Thursday, 15 May 2025

പലകാലം തപസ്സുചെയ്ത് പല പീഡകളേല്ക്കേണം...''

 കക്കാടിൻ്റെ 'വഴി വെട്ടുന്നവരോട്' എന്നൊരു കവിതയുണ്ട്:

''വഴിവെട്ടാന് പോകുന്നവനോ
പല നോവുകള് നോല്ക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്ക്കേണം...''
ഒരു വഴിയും തനിയെ സൃഷ്ടിക്കപ്പെട്ടതല്ല.

നമ്മൾ നടക്കുന്ന വഴി മുള്ളില്ലാത്തതും കല്ലില്ലാത്തതുമായത് പണ്ടു ചിലർ ആ വഴി നടന്ന് മുള്ളും കല്ലും നീക്കിയതു കൊണ്ടാണ്. മുള്ള് കൊണ്ട് മുറിവേറ്റ അവരുടെ ഓർമ്മ നമ്മെ നടത്തുന്ന ഒരു ധൈര്യമാകേണ്ടതാണ്. അവർ ഏൽപ്പിച്ച വഴി മണ്ണിട്ടു മൂടുകയല്ല നമ്മുടെ ചുമതല; കൂടുതൽ വെടിപ്പായി അടുത്ത തലമുറയ്ക്ക് അത് ഏൽപ്പിക്കുകയെന്നതാണ്.
അവരോട് ഒരു കടപ്പാട് നമുക്കുണ്ട്. അവർ വെട്ടിയ വഴിയിലൂടെ നടന്നു കൊണ്ട് അവരുടെ പോരാട്ടങ്ങളെ തള്ളിക്കളയുകയല്ല; അവരുടെ മുറിവുകളോടും സഹനങ്ങളോടും ഐക്യദാർഢ്യപ്പെടുകയെന്നതാണ് നമ്മുടെ പ്രാഥമിക ദൗത്യം. എന്നാൽ പലപ്പോഴും ആ ബോധ്യം നഷ്ടപ്പെട്ട പിൻഗാമികൾ ഉണ്ടായിട്ടുണ്ട്; രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽ രെഹബയാമിൻ്റെ കഥയുണ്ട്. തൻ്റെ പിതാവായ ശലോമോനും വല്യപ്പനായ ദാവീദും കാണിച്ച വഴികളിൽ നിന്ന് മാറി നടന്ന് അവരുടെ ക്രമീകരണങ്ങളെ തള്ളിക്കളഞ്ഞ രെഹബയാം. ദാനിയേലിൻ്റെ അഞ്ചാം അദ്ധ്യായത്തിൽ കാണുന്ന നെബുക്കദ്നേസർ രാജാവിൻ്റെ പുത്രനായ ബേൽശസറും ശൗൽ രാജാവും മറ്റ് ഉദാഹരണങ്ങളാണ്. ഇവരൊക്കെ അവസാനം എത്തിപ്പെട്ടത് എവിടെ എന്നതിനു നമ്മുടെ മുമ്പിൽ വൃത്താന്തങ്ങൾ നിരന്നിരിക്കുന്നു.
നമ്മുടെ വിശ്വാസം മൃതരുടെ സജീവതയാണ്. ചരിത്രത്തിൽ ഇടപെട്ട ദൈവസാന്നിധ്യം തന്നെയാണ് അത് നമ്മെ പഠിപ്പിച്ചത്. നമ്മൾ എല്ലാ കുർബാനകളിലും പാടുന്നതാണ് ''നിന്നഭിക്ഷിക്ത മുഖം തിരിപ്പിക്കല്ലെ, നിൻ ദാസൻ ദാവീദിനെയോർത്ത്" എന്ന്. പിതാക്കൻമാരുടെ നന്മയെ ഓർത്ത് ഞങ്ങളെ രക്ഷിക്കണമെന്ന് ഉടയതമ്പുരാനോട് പ്രാർഥിക്കുന്നവരാണ് സുറിയാനിക്കാർ. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ ഇത് വളരെ പ്രകടമാണ്. തിരുവിഷ്ടത്തെ പ്രസാദിപ്പിച്ചു കടന്നു തിരശ്ശീലയ്ക്കപ്പുറത്തേക്ക് പോയവരെ ഓർത്താണ് നമ്മൾ ഓരോ ദിവസവും അവസാനിപ്പിക്കുന്നത്. അവരുടെ പ്രാർഥനകളും നിലവിളികളുമാണ് നമുക്കുള്ള ഏക നീക്കിയിരിപ്പ്. അവരുടെ പ്രവർത്തനങ്ങളെയും കണ്ണുനീരുകളെയും തള്ളിക്കളഞ്ഞു കിട്ടുന്നത് എത്ര വലിയ കൈയ്യടിയായാലും വാഴ്ത്തുപ്പാട്ടുകളായാലും അത് ഒരിക്കലും നിലനിൽക്കുന്നതാകില്ല.
''മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്നവർ'' എന്ന് സാധാരണ മലയാളത്തിൽ പറയാറുണ്ടല്ലോ! അവരെ മറന്നുള്ള ഏത് പ്രഖ്യാപനവും ചരിത്ര നിഷേധമാണ്; സ്വത്വത്തെ അപഹസിക്കലാണ്; മിതമായി പറഞ്ഞാൽ നന്ദികേടാണ്.
ഡെറിൻ രാജു
15.05.2025

