടത്തില്‍ ഔദ്യോഗിക സഭാനേതൃത്വത്തിനു അത്ര പ്രതിപത്തിയില്ലായിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറുകയും 1930-ല്‍ ഭരണഘടന എഴുതാന്‍ ഒരു കമ്മിറ്റിയെ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പഴയ സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തകരായിരുന്ന അഞ്ചോളം പേര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളുമായിരുന്നു. ആദ്യം പറഞ്ഞതുപോലെ മൂന്ന് താല്‍പര്യക്കാര്‍ കമ്മിറ്റിയിലും സഭയിലും ആ സമയത്ത് ഉണ്ടായിരുന്നു. ഒന്ന് പൂര്‍ണ ജനാധിപത്യവാദികള്‍ - സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തകര്‍ ഈ വിഭാഗമായിരുന്നു. രണ്ട്, എപ്പിസ്കോപ്പല്‍ ഭരണത്തിനായി വാദിച്ചവര്‍ - മലങ്കര മെത്രാപ്പോലീത്താ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഭാഗമായിരുന്നു. മൂന്നാമത്തെ വിഭാഗം രണ്ടു കൂട്ടരെയും കൂടി സംയോജിപ്പിച്ച് ഒരു അഭിപ്രായ ഐക്യത്തിലെത്തിക്കാന്‍ ശ്രമിച്ചവര്‍. തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സുറിയാനി സഭാ പ്രവര്‍ത്തകരായ അഞ്ചു പേരും ചേര്‍ന്ന് ഒരു ഡ്രാഫ്റ്റും വടക്കന്‍പറവൂര്‍ സ്വദേശിയായ എ. സി. പോള്‍ വേറൊരു ഡ്രാഫ്റ്റും അക്കാലത്ത് ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന 'കേരള കേസരി' പത്രത്തില്‍ പ്രസിദ്ധീകരിച്ചു. അഭിപ്രായഐക്യം ഉണ്ടാകുന്നില്ലായെന്നു കണ്ട വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ അഭിപ്രായങ്ങള്‍ അതേ കേരള കേസരി പത്രത്തില്‍ 1932 ജൂലൈ 2 മുതല്‍ സെപ്തംബര്‍ 10 വരെയായി പ്രസിദ്ധീകരിച്ചു. സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ മൂന്നാം തലം ഇവിടെ കാണുവാന്‍ സാധിക്കും. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ ഡ്രാഫ്റ്റ് പരമ്പരയായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഉടനെ തന്നെ ഭരണഘടനാ നിര്‍മ്മാണക്കമ്മറ്റിയുടേതായ ഒരു ഡ്രാഫ്റ്റ് കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ അദ്ദേഹത്തിന്‍റെ കവറിംഗ് ലെറ്ററോടു കൂടി അയച്ചു കൊടുക്കുകയും പ്രസിദ്ധീരിക്കുകയും ചെയ്തു. ഈ ഡ്രാഫ്റ്റിന്‍റെ ഒരു പരിഷ്ക്കരിച്ച രൂപമാണ് 1934-ല്‍ പാസാക്കിയ ഭരണഘടനയുടേത്. എന്നാല്‍ മാര്‍ ദീവന്നാസിയോസ് തയ്യാറാക്കിയ ഡ്രാഫ്റ്റില്‍ തെളിയുന്ന സ്വാതന്ത്ര്യബോധത്തെ ഒന്നുരണ്ട് വകുപ്പുകളെ മാത്രം മുന്‍നിര്‍ത്തി വ്യക്തമാക്കുകയാണ് ഇവിടെ. 

ആറാം വകുപ്പില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു: "അന്ത്യോഖ്യന്‍ സിംഹാസനവുമായിട്ടുള്ള സംബന്ധം നിലനിര്‍ത്തുന്നത് നമ്മുടെ സ്ഥാനാഭിഷേകം, മൂറോന്‍ കൂദാശ മുതലായ കൂദാശകള്‍ പാത്രിയര്‍ക്കീസിന്‍റെ സംബന്ധമോ അനുവാദമോ സഹകരണമോ കൂടാരെ കഴിച്ചുകൂടായെന്ന വിധത്തിലുള്ള യാതൊരു സംബന്ധമോ ആയിരിക്കരുത്. ആ വിധത്തില്‍ ആകുന്നപക്ഷം ശീമക്കാരും അവരുടെ ദുരാഗ്രഹങ്ങള്‍ക്കു സഹായിക്കുന്ന നമ്മുടെ നാട്ടുകാരും ഇക്കാലത്തുപോലും ചെയ്തുവരുന്ന പതിവനുസരിച്ച് അങ്ങനെയുള്ള കൂദാശകള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ സംബന്ധം ഇല്ലാതിരുന്നാല്‍ പൂര്‍ണത ഇല്ലെന്നും അതു മൂലം ആത്മവരം മുതലായതു ലഭിക്കുന്നതല്ലായെന്നും മറ്റും പ്രസ്താവിച്ച് പരമാര്‍ത്ഥികളായ ജനങ്ങളില്‍ കപടഭക്തി വര്‍ദ്ധിപ്പിക്കുകയും സഭയില്‍ ഇടര്‍ച്ചകളും കുഴപ്പങ്ങളും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്." ഇങ്ങനെ പറയാനുള്ള പ്രധാന കാരണം 1932 ഏപ്രില്‍ മാസം മലങ്കരയില്‍ പൗരസ്ത്യ കാതോലിക്കാ ആദ്യമായി വി. മൂറോന്‍ കൂദാശ നിര്‍വഹിച്ചപ്പോള്‍ മറുവിഭാഗത്തില്‍ നിന്നുണ്ടായ അവഹേളനപരമായ പ്രചാരണമാണ്. ആ വകുപ്പിന്‍റെ അവസാന വാചകമിതിലും ശ്രദ്ധേയമാണ്: "അതിനാല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ സിംഹാസനത്തിനും ആ സിംഹാസനത്തിന്‍റെ കീഴില്‍ ശീമയിലുള്ള നമ്മുടെ സഹോദര സഭയ്ക്കും ലൗകികമായ സഹായം, ആശ്വാസം, ബഹുമാനം എന്നിങ്ങനെയുള്ളതില്‍ മാത്രം സംബന്ധമുണ്ടായിരിപ്പാന്‍ മാത്രം കരുതി പ്രവര്‍ത്തിക്കേണ്ടതും അതുകള്‍ക്കും സ്ഥിരമായ ഒരു അതിര്‍ത്തി ഉണ്ടായിരിക്കേണ്ടതുമാണ്."

ഉപസംഹാരം

വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചില ദര്‍ശനങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. ആദ്യമേ പറഞ്ഞതുപോലെ ഇത് പല വിധത്തില്‍ അപഗ്രഥിക്കാവുന്ന വിഷയവുമാണ്. അദ്ദേഹത്തിന്‍റെ ജീവിത-ഭരണകാലയളവിലെ ചില പ്രധാന സന്ദര്‍ഭങ്ങളെ ആധാരമാക്കി അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യദര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കുമുണ്ടായ വികാസ-പരിണാമങ്ങളാണ് നമ്മള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. ആദ്യം ഉള്‍ഭരണസ്വാതന്ത്ര്യവും പിന്നീട് അതില്‍ നിലനിന്നുകൊണ്ടുളള സമാധാനശ്രമങ്ങളും അവസാനതലത്തില്‍ പൂര്‍ണസ്വാതന്ത്ര്യവും. ഈ ഓരോ നിലയും അപഗ്രഥിക്കേണ്ടത് അക്കാലത്ത് നിലനിന്നിരുന്ന സഭാവിജ്ഞാനീയത്തിന്‍െ തലത്തിലാണ്. എന്നാല്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും സഭാസമാധാനവും സ്വാതന്ത്ര്യവും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രാഥമികമായി അടിസ്ഥാനപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്‍റെ ആശയങ്ങളില്‍ തന്നെയാണ്. ആ ചിന്തകളില്‍ അടിസ്ഥാനപ്പെട്ടുകൊണ്ടുളള പരിണാമങ്ങളാണ് നമ്മുടെ നിലപാടുകള്‍ക്കും ബോദ്ധ്യങ്ങള്‍ക്കും ഉണ്ടായിട്ടുളളതും. അതുകൊണ്ടാണ് സഭാസ്വാതന്ത്ര്യം സംബന്ധിച്ച നമ്മുടെ ഏതു ചര്‍ച്ചകളും വട്ടശേരില്‍ മാര്‍ ദീവന്നാസിയോസില്‍ കേന്ദ്രീകരിക്കുന്നത്.ഭാരതീയ പാരമ്പര്യത്തില്‍ ഉള്‍ക്കാടുകളിലേക്ക് പുതുവഴി വെട്ടിയാണ് പലപ്പോഴും ഒരു മുനി തന്‍റെ പര്‍ണശാല ഒരുക്കുന്നത്. ആ വഴി ആദ്യമായി കണ്ടതും വെട്ടിയതും ആ മഹര്‍ഷി ആയിരിക്കും. അപ്രകാരം പാത വെട്ടിയ ഒരു മുനിയെയാണ് നമ്മള്‍ ഈ ദിവസങ്ങളില്‍ അനുസ്മരിക്കുന്നത്. ആ അനുസ്മരണം തന്നെ ഒരു നന്ദിപ്രകടനമാണ്, തലമുറകള്‍ക്കുളള ഒരു ചേര്‍ത്തുവയ്പാണ്.

(20-02-2025-ല്‍ കോട്ടയം പഴയസെമിനാരിയില്‍ അവതരിപ്പിച്ച പ്രബന്ധം)

Friday, 21 February 2025

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്

 " ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? "

