Saturday, 23 November 2024

ഒരു Yes!!

മാനവരാശിയുടെ ചരിത്രത്തെ, അതിൻ്റെ അവസ്ഥാന്തരങ്ങളെ സ്വാധീനിച്ച ഒരു Yes! മനുഷ്യകുലത്തിനു മുഴുവനും വേണ്ടി മറിയാം പറഞ്ഞ ഒരു Yes! മനുഷ്യൻ്റെ ബലഹീനതകളോടും ഇല്ലായ്മകളോടും താദാത്മ്യം പ്രാപിച്ചവനെ വഹിക്കുവാൻ തൻ്റെ മനവും ഉദരവും തയ്യാറാണെന്ന ഒരു സാധു പെൺകുട്ടിയുടെ മറുപടിയുടെ ദിവസം. ആ ഒരു മറുമൊഴിയ്ക്കായി പ്രപഞ്ചമൊന്നാകെ ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്ന ദിവസം. ഒരു സന്ദേശവാഹകൻ അയാൾ അന്നയോളം പരിചയിച്ച ഭാവത്തിനു ചേരാത്ത ഒരു വിധേയത്വഭാവത്തിൽ അയാൾക്ക് ശീലമില്ലാത്ത അനന്യസാധാരണമായ ബഹുമാനത്തോടെ ചോദിച്ച ചോദ്യത്തിനു നിഷ്കളങ്കമായി അവൾ പറഞ്ഞ മറുപടി, ആ ഒരു Yes! അതിനെ വീണ്ടും വീണ്ടും ഓർക്കുന്ന ഒരു സുന്ദരമായ പ്രകാശപൂർണമായ ഒരു ദിവസം! പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ ക്രിസ്തുമസിനു മുമ്പുള്ള അഞ്ചാം ഞായറാഴ്ച!

സന്ദേശവാഹകൻ്റെ ചോദ്യത്തിനോടുള്ള മറിയാമിൻ്റെ ആദ്യ പ്രതികരണം സ്വാഭാവിക സംശയമായിരുന്നു. ആ സംശയം അങ്ങേയറ്റം നൈസർഗികവുമായിരുന്നു. എന്നാൽ അവൻ കാട്ടിക്കൊടുത്ത ഉദാഹരണത്തിലും അവൻ്റെ ധൈര്യപ്പെടുത്തലിലും ബോധ്യപ്പെട്ട അവൾ നൽകുന്ന മറുപടി സുന്ദരമാണ്; ഋജുവാണ്; നിഷ്കളങ്കമാണ്. അത് കാലാതിവർത്തിയാകുന്നതും അതിലെ നിഷ്‌കളങ്കഭാവം കൊണ്ടാണ്. അതാണ് താരതമ്യങ്ങൾക്കപ്പുറമുള്ള ഔന്നത്യത്തിലേക്ക് ആ ബാലികയെ ഉയർത്തിയതും!
മറിയമിൻ്റെ മറുപടി അതീവ സുന്ദരമായതു പോലെ അത്രമേൽ പവർഫുളളുമായിരുന്നു. അതിൻ്റെ കാരണം ആ മറുപടിയിലായിരുന്നു നമ്മുടെ ആകെ പ്രത്യാശയും അടങ്ങിയിരുന്നതെന്നതുമായിരുന്നു..
ഡെറിൻ രാജു
23-11-2024

Friday, 1 November 2024

വീണ്ടുമൊരു പരുമലക്കാലം!