Friday, 9 May 2025

ഹബേമൂസ് പാപ്പം ! (we have a pope)

 


റാഫേൽ വരച്ച മനോഹരമായ ഒരു ചിത്രമുണ്ട്. വത്തിക്കാൻ കൊട്ടാരത്തിൽ കാണുന്ന ആ ചിത്രത്തിൽ റോം ആക്രമിക്കാൻ വരുന്ന ഹൂൺ രാജാവായ ആറ്റിലയെ ലിയോ ഒന്നാമൻ മാർപാപ്പാ കണ്ടുമുട്ടുന്നതാണ് റാഫേൽ ചിത്രീകരിച്ചിരിക്കുന്നത്. ലിയോ ഒന്നാമൻ മാർപ്പാപ്പായുടെ അനുരഞ്ജന ശ്രമങ്ങൾ വഴിയായി ആറ്റില റോം ആക്രമിക്കാതെ പിൻമാറിയെന്നാണ് പറയപ്പെടുന്നത്. ഡീക്കൻ ലിയോ, ലിയോ മാർപാപ്പായായി തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും വലിയ യോഗ്യതയായി അന്നു കണ്ടതും അദേഹത്തിൻ്റെ അനുരഞ്ജനത്തിനായുള്ള വൈഭവവും ആയിരുന്നു. എന്നാൽ ഏറ്റവും വലിയ ഭിന്നത കണ്ടതും അദ്ദേഹത്തിൻ്റെ കാലത്തായിരിന്നു. അദ്ദേഹം വിളിച്ചു ചേർത്ത 451 -ലെ കൽക്കദൂൻ സുന്നഹദോസാണ് സഭയിലെ ആദ്യ ഭിന്നത സൃഷ്ടിച്ചതും. പിന്നീട് വന്ന പല ലിയോ മാർപ്പാപ്പാമാരുടെയും കാലഘട്ടങ്ങൾ വലിയ ഭിന്നതകൾ കണ്ടതാണ്. 1054 ൽ പരസ്പരം മുടക്കിക്കൊണ്ട് കിഴക്കും പടിഞ്ഞാറും തമ്മിൽ വേർപിരിഞ്ഞ വലിയ വേർപിരിയൽ നടന്നത് ലിയോ ഒമ്പതാമൻ മാർപാപ്പായുടെ കാലത്താണ്. ലിയോ പത്താമൻ മാർപാപ്പായുടെ കാലഘട്ടത്തിലാണ് മാർട്ടിൻ ലൂഥറിൻ്റെ വിപ്ലവം ഉണ്ടായി പ്രൊട്ടസ്റ്റൻ്റ് സഭ ഉദയം ചെയ്തതും. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിൻ്റെ ഉദയവും ലിയോ പതിമൂന്നാമൻ്റെ കാലത്തായിരുന്നു. കമ്മ്യൂണിസത്തെ എതിർപക്ഷത്തു നിർത്തിയ നിലയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ സഭയുടെ പിന്നീടുള്ള നിലപാടുകളെ സ്വാധീനിച്ചതാണ്.
ആകെ മാർപാപ്പാമാരുടെ ചരിത്രം പരിശോധിച്ചാൽ ലിയോ വളരെ താൽപര്യമുള്ള ഒരു മാർപാപ്പാനാമമായി കാണാം. 60 വർഷത്തിനിടയിൽ (900 മുതൽ 965 വരെ) നാല് ലിയോ മാർപാപ്പാമാർ സ്ഥാനമേറ്റിറ്റുണ്ട്. ആകെ പേരുകളിൽ ജോൺ, ഗ്രിഗറി, ബനഡിക്ട് എന്നിവ മാത്രമാണ് ലിയോയേക്കാൾ പ്രചാരമുള്ളത്. ഔദ്യോഗിക ലിസ്റ്റ് പ്രകാരം (ആൻ്റി പോപ്പുകളെ ഒഴിവാക്കിയാൽ) ജോൺ എന്ന പേരിൽ 21 മാർപാപ്പാമാരും ഗ്രിഗറി എന്ന പേരിൽ 16 മാർപാപ്പാമാരും ബനഡിക്ട് എന്ന പേരിൽ 15 പാപ്പാമാരും ചരിത്രത്തിലുണ്ട്. അതിനു തൊട്ടു താഴെയാണ് ലിയോയുടെ സ്ഥാനം.
പുതപ്പിനായി വ്യവഹരിക്കുന്നവനു പുറം കുപ്പായം കൂടി വിട്ട് കൊടുക്കാൻ പറഞ്ഞ നസറേത്തിലെ തച്ചൻ്റെ മതം റോമാസാമ്രാജ്യത്തിൻ്റെ ഔദ്യോഗിക മതമായത് കുസ്തന്തീനോസിൻ്റ മിലാൻ പ്രഖ്യാപനം വഴിയാണ്. ആ മതത്തെ കൂടുതൽ വ്യവസ്ഥാപിതമാക്കിയത് നിഖ്യാ സുന്നഹദോസാണ്. സാമ്രാജ്യത്തെ ഭാഗങ്ങളായി തിരിച്ച് പാത്രിയർക്കീസിൻമാരെ നിയമിച്ചത് ഈ സുന്നഹദോസാണത്രെ. 325 മെയ് മാസം കൂടിയ സുന്നഹദോസിൻ്റ 1700 -ാം വാർഷികമായ ഈ മെയ് മാസം റോമിനു പുതിയ പാത്രിയർക്കീസ് ഉണ്ടായിരിക്കുന്നു.
മാർപ്പാപ്പാ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞ് 'ഹബേമൂസ് പാപ്പം' എന്നാണ് പ്രോട്ടോ ഡീക്കൻ സെ. പീറ്റേഴ്സ് ബസലിക്കായുടെ മട്ടുപ്പാവിൽ നിന്ന് വിളിച്ച് പറയുന്നത്. നമുക്ക് ഒരു പാപ്പാ ഉണ്ട് (we have a pope) എന്നർഥം. റോമിനു മാത്രമല്ല; കത്തോലിക്ക സഭയ്ക്ക് മാത്രമല്ല. ലോകത്തിനാകമാനം! ഒരു മന:സാക്ഷിയായി, ഒരു വഴി വിളക്കായി ഒരാൾ. അതാകട്ടെ 21-ാം നൂറ്റാണ്ടിൻ്റെ ലിയോ.
ഡെറിൻ രാജു
09.05.2025
(ചിത്രം: ലിയോ ഒന്നാമനും ആറ്റിലയുമായുള്ള കൂടിക്കാഴ്ച - റാഫേൽ വരച്ച ചിത്രം. കടപ്പാട്: wikipedia)