ഭൗതിക ജീവിതത്തിൻ്റെ നിസാരതയെ കുമാരനാശാൻ ഒരു പൂവിൽ നിക്ഷേപിച്ചു പാടിയതാണ്; ഒരു ചോദ്യചിഹ്നമുണ്ടെങ്കിലും 'വീണപൂവി'ൽ ആകെ നിറഞ്ഞുനിൽക്കുന്ന ആശയം ഈയൊരു നിസാരതയാണ്; കരുണയുമാണ്. എന്നാൽ ഐശ്വര്യം ഈ ഭൂമിയിൽ അങ്ങേയറ്റം അസ്ഥിരമെന്ന് പ്രലപിക്കുമ്പോഴും ചില പ്രതീക്ഷകളും കവി പ്രകടമായി പുലർത്തുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ മായുന്ന പൂവ് വീണ്ടും സുമേരുവിൽ കല്പദ്രുമത്തിൻ്റെ കൊമ്പിൽ ഉദിക്കുമെന്ന് അദ്ദേഹം പ്രത്യാശ വയ്ക്കുന്നത്. അതൊരു സ്വാഭാവിക പ്രത്യാശയുമാണ്.
നൈമിഷികമായ മനുഷ്യ ജീവിതം എക്കാലവും തത്വചിന്തകരുടെ പ്രിയപ്പെട്ട വിഷയമാണ്. അതിനെ പൂവിനോടും പുല്ലിനോടും ദിവസത്തോടും ഒക്കെ പലരും ഉപമിച്ചിട്ടുണ്ട്. ഒരു എബ്രായ ഇടയൻ താൻ കണ്ടു ശീലിച്ച ഒരുദാഹരണം കൊണ്ട് അത് വിശദീകരിച്ചു. വയലിൽ പുല്ല് മുളച്ച് അത് ഇല്ലാതെയായി പോകുന്നതു പോലെ മനുഷ്യർ കടന്നു പോകുന്നു എന്നവൻ പാടി. അതിന്നും സുറിയാനി ക്രിസ്ത്യാനികൾ പാടിക്കൊണ്ടിരിക്കുന്നു. മാഞ്ഞു പോകുന്ന വെറും നിഴലിനോട് അതിനെ ഷേക്സ്പിയർ മാക്ബത്തിൽ ഉപമിച്ചു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!!
പൗലോസ് വേറൊരു ആശയമാണ് ഹൃദ്യമായി അവതരിപ്പിക്കുന്നത്. " നിലത്തുവീണഴുകുന്ന വിത്ത് മുളയ്ക്കുന്നതു പോലെ പുതുക്കപ്പെടുന്ന ജീവിതങ്ങൾ.'' മഴയിൽ മാത്രം പുതുക്കപ്പെടുന്ന ചില വിത്തുകൾ ഉണ്ട്. എത്ര വെള്ളവും വളവും അതിനെ മണ്ണിൽ നിന്നുയിർപ്പിക്കാനാകില്ല; പുതുമഴ പെയ്യുന്നതുവരെ അതങ്ങനെ വിശ്രമിക്കും. നിർജീവാവസ്ഥയിലും മോഷലബ്ധിക്കായി പ്രതീക്ഷാനിർഭരമായ ഒരു സജീവത.
സുറിയാനി പാരമ്പര്യത്തിൽ പിതൃക്കളെ അനുസ്മരിക്കുന്ന ദിവസങ്ങളാണിത്. പൗരസ്ത്യ സുറിയാനി കണക്കിൽ ദനഹാക്കാലം അവസാന വെള്ളിയും (ഫെബ്രുവരി 28) പാശ്ചാത്യ സുറിയാനി രീതിയിൽ വലിയനോമ്പിനു മുമ്പുള്ള ഞായറാഴ്ച (ഫെബ്രുവരി 23) യും.
ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്; ഒരു ധൈര്യപ്പെടലാണ്. പഠിപ്പിച്ച പാഠങ്ങൾക്കും പകർന്നു നൽകിയ ബോധ്യങ്ങൾക്കും ചേർത്തുപിടിച്ച കരങ്ങൾക്കുമുള്ള ഒരു തർപ്പണം. നല്ലോർമ്മകളോടൊരു ഐക്യപ്പെടൽ.
ഡെറിൻ രാജു
22.02.2025

Saturday, 8 February 2025

സഭാ ഭരണഘടനാ രൂപീകരണത്തില്‍ അത്മായനേതൃത്വത്തിന്‍റെ പങ്ക് | ഡെറിന്‍ രാജു

മലങ്കരസഭാ ഭരണഘടന തൊണ്ണൂറു വര്‍ഷങ്ങള്‍ പിന്നിടുകയാണല്ലോ. 1934 ഡിസംബര്‍ 26-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പാസ്സാക്കുകയും അന്നുതന്നെ എപ്പിസ്കോപ്പല്‍ സിനഡ് അംഗീകരിക്കുകയും അന്നു മുതല്‍ നിലവില്‍ വരികയുമാണ് ചെയ്തത്. സഭ ഔദ്യോഗികമായി ക്രമീകരിച്ച നവതി ആഘോഷങ്ങള്‍ പരിസമാപ്തിയിലും എത്തി. എന്നാല്‍ ഈ ഭരണഘടനാ രൂപീകരണത്തിന് പിന്നില്‍ മുഖമില്ലാതെയും നേരിട്ടും പ്രവര്‍ത്തിച്ച നിരവധി ആളുകള്‍ ഉണ്ട്. പ്രത്യേകിച്ച് അയ്മേനികള്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി എങ്ങും പരാമര്‍ശിക്കുന്നില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മുമ്പത്തെ സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യാസങ്ങള്‍ ഇന്ന് ഉണ്ടായിട്ടുണ്ട് എന്നതും സമ്മതിക്കേണ്ടതാണ്. അതില്‍ പ്രധാന പങ്കു വഹിച്ചത്, "മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍" എന്ന പുസ്തകമാണ് എന്നതിലും അഭിമാനമുണ്ട്.

2019 ആദ്യമാണ് കാര്യമായ നിലയില്‍ സഭാഭരണഘടനയെപ്പറ്റി പഠിക്കുവാന്‍ ആരംഭിച്ചത്. സഭാ ഭരണഘടന രൂപീകരിക്കപ്പെട്ടിട്ട് 85 വര്‍ഷത്തിനടുത്ത് ആയപ്പോഴാണ് ഈ പഠനം ആരംഭിച്ചതെങ്കിലും ചില ലേഖനങ്ങള്‍ ഒഴികെ കാര്യമായ ഒരു പഠനവും പ്രത്യേകിച്ച്  ഭരണഘടനയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട  ഒന്നുംതന്നെ ഇല്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. പ. വട്ടശ്ശേരില്‍ തിരുമേനി ഭരണഘടന ഉണ്ടാക്കിയെന്ന് പണ്ടാരോ പറഞ്ഞു പതിഞ്ഞ ഒരു വാചകമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവിടെനിന്നാണ് 2019 ഒക്ടോബറില്‍ പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് ഇറങ്ങിയത്. രണ്ടാമത്തെ പതിപ്പ് 2023 ഏപ്രിലിലും ഇറങ്ങി. ഉടനെ മൂന്നാം പതിപ്പ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്നുവരെ നിലനിന്നിരുന്ന നിരവധി തെറ്റിദ്ധാരണകളും അബദ്ധങ്ങളും തിരുത്താന്‍ പുസ്തകത്തിനു സാധിച്ചു എന്ന് അഭിമാനത്തോടെ പറയട്ടെ.

മലങ്കരസഭയുടെ ഭരണം ഒരിക്കലും ഒരു മെത്രാന്‍ സമിതിയുടെ ഏകപക്ഷീയ ഭരണമായിരുന്നില്ല. അതില്‍ വൈദികര്‍ക്കുള്ള അത്രയുമോ അതിലധികമോ ആയ ഒരു ചുമതലയും ഉത്തരവാദിത്തവും അവൈദികര്‍ക്കും ഉണ്ടായിരുന്നു. അവൈദികര്‍ കൂടി ഉള്‍ക്കൊള്ളുന്ന സമിതി അംഗീകരിക്കാത്ത തീരുമാനങ്ങള്‍ മലങ്കരയില്‍ നടപ്പിലാകില്ലായെന്ന് റോമന്‍ കത്തോലിക്കാ രീതികള്‍ മലങ്കരയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സാക്ഷാല്‍ അലക്സിസ് ഡി മെനസിസിന് വരെ അറിയാമായിരുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവ് ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടുവാന്‍ ചേന്ദമംഗലത്ത് നിന്ന് 1599 മെയ് മാസം 14-ാം തീയതി അയച്ച സര്‍ക്കുലര്‍ തന്നെയാണ്. അതില്‍ കാണുന്നത് "ജനങ്ങള്‍ പള്ളികളില്‍ സമ്മേളിച്ച് ഉത്തമന്മാരായ നാലുപേരെ വീതം പ്രതിനിധികളായി തെരഞ്ഞെടുത്ത് അധികാരപ്പെടുത്തി സുന്നഹദോസിലേക്ക് അയയ്ക്കണം" എന്നാണ്. മലങ്കരയിലെ കീഴ്നടപ്പ് എന്തായിരുന്നു എന്നതിന്‍റെ പ്രത്യക്ഷ സൂചനയായി ഈ വാചകത്തെ പരിഗണിക്കാം. 

വളയമില്ലാതെ ചാടാന്‍, അതിപ്പോള്‍ ആരായിരുന്നാലും നസ്രാണികള്‍ സമ്മതിക്കുമായിരുന്നില്ല. അതു പരദേശത്തുനിന്ന് വന്ന മെത്രാന്മാരായിരുന്നാലും അല്ല മലങ്കര മെത്രാപ്പോലീത്താ ആയിരുന്നാലും അതിനു ഉതകുന്നവിധം അവര്‍ ധാരാളം പടിയോലകളും സുന്നഹദോസ് നിശ്ചയങ്ങളും കാലാകാലങ്ങളില്‍ പാസ്സാക്കിയിട്ടുമുണ്ട്. കണ്ടനാട് പടിയോല, പുതിയകാവ് തീരുമാനങ്ങള്‍, കോട്ടയം ചട്ടവര്യോല എന്നിവയൊക്കെ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഇവയെ ഒക്കെയും മലങ്കരസഭാ ഭരണഘടനയുടെ പൂര്‍വ്വരൂപങ്ങളായും കണക്കാക്കാവുന്നതുമാണ്. ഇതു കൂടാതെ പല പഴയപള്ളികള്‍ക്കും സ്വന്തമായ ഭരണഘടനയോ ഉടമ്പടിയോ ഉണ്ടായിരുന്നു. ഈ പള്ളികളുടെ ഭരണഘടനകളില്‍ പള്ളി ഇടവകയുടെ ഭരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കോലഞ്ചേരി, നിരണം, മണ്ണത്തൂര്‍ തുടങ്ങിയ പല പള്ളികള്‍ക്കും 1925-നു മുമ്പുതന്നെ ഇത്തരം ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. 

1920-ന്‍റെ ആരംഭത്തിലാണ് സഭാഭരണഘടനയുടെ രൂപീകരണം എന്ന ഒരു ആശയം ഒരുപറ്റം ആളുകളുടെ ഇടയില്‍ ബീജാവാപം ചെയ്തത്. 

മലങ്കരസഭാ ഭരണഘടനയുടെ രൂപീകരണം കാലഘട്ടത്തിന്‍റെ കൂടി സൃഷ്ടിയാണ്; കാരണം 20-ാം നൂറ്റാണ്ടിന്‍റെ ആരംഭം ലോകത്താകമാനം തന്നെ ജനാധിപത്യത്തിനായുള്ള മുറവിളികള്‍ ശക്തമായ സമയമായിരുന്നല്ലോ. അതിന്‍റെ അനുരണനങ്ങള്‍ മലങ്കരസഭയിലും ഉണ്ടായി. അതിന്‍റെ ഉത്പന്നമായിരുന്നു 1920-ല്‍ ആരംഭിച്ച 'സുറിയാനി സഭാമാസിക.' സഭയിലെ ജനാധിപത്യവാദികള്‍ ഇടവകഭരണത്തിലും സമുദായ ഭരണത്തിലും കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടുകയും അതിനായി അവര്‍ അവരുടെ നാവായി സുറിയാനി സഭാമാസികയെ ഉപയോഗിക്കുകയും ചെയ്തു. മലങ്കരസഭാ ഭരണഘടനയുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും സുറിയാനി സഭാമാസികയെ മറന്നുപോകാനോ അവഗണിക്കാനോ സാധിക്കുകയില്ല. 1920-ല്‍ തിരുവനന്തപുരം സിറ്റി പ്രസില്‍ നിന്നും എന്‍. ജെ. ഫെര്‍ണാണ്ടസ് പ്രിന്‍ററും പബ്ലീഷറുമായി മാസിക പ്രവര്‍ത്തനം ആരംഭിച്ചു. പി. ജേക്കബ് കുര്യന്‍ (മാവേലിക്കര) പത്രാധിപരും എന്‍. ജെ. ഡേവിഡ് ജോയിന്‍റ് എഡിറ്ററും ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്, വി. കെ. സഖറിയാ, വി. ഐ. ജേക്കബ്, ഫീലിപ്പോസ് മത്തായി എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളും ആയിരുന്നു. 'ജനങ്ങളുടെ ശബ്ദം, ദൈവത്തിന്‍റെ ശബ്ദം' എന്നതായിരുന്നു മാസികയുടെ മുദ്രാവാക്യം. ഇതില്‍നിന്നുതന്നെ ഇതൊരു അത്മായ പ്രസിദ്ധീകരണമായിരുന്നുയെന്ന് വ്യക്തമാണ്. വ്യവസ്ഥാപിതമായ ഒരു ഭരണഘടന മലങ്കരസഭയ്ക്ക് ആവശ്യമാണെന്നും എന്നാല്‍ അത് എപ്പിസ്കോപ്പല്‍ ഭരണരീതിയല്ലെന്നും മാസിക അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലങ്കര മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പല്‍ മുന്‍ഗണനകളെയും മാസിക ശക്തമായി എതിര്‍ത്തു. 