ക്രിസ്തുവിനെ പലർക്കും പല രീതിയിലായിരുന്നുവല്ലോ പരിചയം. പത്രോസും സഖാക്കളും അവനെ നേരിട്ടറിഞ്ഞു; എന്നാൽ മർക്കോസിനു അവനെ അത്ര പരിചയമില്ലായിരുന്നു എന്നാണ് സൂചന; എങ്കിലും അറിയാമായിരുന്നു. എപ്പോഴോ ഒരിക്കൽ തന്നെ എടുത്ത് മടിയിൽ വച്ചു എന്നതിനപ്പുറമായി വലിയ പരിചയം ഇഗ്നാത്തിയോസിനു ഉണ്ടായിരുന്നോ എന്നു സംശയമാണ്. പൗലോസാകട്ടെ ഏതാണ്ട് സമകാലികരായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ ജീവിതകാലത്ത് അദ്ദേഹത്തെ കണ്ടതായും സൂചനയില്ല. തന്നെ നേരിട്ട് കണ്ടതും അറിഞ്ഞതുമായ തലമുറകൾ കടന്നു പോയപ്പോൾ എന്നാൽ ക്രിസ്തു മാഞ്ഞു പോയില്ല. അവൻ അവൻ്റെ ആശയങ്ങളിൽ ജീവിച്ചു. നേരിട്ട് കണ്ട ജനതതിക്കപ്പുറമായി സഹസ്രങ്ങൾ ആ ആശയവും ആ ജീവിതവും ദർശനവും ഏറ്റുവാങ്ങി; പ്രതിസന്ധി പ്രയാസഘട്ടങ്ങളിൽ ആ ജീവിതം നമുക്ക് നൽകിയ വിപ്ലവാശയങ്ങളും ആശ്വാസ-പ്രത്യാശകളും അണയാത്ത പ്രകാശമായി ഇന്നും നിലകൊള്ളുന്നു.

കാലാതിവർത്തിയായ ആ നിലനിൽപ്പിൻ്റെ മറ്റൊരു രൂപം മലങ്കരയ്ക്കു ചിരപരിചിതമാണ്. വീണ്ടും ആ ഓർമ്മ സജീവമാകുന്ന കാലമാണിത്. പരിമളമിയലുന്ന മലങ്കരയുടെ വലിയ മാർ ഗ്രീഗോറിയോസിൻ്റെ ഓർമ്മ!
ഒന്നേമുക്കാലോളം നൂറ്റാണ്ടിനപ്പുറം ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്; ഒരു ചെറിയ ശിഷ്യ സമ്പത്താർജിച്ച്, ഒരു മെത്രാപ്പോലീത്തയായി, 54 വർഷങ്ങൾ മാത്രം ജീവിച്ച്, അതിൽ ഏറിയ പങ്കും പമ്പാനദിയുടെ സംഭാവനയായ പരുമല ദ്വീപിൽ കഴിഞ്ഞുകൂടിയ ഒരു മനുഷ്യൻ. തൻ്റെ മരണത്തിൻ്റെ 122 വർഷങ്ങൾക്കിപ്പുറവും പ്രസക്തമായ ഒരു പ്രകാശരശ്മിയായി നിലകൊള്ളുന്നു. ആ ഓർമ്മ തന്നെ അന്ധകാരമയമായ നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുവാൻ പര്യാപ്തമായതാണ്. കൂരിരുളിൽ തെളിഞ്ഞു കത്തുന്ന വഴിവിളക്കാണ്. എങ്ങനെയാണ് ക്രിസ്തു ബോധ്യവും പരുമല തിരുമേനിയും സാമ്യമുള്ളതാകുന്നത്? തന്നെ കണ്ടറിഞ്ഞ ശിഷ്യരും അവരുടെ ശിഷ്യരും