Tuesday, 6 May 2025

മലങ്കരയുടെ പുണ്യാളച്ചനും വ്യാളി കഥയും : ചില അനുബന്ധങ്ങൾ | ഡെറിൻ രാജു

നസ്രാണികൾക്ക് ഒരുപാട് പരിശുദ്ധൻമാരുണ്ടെങ്കിലും അതിൽ പുണ്യാളച്ചനു സവിശേഷസ്ഥാനമുണ്ട്. മദ്ധ്യപൗരസ്ത്യ ദേശത്ത് ജനിച്ച് വളർന്ന് 1700 വർഷങ്ങൾക്കു മുമ്പ് കൊല ചെയ്യപ്പെട്ട ഗീവറുഗീസ് എന്ന യുവാവ് നസ്രാണികൾക്ക് എപ്പോഴും വിളിച്ചുറപ്പിക്കുന്ന ഒരു സാന്നിധ്യബോധമാണ്. വിളിച്ചാൽ വിളിപ്പുറത്തെന്ന സാമാന്യ വാചകത്തിനപ്പുറം സഹദ ഒരു ധൈര്യമാണ്. നസ്രാണികളുടെ പെരുന്നാളുടെ പൊലിമയിലും ആഘോഷത്തിലും പരിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു പകിട്ടും ഏറെയാണ്. 

എന്നാണ് ഗീവറുഗീസ് സഹദായുടെ രക്തസാക്ഷിത്വം എന്നതിനു കൃത്യമായ രേഖകൾ ഇല്ല. ഡയോക്ലീഷ്യൻ്റെ പീഡയുടെ സമയത്താണ് എന്നത് ഭൂരിഭാഗം പേരും സമ്മതിക്കുന്ന വസ്തുതയാണ്. കൃത്യമായ ചരിത്ര രേഖകളുടെ അഭാവമെന്ന കാരണം പറഞ്ഞാണ് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തിന്റെ പേരും പെരുന്നാളും വിശുദ്ധന്മാരുടെ പട്ടികയിൽ നിന്ന് 1969-ൽ നീക്കിയത്. എങ്കിലും നസ്രാണികളെ അത്തരം പേരു നീക്കലുകളൊന്നും അശേഷം സ്വാധീനിച്ചിട്ടില്ല. ചരിത്രത്തിൽ കാണുന്ന ഒരു തീയതി 303 ഏപ്രിൽ 23/24 എന്നതാണ്. എന്നാൽ ഈ തീയതി പറയാനുളള കാരണം  ഡയോക്ലീഷന്റെ ക്രൈസ്തവ പീഡയുടെ രണ്ടാം ഘട്ടം അവസാനിച്ച തീയതിയായി ആ ദിവസം പരിഗണിക്കുന്നതു കൊണ്ടാണ്. അതിനും 16 ദിവസം കഴിഞ്ഞാണ് രണ്ടാം പ്രാവശ്യം അഗ്നി വന്ന് നശിപ്പിക്കുന്നത്. ആ ദിവസം (ഏപ്രിൽ 24) അദ്ദേഹം 11 പേരെ വധിക്കുന്നുണ്ട്. അതിൽ ഒരാൾ ഗീവറുഗീസ് സഹദ എന്ന നിലയിലാണ് 303 ഏപ്രിൽ എന്ന തീയതി കാണുന്നത്. കൃത്യമായ തീയതി ആദിമ സഹദേൻമാരുടെ ഒന്നും കാര്യത്തിൽ കണ്ടെത്താനും സാധിക്കുകയില്ല.