സുറിയാനി സഭാ മാസിക, സഭാചരിത്രത്തെ പുനര്‍വായന നടത്തുകയും മലങ്കര-അന്ത്യോഖ്യന്‍ ബന്ധത്തെ ഒരു വ്യവസ്ഥാപിത രീതിയിലാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ട് ഒരു ഭരണഘടനാ ഡ്രാഫ്റ്റ് തന്നെ അവതരിപ്പിച്ചു. കോട്ടയം മാങ്ങാനം സ്വദേശിയായിരുന്ന ടി. ജോസഫ്, അഡ്വ. പത്രോസ് മത്തായി, കെ. കെ. ലൂക്കോസ് (പുതുപ്പള്ളി) തുടങ്ങിയ പലരും ഈ മാസികയോട് സഹകരിച്ചിരുന്നു. 1909-ല്‍ പാത്രിയര്‍ക്കീസിനു ലൗകികാധികാരം കൊടുക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച ശ്രീ. എം. പി. വര്‍ക്കി തന്‍റെ നിലപാട് സുറിയാനി സഭയില്‍ രേഖപ്പെടുത്തുന്നുണ്ട്. അത് ഇപ്രകാരമാണ്: "എന്‍റെ അഭിപ്രായത്തില്‍ എപ്പിസ്കോപ്പല്‍ ഭരണം നമ്മുടെ സഭയില്‍ നടപ്പാക്കുന്നത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ലൗകികാധികാരം സമ്മതിച്ച് എഴുതിക്കൊടുക്കുന്നതിനേക്കാള്‍ അപകടമാണ്." ഇതിനോടു ചേര്‍ന്നുപോകുന്ന അഭിപ്രായങ്ങളാണ് മാസികയില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണുന്നത്. എം. പി. വര്‍ക്കി തന്നെ വേറൊരിടത്ത് അഭിപ്രായപ്പെടുന്നത് "മലങ്കര അര്‍ക്കദെയാക്കോനെ (പിന്നീട് മെത്രാപ്പോലീത്തായെ) തിരഞ്ഞെടുക്കാനുള്ള അധികാരം മലങ്കരസഭയിലെ പള്ളിപ്രതിപുരുഷന്മാര്‍ക്ക് അഥവാ സുന്നഹദോസിനാണെന്നുള്ളതിന് സംശയമില്ലല്ലോ. ഈ സുന്നഹദോസിന് കൂട്ടം എന്നാണ് പണ്ടുമുതലേ പറഞ്ഞുവരുന്ന പേര്. ഓരോ ഇടവകയില്‍ നിന്നും ഒരു പട്ടക്കാരനെയും രണ്ടു അയ്മേനികളെയും ഇടവകക്കാര്‍ തിരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ പ്രതിപുരുഷന്മാരുടെ ഭൂരിപക്ഷപ്രകാരം മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുന്നു. 'കോട്ടയത്തെ കൂട്ടം' എന്നുള്ള വാക്ക് എനിക്ക് ഓര്‍മ്മവെച്ച കാലംമുതല്‍ കേട്ടുതുടങ്ങിയതാണ്." അദ്ദേഹം ഇത് അവസാനിപ്പിക്കുന്നത് റോമാസഭയിലോ ആംഗ്ലിക്കന്‍ സഭയിലോ ഈ സമ്പ്രദായം ഇല്ലെന്ന് സ്പഷ്ടമാണല്ലോ എന്നു പറഞ്ഞാണ്.

1920 മേടം-ഇടവം ലക്കം 'സുറിയാനി സഭ' മാസികയില്‍ 'മലങ്കര സുറിയാനി സഭാ ഭരണനിയമ'ത്തിന്‍റെ കരടു ബില്ലു തന്നെ അവതരിപ്പിച്ചു. ജനാധിപത്യതത്വങ്ങളില്‍ അടിസ്ഥാനമായ ആ രേഖ ഏറെക്കുറെ പൂര്‍ണ്ണമായും മെത്രാന്‍ കേന്ദ്രീകൃത ഭരണത്തെ എതിര്‍ത്തു. ഇടവകയോഗം, മാനേജിംഗ് കമ്മിറ്റി, കൈക്കാരന്‍, സെക്രട്ടറി, മെത്രാസന ഇടവക, മലങ്കര ട്രസ്റ്റികള്‍ തുടങ്ങി പിന്നീട് ഭരണഘടനയുടെ ഭാഗമായ പല വകുപ്പുകളും നമുക്ക് ആ കരട് ബില്ലില്‍ കാണാം. കരട് ബില്ലിനെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായവും ക്ഷണിച്ചു. അടുത്ത ലക്കത്തില്‍ ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചു. ആ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് തന്നെ കുറെ പറയാനുണ്ടെങ്കിലും പൈലി മത്തായി പറയുന്ന ഒരു ആശയം മാത്രം പറയട്ടെ: "ലോകത്തില്‍ എല്ലായിടത്തും എല്ലാവരും സ്വാതന്ത്ര്യത്തിനായി യത്നിക്കുന്ന ഒരു കാലമാണല്ലോ ഇത്. നമ്മുടെ സമുദായത്തിന്‍റെ ശ്രേയസ്സില്‍ പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളും ആകാംക്ഷയുള്ളവരും നമ്മെപ്പോലെതന്നെ പ്രവര്‍ത്തിക്കുന്നതിന് ത്രാണിയും നല്ല മനസ്സുള്ളവരുമാണ്. കരടുനിയമം രണ്ടാം അദ്ധ്യായം ഒന്നാം ഭാഗം അഞ്ചാം വകുപ്പും ഈ വകുപ്പും (ഒന്നാം) കൂടി വായിക്കുമ്പോള്‍ നമ്മുടെ സ്ത്രീകള്‍ക്ക് സഭാഭരണത്തില്‍ പ്രവേശനം നല്‍കുന്നില്ലായെന്ന് കാണുന്നു. ചുരുങ്ങിയപക്ഷം അവര്‍ക്ക് കമ്മിറ്റി മെമ്പര്‍മാരെ തിരഞ്ഞെടുക്കുന്ന യോഗങ്ങളില്‍ വോട്ടവകാശമെങ്കിലും തല്‍ക്കാലം അനുവദിക്കേണ്ടതാണ്." സഭാഭരണഘടനയില്‍ ഈ നിര്‍ദ്ദേശം വരാന്‍ എടുത്ത കാലാവധി 77 വര്‍ഷമാണ്. ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തം ഇടവകഭരണത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. 

സുറിയാനി സഭാ മാസികയുടെ പ്രധാന ലക്ഷ്യം തന്നെ 'സഭയ്ക്കൊരു ഭരണഘടന' എന്നതായിരുന്നു. അതിനുള്ള ആശയസമാഹരണത്തിനുശേഷം ഏതാനും വര്‍ഷത്തിനുശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് 10 വര്‍ഷത്തിനുശേഷം ഔദ്യോഗികമായി ഭരണഘടനാ രൂപീകരണശ്രമങ്ങള്‍ നടന്ന സമയത്ത് മാസികയുടെ 5 പ്രവര്‍ത്തകര്‍ രൂപീകരണ കമ്മിറ്റിയംഗങ്ങളായി നിയമിക്കപ്പെട്ടു.

സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തനങ്ങളോടും ഭരണഘടനാ നിര്‍മ്മാണമെന്ന ആശയത്തോടും സഭാനേതൃത്വത്തിന് ആദ്യ ഘട്ടത്തില്‍ താല്‍പര്യമില്ലായിരുന്നുവെങ്കിലും ഒരു 10 വര്‍ഷത്തിനുള്ളില്‍ തന്നെ സാഹചര്യം മാറുന്നുണ്ട്. എന്നാല്‍ അത് എന്ന് എന്നതില്‍ കൃത്യമായ ഒരു ഉത്തരവും കണ്ടെത്താന്‍ സാധിക്കുന്നില്ല. കാരണം ആ കാലഘട്ടത്തിലെ വട്ടശ്ശേരില്‍ തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍ നമുക്ക് ലഭ്യമല്ല. അത് കൂടി ലഭ്യമായിരുന്നെങ്കില്‍ ഒരുപക്ഷേ കൃത്യമായ തീയതി നമുക്ക് കിട്ടിയേനെ. പാറേട്ട് മാത്യൂസ് കത്തനാരുടെ 1104 മേടം 5-ലെ ഡയറിക്കുറിപ്പില്‍ നിന്നു വ്യക്തമാകുന്നപ്രകാരം 1929-ല്‍ ഭരണഘടനാ നിര്‍മ്മാണമെന്ന ആശയം സഭ അംഗീകരിച്ചിരുന്നു. അതിനായി എം.ഡി. സെമിനാരിയില്‍ ഉടനെ ഒരു യോഗം ചേരുന്നുമുണ്ട്. യോഗം മേടം 11-ന് കൂടി ഒരു വിഷയനിര്‍ണ്ണയ സമിതിയെ തിരഞ്ഞെടുത്തു. പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പില്‍ കാണുന്നത്: "10 മണിയോടു കൂടി എം.ഡി. സെമിനാരിയില്‍ യോഗം കൂടി. വിഷയനിര്‍ണ്ണയ കമ്മിറ്റിയെ നിയമിച്ചു പിരിഞ്ഞു. മാമ്മന്‍ മാപ്പിള, എ. എം. വര്‍ക്കി., സി. ഒ. ഉമ്മന്‍, റ്റി. ജോസഫ് മുതലായ പത്തുനൂറ് പേരുണ്ടായിരുന്നു. പൂതക്കുഴി, കലയക്കാട്ടില്‍, എന്‍. ജി. കുര്യാക്കോസ്, റ്റി. വി. ജോണ്‍ എന്നീ വൈദികരും ഉണ്ടായിരുന്നു. ജോണ്‍ വക്കീല്‍ അദ്ധ്യക്ഷത വഹിച്ചു. 12 നിശ്ചയങ്ങള്‍ ചെയ്തു. എമശവേ & ഛൃറലൃ (വിശ്വാസം, ശിക്ഷണം) ഇവയില്‍ മെത്രാന്മാരുടെ സുന്നഹദോസിന് പൂര്‍ണ്ണാധികാരം സമ്മതിച്ചു. മറ്റുള്ളതിന് പൊതുയോഗത്തിന് അധികാരമുണ്ടായിരിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം." വിഷയനിര്‍ണ്ണയ സമിതിയോഗം ചേര്‍ന്നെങ്കിലും പിന്നീടും തര്‍ക്കങ്ങള്‍ ഉണ്ടായി. 1930 സെപ്റ്റംബര്‍ 4-നു ഭരണഘടന എഴുതാന്‍ ഒരു കമ്മിറ്റിയെ അസോസിയേഷന്‍ നിയമിച്ചു. ഒ. എം. ചെറിയാന്‍ കണ്‍വീനറായ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, ഫാ. റ്റി. വി. ജോണ്‍, ചെറിയമഠത്തില്‍ സ്കറിയാ മല്പാന്‍, ഇ. ജെ. ജോണ്‍, കെ. സി. മാമ്മന്‍ മാപ്പിള, എ. എം. വര്‍ക്കി, സി. പി. തരകന്‍, പത്രോസ് മത്തായി, റ്റി. ജോസഫ്, ജേക്കബ് കുര്യന്‍, കെ. റ്റി. മാത്യു, പി. റ്റി. ഈപ്പന്‍, ഇ. ജെ. ഫീലിപ്പോസ്, ഡോ. സി. റ്റി. ഈപ്പന്‍ എന്നിവരായിരുന്നു. 