കടന്നു പോയെങ്കിലും ക്രിസ്തു കാലാതീതമായും അതിർത്തികളില്ലാതെയും പ്രഘോഷിക്കപ്പെട്ടതു പോലെ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയും സ്മരിക്കപ്പെടുന്നു; ശിഷ്യരും അവരുടെ ശിഷ്യരും വരച്ചു കാട്ടി നമ്മെ ബോധ്യപ്പെടുത്തിയ ഒരു വിശുദ്ധ പർവത്തിലൂടെ. ആ പർണ്ണശാലയും മണ്ണും അനേകായിരങ്ങൾക്ക് അവരുടെ വിഷമതകൾ ഇറക്കി വച്ച് ആശ്വാസം കണ്ടെത്താവുന്ന ഇടമായിരിക്കുന്നു. മലങ്കരയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നും ആ ചെറുദ്വീപിലുറങ്ങുന്ന മുനിയാണ്. ആ മുനി കാട്ടിയ വഴിയും പഠിപ്പിച്ചേൽപ്പിച്ച പാഠങ്ങളുമാണ്.
മലങ്കരയുടെ മന:സാക്ഷിയും ശക്തിസ്രാേതസും പരുമലയുടെ ആ മണ്ണിലുറങ്ങുന്ന ഗുരുവാണ്. ഗുരു കടന്നു പോയിക്കഴിഞ്ഞു ഗുരുവിൻ്റെ ശിഷ്യർ ആ കബറിങ്കൽ ആശ്വാസം കണ്ടെത്തിയവരാണ്. അവരുടെ ശിഷ്യരോട് ആ മണ്ണിൻ്റെ പവിത്രത പറഞ്ഞേൽപ്പിച്ചാണ് അവരും കടന്നു പോയത്. അവർ അവരുടെ അനുഗാമികളോടും. അതിലേറ്റവും സവിശേഷമായി നമ്മൾ അനുസ്മരിക്കേണ്ട നിരവധി പേരുകളുണ്ട്. താൻ എപ്പോഴും പ്രാർഥിക്കാൻ ഏൽപ്പിച്ചിരുന്ന കൊച്ചു മെത്രാച്ചൻ്റെ വിയോഗമറിഞ്ഞ് തളർന്നു പോയ, കബറടക്ക ശുശ്രൂഷയിൽ കാർമികത്വം വഹിക്കാൻ പോലും തൻ്റെ ദുഃഖഭാരം സമ്മതിക്കാതിരുന്ന പുലിക്കോട്ടിൽ മാർ ദീവന്നാസിയോസ് അഞ്ചാമൻ തിരുമേനിയുടെയും തൻ്റെ ഗുരുവിൻ്റെ അംശവസ്ത്രങ്ങൾ അണിഞ്ഞു തന്നെ അടക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച പരിശുദ്ധ ഗീവറുഗീസ് ദ്വിതിയൻ ബാവായുടെയും തനിക്കു പരുമല തിരുമേനിയുടെ സന്നിധിയിലുള്ള ചികിത്സയും വിശ്രമവും മതിയെന്ന് തീരുമാനിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവായുടെയും തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ നമ്മെ വഴി നടത്തുന്നു. ആ ഓർമ്മ തന്നെ ഒരു സൗരഭ്യമാണ്. ഏത് പ്രതിസന്ധിയേയും അതിജീവിക്കുവാൻ കരുത്തേകുന്ന ഒരു ധൈര്യമാണ്.
ഡെറിൻ രാജു.