ഗീവറുഗീസ് സഹദായുടെ ചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പഴയ രേഖകളിൽ ഒന്ന് അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ഒരു ചരിത്രമാണ്. അത് നഷ്ടപ്പെട്ടു പോയി. എന്നാൽ അതിന്റെ സുറിയാനി (AD 600)- ലത്തീൻ പരിഭാഷകൾ (8-9 നൂറ്റാണ്ടുകൾ) നിലനിന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷയെ അവലംബിച്ചുള്ള മലയാളം പരിഭാഷയാണ് നമ്മുടെ ഇടയിൽ പ്രചരിക്കുന്ന ഗീവറുഗീസ് സഹദായുടെ ജീവചരിത്രങ്ങളിൽ പ്രധാനം. നമ്മുടെ പെങ്കിസയിലും പ്രുമിയോനുകളിലും പാട്ടുകളിലും ഒക്കെ കാണുന്ന ആശയങ്ങളിൽ ബഹുഭൂരിഭാഗവും ഈ പഴയ പുസ്തകത്തിൽ നിന്നു തന്നെയാണ്. ഏഴര വർഷം ഗീവറുഗീസിനെ പീഡിപ്പിച്ചു.  72 (പന്തീരാറു) വിധികർത്താക്കൾ വിസ്തരിച്ചു. 3 തവണ മരിച്ച ശേഷം ഉയിർത്തു. നാലാം തവണ വാളിനിരയായി മരിച്ചു. അലക്സന്ത്രിയ രാജ്ഞിയെ വിശ്വാസിയാക്കി തുടങ്ങിയ ആശയങ്ങൾ എല്ലാം ആ പുസ്തകത്തിൽ നിന്നാണ്.

ഗീവറുഗീസ് സഹദായുടെ അനുസ്മരണത്തിലും ചിത്രങ്ങളിലുമൊക്കെ പാമ്പിനെ നിഗ്രഹിക്കുന്ന ചിത്രമാണ് തെളിഞ്ഞു വരുന്നത്. എന്നാൽ ഈ കഥ ആദിമ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കുന്ന ഒന്നല്ല. മേൽപ്പറഞ്ഞ ജീവചരിത്രത്തിലും വ്യാളീനിഗ്രഹത്തിൻ്റെ കഥ ഇല്ലായെന്നതാണ് കൗതുകകരം. 11-ാം നൂറ്റാണ്ടിൽ മാത്രമാണ് ഗീവറുഗീസ് സഹദായുടെ ചരിത്രത്തിൽ പാമ്പിന്റെ കഥ കൂടി ചേർന്ന് പറഞ്ഞു തുടങ്ങിയത്. നമ്മുടെ പെങ്കിസായിലെ പാട്ടുകളിലും പാമ്പിന്റെ കഥ കാണുന്നില്ല. മലയാളം പെങ്കീസായിൽ മൂന്നാം മണി കോലോയിൽ കൂക്കോയോ രീതിയിൽ രണ്ടാം ഖണ്ഡത്തിൽ വൻ പാമ്പിനെ നീ നിഹനിച്ചു.. എന്നു കാണുന്നുണ്ട്. എന്നാൽ പാമ്പാക്കുട സുറിയാനി പെങ്കീസായിൽ അങ്ങനെ ഒരു പാട്ട് കാണുന്നില്ല.  സന്ധ്യയുടെ പ്രുമിയോനിൽ നീരുറവയിൽ കിടന്ന മഹാസർപ്പത്തെ വധിച്ച് പ്രഭുവിന്റെ മകളെ രക്ഷിക്കുകയും ചെയ്ത ഗീവറുഗീസേ നിനക്കു സമാധാനം എന്നും കാണുന്നുണ്ട്. സുറിയാനിയിൽ അങ്ങനെ ഉണ്ടോ എന്ന് പരിശോധിക്കാൻ സാധിച്ചിട്ടില്ല. പ്രുമിയോനിലും പെങ്കീസായിലും ഒന്നും മറ്റ് ഒരിടത്തും വ്യാളിനശീകരണം കാണുന്നില്ല. അഞ്ചാം നൂറ്റാണ്ടിൽ സുറിയാനിയിൽ എഴുതപ്പെട്ട ഒരു പുസ്തകത്തിൽ ദിദിയാനോസ് രാജാവിനെ വിഷസർപ്പം (ܚܘܝܐ ܓܪܣܐ) എന്നു വിശേഷിപ്പിക്കുന്നുണ്ടെന്നത് ഒരു പഠനമർഹിക്കാവുന്ന വിഷയവുമാണ്.

മേടം 24-നാണോ 23 - നാണോ സഹദായുടെ പെരുന്നാൾ തീയതി എന്നതും ഒരു സംശയമാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ എഴുതിയ ഒരു ലേഖനം കൂടി ഇതോടൊപ്പം ചേർക്കുന്നു. 

മേടം നാലോടിരുപതു തന്നിൽ... എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ... എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ 'നാലോടിരുപത് ' തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?

പാശ്ചാത്യ - പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം  ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ  കാരണം.  രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത്  ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.

Thursday, 24 April 2025

മെഴുകുതിരി കത്തിക്കൽ: ചില സംശങ്ങളും ഉത്തരങ്ങളും | ഡെറിന്‍ രാജു

1. പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്? 