സമിതി പല തവണ യോഗം ചേര്‍ന്നു. 'സുറിയാനി സഭാ മാസിക'യുടെ അനുഭാവികളായ 5 പേര്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നു. അവര്‍ തനിയെയും യോഗം ചേര്‍ന്നിരുന്നു. പണസംബന്ധമായ അധികാരം ആരിലായിരിക്കണം എന്നത് പലപ്പോഴും തര്‍ക്കവിഷയമായിരുന്നു. അത് ജനങ്ങള്‍ക്കായിരിക്കണോ മെത്രാന്മാര്‍ക്കായിരിക്കണോ എന്ന തര്‍ക്കം ഉണ്ടായി. 1105 മിഥുനം 23, 26 തീയതികളിലെ പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പുകളില്‍ അത് വ്യക്തമാണ്. "കോട്ടയത്തു പോയി, അവിടെ വെച്ച് മി. ഒ. എം. ചെറിയാനുമായി കണ്ടു. സഭാകാര്യം മെത്രാച്ചനോട് പറയാന്‍ എന്നെ ഭരമേല്‍പ്പിച്ചു. പഴയസെമിനാരിയില്‍ പോയി മെത്രാച്ചനുമായി സഭാകാര്യവും പള്ളിക്കൂട കാര്യവും സംസാരിച്ചു. പണസംബന്ധമായ കാര്യങ്ങളില്‍ പരമാധികാരം ജനങ്ങള്‍ക്ക് ഇരിക്കണമെന്നാണ് അവര്‍ പറയുന്നത്. അത് മെത്രാച്ചന് തീരെ സമ്മതമല്ല." പിന്നീട് അദ്ദേഹം ഒ. എം. ചെറിയാനെയും കൂട്ടിക്കൊണ്ട് വട്ടശ്ശേരില്‍ തിരുമേനിയെ കാണാന്‍ പോകുന്നുണ്ട്. അവിടെവച്ചും ഇതേ വിഷയം പ്രതിസന്ധിയായി, ഒരു തീരുമാനത്തിലെത്താന്‍ സാധിക്കുന്നില്ല. ഇങ്ങനെ നിര്‍മ്മാണ കമ്മിറ്റിയും വട്ടശ്ശേരില്‍ തിരുമേനിയും ആശയപരമായി രണ്ട് തട്ടിലായി. 

ഈ സമയത്ത് മറ്റ് പല പ്രതിസന്ധികളും സഭ നേരിട്ടു. പ്രതിസന്ധികള്‍ തെല്ലൊന്ന് ഒതുങ്ങിയ ഘട്ടത്തില്‍ തന്‍റെ അഭിപ്രായങ്ങള്‍ വട്ടശ്ശേരില്‍ തിരുമേനി, അന്ന് ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന 'കേരളകേസരി' പത്രത്തില്‍ 1932 ജൂലൈ 2 മുതല്‍ സെപ്റ്റംബര്‍ 10 വരെയായി പ്രസിദ്ധീകരിച്ചു. ഈ സമയത്ത് തന്നെ പഴയ ജനാധിപത്യവാദികളുടേതായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡ്രാഫ്റ്റ് എ. സി. പോളും (വടക്കന്‍പറവൂര്‍) കേരള കേസരിയില്‍ പ്രസിദ്ധീകരിച്ചു. ജനാധിപത്യവാദികളായ 5 കമ്മിറ്റിയംഗങ്ങള്‍ ഒപ്പിട്ട ഒരു ഡ്രാഫ്റ്റ് ഭരണഘടനാ നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ക്കും മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കും അയച്ചുകൊടുക്കുകയും 'കേരളകേസരി' വഴി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ഇതിനുശേഷം 1932 നവംബര്‍ 30-ന് ഒ. എം. ചെറിയാന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു നക്കല്‍ ഭരണഘടന അച്ചടിപ്പിച്ച് ഒരു കത്തോടു കൂടി സഭയിലെ പലര്‍ക്കും അയച്ചുകൊടുത്തു. മനോരമയിലും പ്രസിദ്ധീകരിച്ചു. ഈ നക്കല്‍ രേഖയുടെ പരിഷ്ക്കരിച്ച പതിപ്പാണ് 1934-ല്‍ പാസ്സാക്കിയത്. 

വട്ടശ്ശേരില്‍ തിരുമേനി കാലം ചെയ്യുന്നതിന് നാലു മാസം മുമ്പുള്ള പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പിലാണ് ഭരണഘടനയുമായി ബന്ധപ്പെട്ട് അവസാന പരാമര്‍ശം ഉള്ളത്. "മെത്രാച്ചനു ക്ഷീണം കൂടുതലില്ല! ഒ. എം. ചെറിയാന്‍ വന്നിട്ടുണ്ടായിരുന്നു; ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറെസമയം സംസാരിച്ചു; യോജിക്കുന്ന മട്ടു കണ്ടില്ല." 

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനി 1934 ഫെബ്രുവരി 23-ന് കാലംചെയ്തു. ആ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഒരു അസോസിയേഷന്‍ കൂടുവാന്‍ ആദ്യം തീരുമാനിച്ചുവെങ്കിലും പിന്നീട് ഡിസംബറിലേക്ക് അത് മാറ്റി. 1934 ഡിസംബര്‍ 26-ന് യോഗം കൂടി. അജണ്ടായിലെ അഞ്ചാമത്തെ വിഷയമായി യോഗം ഭരണഘടന പരിഗണിച്ചു. നവംബറില്‍ മാനേജിംഗ് കമ്മിറ്റി പാസ്സാക്കിയ ബില്‍ അസോസിയേഷന്‍ പാസ്സാക്കുന്നതിനു മുമ്പായി ഓരോ വകുപ്പുകളും പരിഗണിച്ച് ഭേദഗതികള്‍ തയ്യാറാക്കാന്‍ ഒരു സബ്ജക്ട് കമ്മിറ്റിയെ നിയമിച്ചു. 34 പേരുള്ള കമ്മിറ്റി പൂര്‍ണ്ണമായും അയ്മേനികളായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കമ്മിറ്റി എ. എം. വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ബില്ലും ഭേദഗതികളും അസോസിയേഷന്‍ പരിഗണിക്കുകയും ഭേദഗതികളോടെയുള്ള ഭരണഘടന അസോസിയേഷന്‍ പാസ്സാക്കുകയും ചെയ്തു. 

ഭരണഘടനാ രൂപീകരണത്തിന്‍റെ 15 വര്‍ഷത്തെ ചരിത്രം ഒരു വലിയ പരിധിയില്‍ അത്മായരുടെ പോരാട്ടത്തിന്‍റെ ചരിത്രമാണ്. ഭരണഘടനാ നിര്‍മ്മാണമെന്ന ആശയം രൂപംകൊള്ളുന്നതു മുതല്‍ അതിന്‍റെ വികസനവും അതിന്‍റെ പൂര്‍ത്തീകരണം വരെ ആ പോരാട്ടം നമുക്ക് കാണാം. ആ പോരാട്ടങ്ങളെ മറന്നുപോകുന്നത് നന്ദികേടാണ്. പോരാട്ടത്തെ അതിന്‍റെ അര്‍ഹിക്കുന്ന പരിഗണനയില്‍ കണ്ട, എതിര്‍ശബ്ദങ്ങള്‍ക്കു വിലകൊടുത്ത നേതൃത്വത്തിന്‍റെ പക്വതയും വില മതിക്കേണ്ടതാണ്. ആദ്യം പറഞ്ഞതുപോലെ, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ക്കപ്പുറമായി മുഖമില്ലാതെ ഈ പോരാട്ടത്തില്‍ പങ്കെടുത്തവരുണ്ട്. സബ്ജക്ട് കമ്മിറ്റിയിലെ അംഗങ്ങളുണ്ട് അങ്ങനെ പലരും. ഭരണഘടനാ രൂപീകരണം കൊണ്ട് അല്‍മായര്‍ എല്ലാം നിര്‍ത്തിയില്ല 1951, 67 തുടങ്ങിയ വര്‍ഷങ്ങളിലെ സമഗ്രമായ ഭേദഗതികളിലൊക്കെയും പലരുടെയും കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. നിയമവിദഗ്ദ്ധരായ അവരില്‍ പലരുടെയും സൂക്ഷ്മമായ പരിശോധനകളാണ് ഈ ഭരണഘടനയുടെ 9 പതിറ്റാണ്ടുകളുടെ നിലനില്‍പ്പിന്‍റെ ഒരു പ്രധാന കാരണവും. അവരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ദീപ്തസ്മരണകള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട് ചുരുക്കുന്നു.

Tuesday, 28 January 2025

കൊല്ലം, തുമ്പമൺ മെത്രാസനങ്ങളുടെ രൂപീകരണം

കൊല്ലം, തുമ്പമൺ മെത്രാസനങ്ങൾ അവയുടെ രൂപീകരണത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുകയാണല്ലോ. തുമ്പമൺ മെത്രാസനം ഔദ്യോഗികമായി പുറത്തിറക്കിയ ബ്രോഷറിലും കൊല്ലം മെത്രാസനം നൽകിയ പത്ര വാർത്തയിലും 1876-ലെ മുളന്തുരുത്തി സുന്നഹദോസിൽ വച്ച് ഈ മെത്രാസനങ്ങൾ രൂപീകരിക്കപ്പെട്ടതായി രേഖപ്പെടുത്തി കാണുന്നു. എന്നാൽ ആ പ്രസ്താവന ചരിത്രത്തിനു നിരക്കുന്നതല്ല.

1. മുളന്തുരുത്തി യോഗ സമയത്ത് പ. പത്രോസ് തൃതിയൻ പാത്രിയർക്കീസ് ബാവാ മറ്റു മെത്രാൻമാർക്ക് മേൽപ്പട്ട സ്ഥാനം കൊടുത്തിട്ടില്ല.

2. സുന്നഹദോസിനു ശേഷം മൂറോൻ കൂദാശയുടെ ക്രമീകരണങ്ങൾ നടക്കുന്ന സമയത്ത് മുളന്തുരുത്തിയിൽ വച്ച്  മെത്രാൻ സ്ഥാനാർഥികളിൽ നിന്ന് ഉടമ്പടി വാങ്ങാൻ റജിസ്ട്രാർ വരുന്നത് അവിടെ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നുണ്ട്.