Thursday, 26 September 2024

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവിൻ്റെ, രക്തം ചെരിയാത്ത വിപ്ലവകാരിയുടെ സ്നേഹമതം.

'എൻ്റെ രാജ്യം ഐഹികമല്ല; ആയിരുന്നുവെങ്കിൽ എന്നെ താങ്കളുടെ കൈയ്യിൽ ഏൽപ്പിക്കാതിരിക്കുവാൻ തക്കവിധം എൻ്റെ ഭടൻമാർ പോരാടുമായിരുന്നു ' എന്നവൻ തൻ്റെ വിചാരണമദ്ധ്യേ പറഞ്ഞത് തൻ്റെ പ്രകടനപത്രികയുടെ അവതരണം തന്നെയായിരുന്നു. കുരിശൊരു യാദൃശ്ചികത അല്ലെന്നു തൻ്റെ ശിഷ്യത്വത്തിൻ്റെ മിനിമം യോഗ്യത അവനൊരിക്കൽ പ്രഖ്യാപിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. പിന്നീട് ഓരോ ദിനവും കുരിശിലേക്കാണ് അവൻ നടന്നടുത്തത്.
വിട്ടു കൊടുക്കലിൻ്റെയും നിസാരമാകലിൻ്റെയും ചിത്രമാണ് ഗോഗുൽത്തായിലെ കുരിശ് രേഖപ്പെടുത്തുന്നത്. വെറുപ്പ് നിറയുന്ന വർത്തമാനകാലത്തിൽ കുരിശ് സംസാരിക്കുന്നത് വിമോചന സുവിശേഷമാണ്. അന്ത:കരണങ്ങളെ ഉഴുതുമറിച്ച നസറായൻ്റെ ഫിലോസഫിയുടെ പ്രത്യക്ഷ രൂപമാണ് കുരിശ്.
അത്ഭുതം കാണാനും കഥ കേൾക്കാനും ഭക്ഷണം കഴിക്കാനും വന്നു കൂടിയ ബഹുശതം ആളുകൾ കുരിശിൻ്റെ ചുവട്ടിലേക്ക് എത്തിയതായി കാണുന്നില്ല. അവൻ്റെ അമ്മയും തലേന്ന് അവൻ്റെ നെഞ്ചോട് ചാഞ്ഞിരുന്ന സുഹൃത്തും തുടങ്ങി അവനെ അവനായി കണ്ടറിഞ്ഞ ചിലരെ മാത്രമാണ് കുരിശിൻ്റെ മുമ്പിൽ നിൽക്കുന്നതായി കാണുന്നത്. സകലവും ഉപേക്ഷിച്ച് അവനെ പിൻപറ്റിയെന്ന് പറഞ്ഞവൻ, ആരു പോയാലും ഞാൻ നിന്നെ വിട്ട് പോകില്ല എന്ന് പറഞ്ഞവനുൾപ്പെടെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. നമുക്കും കുരിശ് ഒരു അലങ്കാരമോ ഒരു അധികാര ചിഹ്നമോ മാത്രമായി ചുരുങ്ങുകയാണ്. അതിൽ നിന്നുയരുന്ന ശബ്ദം കേൾക്കാൻ അന്നവർക്ക് സാധിച്ചില്ല. ഇന്നു നമുക്കും സാധിക്കുന്നില്ല.
നസറായൻ്റെ മതത്തിൻ്റെ ഭാഷ സ്നേഹമാണെങ്കിൽ അതെഴുതിയ ലിപിയാണ് കുരിശ്. രാജ്യമില്ലാത്ത രാജാവിൻ്റെ ചെങ്കോലാണത്; അത് നമ്മുടെ ധാർമ്മികതയുടെയും മുൻഗണനകളുടെയും ബോധ്യങ്ങളുടെയും മേൽ സ്പന്ദിക്കുന്ന ഒരു ദിശാസൂചിയായി നിലനിൽക്കുകയുമാണ്.

കുരിശിൻ്റെ പെരുന്നാൾ 2024

Sunday, 1 September 2024

ഒരു പെൺകുട്ടിയുടെ കരളുറപ്പിൻ്റെ കഥ | ഡെറിൻ രാജു.

ലോകത്തിലെ ഏറ്റവും വലിയ പ്രസംഗപീഠം ഗോഗുൽത്തായിൽ ഒരു രാജദ്രോഹിയായ ലഹളഹേതുവായ വിപ്ലവകാരിയായ ആ യുവാവിനെ തൂക്കിലേറ്റിയ മരമാണെന്ന് പറയാറുണ്ട്. അതിൽ കിടന്ന് അവൻ നടത്തിയ ലഘു പ്രസംഗങ്ങൾ ആധുനിക പ്രഭാഷണകലയുടെ അളവു കോലുകളിൽ ഒതുങ്ങിയാലും ഇല്ലെങ്കിലും കാലാതിവർത്തിയായി എന്നും മനനം ചെയ്യപ്പെടുന്നതാണ്.