ഉത്തരം:- വൈദ്യുതി പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പ്രാർഥനകൾക്കു മുമ്പായി പ്രകാശം കിട്ടാൻ തിരികൾ കത്തിയ്ക്കുമായിരുന്നു. എന്നാൽ പിന്നീട് ഒരു കുരിശും രണ്ട് മെഴുകുതിരികളും നമ്മുടെ ആരാധനയുടെ അടിസ്ഥാനഘടങ്ങളായി. തിരിയുടെ സംഖ്യയിൽ ഉൾപ്പെടെയുള്ള ബാക്കി വ്യാഖ്യാനങ്ങൾ പിൽക്കാലത്ത് വന്നതാണ്.

2. സന്ധ്യയിൽ ഒരു മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?

ഉത്തരം:- മദ്ബഹാ തുറക്കുന്നതിനു മുമ്പായി തിരി കത്തിക്കണം. സന്ധ്യ നമസ്കാരം മദ്ബഹാ തുറന്നാണ് നടത്തുന്നത്. കാരണം നമസ്കാരത്തിൽ മദ്ബഹായിൽ ധൂപം വയ്ക്കേണ്ടതാക കൊണ്ട് മദ്ബഹാ തുറക്കണം. അതിനു മുമ്പായി തിരി കത്തിച്ച് മദ്ബഹായുടെ തിരശീല മാറ്റണം.

3. സൂത്താറായ്ക്ക് രണ്ട് മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?

ഉത്തരം:- സൂത്താറ (ܣܘܬܪܐ) എന്ന വാക്കിനു കാവൽ അഥവ സംരക്ഷണം എന്നാണല്ലോ അർഥം. ഉറക്കത്തിലെ സംരക്ഷണത്തിനും കാവലിനും. അപ്രേമിൻ്റെ മെമ്രയും 91 -ാം സങ്കീർത്തനവും ആ ആശയത്തെ പ്രതിനിധീകരിക്കുന്നു. ആ കാവലിനെ പ്രതിനിധീകരിച്ച് രണ്ട് തിരികൾ 91 -ാം സങ്കീർത്തനത്തിനു മുമ്പായി കത്തിക്കുന്നു. ഇപ്പോൾ അത് സൗകര്യത്തെപ്രതി സുത്താറ ആരംഭിക്കുമ്പോൾ ചെയ്യുന്നു. പഴയ ചില പുസ്തങ്ങളിൽ 91-ാം സങ്കീർത്തനം വായിക്കുന്നവർ തിരി കത്തിച്ച് പിടിച്ച് വായിക്കണമെന്നും അതിനു ശേഷം അത് ത്രോണോസിൽ വയ്ക്കണമെന്നും കാണുന്നുണ്ട്. 

4. രാത്രി മൂന്നു കൗമാകൾക്ക് മെഴുകുതിരി കത്തിക്കാത്തതു എന്ത് കൊണ്ടാണ്?

ഉത്തരം:- രാത്രി നമസ്കാരത്തിൻ്റെ മൂന്ന് കൗമാകൾക്ക് സാധാരണ മദ്ബഹാ തുറക്കേണ്ട ആവശ്യമില്ല. കാരണം നാലാം കൗമയിലാണ് ധൂപപ്രാർഥന വരുന്നത്. മൂന്ന് കൗമകൾക്ക് മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ തിരി കത്തിക്കേണ്ടതില്ല.

5. രാത്രി നാലാം കൗമയിൽ തിരികത്തിച്ചു മറ വലിച്ചു  പ്രാർത്ഥിക്കുന്നത് എന്തിനാണ്?

ഉത്തരം:-  ഇതിൻ്റെ ഉത്തരം നാലാമത്തെ ഉത്തരത്തിൽ ഉണ്ട്. നാലാം കൗമായിൽ മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമുണ്ട്. ബസ്മൽക്കോ, സാദിക്കോ, അക്ക് ദമ്റാഹേം എന്നീ കുക്കിലിയോനുകളും മാലാഖമാരുടെ സ്തുതിപ്പും നാലാം കൗമയിലാണ് അതിനാൽ നാലാം കൗമായുടെ ആരംഭത്തിൽ (ഹാലേലുയ്യായോടു കൂടി) തിരി കത്തിച്ച് മറ വലിക്കുന്നു.

6. കഷ്ടാനുഭവ ആഴ്ചയിൽ തിരികത്തിക്കേണ്ടത് എങ്ങനെ ആണ് ?

ഉത്തരം :- സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി  എല്ലാ യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ട്. ധൂപം വയ്ക്കുന്നുമുണ്ട്. അതുകൊണ്ട്  സൂത്താറായ്ക്കു രണ്ട് തിരിയും രാത്രിയുടെ മൂന്ന് കൗമാകൾ ഒഴികെ ഒരു തിരിയും കത്തിയ്ക്കുന്ന പതിവാണ് പലയിടത്തും കാണുന്നത്. രാത്രിയുടെ ആദ്യ മൂന്ന് യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ടെങ്കിലും സാധാരണ രീതിയുടെ സ്വാധീനത്തിൽ ഹാലെലുയ്യായുടെ ആരംഭത്തിൽ തിരി കത്തിയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്.

7. കുരിശ് കബറടക്കിയ ശേഷം മ്നോർത്തയുടെ സ്ഥാനം എന്താണ്? തിരി കത്തിക്കേണ്ടത് ഉണ്ടോ?