3. മുളന്തുരുത്തി യോഗനിശ്ചയങ്ങളിലോ കാനോനകളിലോ മെത്രാസന വിഭജനം ഇല്ല.

4. 1876 ഡിസംബറിൽ 4 പേർക്ക് പ. പത്രോസ് പാത്രിയർക്കീസ് ബാവാ മെത്രാൻ സ്ഥാനം നൽകിയശേഷം 1877 ജനുവരിയിൽ വെളിയനാട് വച്ചാണ് അദ്ദേഹം മലങ്കരയെ 7 മെത്രാസനങ്ങളായി വിഭജിച്ചിരിക്കുന്നു എന്ന് പ്രസ്താവിച്ചത്. 

5. അവിടെ വച്ച് കൂടുതൽ പേർക്ക് മെത്രാൻ സ്ഥാനം നൽകുന്നതിൽ എതിരഭിപ്രായം ഉണ്ടായപ്പോൾ പാത്രിയർക്കീസ് ബാവാ പേപ്പർ യോഗസ്ഥലത്ത് കീറിക്കളഞ്ഞിട്ട് പരുമലയ്ക്ക് പോകുന്നുണ്ട്. 1876-ൽ മുളന്തുരുത്തിയിൽ മെത്രാസനങ്ങൾ നിലവിൽ വന്നിരുന്നുവെങ്കിൽ പിന്നീട് 1877-ൽ മെത്രാസന പ്രഖ്യാപനം ഉണ്ടാകേണ്ട കാര്യമില്ലല്ലോ. 

6. 1876-ൽ വാഴിച്ചവർക്കും 1877 ൽ വാഴിച്ചവർക്കും പാത്രിയർക്കീസ് ബാവാ ഇടവക തിരിച്ച് നൽകുന്നത് 1877 ഇടവമാസമാണ്. കണ്ടനാട് ഗ്രന്ഥവരി അത് വ്യക്തമാക്കുന്നുണ്ട്. "ഈ മലയാളം ഏഴ് ഭാഗമായി തിരിച്ച് ഓരോ ഇടവകയ്ക്ക് ഓരോരോ മെത്രാൻമാരെ നിയമിച്ചാക്കി" (98-ാം ലക്കം പേജ് 392) 

ചുരുക്കത്തിൽ മുളന്തുരുത്തിയിൽ വച്ച് മലങ്കരയെ മെത്രാസനങ്ങളായി തിരിച്ചു എന്നത് ചരിത്രത്തിനു നിരക്കുന്ന ഒരു പ്രസ്താവനയല്ല. പണ്ടാരോ പാടി പതിഞ്ഞത് വീണ്ടും തുടരുന്നു എന്നു മാത്രം.

ഡെറിൻ രാജു

Sunday, 29 December 2024

യൽദോയ്ക്ക് ശേഷമുള്ള ഞായറാഴ്ചകളിലെ ഏവൻഗേലിയോനുകളിൽ കാണുന്ന വിപരീത ക്രമീകരണം - ഒരു അന്വേഷണം.

 പരിശുദ്ധ ഏവൻഗേലിയോൻ നമ്മുടെ കർത്താവിൻ്റെ മനുഷ്യാവതാരകാല സംഭവങ്ങളെ ഒരു ക്രമാനുഗതമായ രീതിയിൽ അനുസ്മരിക്കുവാൻ ഉതകുന്നവിധമാണ് ക്രമീകരിച്ചിട്ടുള്ളത്. യൽദോയ്ക്ക് മുമ്പുള്ള കാലത്തിൽ സഖറിയായോടുള്ള അറിയിപ്പ് മുതൽ കർത്താവിൻ്റെ ജനനം വരെയുള്ള സംഭവങ്ങൾ ക്രമമായി അനുസ്മരിക്കുന്നു. ദനഹായ്ക്ക് ശേഷം ശ്ലീഹൻമാരെ വിളിക്കുന്നതും പരസ്യ ശുശ്രൂഷയും അനുസ്മരിക്കുന്നു. നോമ്പ് കാലത്ത് കർത്താവിൻ്റെ അത്ഭുത പ്രവർത്തികളും അതിൽ അവസാനത്തേതായി ലാസറിനെ ഉയിർപ്പിക്കുന്നതും അതിൻ്റെ  പിറ്റേന്ന് തന്നെ ഊശാന പെരുന്നാളും. പിന്നീട് ഹാശാ ആഴ്ചയിൽ പെസഹാ ആചരണം, ക്രൂശാരോഹണം, ഉയിർപ്പ്. ഉയിർപ്പിനു ശേഷം വരുന്ന ഞായറാഴ്ചകളിൽ അതിനുതകുന്നവ അങ്ങനെ. എന്നാൽ ഈ ക്രമീകരണപ്രകാരം നോക്കിയാൽ ക്രമം തെറ്റിയ ഒരു രീതി കാണാൻ സാധിക്കുന്നത് യൽദോയ്ക്ക് ശേഷം (ദനഹായ്ക്ക് മുമ്പായി) വരുന്ന ഞായറാഴ്ചകളിൽ ആണ്. യൽദോയ്ക്ക് ശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ചയിലെ ഏവൻഗേലിയോൻ ലൂക്കോസ് 2 : 40 - 52 വരെയാണ്. ബാലനായ യേശു പെസഹാ പെരുന്നാളിൽ സംബന്ധിക്കുവാൻ യെരുശലേമിലേക്ക് മാതാപിതാക്കളുമൊത്ത് പോകുന്നതാണ് ഇതിവൃത്തം. എന്നാൽ യൽദോയ്ക്ക് ശേഷം രണ്ടാം ഞായറാഴ്ച വരുമ്പോൾ കാലഗണന മാറുന്നു. ഏവൻഗേലിയോൻ ഭാഗം മത്തായി 2 : 19-23 വരെയുള്ള വാക്യങ്ങളാണ്. അവിടെ ഹെറോദാവിൻ്റെ മരണശേഷം മിസ്രയീമിൽ നിന്ന് മടങ്ങി വരുന്നതും നസറേത്തിൽ താമസിക്കുന്നതുമാണ്.  ഇവിടെ ഈ രണ്ട് ഞായറാഴ്ചകളിലെ ഏവൻഗേലിയോൻ വായനാഭാഗത്തിൽ കാലഗതിയിൽ ഒരു തിരിവ് (Reversal) സംഭവിക്കുന്നുണ്ട്. ഈ തിരിവിൻ്റെ കാരണം തേടിയുളള ഒരു അന്വേഷണമാണീ ലേഖനം.


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അന്ത്യോഖ്യൻ സുറിയാനി സഭയും ഉപയോഗിക്കുന്ന വേദവായനക്കുറിപ്പിൽ ഇപ്രകാരം (ആദ്യം പെസഹായിൽ സംബന്ധിക്കുന്നതും പിറ്റേ ഞായറാഴ്ച മി​സ്റേമിൽ നിന്ന് മടങ്ങി വരുന്നതും) തന്നെയാണ് ക്രമീകരണം. പല വേദവായനക്കുറിപ്പുകൾ പരിശോധിച്ചതിലും കണ്ടത് ഈ ക്രമീകരണം തന്നെയാണ്. എന്നാൽ 1988-ൽ പരിഷ്ക്കരിച്ച് 2016 വരെ ഉപയോഗിച്ചിരുന്ന വേദവായനക്കുറിപ്പിലും അതിൻപ്രകാരമുള്ള ഏവൻഗേലിയോനിലും കാണുന്നത് വേറൊരു രീതിയാണ്. അതിൽ ആദ്യ ഞായറാഴ്ച മിസ്രേമിലേക്കുള്ള ഓടിപ്പോകലും രണ്ടാം ഞായറാഴ്ച പെസഹാ പെരുന്നാളിൽ ദേവാലയത്തിലേക്ക് ബാലനായ യേശു മാതാപിതാക്കളുമായി പോകുന്നതുമാണ്. ആ ഇടക്കാല പരിഷ്ക്കരണം ഒഴിവാക്കിയാൽ പുരാതന വേദവായനക്കുറിപ്പുകളിലും ഇന്നുപയോഗിക്കുന്നവയിലും കാണുന്നത് ആദ്യം പറഞ്ഞ രീതിയിലാണ്.


സുറിയാനി പാരമ്പര്യത്തിലെ ഒരു പ്രധാന പെരുന്നാളാണ് ശിശുവധപ്പെരുന്നാൾ (ഡിസംബർ 27). ആ ദിവസത്തെ ഏവൻഗേലിയോൻ ഭാഗം മത്തായി 2 : 13 - 23 വരെയാണ്. യൽദോയ്ക്കു ശേഷം രണ്ടാം ഞായറാഴ്ചയിലെ ഏവൻഗേലിയോനിൽ ഈ ഭാഗം ഉൾക്കൊള്ളുന്നുണ്ട് (19 മുതൽ 23 വരെയുള്ള വാക്യങ്ങൾ). ശിശുവധപെരുന്നാളിൽ അനുസ്മരിച്ച അതേ സംഭവമോ ഇതിൻ്റെ അനുബന്ധ സംഭവമോ യൽദോയ്ക്കു ശേഷം വരുന്ന ഞായറാഴ്ച വീണ്ടും ഇതേ അനുസ്മരിക്കുന്നത് ആവർത്തനമായിരിക്കും.  എന്നാൽ ഏവൻഗേലിയോനിൽ ക്രമീകരിച്ചിരിക്കുന്ന തിരിച്ചിൽ തൊട്ടടുത്ത ദിവസങ്ങളിൽ ഒരേ ഏവൻഗേലിയോൻ വായിക്കുന്ന രീതി  ഒഴിവാക്കാൻ സാധിക്കും. 


രണ്ടാമത്തേത് ഡിസംബർ 25-നും ജനുവരി 6-നും ഇടയിൽ 2 ഞായറാഴ്ചകൾ ഉണ്ടാകാനുള്ള സാദ്ധ്യത 4/7 ആണ്. അതായത് 7 വർഷമെടുത്താൽ അതിൽ 3 വർഷവും യൽദോയ്ക്കും ദനഹായ്ക്കും ഇടയിൽ ഒരു ഞായറഴ്ചയെ വരികയൊള്ളു. വേറൊരു രീതിയിൽ പറഞ്ഞാൽ യൽദോ പെരുന്നാൾ ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ വന്നാൽ ആ വർഷം യൽദോയ്ക്കും ദനഹായ്ക്കുമിടയിൽ ഒരു ഞായറാഴ്ച മാത്രമേ വരികയൊള്ളു. അങ്ങനെ വരുന്ന ഘട്ടത്തിൽ പെസഹ പെരുന്നാളിൽ യെരുശലേം സംബന്ധിക്കുന്ന സംഭവം കാലഗണന നോക്കി രണ്ടാം ഞായറാഴ്ച ക്രമീകരിച്ചാൽ അത് അനുസ്മരിക്കുവാൻ‍ സാധിക്കാതെ പോകും. ശിശുവധപെരുന്നാളിൽ അനുസ്മരിച്ചത് ഒന്നുകൂടി അനുസ്മരിക്കുക മാത്രം ചെയ്യും. എന്നാൽ ഈ പെരുന്നാളുകൾക്കിടയിൽ എപ്പോഴും ഒരു ഞായറാഴ്ചയെങ്കിലും ഉറപ്പായും ഉണ്ടാകുമെന്നതിനാൽ ആദ്യ ഞായറാഴ്ചത്തെ അനുസ്മരണവിഷയമായി പെസഹാ പെരുന്നാളിലെ സംഭവം ക്രമീകരിച്ചാൽ ആ സംഭവം എല്ലാവർഷവും അനുസ്മരിക്കപ്പെടും. ഒരു ഞായറാഴ്ച വരുന്ന വർഷങ്ങളിൽ ഇപ്പോഴത്തെ രീതിയിൽ ഒഴിവായി പോകുന്നത് മിസ്രയേമിൽ നിന്ന് തിരിച്ചെത്തി നസറേത്തിൽ താമസിക്കുന്നതാണ്. അത് ശിശുവധപ്പെരുന്നാളിൽ എല്ലാവർഷവും അനുസ്മരിക്കുന്നതാണല്ലോ. രണ്ട് ഞായറാഴ്ച വരുമ്പോൾ അതിൻ്റെ അവസാന ഭാഗം രണ്ടാം ഞായറാഴ്ച വീണ്ടും ഒരിക്കൽ കൂടി അനുസ്മരിക്കുകയും ആകാം.