അതിലൊന്ന് അവൻ്റെ അമ്മയെ തൻ്റെ സ്നേഹിതനു ഏൽപ്പിച്ചുകൊണ്ട് പറഞ്ഞതാണ്;
''ഇതാ നിൻ്റെ അമ്മ!
ഒരു ദൗത്യ പൂർത്തീകരണത്തിനപ്പുറം ആ ഏൽപ്പിക്കൽ ഒരു മുൻകുറിയാണ്. അവനെ പിൻപറ്റുന്ന അവൻ്റെ സ്നേഹിതർക്ക് എക്കാലത്തേക്കും ഒരു അമ്മമനസാണ് അവൻ ഏൽപ്പിച്ചത്. തങ്ങളുടെ വേദനകളിലും ആകുലതകളിലും ചാരത്തിരിക്കുന്ന, തങ്ങളുടെ പരിഭവങ്ങളെയും പ്രതീക്ഷകളെയും കേട്ട് അടുത്തിരിക്കുന്ന ഒരമ്മ. ബേതലഹേം മുതൽ കാൽവറി വരെ ആ അമ്മ കടന്നു പോയ വേദനകളോടും അണിഞ്ഞ പരിഹാസ കുപ്പായങ്ങളോടുമുള്ള ആ മകൻ്റെ ചെറുത്തു നിൽപ്പു കൂടിയാണ് ഈ ഒരു ഏൽപ്പിക്കൽ. വേറെ ആരും അവകാശം പറഞ്ഞു വരാനില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയ ഒരു കൈമാറൽ!
രണ്ടാമത്തെ സ്വർഗമെന്ന് സുറിയാനിക്കാരുടെ ആരാധനയിൽ അവൾ വിശേഷിപ്പിക്കപ്പെട്ടു. മറ്റൊരിടത്തു ഭൗമിക കന്യകയെന്നും! ഒരേ സമയം അവൾ സ്വർഗമാണ്; ഭൗമികയുമാണ്. ഈ ദ്വന്ദ്വ സ്വഭാവം മറിയാമോളം അണിഞ്ഞ മറ്റാരുണ്ട്? അവളിൽ നിന്നുദയം ചെയ്തവൻ ഈ സ്വഭാവങ്ങൾ കലർന്ന് നമ്മുടെ ഇടയിൽ പെരുമാറി. നമ്മുടെ ആകുലതകളിൽ അവൻ പക്ഷം പിടിച്ചു; നമ്മുടെ വേദനകൾ അവൻ്റേതു കൂടിയായി; നമ്മുടെ വിലാപത്തിൽ അവനും കരഞ്ഞു. അവൻ്റെ അമ്മ പറഞ്ഞത് അവൻ ഓർത്തു. അവസാനം വരെ അമ്മയെയും അവൻ ഓർത്തു.
വാഴ്ത്തുപ്പാട്ടുകൾ പറയുന്ന സ്തുതി ചരിതങ്ങൾക്കപ്പുറം മറിയാമിൻ്റെ ചരിത്രം ഒരു വീരചരിതമാണ്. ഒരു പോരാട്ടചരിതമാണ്. ആ വശം കാണാതെ ഒരു ഭാഗ്യാവസ്ഥയെ മാത്രം നമ്മുടെ കവികൾ പരിഗണിക്കുന്നത് വലിയൊരളവിൽ നീതികേടാണ്. തിരഞ്ഞെടുപ്പ് മുതൽ തൻ്റെ വിളിയോട് അനുസരണം കാട്ടിയ തൻ്റെ നിയോഗങ്ങളെ ഒരു തരിപോലും അവിശ്വസിക്കാതിരുന്ന ഒരു പെൺകുട്ടിയുടെ കരളുറപ്പിൻ്റെ കഥ കൂടിയാണത്.

Saturday, 31 August 2024

സമാധാനവും പ്രത്യാശയും

സമാധാനത്തോളം നിർമ്മലയായ ആശംസ എന്താണുള്ളത്? അത്രത്തോളം അപരനെ, അവൻ്റെ നിലനിൽപ്പിനെ വിലമതിക്കുന്ന ഏത് മംഗളമരുളലാണുള്ളത്?