ഉത്തരം:- ഇല്ല; കുരിശ് ഉണ്ടെങ്കിലേ മ്നോർത്തൊയ്ക്ക് പ്രസക്തിയൊള്ളു. മ്നോർത്തൊ എന്നാൽ വിളക്കു തണ്ട് എന്നാണല്ലോ അർഥം. കുരിശ് ഉയർത്തി വയ്ക്കുക എന്നതാണ് അതിൻ്റെ ധർമ്മം. പാളയ മദ്ധ്യത്തിൽ മോശ പിച്ചളസർപ്പത്തെ ഉയർത്തിയതു പോലെ സ്ലീബാ ഉയർത്തുന്നു. മറ്റ് കാര്യങ്ങൾ ഒക്കെ സ്ലീബായുമായി ബന്ധപ്പെട്ടാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ക്യംതാ പെരുന്നാളിൽ വി. കുർബാനയുടെ സമയത്ത് കുരിശ് ത്രോണോസിൽ വച്ചിരുന്നാലും മ്നോർത്തൊയിൽ തിരി കത്തിച്ച് നിർത്താറുണ്ട്. അല്ലാതെ കുരിശ് കബറടക്കിയതിനു ശേഷം ഉയിർപ്പ് വരെ മ്നോർത്തൊയിൽ തിരി കത്തിക്കേണ്ടതില്ല.

Tuesday, 22 April 2025

റോമിൻ്റെ പാത്രിയർക്കീസിനു വിട

നസറായൻ്റെ സുവിശേഷത്തെ, അതിൻ്റെ സാമൂഹിക നിലയെ മുൻനിർത്തി വ്യാഖ്യാനിച്ച റോമിൻ്റെ പാത്രിയർക്കീസിനു വിട.

തൻ്റെ ദൗത്യമെന്താണെന്ന് വ്യക്തമായി മനസിലാക്കുകയാണ് ഒരു നേതാവിനു, നേതാവിനു മാത്രമല്ല വിശാലാർഥത്തിൽ ഏതൊരു വ്യക്തിക്കും തൻ്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുവാൻ സഹായകമാകുക. അത് കൃത്യമായി മനസിലാത്തിയതാണ് ഫ്രാൻസിസ് പാപ്പായുടെ സ്വീകാര്യതയുടെ വലിയ കാരണം. അദ്ദേഹം വലിയ പണ്ഡിതനോ കാനോൻ വിദഗ്ദനോ ആണെന്നു അവകാശപ്പെടാറില്ല. പക്ഷേ ക്രിസ്തു മലമുകളിൽ പറഞ്ഞ ഒന്നുണ്ടല്ലോ, അധികം തൊങ്ങലുകൾ ചേർക്കാതെ അവൻ പറഞ്ഞ ഒരു ഭാഗ്യാവസ്ഥ; ''കരുണയുള്ളവർ ഭാഗ്യവാൻമാർ! '' അത് അക്ഷരാർഥത്തിൽ നിറവേറ്റിയ വലിയ ഇടയനാണ് വിട വാങ്ങുന്നത്. പത്രോസ് എഴുതിയിട്ടുണ്ടല്ലോ നല്ല മനസാക്ഷിയുള്ളവരായിപ്പിൻ എന്ന്. അതുണ്ടായിരുന്ന ഒരു പിൻഗാമിയാണ് ഇന്ന് ആ പത്രോസിനും സഖാക്കൾക്കും തൻ്റെ മുൻഗാമികൾക്കുമൊപ്പം ചേർന്നിരിക്കുന്നത്.
തീർച്ചയായും ഇതൊരു വഴിത്തിരിവാണ്; തൻ്റെ തിരഞ്ഞെടുപ്പ് മുതൽ തൻ്റെ വഴി വ്യത്യസ്തമെന്ന് അദ്ദേഹം കാണിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ആദ്യം പാലിയം ധരിക്കാതെ സെ.പീറ്റേഴ്സ് ബസലിക്കായുടെ മട്ടുപ്പാവിൽ നിന്നതു മുതൽ അദ്ദേഹം എടുത്തണിഞ്ഞത് ശുശ്രൂഷയുടെ കുപ്പായമാണ്; അധികാരത്തിൻ്റെ അങ്കി അല്ല. അതുകൊണ്ട് തന്നെ തൻ്റെ പിൻഗാമികളുടെ മുമ്പാകെ വലിയൊരു വെല്ലുവിളി ഏൽപ്പിച്ചാണ് അദ്ദേഹം കടന്നു പോയിരിക്കുന്നത്. ഇനി വരുന്ന പിൻഗാമികൾ ഫ്രാൻസിസ് പാപ്പായുമായിട്ടായിരിക്കും താരതമ്യം ചെയ്യുക. അത് ഒരേ സമയം ഒരു വെല്ലുവിളിയാണ്; ഒരു അഭിമാനവുമാണ്. അധികാരത്തിൻ്റെ മുഖത്ത് നേരെ നിന്ന് ചെയ്യേണ്ടത് നിങ്ങൾ ചെയ്യുന്നില്ലായെന്ന് പറഞ്ഞ സ്നാപക യോഹന്നാനെയാണ് സഭയ്ക്കും ലോകത്തിനും നഷ്ടമായത്.
യാത്ര ആകുന്നതിനു തലേന്നും ഗസയെപറ്റി ഓർത്ത് വിലപിച്ച മനുഷ്യസ്നേഹിയാണ് നമ്മെ വിട്ടു പോകുന്നത്. മറ്റൊരർഥത്തിൽ സഭയിൽ നിന്ന് നസറായൻ പ്രതീക്ഷിച്ച മനുഷ്യത്വത്തിൻ്റെ മുഖമാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്. പുറംമോടികളെക്കാളും തൊങ്ങലുകളെക്കാളും തൻ്റെ സ്നേഹമതത്തിൻ്റെ അകക്കാമ്പായി നസറായൻ എന്താണോ കണ്ടത് അത് പാലിക്കാൻ ശ്രമിച്ച ഒരു ക്രിസ്ത്യാനിയെയാണ് ഇന്ന് ലോകത്തിനു ഇല്ലാതായിരിക്കുന്നത്..
Ite in pace, Patriarcha Romae.
ഡെറിൻ രാജു
22-04-2025