അങ്ങനെ വരുമ്പോൾ ഈ ക്രമീകരണപ്രകാരം എല്ലാ വർഷവും (യൽദോയ്ക്കും ദനഹായ്ക്കുമിടയിൽ ഒരു ഞായറാഴ്ച വന്നാലും രണ്ട് ഞായറാഴ്ച വന്നാലും) കർത്താവിൻ്റെ ജനനത്തിനും പരസ്യ ശുശ്രൂഷാരംഭത്തിനും ഇടയിൽ നടന്ന ഈ രണ്ട് സംഭവങ്ങളും അനുസ്മരിക്കാൻ സാധിക്കും.

Tuesday, 24 December 2024

മരിച്ചു വീഴുന്ന ഓരോ കുഞ്ഞും മനുഷ്യകുലത്തിന്റെ ശാപമാണ്

ഒരിക്കലും മാറ്റ് കുറയാത്ത ബോദ്ധ്യങ്ങൾ നിർമ്മിച്ച വലിയ തച്ചൻ്റെ, തൻ്റെ പുതപ്പിനായി വ്യവഹരിക്കുന്നവനു തൻ്റെ പുറം കുപ്പായം കൂടി വിട്ട് കൊടുക്കാൻ പറഞ്ഞ സോഷ്യലിസ്റ്റിൻ്റെ, വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ച വിപ്ലവകാരിയുടെ ജൻമ ദിവസമാണ്. നമ്മുടെ നിലയോട് അനുകമ്പ തോന്നി നമ്മുടെ ആശയും പ്രതീക്ഷയും മണ്ണിലിറങ്ങിയ ദിവസമാണ്.

ഗസയിലും ലെബാനോനിലും സിറിയയിലും തുടങ്ങി എവിടെയും കുരുന്നുകളുടെ നിലയ്ക്കാത്ത വിലാപങ്ങൾക്കും അവരുടെ മാതാക്കളുടെ അലമുറകൾക്കുമിടയിൽ കടന്നു വരുന്ന ഈ ക്രിസ്തുമസിനു പ്രതീക്ഷകളുടെ വലിയ ദൗത്യം നിർവഹിക്കാനുണ്ട്. അതിനാൽ തന്നെ ഇന്നത്തെ ദിവസം പ്രത്യാശയെ ഓർമ്മപ്പെടുത്തട്ടെ. ഹെരോദാവ് കൊല ചെയ്ത കുരുന്നുകളുടെ വിലാപം ഇന്നും അവസാനിച്ചിട്ടില്ലായെന്നത് മനുഷ്യൻ്റെ പരിമിതികളുടെ ഏറ്റവും വലിയ നിദർശനമാണ്. കുഞ്ഞുങ്ങളോളം യുദ്ധം മുറിവേല്പ്പിക്കുന്നവർ ഇല്ല. തങ്ങൾ എന്തിനു കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന ഓരോ കുഞ്ഞും മനുഷ്യകുലത്തിന്റെ തന്നെ ശാപമാണ്. അനാഥരാക്കപ്പെടുന്ന ഓരോ ബാല്യങ്ങളും മനുഷ്യരാശിയുടെ തന്നെ ബാധ്യതയും വേദനയുമാണ്.
ആ കുരുന്നുകൾക്കൊപ്പം നിൽക്കാതെ അവരുടെ യാതനയോട് ഐക്യമത്യം പുലർത്താതെ ഈ ക്രിസ്തുമസിനു കടന്നുപോകാനാകില്ല. ''Unbearable Pity towards the suffering mankind" എന്ന് ബട്രാൻഡ് റസൽ പറഞ്ഞതും അതിനൊരു കാരണമാകാം.
പ്രതീക്ഷകളുടെ ക്രിസ്തുമസ് ആശംസകൾ..
ഡെറിൻ രാജു.
ക്രിസ്തുമസ്, 2024

Monday, 23 December 2024

യല്‍ദോ പെരുന്നാള്‍: വിവിധ നടപടിക്രമങ്ങളില്‍ | ഡെറിന്‍ രാജു

ആരാധനാവര്‍ഷത്തിലെ ആദ്യ വലിയ പെരുന്നാളിലേക്കു സഭ പ്രവേശിക്കുകയാണല്ലോ. ആരാധനാവര്‍ഷാടിസ്ഥാനത്തില്‍ തന്നെ ക്രമീകരിക്കപ്പെട്ടിരുക്കുന്ന ആണ്ടുതക്സാപ്രകാരവും ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന പളളിക്രമം യല്‍ദോയുടേതാണ്. രാത്രി നമസ്കാരത്തിന്‍റെ അവസാനം നടക്കുന്ന പ്രദക്ഷിണവും അതിനെത്തുടര്‍ന്ന് നടത്തുന്ന സ്ളീബാ ആഘോഷവും യല്‍ദോ പെരുന്നാളിന്‍റെ പ്രത്യേക ശുശ്രൂഷകളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നൂറ്റമ്പതു വര്‍ഷത്തിനിടയില്‍ ഈ പെരുന്നാളാചരണത്തില്‍ വന്ന മാറ്റങ്ങള്‍ എഴുതപ്പെട്ട ചില നടപടിക്രമങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ.

ഇവിടെ പഠനവിധേയമാകുന്ന നടപടിക്രമങ്ങള്‍ കോനാട്ട് മാര്‍ യൂലിയോസിന്‍റെ രചന, ശെമവൂന്‍ മാര്‍ ദീവന്നാസിയോസിന്‍റെ നാളാഗമം, കോനാട്ട് മല്‍പ്പാന്‍റെ നടപടിക്രമം (2 പതിപ്പുകള്‍), തകടിയേല്‍ യാക്കോബ് കശ്ശീശായുടെ നടപടിക്രമം, ബസേലിയോസ് മാത്യൂസ് പ്രഥമന്‍ ബാവായുടെ നടപടിക്രമം, യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ ശുശ്രൂഷാസംവിധാനം എന്നിവയാണ്.

ഉദയംപേരൂര്‍ സുന്നഹദോസിലൂടെ നസ്രാണികള്‍ റോമായ്ക്കു വിധേയപ്പെടുകയും തന്‍മൂലം തങ്ങളുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യം നിര്‍ബന്ധപൂര്‍വ്വം കുറേയധികം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. പൂര്‍ണ്ണമായ റോമാനുകം വഹിക്കേണ്ടിവന്നത് ഏതാണ്ട് അന്‍പതില്‍പരം വര്‍ഷങ്ങള്‍ മാത്രമാണെങ്കിലും നസ്രാണിയുടെ ആരാധനാ പൈതൃകത്തില്‍ അത് സാരമായ മുറിവുകള്‍ സൃഷ്ടിച്ചു. 1653-ലെ ഐതിഹാസികമായ കൂനന്‍ കുരിശ് സത്യത്തിലൂടെ റോമാനുകം ഉപേക്ഷിച്ച നസ്രാണികള്‍ തങ്ങളുടെ നഷ്ടപ്പെട്ട പാരമ്പര്യങ്ങള്‍ വീണ്ടെടുക്കാന്‍ താമസംവിനാ പൗരസ്ത്യ സഭകളുടെ സഹായം തേടി. തുടര്‍ന്ന് വന്ന അന്ത്യോഖ്യന്‍ സഭാമെത്രാപ്പോലീതത്താമാരുടെ പിന്തുണയോടെ സുറിയാനി പാരമ്പര്യം സാവധാനമെങ്കിലും പുന:സ്ഥാപിക്കുവാന്‍ തുടങ്ങി. 1686-ലെ ചെങ്ങന്നുര്‍ സുന്നഹദോസും 1788-ലെ പുതിയകാവ് പടിയോലയും 1809-ലെ കണ്ടനാട് പടിയോലയുമൊക്കെ ആ ശ്രമങ്ങള്‍ക്കിടയിലെ നാഴികകല്ലുകളാണ്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്തില്‍ സഭയില്‍ നവീകരണശ്രമങ്ങള്‍ ഉണ്ടാവുകയും പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ക്കു ചിലയിടങ്ങളില്‍ എങ്കിലും പ്രാമുഖ്യം ഉണ്ടാവുകയും ചെയ്തു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ നേരിട്ടിടപെടാനും ഈ സാഹചര്യം ഇടയാക്കി. മലങ്കരയുടെ അഭ്യര്‍ഥനപ്രകാരം 1875 ജൂണില്‍ അന്ത്യോഖ്യായുടെ പത്രോസ് തൃതിയന്‍ മലങ്കരയിലെത്തി. രണ്ട് വര്‍ഷക്കാലം മലങ്കരയില്‍ കഴിഞ്ഞ അദ്ദേഹം ധാരാളം പരിഷ്കാരങ്ങളും ക്രമീകരണങ്ങളും മലങ്കരയുടെ ആരാധനാരീതികളില്‍ വരുത്തുകയുണ്ടായി. അദ്ദേഹം നടത്തിയ വിവിധങ്ങളായ പളളിക്രമങ്ങളുടെ വിവരങ്ങളാണ് മാര്‍ യൂലിയോസിന്‍റെയും മാര്‍ ദീവന്നാസിയോസിന്‍റെയും നടപടിക്രമങ്ങളില്‍ കാണുന്നത്.

കോനാട്ട് മാര്‍ യൂലിയോസിന്‍റെ വിവരണം കാണുന്നത് ഡോ. എം. കുര്യന്‍ തോമസ് രചിച്ച പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്കാരങ്ങള്‍ എന്ന പുസ്തകത്തിലാണ്. മൂലകൃതി കോനാട്ട് ലൈബ്രറിയില്‍ ആണുളളത്. മേല്‍പ്പറഞ്ഞ പുസ്തകമാണ് ഇവിടെ വിശകലന വിധേയമായിരിക്കുന്നത്. 