നസറേത്തിലെ സാധുബാലികയുടെ അകത്തളത്തിൽ അവളറിയാതെ കടന്നു വന്നവൻ പറഞ്ഞ ആദ്യ വാകൃത്തിലുള്ളതും ഈ ഒരാശംസയാണുള്ളത്.
''നിനക്കു സമാധാനം!''
തുടർന്നു അവൾ കേട്ട സകല വാചകങ്ങളും അവിവാഹിതയായ നിരാലംബയായ ഒരു പെൺകുട്ടിയുടെ അന്തഃകരണത്തെ കറക്കിയെറിയുവാൻ പര്യാപ്തമായിരുന്നതായിരുന്നെങ്കിലും അവൾ ആദ്യം കേട്ട വാക്ക് ഒരു ധൈര്യമായിരുന്നു; ഒരു പ്രത്യാശയായിരുന്നു. മനുഷ്യരാശിയുടെ ആകെ പ്രത്യാശാഭാരമാണ് താൻ വഹിക്കുന്നതെന്ന് യാതൊരു ബോധ്യവുമില്ലാതെയാണ്, ഒരു സമാധാനാശംസയിലും അതിനു ശേഷമവൻ പറഞ്ഞൊരു കൃപയിലും ധൈര്യപ്പെട്ട് അവൾ ഒരു നുകമെടുത്തണിഞ്ഞത്.
സമാധാനവും പ്രത്യാശയും പലപ്പോഴും പൂരകങ്ങളാണ്. ഒന്ന് ഒന്നിനെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കും. ആ പ്രത്യാശയുടെ പുറത്താണ് അവൾ ആ വിരുന്നുശാലയിൽ ആധിപിടിച്ചോടിയവരോട് അവനെന്തെങ്കിലും പറഞ്ഞാൽ അത് ചെയ്യാൻ പറഞ്ഞത്. അവളുടെ മകനും ആ പ്രത്യാശ പകർന്നവനാണ്. രാവ്വേറെ മീൻ കിട്ടാതെ തളർന്നവരോട് ഒരിക്കൽ കൂടി ധൈര്യത്തോടെ വലയെറിയാൻ അവൻ പറഞ്ഞത് ആ പ്രത്യാശയിലാണ്. വിജനഭൂമിയിൽ അയ്യായിരം പേർക്ക് ഭക്ഷണം കണ്ടെത്താൻ അവൻ തൻ്റെ സ്നേഹിതരോട് പറഞ്ഞ ധൈര്യത്തിൻ്റെ പേരും പ്രത്യാശയെന്നാണ്. വലനിറയെ മീൻ കണ്ടവരും വിശപ്പ് മാറുവോളം ഭക്ഷണം കഴിച്ചവരും നേടിയത് ആ പ്രത്യാശയുടെ ഫലമായ സമാധാനമാണ്. ആ സമാധാനവും പ്രത്യാശയും അമ്മ മകനു നൽകി. മകൻ തന്നെ കേട്ടറിഞ്ഞു കൂടെ നടന്നവർക്കും !
ആരെങ്കിലും അവൻ്റെ കല്ലറ വാതിൽക്കൽ നിന്നു കല്ല് മാറ്റിത്തരുമെന്ന വിശ്വാസത്തിൽ സുഗന്ധതൈലമൊരുക്കി അതിരാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ, കല്ലറയോളം ഓടിയെത്തുവാൻ തക്ക വിധത്തിൽ അവരുടെ പ്രത്യാശ വളരുകയും ചെയ്തു. ആത്യന്തികമായ സമാധാനമായിരുന്നല്ലോ ആ പ്രത്യശയുടെ ഫലവും!
ഡെറിൻ രാജു

Friday, 16 August 2024

ചൈതന്യവത്തായ ഒരോർമ്മ

എല്ലാ ചിത്രങ്ങളും കൈകൊണ്ട് വരയ്ക്കുന്നതല്ല!