Sunday, 20 April 2025

കുരിശില്ലാതെ ഉയിർപ്പില്ല

ഉയിർപ്പ് അനുസ്മരിക്കുമ്പോൾ എപ്പോഴും മനസിലേക്ക് വരുന്നത് മൂന്നു സ്ത്രീകളെയാണ്.

തങ്ങളുടെ ഗുരുവിൻ്റെ ഭൗതികശരീരത്തിൽ സുഗന്ധവർഗങ്ങൾ ഇടാൻ അതിരാവിലെ ഇരുട്ടുള്ളപ്പോൾ കല്ലറ ലക്ഷ്യമാക്കി ഇറങ്ങിയവർ. ഓർമ്മകളുടെ പരിമളത്തിനൊപ്പം സങ്കടക്കടലുള്ളിലൊതുക്കി ഇറങ്ങിയ ഒരു സംഘം. അവർ ഗലീലയിൽ നിന്ന് അവനെ പിൻപറ്റിയവരായിരുന്നു എന്നാണ് ഒരു സുവിശേഷകൻ രേഖപ്പെടുതുന്നത്. അവരുടെ ആ നിമിഷത്തെ പ്രധാന ചിന്ത തങ്ങൾക്കായി ആ കല്ലറയുടെ വാതിൽ ആര് മാറ്റിത്തരുമെന്നതാണ്? ഒരു പാത്രത്തിൽ അവനോടൊപ്പം ഭക്ഷിച്ചിരുന്നവർ, ആര് ഇടറിയാലും ഞാൻ കൂടെ നിൽക്കുമെന്ന് പറഞ്ഞവനുൾപ്പെടെ, തൻ്റെ സിംഹാസനത്തിൻ്റെ അപ്പുറവു ഇപ്പുറവും ഇരിക്കാൻ ആഗ്രഹിച്ചവരടക്കം ക്രൂശകരെ ഭയന്ന് അറയിൽ ഇരിക്കുമ്പോഴാണ് ധൈര്യത്തോടെ അവർ അവൻ്റെ കല്ലറയിലേക്ക് പോകുവാൻ ഇറങ്ങിയത്.
സകല ഭയത്തെയും ഇല്ലായ്മ ചെയ്യുന്നതാണ് നസറായൻ്റെ ശൂന്യമായ കല്ലറ. പിന്നീട് പത്രോസ് ഒരു വലിയ ജനക്കൂട്ടത്തോട് വിളിച്ചു പറയുന്നുണ്ടെല്ലോ, മരണം അവനെ പിടിച്ചുവയ്ക്കുക അസാധ്യമായിരുന്നുവെന്ന്. നസറായനും അവൻ്റെ ഒഴിഞ്ഞ കല്ലറയും നമ്മുടെ മുൻഗണനകളെയും താൽപര്യങ്ങളെയും എപ്പോഴും ഓർമ്മിപ്പിക്കുകയും തിരുത്തുകയും ചെയ്ത് നിലനിൽക്കുകയാണ്. കാലാതിവർത്തിയായ ഒരു നിശ്ചല സാക്ഷിയായി.
അവൻ നമ്മുടെ സമാധാനമാകുന്നുവെന്ന് ഒരുവൻ എഴുതി. പീലാത്തോസിൻ്റെ പ്രോത്തോറിയം മുതൽ കാൽവറി വരെ തൻ്റെ കുരിശ് വഹിച്ചു നടന്നു പോയ രാജ്യമില്ലാത്ത രാജാവ്, നിൻ്റെ ഉടുപ്പിനായി വ്യവഹരിക്കുന്നവന് നിൻ്റെ പുറം കുപ്പായം കൂടി കൊടുക്കാൻ പറഞ്ഞവൻ, വ്യവസ്ഥിതികളോട് കലഹിച്ച ആ വിപ്ലവകാരി, അവസാനം ആർക്കോ വേണ്ടി നിർമ്മിക്കപ്പെട്ട കല്ലറയിൽ അടക്കം ചെയ്യപ്പെട്ട പരമദരിദ്രൻ നമ്മുടെ സമാധാനമാണ്; നമ്മുടെ പ്രത്യാശയാണ്; നമ്മുടെ നീക്കിയിരിപ്പാണ്. ഏത് അന്ധകാരത്തിനപ്പറവും പ്രകാശമുണ്ടെന്നും എല്ലാവർക്കും ഒരു ഉയിർപ്പു കാലമുണ്ടെന്നും കുരിശില്ലാതെ ഉയിർപ്പില്ലെന്നും ഈ ദിവസം നമ്മെ എപ്പോഴും എപ്പോഴും ഓർമിപ്പിക്കുന്നു.
ഡെറിൻ രാജു
ഉയിർപ്പ്, 2025