    "... പിതാവും ശേഷം എല്ലാ പട്ടക്കാരും കൂടി അംശവസ്ത്രം ധരിച്ച് ഹ്ദോത്ളീസോ മെന്‍ബര്‍സ് ചൊല്ലി മെഴുകുതിരി, ദൂപം, കൊട, കൊടി മുതലായതും എടുത്ത വടക്കുവശത്തെ വാതില്‍ വഴി കടന്നു ചുറ്റി തെക്കുവശത്തു വിറകു അടുക്കിയിരുന്നതിന്‍റെ കിഴക്കുഭാഗത്തു നിന്ന ഏവന്‍ഗേലിയും വായിച്ച തെശുബുഹത്താ ചൊല്ലി-കിഴക്കുവശത്തു പിതാവു തന്നെ മെഴുകുതിതികൊണ്ട് വിറകിനു തീ കൊളുത്തി. ശെഷം പട്ടക്കാര്‍ ചുറ്റി തീ കൊളുത്തി. അതിന്‍റെശേഷം എല്ലാവരുംകൂടി ഒരു പ്രദക്ഷിണം വച്ചു. കുന്തിരിക്കവുമിട്ടു. പളളിയുടെ കിഴക്കുവശത്തുകൂടി വടക്കെ വാതിലകത്തു കടന്നു കുറുബാന തുടങ്ങി. പളളിയുടെ മൂന്നു പ്രദക്ഷിണം വയ്പാന്‍ ന്യായമുണ്ടെന്നു കല്‍പ്പിച്ചു. നമസ്കാരത്തിന്‍റെ അധികത്വം കൊണ്ടും, നേരം വെളുപ്പായി പൊയതിനാല്‍ അത്രെ തീ എരിക്കുന്ന ക്രമം ചുരുക്കത്തില്‍ ആയതു."

രണ്ട് കാര്യങ്ങള്‍ ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ടതാണ്. ഒന്ന്, പളളിയുടെ പടിഞ്ഞാറു വശത്തല്ല വിറക് അടുക്കിയിരുന്നത് എന്നതാണ്. അതിനു കാരണം പാത്രിയര്‍ക്കീസ് യല്‍ദോയുടെ ശുശ്രൂഷ നടത്തിയ കോട്ടയം ചെറിയ പളളിക്കു പടിഞ്ഞാറ് മുറ്റം ഇല്ലായെന്നത് തന്നെയാകാം. രണ്ട്, പാത്രിയര്‍ക്കീസ് സ്ളീബാ ആഘോഷവും നടത്തിയില്ല.

പാത്രിയര്‍ക്കീസ് മലങ്കരയില്‍ നിര്‍വഹിച്ച രണ്ടാമത്തെ യല്‍ദോ പെരുന്നാളിന്‍റെ വിവരണങ്ങളാണ് ശെമവൂന്‍ മാര്‍ ദീവന്നാസിയോസ് നല്‍കുന്നത്. ഇത് നടന്നത് അങ്കമാലിയില്‍ വച്ചാണ്. 

"25-ാം തീയതി പിറവിയുടെ പെരുന്നാള്‍ അവിടെ കഴിച്ചു. വി. പിതാവ് കുര്‍ബാന ചൊല്ലി. നമസ്കാരം തുടങ്ങി തെശ്ബുഹത്താലാലൂഹായ്ക്ക് മുന്നം വിശുദ്ധ പിതാവും ശേഷം എല്ലാവരും സ്ളിബാ, ഏവന്‍ഗേലിയോന്‍ മുതലായതും എടുത്ത് ആഘോഷത്തോടുകൂടി പളളിയുടെ പളളിയുടെ വടക്കെ വാതില്‍ കടന്ന് പടിഞ്ഞാറുവശത്തു തീ എരിക്കുന്നതിനുളള സ്ഥലത്ത് ചെന്ന് നിന്ന് ഏവന്‍ഗേലിയോന്‍ വായിച് തെശ്ബുഹത്താലാലൂഹാ ചൊല്ലി തീ കത്തിച്ച് മൂന്ന് ചൊല്ലി കാദീശാത്താലുഹാ ചൊല്ലി തികച്ച് പളളിയുടെ തെക്കേ വാതില്‍ക്കല്‍ കൂടി പളളിയകത്ത് ചെന്നശേഷം ഒരു കൗമായും ചൊല്ലിയശേഷം സപ്രായുടെ നമസ്കാരം തുടങ്ങി. മുറപോലെ കുര്‍ബാനയും ചൊല്ലിത്തികച്ചു."

പത്രോസ് തൃതിയന്‍ പാത്രിയര്‍ക്കീസ് രണ്ടാമത് നടത്തിയ യല്‍ദോ ശുശ്രൂഷ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമാകുന്നത് തീജ്വാലക്കുഴിയുടെ സ്ഥാനം കൊണ്ടാണ്. ആദ്യത്തേതില്‍ തെക്കുവശത്തും രണ്ടാമത്തേതില്‍ പടിഞ്ഞാറ് വശത്തുമാണ് തീ കൊളുത്തുന്നത്. കോട്ടയം ചെറിയപളളിയില്‍ പടിഞ്ഞാറ് വശത്ത് തീജ്വാലക്കുഴി ക്രമീകരിക്കുവാനുളള പ്രയാസം കൊണ്ടു തന്നെയാണ് തെക്കുവശത്തേക്കു മാറിയതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കപ്പെടുന്നത്. രണ്ട് ശുശ്രൂഷകളിലും സ്ളീബാ ആഘോഷം ഉണ്ടായില്ല എന്നതും പ്രത്യേകം പരിഗണിക്കേണ്ടതാണ്. 

അടുത്തതായി കോനാട്ട് മാത്തന്‍ മല്‍പ്പാന്‍റെ നടപടിക്രമം പരിഗണിക്കാം. 1909-ല്‍ ഇറങ്ങിയ ആദ്യപതിപ്പില്‍ കാണുന്നത് പത്രോസ് പാത്രിയര്‍ക്കീസ് നടത്തിയ ക്രമത്തോട് യോജിച്ചതു തന്നെയാണ്. അധികമായി തീജ്വാലക്കുഴിയില്‍ നിക്ഷേപിക്കുവാനുളള കുന്തുരുക്കം വാഴ്ത്തുന്നതിനായി ഒരു പ്രാര്‍ഥന സുറിയാനിയില്‍ ചേര്‍ത്തിരിക്കുന്നു. "ല്തെശുബഹത്തോ വ്ലീക്കോറോ ദത്ലീസോയൂസോ കാദീശ്ത്തോ.." എന്നു തുടങ്ങുന്ന ആ പ്രാര്‍ഥന ചൊല്ലി കുന്തുരുക്കം വാഴ്ത്തേണ്ടതും എല്ലാവരും ആമ്മീന്‍ പറയേണ്ടതും ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലും സ്ളീബാ ആഘോഷം ഇല്ല. മാത്രമല്ല, തീജ്വാലയില്‍ കുന്തുരുക്കം പട്ടക്കാര്‍ മാത്രം ഇട്ടാല്‍ മതിയെന്നു പാത്രിയര്‍ക്കീസ് ബാവാ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഏവന്‍ഗേലിയോന്‍റെ മദ്ധ്യേയല്ല മറിച്ച് ഏവന്‍ഗേലിയോന്‍ കഴിഞ്ഞ് തീ കൊളുത്താനാണ് നിര്‍ദ്ദേശം.

ഇതേ നടപടിക്രമത്തിന്‍റെ ഒരു പരിഷ്കരിച്ച രണ്ടാം പതിപ്പ് കോനാട്ട് മാത്തന്‍ മല്‍പ്പാന്‍റെ പുത്രന്‍ മലങ്കര മല്‍പ്പാന്‍ കോനാട്ട് അബ്രഹാം കത്തനാര്‍ പ്രസദ്ധീകരിക്കുകയുണ്ടായി. രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. "ആണ്ടു തക്സാ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പില്‍ ചേര്‍ത്തിരിക്കുന്ന ജനനപെരുന്നാള്‍ ദിവസത്തേക്കുളള സ്ളീബാ ആഘോഷത്തിന്‍റെ ക്രമം ഇഷ്ടവും സൗകര്യവും പോലെ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം. നടത്തുന്ന പക്ഷം പ്രദക്ഷിണം കഴിഞ്ഞയുടനെ ബീമായിലോ മദ്ബഹായിലോ നിന്നുകൊണ്ട് നടത്തേണ്ടതാകുന്നു." മറ്റ് കാര്യങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ ഏവന്‍ഗേലിയോന്‍ കഴിഞ്ഞശേഷം തീ കത്തിക്കണമെന്ന നിര്‍ദ്ദേശം ഇതില്‍ ഇപ്പോള്‍ ഭൂരിഭാഗം ഇടങ്ങളിലും നിലവിലിരിക്കുന്ന വിധം മദ്ധ്യത്തിലേക്കു മാറ്റിയിരിക്കുന്നു. പ്രദക്ഷിണവും തുടര്‍ന്ന് പളളിയുടെ പടിഞ്ഞാറ് വശത്തു നിന്നുകൊണ്ടുളള ശ്ലീഹാ - ഏവന്‍ഗേലി വായനകളും വായനയുടെ മദ്ധ്യത്തില്‍ തെശ്ബുഹത്തോ ലാലോഹോ..(ഉളവാക..) ചൊല്ലിക്കൊണ്ട് തീ കൊളുത്തുന്നതും തുടര്‍ന്ന് മാലാഖമാരുടെ സ്തുതിപ്പ്, മോറാന്‍ യേശുമശിഹാ, ഒരു കൗമ എന്നിവ ചൊല്ലിത്തികച്ച ശേഷം ഏവന്‍ഗേലിയോന്‍ വായിച്ച് പൂര്‍ത്തീകരിക്കണമെന്നതും അതിനു ശേഷം പ്രദക്ഷിണം തുടരുന്നലുമെല്ലാം മലങ്കരയില്‍ ഇന്ന് നടപ്പുളള രീതിയില്‍ തന്നെ ഇതില്‍ കാണുന്നുണ്ട്. എന്നാല്‍ വി.കുര്‍ബാനയ്ക്കു മുമ്പ് ജനങ്ങള്‍ കുരിശ് മുത്തണമെന്ന നിര്‍ദ്ദേശം അധികം ഇടങ്ങളില്‍ പാലിക്കപ്പെടുന്നില്ല.

അടുത്തതായി പരിഗണിക്കുന്നത് തകടിയേല്‍ യാക്കോബ് കശ്ശീശായുടെ (1948) നടപടിക്രമമാണ്. കോനാട്ട് മല്‍പ്പാന്‍റെ പരിഷ്കരിച്ച നടപടിക്രമത്തില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇതില്‍ കാണുന്നില്ല. ഇതിലും സ്ളീബാ ആഘോഷത്തിന്‍റെ ക്രമം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം എന്ന് കാണുന്നു. കൂടാതെ പട്ടക്കാര്‍ മാത്രം തീജ്വാലയില്‍ കുന്തുരുക്കം നിക്ഷേപിച്ചാല്‍ മതിയെന്നും വി. കുര്‍ബാനയ്ക്കു മുമ്പ് കുരിശ് മുത്തിക്കണമെന്നുമുളള നിര്‍ദ്ദേശങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നു.