അകക്കണ്ണുകൊണ്ട് നമ്മൾ വരയ്ക്കുന്ന ചിത്രങ്ങളുണ്ട്.
മറിയാമിനെപ്പറ്റി അത്തരം ചില ചിത്രങ്ങളുണ്ട്. ഒരു സന്ദേശവാഹകൻ അയാൾക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു വിധേയത്വഭാവത്തിൽ നടത്തുന്ന ഒരു അഭിസംബോധനയിലും ആഹ്വാനത്തിലും പരിഭ്രമിക്കുന്ന ഒരു നിരാലംബയായ ദേവാലയവാസിയായ ഒരു പെൺകുട്ടിയുടെ ചിത്രമാണതിൽ ആദ്യത്തേത്. പിന്നീട്, വഴിയമ്പലങ്ങളിൽ ഇടമില്ലാതെ ഒരു മുറി എവിടെങ്കിലും കണ്ടെത്താൻ പരതുന്ന ഒരു ഗർഭിണിയിൽ തുടങ്ങി വാളിൻ്റെ വായ്ത്തലകൾക്കിടയിലൂടെ ഒരു കുഞ്ഞിനെ മാറോടണച്ചോടുന്ന ഒരമ്മയിൽ തുടർന്ന എത്രയധികം ചിത്രങ്ങളാണ് മറിയാമിനെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മുമ്പിൽ തെളിയുന്നത്? അവസാനം മതനിന്ദയും രാജനിന്ദയും ആരോപിച്ച് കൊല ചെയ്ത ഒരു വിപ്ലവകാരിയുടെ കഴുമരത്തിൻ്റെ ചുവട്ടിൽ നിന്ന ലോകപ്രകാരം ഹതഭാഗ്യയായ അവൻ്റെ അമ്മ.
ആത്മസംഘർഷങ്ങളുടെ കടലാഴങ്ങളിലും അവൾ സ്ഥിരചിത്തയായിരുന്നു. കോട്ടകൾ പോലെ തൻ്റെ മുമ്പിലുയർന്ന പ്രതിസന്ധികളേയും പരിഹാസങ്ങളെയും അവൾ എങ്ങനെയായിരിക്കും അതിജീവിച്ചിട്ടുണ്ടാകുക? ഭ്രാന്തനായ നസറേത്തുകാരൻ്റെ അമ്മയെന്ന ആക്ഷേപം എത്രവട്ടമവൾ കേട്ടിരിക്കാം. എങ്കിലും തൻ്റെ നിയോഗത്തെ അവിശ്വസിക്കാതെ തൻ്റെ വിളിയിൽ നിലനിന്ന ഒരുവൾ. ആ നിലനിൽപ്പിൻ്റെ ഫലമാണ് കാലാതിവർത്തിയായ ആ സ്മരണ. തലമുറകളുടെ പൈദാഹങ്ങളെ അടക്കിയ ഉറവ ഉദയം ചെയ്ത ഭൂമിയാണവൾ. ആ ഓർമ്മ തന്നെ ഒരു ധൈര്യമാണ്; ആനന്ദദായകമായ തെളിനീരു പോലൊരു ഓർമ്മ.
മനസ് ചഞ്ചലമാകുമ്പോൾ, ബോധ്യങ്ങളുലയുമ്പോൾ ഉറപ്പിച്ചു നിർത്തുവാനുള്ള ഒരു കടിഞ്ഞാണാണ് വിമല കന്യകയുടെ ഓർമ്മ. എക്കാലവും നിലനിൽക്കുന്ന ചൈതന്യവത്തായ ഒരോർമ്മ. ആ ജീവിതമപ്പാടെ ഒരു ധ്യാനമായിരുന്നു; പൂർണ അർഥത്തിൽ ഒരു പ്രാർഥനയായിരുന്നു. ഇരുൾ മൂടിയ നമ്മുടെ പാതയോരങ്ങളിൽ വെളിച്ചമേകി തെളിഞ്ഞ് കത്തുന്ന ഒരു വഴിവിളക്കാണത്. കാറ്റിലുലയാത്ത, മഴയിൽ കെടാത്തയൊന്ന്.
ഡെറിൻ രാജു
ആഗസ്റ്റ് 14, 2004

Monday, 12 August 2024

പുത്രാഗ്നിയിൽ എരിയാത്തോൾ | ഡെറിൻ രാജു

പുത്രാഗ്നിയിൽ എരിയാത്തോൾ എന്ന് പാശ്ചാത്യ സുറിയാനി ആരാധനാ സാഹിത്യത്തിൽ ഒരു പ്രയോഗമുണ്ട്.