Thursday, 17 April 2025

വിനയം നിങ്ങളുടെ കിരീടമാകട്ടെ

നസറായൻ തൻ്റെ ആസന്നമായ മരണത്തിൻ്റെ തലേന്ന് തന്നോടൊപ്പമുണ്ടായിരുന്നവരെ തൻ്റെ ഓർമ്മയ്ക്കായി ഒരു അനുസ്മരണവും ശിഷ്യത്വത്തിൻ്റെ വിളി ശുശ്രൂഷയുടെ അനുഭവമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഒരു പ്രവൃത്തിയും കാണിച്ച് അവരെ ഭരമേൽപ്പിച്ച പുതിയ നിയമത്തിൻ്റെ അനുസ്മരണത്തിൽ ഇന്ന് പെസഹായാണ്.

യഹൂദ പെസഹായെ ആചരിച്ചുകൊണ്ട് അവൻ ആ പെസഹായെ പുതിയ പെസഹായിൽ കലർത്തുകയും പഴയ വലിയ പെരുന്നാളിനെ പുതിയ പെരുന്നാളിൽ ചേർക്കുകയും ചെയ്തു എന്നു സുറിയാനി ആരാധനാക്രമങ്ങളിൽ പല തവണ പരാമർശിക്കുന്നു.
പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ അന്നത്തെ സുവിശേഷ ഭാഗങ്ങളിൽ കൂടുതലും കാണുന്ന ആശയം അവൻ ഏൽപ്പിച്ച കുർബാനയെന്ന അനുസ്മരണമാണ്. എന്നാൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ കുർബാനയുടെ സുവിശേഷഭാഗം തന്നെ അവൻ അവരെ താഴ്മ പഠിപ്പിക്കാൻ ചെയ്ത പ്രവൃത്തിയാണ്. അപ്പം മുറിക്കലോളം ഓർക്കപ്പെടേണ്ടതാണ് വിനയപ്പെടുക എന്ന് ഓരോ പെസഹായും നമ്മെ ഓർമ്മപ്പെടുത്തുന്നു.
ആ രാത്രിയിൽ തൻ്റെ ശരീര -രക്തങ്ങൾ തൻ്റെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിക്കുവാൻ അവൻ ആഗ്രഹിച്ച് ഒരുങ്ങി വന്നതാണ്. എന്നാൽ ആ കാൽകഴുകൽ അവൻ അവൻ ഒരുങ്ങി വന്ന ഒന്നല്ല; താൻ ആഗ്രഹിച്ച് വന്ന സന്ദർഭത്തിൽ മുഖ്യ കസേരയ്ക്കായുള്ള അവരുടെ തർക്കം കണ്ട് അവൻ അത് ചെയ്യുകയായിരുന്നു. മൂന്നര വർഷക്കാലം താൻ കാണിച്ചു കൊടുത്തതും പഠിപ്പിച്ചു കൊടുത്തതും ഈ അവസാന നിമിഷവും അവർക്ക് ബോധ്യപ്പെട്ടില്ലായെന്ന ഹൃദയവേദനയോടെയാണ് അവൻ പാത്രത്തിൽ വെള്ളമെടുത്ത്, അരയിൽ ഒരു തൂവാല കെട്ടി ശിഷ്യരുടെ മുമ്പാകെ കുനിഞ്ഞ് അവരുടെ പാദങ്ങൾ കഴുകിയത്. അരയിൽ തൂവാല കെട്ടി തൻ്റെ ശിഷ്യരുടെ, അവൻ്റെ ഭാഷയിൽ അവൻ്റെ സ്നേഹിതരുടെ കാൽ കഴുകിയവനെ കണ്ട് അഗ്നിമയൻമാർ പോലും പരിഭ്രമിച്ചു എന്നു കവി സങ്കല്പം.
പെസഹായുടെ സന്ദേശവും അവൻ്റെ ഈ വിനയപ്പെടലാണ്. വിനയം നിങ്ങളുടെ കിരീടമാകട്ടെ എന്ന് ടാഗോർ എഴുതിയിട്ടുണ്ട്. നസറായൻ ഇന്ന് അക്ഷരാർഥത്തിൽ കാണിച്ചു തന്നതും അത് തന്നെയാണ്. അത് അത്ര എളുപ്പമല്ല. അപ്പം മുറിക്കലിലും പ്രയാസമാണത്. കാൽ കഴുകലിനു ശേഷമാണവൻ അപ്പം മുറിക്കലിലേക്ക് കടന്നതു തന്നെ. പെസഹായുടെ സന്ദേശവും അത് തന്നെ.
ഡെറിൻ രാജു
പെസഹ, 2025

20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു

മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...