അടുത്തതായി മാത്യൂസ് പ്രഥമന്‍ ബാവായുടെ നടപടിക്രമം. ഇത് ആദ്യമായി പ്രസദ്ധീകരിക്കപ്പെട്ടത് 'വട്ടക്കുന്നേല്‍ മാത്യൂസ് പ്രഥമന്‍ റാബോ കാതോലിക്കാ' എന്ന ഡോ. കുര്യന്‍ തോമസ് എഡിറ്റ് ചെയ്ത് എം.ഓ.സി പ്രസിദ്ധീകരിച്ച പുസ്തകസഞ്ചയത്തിന്‍റെ രണ്ടാം വാള്യത്തിലാണ്. ആരാധനാക്രമീകരണങ്ങളിലെ ഏറ്റവും ചെറിയതായ കാര്യങ്ങള്‍ പോലും ഇതില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. നമസ്കാരത്തിന്‍റെ നിറം, സമയദൈര്‍ഘ്യം എന്നിവയും ആദ്യമായി കാണുന്നത് ഇതിലാണ്. പന്തങ്ങളുപയോഗിച്ച് തീ കത്തിക്കണമെന്ന നിര്‍ദ്ദേശമാണ് ഇവിടെ കാണുന്നത്. പത്രോസ് തൃതിയന്‍ മെഴുകുതിരി ഉപയോഗിച്ചാണ് കത്തിച്ചത്. രാത്രിനമസ്കാത്തില്‍ പൊതുപ്രുമിയോന്‍ ചൊല്ലണമെന്നും ശുബ്ക്കോനോ ചോദിക്കണമെന്നുമുളള നിര്‍ദ്ദേശവും കാണാം. മറ്റ് നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണുന്ന മറ്റ് പ്രധാന കാര്യങ്ങള്‍

(a) കുക്കലിയോന്‍റെ സമയത്ത് (മദ്ബഹായില്‍ ചെന്ന്) "കല്ലടാവില്‍ ജാതം ചെയ്ത കര്‍ത്താവിനെ ദൈവമാതാവും (യൗസേഫും മാലാഖമാരും ആട്ടിടയന്‍മാരും) പരിശുദ്ധന്‍മാരും മരിച്ചുപോയവരും സ്തുതിക്കുന്നു. സുഗന്ധധൂപം അര്‍പ്പിച്ചുകൊണ്ട് നമുക്കും അവനെ സ്തുതിക്കാം" എന്നു പറഞ്ഞുകൊണ്ട് ഓരോ കുക്കലിയോന്‍റെ സമയത്തും ധൂപം വയ്ക്കുന്നത് യഥാഭാവം ഉണ്ടാക്കുന്നതിനു സഹായിക്കും എന്ന നിര്‍ദ്ദേശം കാണുന്നു. കൂടാതെ പ്രധാനകാര്‍മ്മികന്‍ തന്നെ മദ്ബഹായില്‍ കയറി ധൂപം വയ്ക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശവുമുണ്ട്. 

(b) ഏവന്‍ഗേലിയോന്‍റെ മദ്ധ്യേ മാലാഖമാരുടെ സ്തുതിപ്പ് ചൊല്ലുമ്പോഴും തീജ്വാലയില്‍ കുന്തുരുക്കം നിക്ഷേപിക്കുമ്പോഴും കുക്കലിയോന്‍റെ സമയത്തെ എന്നതുപോലെ ചില ആമുഖവചനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശമുണ്ട്. കുന്തുരുക്കം ജനങ്ങളും നിക്ഷേപിക്കേണ്ടതാണന്ന് ആദ്യമായി രേഖപ്പെടുത്തുന്നു. 

(c) സ്ളീബായ്ക്ക് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ അന്നേ ദിവസം സ്ളീബാ ആഘോഷം വേണമെന്നില്ല. സൗകര്യം പോലെ ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു.

(d) സ്ളീബാ ആഘോഷം കഴിഞ്ഞാലുടനെ കുരിശ് മുത്തിക്കണമെന്ന പഴയ നടപടിക്രമങ്ങളിലെ നിര്‍ദ്ദേശം ഇവിടെയും പറയുന്നുണ്ടെങ്കിലും സമയം ലാഭിക്കുവാന്‍ വി. കുര്‍ബാനയ്ക്കു ശേഷം കുരിശ് മുത്തി വഴിപാട് ഇട്ടു പിരിയാം എന്ന പ്രായോഗിക നിര്‍ദ്ദേശവും ചേര്‍ത്തിരിക്കുന്നു.

മലങ്കരയില്‍ ഏറ്റവുമധികം പ്രചരിക്കപ്പെട്ട നടപടിക്രമം യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനിയുടെ 'ശുശ്രൂഷാസംവിധാനമാണ്.' കോനാട്ട് മല്‍പാന്‍, തകടിയേല്‍ കശ്ശീശാ തുടങ്ങിയവരുടെ രീതികളോട് ഇതിലെ യല്‍ദോയുടെ ക്രമീകരണങ്ങള്‍ക്കും വളരെയധികം സാമ്യം കാണുന്നു. എന്നാല്‍ പട്ടക്കാര്‍ മാത്രം തീജ്വാലയില്‍ കുന്തുരുക്കമിടണമെന്ന നിര്‍ദ്ദേശം ഇതില്‍ ജനങ്ങള്‍ മുഴുവനും ഇടണമെന്ന് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ളീബാ ആഘോഷം നടത്തുന്ന പക്ഷം തീജ്വാലക്കുഴിയുടെ സമീപത്ത് വച്ച് മാലാഖമാരുടെ സ്തുതിപ്പും മോറാനേശു മശിഹായും മാത്രം ചൊല്ലിയാല്‍ മതിയെന്നും കൗമാ വേണ്ടെന്നുമുളള നിര്‍ദ്ദേശവും ഉണ്ട്. കുരിശ് മുത്തുന്നതു കുര്‍ബാന കഴിഞ്ഞ് മതിയാകും എന്ന ഇതിലെ നിര്‍ദ്ദേശം ആദ്യ നടപടിക്രമങ്ങളില്‍ നിന്ന് ഇതിനെ വ്യത്യാസപ്പെടുത്തുന്നു. കൂടാതെ ഏവന്‍ഗേലിയോന്‍ വായിച്ച് കഴിഞ്ഞാണ് തീ കൊളുത്തുന്നത് പരാമര്‍ശിക്കുന്നത്. ആണ്ടുതക്സായിലെ ക്രമീകരണങ്ങളില്‍ നിന്ന് വിഭിന്നമാണ് ഈ രീതി.

ആറ് നടപടിക്രമങ്ങളില്‍ യല്‍ദോ പെരുന്നാള്‍ ക്രമീകരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു കഴിഞ്ഞു. ഇതിന്‍റെ വെളിച്ചത്തില്‍ പ്രായോഗികതയെ മുന്‍നിര്‍ത്തി, ശുശ്രൂഷാക്രമീകരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം

(a) രാത്രി നമസ്കാരത്തില്‍ കുക്കലിയോനും ബോവൂസോയും കഴിഞ്ഞ് മാലാഖമാരുടെ സ്തുതിപ്പിനു മുമ്പായി പ്രധാന കാര്‍മ്മികന്‍ അംശവസ്ത്രം ധരിച്ചു തയ്യാറാകുന്നു. പ്രദക്ഷിണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ കുന്തുരുക്കം വാഴ്ത്തി ജനങ്ങള്‍ക്കു നല്‍കുന്നു. കുന്തുരുക്കം വാഴ്ത്തുന്നതിനുളള പ്രാര്‍ഥന പുതിയ ആണ്ടു തക്സായില്‍ (2019) ചേര്‍ത്തിട്ടുണ്ട്.

(b) തീജ്വാലക്കുഴി പള്ളിയുടെ പടിഞ്ഞാറുവശത്ത് ക്രമീകരിക്കാവുന്നതാകുന്നു. പടിഞ്ഞാറു വശത്തു സ്ഥലമില്ലാതെ വരുന്നപക്ഷം തെക്കുവശത്തു ക്രമീകരിക്കാം. കൊടി, കുട എന്നിവയുടെ അകമ്പടിയോടുകൂടി പ്രദക്ഷിണം ആരംഭിക്കുന്നു. 

(c) പ്രദക്ഷിണമദ്ധ്യത്തില്‍, തീജ്വാലയുടെ കുഴിയിങ്കല്‍, തെക്കു കിഴക്ക് നിന്ന് ശ്ലീഹാ വായന നടത്തുന്നു. തുടര്‍ന്ന് തീജ്വാലയുടെ നേരെ കിഴക്ക് നിന്ന് ഏവന്‍ഗേലിയോനും വായിക്കുന്നു. ഏവന്‍ഗേലിയോന്‍റെ മദ്ധ്യേ ഇപ്രകാരം ദൈവത്തെ സ്തുതിച്ചു എന്ന ഭാഗത്ത് വായന നിറുത്തിയിട്ട് "ഉളവാക..." എന്ന ഗീതം ചൊല്ലി തീ കൊളുത്തുന്നു. തുടര്‍ന്ന് തീജ്വാലയ്ക്ക് മൂന്നു തവണ വൈദികരും ശുശ്രൂഷകരും പ്രദക്ഷിണം വയ്ക്കുന്നു. അപ്പോള്‍ അവരും തുടര്‍ന്ന് ശേഷം ജനങ്ങളും കുന്തുരുക്കം തീയില്‍ നിക്ഷേപിക്കുന്നു. ഈ അവസരത്തില്‍ മാലാഖമാരുടെ സ്തുതിപ്പും തുടര്‍ന്ന് മോറാനേശു മശിഹായും ചൊല്ലി തികയ്ക്കുന്നു. തുടര്‍ന്ന് ഏവന്‍ഗേലിയോന്‍റെ ബാക്കിഭാഗം പൂര്‍ത്തീകരിക്കുന്നു. അതിനെത്തുടര്‍ന്ന് പ്രദക്ഷിണം തുടരുകയും പളളിയകത്ത് പ്രവേശിക്കുകയും ചെയ്യുന്നു.

(d) സ്ളീബാ ആഘോഷം നടത്തുന്നപക്ഷം പള്ളിയില്‍ പ്രദക്ഷിണം പളളിയില്‍ പ്രവേശിച്ചയുടനെ സ്ളീബാ ആഘോഷം നടത്തുന്നു.

(e) സ്ളീബാ ആഘോഷത്തിനു ശേഷം പട്ടക്കാരന്‍ അംശവസ്ത്രങ്ങള്‍ മാറി, നമസ്കാരമേശയിങ്കല്‍ വന്ന് പ്രഭാതനമസ്കാരം ആരംഭിക്കുന്നു. മുറപ്രകാരം തൂയോബോയ്ക്കു ശേഷം വി. കുര്‍ബാന ആരംഭിക്കുന്നു.

(f) കുര്‍ബാനയുടെ അവസാനം ജനങ്ങള്‍ കുരിശ് മുത്തി അനുഗ്രഹം പ്രാപിക്കുന്നു. തീജ്വാലക്കുഴിയിലെ ചാരം ജനങ്ങള്‍ കൃഷിയിടങ്ങളില്‍ ഇടാനായി കൊണ്ടുപോകുന്നു.

ഈ ആറ് നടപടിക്രമങ്ങളിലുടെ കടന്നുപോകുമ്പോള്‍ യല്‍ദോ പെരുന്നാളിലെ ശുശ്രൂഷയ്ക്കു കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തിനടയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ നമുക്കു ബോധ്യപ്പെടുന്നതാണ്. പ്രാദേശികമായ ഭേദങ്ങള്‍ ഇവയ്ക്ക് ഇനിയും കണ്ടേക്കാം. ആ ഭേദങ്ങളെ ഉള്‍ക്കൊണ്ടു തന്നെ പ്രകാശത്തില്‍ നിന്നുളള പ്രകാശത്തിന്‍റെ ജനനപെരുന്നാളിനെ അര്‍ഥപൂര്‍ണ്ണമായി ആചരിക്കുവാന്‍ ഈ പഠനം സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു. ദൈവനാമം മഹത്വപ്പെടട്ടെ..

(ബഥേല്‍ പത്രിക, ഡിസംബര്‍ 2019)

20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു

മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...