മറിയാമിനെ കുറിച്ചാണ് !
സോമയാഗത്തിനു അഗ്നി സൃഷ്ടിക്കുന്നത് അരണിയുടെ രണ്ട് കട്ടകൾ കടഞ്ഞാണല്ലോ. അഗ്നിയും വിറകും പ്രായോഗികതലത്തിൽ പരസ്പരം രമ്യതയിൽ കഴിയാൻ സാധിക്കാത്തവയായിരിക്കുമ്പോഴും, അഗ്നിക്കു സ്വാഭാവികമായി അരണിയിൽ അടങ്ങുവാൻ സാധിക്കുകയില്ലെങ്കിലും അഗ്നിയെ നൽകുവാൻ അരണിയ്ക്കു സാധിക്കുന്നു. മറിയാമിൻ്റെ ചരിതവും മറ്റെന്താണ്? തൻ്റെ നിർമ്മലതയിൽ, വിധേയത്വത്തിൽ, വിനയത്തിൽ അവളൊരു അഗ്നി സൃഷ്ടിക്കുകയായിരുന്നു. അല്ലെങ്കിൽ അഗ്നി അവളിൽ നിന്നുരുവാകുകയായിരുന്നു.
യാതൊരു പ്രത്യേകതകളോ അസാധാരണത്ത്വമോ അവകാശപ്പെടാനില്ലാത്ത ഒരു ബാലിക നടന്നു കയറിയ ഔന്നത്യവും നിർമ്മിച്ചെടുത്ത ബോധ്യവും താരതമ്യങ്ങൾക്കപ്പുറമാണ്. തൻ്റെ നിഷ്കളങ്കതയിൽ, നിർമ്മലതയിൽ അവൾ നസ്രായനെ വഹിച്ചു ലോകത്തിനു നൽകുമ്പോൾ അവൻ ലോകത്തിൻ്റെ ദാഹം പരിഹരിക്കുവാൻ പര്യാപ്തമാകുന്ന നീർച്ചാലായി പരിണമിക്കുമെന്നവൾ വിചാരിക്കാൻ ഒട്ടുമേ തരമില്ല.
തൻ്റെ സന്തോഷത്തിൽ അവൾ ഒരു പ്രഖ്യാപനം നടത്തുന്നുണ്ട്. ഒരു സോഷ്യലിസ്റ്റ് പ്രഖ്യാപനം! ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്നിറക്കി വിനീതരെ ഉദ്ധരിക്കുന്ന ഒരു ദിവസത്തെക്കുറിച്ചുള്ള ഒരു വിപ്ലവപ്രഖ്യാപനം. അവിടെയും അവൾ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും തൻ്റെ വിനീതാവസ്ഥയിൽ തന്നെയാണ്. തൻ്റെ ഭൗതികമായ ഒരു സ്ഥാനമോ നേട്ടമേ അവളെ സ്പർശിക്കുന്നില്ല. അതൊരു തിരഞ്ഞെടുപ്പാണ്.
കഴുകനെ പോറ്റി വളർത്തിയ പ്രാവെന്നവളെ ഒരു കവി വിശേഷിപ്പിക്കുന്നു. കവിതയുടെ അലങ്കാരപരമായ ഒരു പ്രയോഗം എന്നതിനപ്പുറം അത് അവൾ നേരിട്ട പ്രതിസന്ധിയുടെ ഒരു ചിത്രീകരണവുമാണ്. കരുതുവാനും പങ്കുവയ്ക്കുവാനും ആ വിപ്ലവകാരിയായ കഴുകനെ, നസറേത്തിലെ പരോപകാരിയായ ആ യുവാവിനെ ആദ്യം ശീലിപ്പിച്ചതവളാണ്. ആ പാഠമവൻ പഠിച്ചതുകൊണ്ടാണ് വിശന്നവരെ കണ്ടവൻ മനസിലഞ്ഞത്, കരയുന്നവരെ കണ്ടവൻ കരഞ്ഞത്, തന്നെ വേണ്ടവരുടെ മദ്ധ്യത്തിലേക്ക് അക്ഷോഭ്യനായി നടന്നടുത്തത്.
കടലുള്ളിലുറങ്ങിയ ശംഖുപോലൊരുവൾ, ഊഷരഭൂമിൽ പെയ്തിറങ്ങിയ പുതുമഴ പോലൊരുവൾ. ആ ഓർമ്മകൾ തന്നെ സൗരഭ്യദായകമാണ്. കാറ്റിൽ കെടാതെ നയിക്കുന്നൊരു വിളക്കാണ്.
12-08-2024

20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു

മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...